Image

പറയാതരികെ വന്ന പ്രണയമേ...(വിജയ്.സി.എച്ച്)

Published on 04 November, 2020
പറയാതരികെ വന്ന പ്രണയമേ...(വിജയ്.സി.എച്ച്)
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ, 'കോളാമ്പി' എന്ന പടത്തിൽ 'പറയാതരികെ വന്ന പ്രണയമേ...' എന്നു തുടങ്ങുന്ന മധുര ഗാനം ആലപിച്ച്, മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ മധുശ്രീ നാരായണനെ, തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രമൈതാനത്ത് ലോക്ക് ഡൗണിനു മുന്നെ അരങ്ങേറിയ ഒരു ഗാനമേളയിൽ ജനസമക്ഷം പരിചയപ്പെടുത്തിയത് ഏറെ സന്തോഷത്തോടെ ഇപ്പോൾ ഓർക്കുന്നു.
ചിത്രക്കു ശേഷമെത്തിയ മിൻമിനി, മഞ്ജരി, രാധിക തിലക് (RIP), ചിൻമയി, മേഘ, ഗായത്രി അശോകൻ, റിമി ടോമി, ശ്രേയാ ഘോഷാൽ, രോശ്നി, മൃദുല വാര്യർ, ശ്രേയാ ജയദീപ് മുതലായവരെയൊക്കെ ചേർത്ത് മലയാളം ഗായികമാരുടെ പേരുവിവരം മനസ്സിൽ നവീകരിച്ചിരുന്നുവെങ്കിലും, അതിലും പുതിയവരുടെ മേഖലയിലേക്ക് മധുശ്രീ മൂലം എനിക്ക് ഓടിയെത്തേണ്ടിവന്നു!
ക്ഷേത്രമൈതാനത്തേയ്ക്ക് പോകുംമുന്നെ അൽപം തയ്യാറെടുപ്പുകളും പെട്ടെന്ന്  വേണമായിരുന്നു.
"പുത്തൻ തലമുറയുടെ അഭിമാനമായ, ടീനേജിൽ തന്നെ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയ മധുശ്രീ നാരായണൻ, ഇതാ സ്റ്റേജിലേക്ക് വരുന്നു," ഞാൻ ഉറക്കെ പറഞ്ഞു.
മണിക്കൂറുകൾക്കുമുന്നെ, കാണാപ്പാഠമാക്കിയ ശ്രീയുടെ പ്രഥമ അവാർഡ് ഗാനത്തിൻറെ നാവു കുഴയ്ക്കുന്ന വരികൾ ഞാൻ എങ്ങിനെയൊക്കെയോ തുടങ്ങി:
'പശ്യതി ദിശി ദിശി രഹസി ഭവന്തം…
പശ്യതി ദിശി ദിശി രഹസി ഭവന്തം,
ത്വദധര മധുര മധൂനിപിബന്തം…
ത്വദധര മധുര മധൂനിപിബന്തം,
നാഥ ഹരേ… ജഗന്നാഥഹരേ…
സീദതി രാധാ വാസഗൃഹേ...
പശ്യതി ദിശി ദിശി രഹസി ഭവന്തം...'
"ഇത് സംസ്കൃത കവി ജയദേവൻറെ രചന. 2015-ൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതിയിലെ ഈ ഗാനമാണ് പതിനാറാം വയസ്സിൽ ശ്രീയ്ക്ക് കേരള സംസ്ഥാന അവാർഡുമായി എത്തിയത്,'' ഞാൻ വിശദീകരിച്ചു.
പി. ലീലയുടെയും, സുശീലാമ്മയുടെയും, ജാനകിയമ്മയുടെയും കാലത്തെ ആളാണെങ്കിലും, ന്യൂജെൻ പാട്ടുകാരെകുറിച്ചും ഈ പരിചയപ്പെടുത്തുന്ന വ്യക്തിയ്ക്ക് അറിയുന്നല്ലോയെന്ന ഭാവായിരുന്നു, പ്രേക്ഷകരിൽ കുറച്ചുപേരുടെയെങ്കിലും മുഖത്ത്!
"കാഞ്ചനമാലയുടെ കഥ പറയുന്ന 'എന്നു നിൻറെ മൊയ്തീൻ' എന്ന സിനിമയിലെ ഗാനത്തോടെയാണ്, ശ്രീയെ സംഗീതപ്രേമികൾ ഒന്നടങ്കം ആദ്യമായി ശ്രദ്ധിച്ചത്," ഞാൻ തുടർന്നു.
'പ്രിയമുള്ളവനേ...
പ്രിയമുള്ളവനേ...
വിരഹവുമെന്തൊരു മധുരം,
മുറിവുകളെന്തൊരു സുഖദം...'
"കാവ്യമനോഹരമായ ഈ വരികൾ റഫീക്ക് അഹമ്മദിൻറെ," ഞാ൯ കൂട്ടിച്ചേർത്തു.
അമൃത ടെലിവിഷൻറെ സൂപ്പർസ്റ്റാർ ജൂനിയറുമായിരുന്ന ശ്രീ പിന്നീടു പാടിയ പ്രശസ്ത പിന്നണി ഗാനങ്ങളെ അൽപനേരംകൂടി വിലയിരുത്തിയതിനുശേഷം, ഞാൻ യുവ ഗായികയോട് സംസാരിക്കാൻ അഭ്യർത്ഥിച്ചു.
"ഈ ക്ഷേത്രമൈതാനത്ത് എത്തി നിങ്ങളെയൊക്കെ കാണാൻ കഴിഞ്ഞത് സന്തോഷം തന്നെ,” ശ്രീയുടെ മുഖം തിളങ്ങി.
“പഠിപ്പും, പാട്ടും ഒരുമിച്ച് കൊണ്ടുപോകാൻ കുറച്ച്    ബുദ്ധിമുട്ടുണ്ട്. ടീച്ചേഴ്സിൻറെ സഹകരണം കൊണ്ടാണ് റെക്കോർഡിങ്ങിനും ഇതുപോലെയുള്ള പരിപാടികൾക്കുമൊക്കെ പങ്കെടുക്കാൻ സാധിക്കുന്നത്,” ഗായിക ഭവ്യതയോടെ മൊഴിഞ്ഞു.
“മൊയ്തീനും, ഇടവപ്പാതിയും കഴിഞ്ഞാൽ ഹിററായ മറ്റു പാട്ടുകൾ ഏതൊക്കെ സിനിമയിലാണ് പാടിയിരിക്കുന്നത്," ഞാൻ ശ്രീയോട് ചോദിച്ചു.
“ആദാമിൻറെ മകൻ അബു, കിസ്മത്ത്, കാപ്പിരിതുരുത്ത്, മകൾക്ക്, ഒറ്റമന്ദാരം, വൈറ്റ് ബോയ്സ്... കുറച്ചു പടങ്ങൾ ഇനിയും റിലീസാകാനുണ്ട്. 'ഉർവി' എന്ന കന്നഡ സിനിമയിലെ ഗാനം കർണാടകയിൽ വളരെ ഹിറ്റായിരുന്നു. കൂടാതെ, കുറെ പുതിയ പടങ്ങളുടെയും പാട്ടുകൾ ലഭിച്ചിട്ടുണ്ട്," ശ്രീ ആവേശംകൊണ്ടു.
ഇനി നമുക്ക് ശ്രീയ്ക്ക് ഇഷ്ടപ്പെട്ട ഗായകർ ആരൊക്കെയെന്ന് ചോദിക്കാം.
“അച്ഛൻ (പണ്ഡിറ്റ് രമേശ് നാരായണൻ) പാടിയ പാട്ടുകളൊക്കെ വളരെ ഇഷ്ടാണ്. ശ്രേയ ചേച്ചിടേം, സിതാര ചേച്ചിടേം പാട്ടുകളും എനിക്ക് ഇഷ്ടാണ്. എന്നാൽ, ലതാജിയും ആശാജിയുമാണ് എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായികമാർ."
ഗായിക എന്ന നിലയിൽ എന്തെങ്കിലും സ്വപ്നം?
"എ. ആർ. റഹ്മാൻറെ കൂടെ പാടണംന്ന് വല്ല്യേ മോഹാണ്," ശ്രീ തുറന്നു പറഞ്ഞു.
സംഗീതം പഠിച്ചതൊക്കെ?
"അഞ്ചു വയസ്സിൽ അച്ഛൻറെ കൂടെ സംഗീതം പഠിക്കാൻ തുടങ്ങി," ശ്രീ ഓർത്തു.
"ഇനി മതി, ട്ടോ," സംഘാടകരിൽ ഒരാൾ എൻറെ ചെവിയിൽ വന്നു പറഞ്ഞു.
പിന്നെ, പ്രേക്ഷകർ കേട്ടത് ഇമ്പമുള്ള ഒത്തിരി പാട്ടുകളാണ്. ശ്രീയുടെ ശബ്ദമാധുര്യം വടക്കുംനാഥൻറെ
പ്രദക്ഷിണ വഴികളിലൊക്കെ പ്രതിധ്വനിച്ചു.
പത്തിരുപതു വയസ്സിനുള്ളിൽ രണ്ടു സംസ്ഥാന പുരസ്കാരങ്ങളും, 'ഒറ്റ മന്ദാര'ത്തിലെ ആലാപനത്തിന് കേരള ഫിലീം ക്രിറ്റിക്സ് അവാർഡും (2014) കരസ്ഥമാക്കിയ ശ്രീ, പുതിയ തലമുറയിൽനിന്നുള്ള അപൂർവ്വമായൊരു ആലാപന വാഗ്‌ദാനം!
പറയാതരികെ വന്ന പ്രണയമേ...(വിജയ്.സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക