Image

അജപാക് ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡറെ സന്ദര്‍ശിച്ചു

Published on 03 November, 2020
 അജപാക് ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡറെ സന്ദര്‍ശിച്ചു


കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (അജപാക്) പ്രതിനിധികള്‍ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജിനെ സന്ദര്‍ശിച്ചു. കഴിഞ്ഞ 5 വര്‍ഷമായി സംഘടന കുവൈറ്റിലും ഒപ്പം നാട്ടില്‍ ആലപ്പുഴ ജില്ലയിലും ചെയ്തിട്ടുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അംബാസിഡറെ ധരിപ്പിച്ചു. കുവൈറ്റ് മലയാളി സമൂഹത്തിന്റെ പ്രത്യേകിച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആലപ്പുഴ നിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാജീവ് നടുവിലെമുറി, ബിനോയ് ചന്ദ്രന്‍, കുര്യന്‍ തോമസ്, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, നൈനാന്‍ ജോണ്‍,സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം, അനില്‍ വള്ളികുന്നം, പ്രജീഷ് മാത്യു എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

ഗാര്‍ഹിക തൊഴില്‍ വിസയിലും, മറ്റ് തൊഴില്‍ വിസയിലും കുവൈറ്റില്‍ എത്തി വഞ്ചിതരാകുന്ന ആളുകള്‍ അവര്‍ വന്ന ഏജന്‍സിയുടെ വിവരങ്ങള്‍ എംബസിക്ക് കൈമാറാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് അംബാസിഡര്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് ചികിത്സയില്‍ വിവിധ ആശുപത്രിയില്‍ കഴിയുന്ന രോഗികളുടെ വിവരങ്ങള്‍ ബന്ധുക്കള്‍ക്ക് കിട്ടുവാന്‍ എംബസി ഇടപെടണം എന്നും, നാട്ടില്‍ അകപ്പെട്ടിരിക്കുന്ന ആളുകളെ തിരികെ കുവൈറ്റില്‍ എത്തിക്കുവാന്‍ കോമേഴ്സിയല്‍ വിമാനങ്ങള്‍ വേഗത്തില്‍ തുടങ്ങുവാന്‍ സാഹചര്യം ഒരുക്കണം എന്നും അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു. ജലീബ് മേഖലകളിലെ ജനജീവിതം ദുരിതപൂര്‍ണം ആക്കുന്ന സാഹചര്യങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താം എന്ന് അംബാസിഡര്‍ ഉറപ്പ് നല്‍കി.

ബ്ലാക്ക്ലിസ്‌റ് ചെയ്യപ്പെട്ട കമ്പനികള്‍ തുടര്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത് നിരീക്ഷിക്കണമെന്നും രോഗാതുരര്‍ക്കു നാട്ടില്‍നിന്നും മരുന്നുകള്‍ കൊണ്ടുവരുവാനുള്ള തടസം ചര്‍ച്ച ചെയ്തു പരിഹരിക്കണം എന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

വിസിറ്റ് കൊമേര്‍ഷ്യല്‍ വിസകള്‍ നിര്‍ത്തിവെച്ചത് പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകത കുവൈറ്റ് ഭരണകൂടത്തോട് എംബസി ധരിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു.
ഇന്ത്യന്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി ഇന്ത്യന്‍ എംബസിയും സിബി ജോര്‍ജും നല്‍കുന്ന സംഭവനകളെ അസോസിയേഷന്‍ അഭിനന്ദിച്ചു. ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധങ്ങളായ പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടി വിശദമായ ഒരു മെമ്മോറാണ്ടം അജപാക്കിന്റ ഭാരവാഹികള്‍ അംബാസിഡറുടെ ശ്രദ്ധയിലേക്കായി സമര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക