Image

“ഞാൻ പത്മൊസിൽ ആയിരുന്നു” (യാത്രാവിവരണം 15: സാംജീവ്)

Published on 01 November, 2020
“ഞാൻ പത്മൊസിൽ ആയിരുന്നു” (യാത്രാവിവരണം 15: സാംജീവ്)

“നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു.”
വിശുദ്ധ ബൈബിളിലെ അവസാനത്തെ പുസ്തകമായ വെളിപ്പാട് പുസ്തകത്തിലെ ഒരു വാക്യമാണ് മേലുദ്ധരിച്ചത്. ഈ വാക്യമാണ് പത്മൊസ് എന്ന ചെറിയ ദ്വീപിന് ലോകചരിത്രത്തിൽ സ്ഥാനം നേടിക്കൊടുത്തത്. 

“പൗലോസിന്റെ കാൽച്ചോടുകളിൽ” എന്നു നാമകരണം ചെയ്യപ്പെട്ട യാത്രാസംഘത്തോടൊപ്പമാണ് ഞാനും എന്റെ സഹധർമ്മിണിയും ഗ്രീസിലും തുർക്കിയിലും എത്തിയത്. 

2018 സെപ്റ്റംബർ 19 പ്രഭാതം. ഞങ്ങൾ തുർക്കിരാജ്യത്തിന്റെ പശ്ചിമതീരത്തുള്ള ഖുസൈദാസി (Kusadasi)  എന്ന തുറമുഖനഗരത്തിൽ ആയിരുന്നു. ഈജിയൻ കടൽത്തീരത്തുള്ള മനോഹരമായ ഒരു പട്ടണമാണ് ഖുസൈദാസി. പുരാതനനഗരമായ എഫെസൊസിൽ നിന്നും 21 മൈൽ ദൂരത്താണ് ഖുസൈദാസി. ഗ്രാന്റ് ബലിഷ് (Grand Bellish) എന്ന മനോഹരമായ ഹോട്ടലിലാണ് ഞങ്ങളുടെ താമസം തരപ്പെടുത്തിയിരുന്നത്. ടൂർ മാനേജർ അലക്സാണ്ടർ ജോർജിന്റെയും ഭാര്യ ഷീബയുടെയും സമർത്ഥമായ നേതൃത്വം ഞങ്ങൾക്കുണ്ടായിരുന്നു. അതിരാവിലെ ഞങ്ങൾ ഹോട്ടലിൽനിന്നും ഖുസൈദാസി തുറമുഖത്തേയ്ക്കു യാത്ര തിരിച്ചു. 37 അംഗങ്ങളുള്ള യാത്രാസംഘത്തിൽ എല്ലാവരും മലയാളികളായിരുന്നു; അമേരിക്കയിലെ പല സ്ഥലങ്ങളിൽ നിന്നുമുള്ളവർ. ഹൃദയം ഉദ്വേഗഭരിതമായിരുന്നു. ഉത്തര ഈജിയൻ കടലിൽ സ്ഥിതിചെയ്യുന്ന പത്മൊസ് എന്ന ദ്വീപായിരുന്നു ലക്ഷ്യം. യേശുക്രിസ്തുവിന്റെ ശിഷ്യനായ യോഹന്നാന് ദിവ്യദർശനങ്ങൾ ലഭിച്ച സ്ഥലമാണ് പത്മൊസ്. ഹൃദയം എങ്ങനെ ഉദ്വേഗഭരിതമാകാതിരിക്കും!
പ്രശ്നങ്ങൾ ഉയരുന്നു.
ഖുസൈദാസിതുറമുഖത്തെ പാസ്പോർട്ട്നിയന്ത്രണ ഉദ്യോഗസ്ഥൻ ഒരു പ്രശ്നം ചൂണ്ടിക്കാട്ടി. ഞങ്ങളുടെ സംഘത്തിലെ നാലുപേർ (ഈ ലേഖകൻ ഉൾപ്പടെ) ഇൻഡ്യൻ പൗരത്വം ഉള്ളവരാണ്. ഞങ്ങൾക്ക് തുർക്കിയിലേയ്ക്ക് ഏകപ്രവേശനാനുമതിയാണുള്ളത് (Single entry visa). അമേരിക്കൻ പാസ്പോർട്ടുകാർക്ക് ബഹുപ്രവേശനാനുമതിയും (Multiple entry visa). പത്മൊസ് ഗ്രീസിന്റെ ഭാഗമാണ്. അതുകൊണ്ട് ഇൻഡ്യൻ പാസ്പോർട്ടുള്ളവർക്ക് തുർക്കിയിൽ തിരിച്ചെത്താൻ മറ്റൊരു വിസാ ആവശ്യാണ്. ഈ ലേഖകന്റെ പത്മൊസ് സ്വപ്നം അവസാനിച്ചുവെന്ന് തോന്നി. പക്ഷേ പരിഹാരം നിർദ്ദേശിക്കപ്പട്ടു. തുർക്കിയുടെ അതിർത്തി വിട്ടശേഷം ബോട്ടിൽ ഇരുന്നുകൊണ്ടുതന്നെ തുർക്കിയിലേയ്ക്ക് മറ്റൊരു വിസായ്ക്ക് (Electronic visa) അപേക്ഷിക്കുക. 
ഖുസൈദാസി തുറമുഖത്തുനിന്നും 100 കിലോമീറ്റർ ദൂരത്തുള്ള പത്മൊസിലേയ്ക്കു ഞങ്ങൾ ബോട്ടുകയറി. ബോട്ടിൽവച്ചുതന്നെ വീണ്ടും തുർക്കിയിലേയ്ക്കുള്ള വീസായ്ക്ക് അപേക്ഷിച്ചു. അരമണിക്കൂറിനുള്ളിൽ വീസാ ലഭിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ കഴിവ് അപാരം തന്നെ. ഇക്കാര്യത്തിൽ ഈ ലേഖകനെ സഹായിച്ചത് ഫ്ലോറിഡായിൽ നിന്നുള്ള ഫാർമസിസ്റ്റ് റ്റീനാ എന്ന പെൺകുട്ടിയാണ്. പൊട്ടിച്ചിരിച്ചുകൊണ്ട് പൂമ്പാറ്റയെപ്പോലെ ഓടിനടക്കുന്ന റ്റീനയെ നന്ദിയോടെ സ്മരിക്കുന്നു. ഏകദേശം പതിനൊന്ന് മണിയോടുകൂടി ഞങ്ങൾ പത്മൊസിന്റെ തുറമുഖമായ സ്കാലായിൽ കാലുകുത്തി.
ചരിത്രവും ഭൂമിശാസ്ത്രവും.
ഈജിയൻകടലിൽ ഗ്രീസിനും തുർക്കിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ഡോഡിക്കനിസ് ദ്വീപസമൂഹത്തിലെ ഒരു ചെറിയ അംഗമാണ് പത്മൊസ്. ചരിത്രാതീതകാലത്ത് ഡോറിയൻ വർഗ്ഗക്കാരും പിന്നെ അയോണിയൻ വർഗ്ഗക്കാരും പത്മൊസിൽ കുടിയേറിപ്പാർത്തിരുന്നുവെന്ന് കരുതപ്പെടുന്നു. അയോണിയൻസ് ആണ് യവനന്മാർ. ഇന്ന് പത്മൊസിലും ചുറ്റുമുള്ള ദ്വീപസമൂഹങ്ങളിലുമായി മൂവായിരം (3000) പേർ താമസിക്കുന്നു. 
തുർക്കിയിൽനിന്നും 37 മൈലുകൾമാത്രം ദൂരത്താണ് പത്മൊസ്. ഏകദേശം അർദ്ധചന്ദ്രാകൃതിയിലുള്ള പത്മൊസിന് 7 മൈൽ മാത്രമാണ് ദൈർഘ്യം. പക്ഷേ വളഞ്ഞുപുളഞ്ഞുകിടക്കുന്ന ഉൾക്കടലുകളുള്ളതിനാൽ 40 മൈൽ സമുദ്രതീരമുണ്ട്. 45 ചതുരശ്രകിലോമീറ്ററാണ് പത്മൊസിന്റെ വിസ്തൃതി. 
ഒരു അതിപുരാതനക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും പത്മൊസിന്റെ ഗിരിശൃംഗത്തിലുണ്ട്. അപ്പോളോദേവന്റെയും കാമദേവതയായിരുന്ന അഫ്രൊഡൈറ്റ്ദേവിയുടെയും ക്ഷേത്രങ്ങൾ പത്മൊസിൽ ഉണ്ടായിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. 
പത്മൊസിന്റെ ആധുനികചരിത്രം ആരംഭിക്കുന്നത് പന്ത്രണ്ടാംനൂറ്റാണ്ടിലാണ്. ക്രിസ്റ്റോഡിലോസ് എന്ന ഗ്രീക്ക് സന്യാസവര്യൻ റോമൻചക്രവർത്തിയായ (Byzantine  emperor) അലക്സിയസ് ഐക്കോമിനസ്സിനെ സമീപിച്ച് പത്മൊസിന്റെ ഉടമസ്ഥാവകാശം എഴുതിവാങ്ങി, എഡി 1088 ൽ. സുവർണ്ണഖചിതമായ ആ രേഖ ഇന്നും പത്മൊസിലെ മ്യൂസിയത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ക്രിസ്റ്റോഡിലോസാണ് സന്യാസാശ്രമങ്ങളും പള്ളികളും പത്മൊസിൽ സ്ഥാപിച്ചത്.
കോൺസ്റ്റാന്റിനോപ്പിളിന്റെ (ഇന്നത്തെ ഈസ്റ്റാംബൂൾ) പതനത്തോടുകൂടി പത്മൊസ് ഒട്ടോമാൻ തുർക്കികളുടെ കൈവശമായി. 1912-ൽ പത്മൊസിന്റെ കൈവശാവകാശം ഇറ്റലിക്ക് വന്നു ചേർന്നു. 1912 മുതൽ 1943 വരെ ഇറ്റലിക്കാരായിരുന്നു ഭരണാധികാരികൾ; പിന്നെ നാസി ജർമ്മനിയും. 1945-ൽ രണ്ടാം ലോകമഹായുദ്ധത്തിൽ നാസികൾ പരാജയപ്പെട്ടു. 1948-ൽ പത്മൊസ് ഉൾപ്പെട്ട ഡയോഡിനോസ് ദ്വീപസമൂഹം ഗ്രീസിനോടുചേർന്നു. അതുകൊണ്ടുതന്നെ തുർക്കിയിൽനിന്നുള്ള യാത്രക്കാർക്ക് രാജ്യാന്തര പാസ്പോർട്ട്-വിസാ ചട്ടങ്ങൾ ബാധകമാണെന്ന് സൂചിപ്പിച്ചല്ലോ. 
സ്കാലാ മുതൽ ഹോറാ വരെ.
ഹോരാ, സ്കാലാ, ഗ്രീക്കോ, കാംപോസ് എന്ന നാല് പട്ടണങ്ങളാണ് പത്മൊസിൽ ഉള്ളത്. സമുദ്രതീരത്തുള്ള സ്കാലായാണ് പത്മൊസിന്റെ ഹൃദയം. എല്ലാ റോഡുകളും സ്കാലായിലേയ്ക്കു വരുന്നു. സർക്കാരാഫീസുകളെല്ലാം സ്കാലായിലാണ്.
ഗിരിശൃംഗമാണ് ഹോറാ (CHORA). വെള്ളപൂശിയ ഭവനങ്ങൾ പത്മൊസിന്റെ പ്രത്യേകതയാണ്. ചരിഞ്ഞ മേല്ക്കൂരയുള്ള കെട്ടിടങ്ങൾ കാണാനില്ല. പരന്ന മേല്ക്കൂരയാണ് കെട്ടിടങ്ങൾക്കെല്ലാം. മഴവെള്ളം ശേഖരിക്കുന്നതിന് പരന്ന മേല്ക്കൂര സൗകര്യപ്രദമാണെന്നാണ് ഗൈഡ് പറഞ്ഞുതന്നത്. തൊട്ടടുത്തുള്ള തുർക്കിയിൽ  കേരളത്തിലെപ്പോലെ ചരിഞ്ഞ മേല്ക്കൂരയുള്ള ഓടിട്ട കെട്ടിടങ്ങൾ ധാരാളമാണ്. സ്കാലാ മുതൽ ഹോറാ വരെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡിനിരുവശത്തും യൂക്കാലിപ്റ്റസ് മരങ്ങളും ഒലിവ് മരങ്ങളും വെച്ചുപിടിപ്പിരിക്കുന്നു. സ്കാലായും ഹോറായും തമ്മിൽ 270 മീറ്റർ (890 അടി) ഉയരവ്യത്യാസമുണ്ട്.
വെളിപ്പാടുകളുടെ ഗുഹ (Grotto of  apocalypse).
സ്കാലായ്ക്കും ഹോറായ്ക്കും മദ്ധത്തിലാണ് വെളിപ്പാടുകളുടെ ഗുഹ. യോഹന്നാൻ അപ്പൊസ്ഥലന് ദിവ്യദർശനങ്ങൾ ലഭിച്ച സ്ഥലമാണിത്. എഡി 95-ൽ ആണ് ഈ സംഭവമെന്ന് കണക്കാക്കപ്പടുന്നു. നമ്മുടെ നാട്ടിലെ ആഗ്നേയശിലകൾക്ക് സമാനമായ ശിലകൾക്കുള്ളിലാണ് ഗുഹ. അപ്പൊസ്ഥലൻ പ്രാർത്ഥനാനിരതനായിരുന്ന സ്ഥലവും തലയിണയായി ഉപയോഗിച്ച ശിലയുമൊക്കെ ഇവിടെ അടയാളപ്പെടുത്തിയിരിക്കുന്നു. യോഹന്നാന് വെളിപ്പാട് ലഭിച്ചപ്പോൾ പത്മൊസ് മുഴുവനും ദൈവപുത്രന്റെ ശബ്ദത്താൽ പ്രകമ്പനം കൊണ്ടുവെന്നാണ് ഗൈഡ് മാർഗ്ഗരീത്താ വിവരിച്ചത്. ശബ്ദത്തിന്റെ മാറ്റൊലിയിൽ ഗുഹയിലെ ശിലകൾ പൊട്ടി.
“അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചിൽ പോലെ” എന്ന് വെളിപ്പാടുപുസ്തകത്തിൽ രേഖപ്പടുത്തിയിരിക്കുന്നു. 
അപ്പൊസ്ഥലനായ യോഹന്നാന് ലഭിച്ച വെളിപ്പാടുകൾ പകർത്തിയെഴുതിയത് അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന പ്രൊഖൊറസ് ആണെന്നാണ് പണ്ഡിതമതം. എന്നാൽ ബൈബിളിൽ ഇതു രേഖപ്പെടുത്തിയിട്ടില്ല. അപ്പൊസ്ഥലപ്രവർത്തികൾ (ബൈബിൾ) ആറാം അദ്ധ്യായത്തിൽ പ്രൊഖൊറസിന്റെ പേര് നാം വായിക്കുന്നു, മേശകളിൽ ശുശ്രൂഷിക്കുവാൻ തെരഞ്ഞടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ. ക്രിസ്റ്റോഡിലോസാണ് പാറയിലുള്ള ഗുഹയ്ക്കുചുറ്റും പള്ളി പണിതത്. 11-ാം നൂറ്റാണ്ടിലാണത്. 
കർത്താവും ദൈവവും.
എഡി 81-നും 96-നും ഇടയിലാണ് റോമൻചക്രവർത്തിയായിരുന്ന ഡൊമിഷ്യൻ കൈസർ യോഹന്നാനെ പത്മൊസിലേയക്ക് നാടുകടത്തിയതെന്നാണ് അനുമാനം. ഡൊമിഷ്യൻ ചക്രവർത്തി തന്നെത്താൻ ദൈവമാണെന്ന് പ്രഖ്യാപിച്ചു. പ്രജകൾ അദ്ദേഹത്തെ “കർത്താവും ദൈവവും” (Dominus et Deus) ആയി ആരാധിക്കണമെന്ന് ഡൊമിഷ്യൻ നിഷ്ക്കർഷിച്ചു. യേശു മാത്രമാണ് കർത്താവും ദൈവവുമെന്ന് എഫെസൊസ് പട്ടണത്തിൽ ഉദ്ഘോഷിച്ചുനടന്ന  യോഹന്നാനെ ഡൊമിഷ്യൻ പത്മൊസിലേയ്ക്കു നാടുകടത്തി. 
എഡി 96-ൽ ഡൊമിഷ്യൻ വധിക്കപ്പെട്ടു. നെർവാ എന്നു വിളിക്കപ്പെടുന്ന മാർക്കസ് നെർവാ ആഗസ്റ്റസ് റോമൻ ചക്രവർത്തിയായി. ക്രൂരനായ മുൻഗാമി ഡൊമിഷ്യന്റെ പല വിധികളും നെർവാ തിരുത്തിയെഴുതി. നെർവായാണ് അപ്പോസ്ഥലനായ യോഹന്നാനെ പത്മൊസിൽനിന്നും സ്വതന്ത്രനാക്കിയത് എന്നാണനുമാനം. എഫെസൊസിൽ വച്ച് യോഹന്നാൻ അപ്പൊസ്ഥലൻ സ്വാഭാവികമരണം പ്രാപിച്ചു. (ക്രിസ്തുവിന്റെ മറ്റെല്ലാ ശിഷ്യന്മാരും രക്തസാക്ഷിമരണം പ്രാപിച്ചവരാണ്.)
ഹോറായിലെ കാഴ്ച്ചബംഗ്ലാവും ആശ്രമവും.
ഹോറായിലെ ഗിരിശൃംഗത്തിലാണ് കോട്ടയുടെ ആകൃതിയിൽ പണിചെയ്തിരിക്കുന്ന ആശ്രമം. അനേകം ചാപ്പലുകൾ ഈ ആശ്രമസമുച്ചയത്തിലുണ്ട്. ആശ്രമത്തിന്റെ ഭാഗമായ മ്യൂസിയത്തിൽ വിലമതിക്കാനാവാത്ത ഒരു കലാശേഖരവും ഗ്രന്ഥശേഖരവുമുണ്ട്. 500 വർഷത്തിലേറെ പഴക്കമുള്ള എൽ ഗ്രിസോയുടെ (El Greco) പെയിന്റിംഗ്സ്, 1500വർഷം പഴക്കമുള്ള മർക്കൊസിന്റെ സുവിശേഷം (Parchment), 1200 വർഷം പഴക്കമുള്ള ഇയ്യോബിന്റെ പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി ഇവയെല്ലാം അവിടെക്കാണാം. പതിമൂവായിരത്തിലധികം ചരിത്രരേഖകൾ അവിടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.  
ഹോറായിലെ കാറ്റാടിയന്ത്രങ്ങൾ.
ഹോറാ ഗിരിശൃംഗത്തിൽ മൂന്ന് ഭീമാകാരന്മാരായ കാറ്റാടിയന്ത്രങ്ങൾ കാണാം. രണ്ടെണ്ണം എഡി 1588-ലും മൂന്നാമത്തേത് എഡി 1863-ലുമാണ് സ്ഥാപിക്കപ്പെട്ടത്. ഹോറയിലെ സന്യാസാശ്രമത്തിലെ ഗാർഹികാവശ്യങ്ങൾക്ക് ധാന്യം പൊടിക്കുന്ന യന്ത്രവത്കൃതസമ്പ്രദായത്തിന്റ ഭാഗമായാണ് കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കപ്പെട്ടത്. കാലപ്പഴക്കംകൊണ്ട് തകരാറിലായ കാറ്റാടിയന്ത്രങ്ങൾ ഇന്നു പുന:സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, വിനോദസഞ്ചാരികൾക്കുവേണ്ടി. ഇന്ന് ഹോറായിലെ കാറ്റാടിയന്ത്രങ്ങൾ വിനോദസഞ്ചാരികളുടെ ഒരു ആകർഷണകേന്ദ്രമാണ്. ഭൂതകാല സാങ്കേതികവൈദഗ്ദ്ധ്യത്തിന്റെ മങ്ങാത്ത സ്മരണകൾ സമ്മാനിച്ചുകൊണ്ട് ഹോറായിലെ കാറ്റാടിയന്ത്രങ്ങൾ തലയുയർത്തി നില്ക്കുന്നു. 
ഇരമ്പുന്ന കടൽ, ഉലയുന്ന നൗക.
സ്കാലായിലെ ഒരു മെഡിറ്ററേനിയൻ റസ്റ്റാറന്റിൽനിന്ന് ഉച്ചഭക്ഷണവും കഴിച്ചാണ് ഞങ്ങൾ തുറമുഖത്തേയ്ക്കുവന്നത്. അധികൃതർ പാസ്പോർട്ടുകൾ തിരിച്ചുനല്കി. കാത്തുകിടന്ന ബോട്ടിൽ കയറി തുർക്കിയിലേയ്ക്ക് മടക്കയാത്ര ആരംഭിച്ചു. ഏകദേശം 100 പേർക്ക് കയറാവുന്ന ബോട്ടിൽ ഞങ്ങൾ 37 പേർ മാത്രമാണ് യാത്രക്കാർ. പിന്നെ മൂന്നുനാല് ബോട്ട് ജീവനക്കാരുമുണ്ട്. എല്ലാം ശുഭമായി കലാശിച്ച പത്മൊസ് യാത്രയുടെ മധുരസ്മരണകളുമായി യാത്രക്കാർ കൂടുതൽപേരും ബോട്ടിന്റെ ഡക്കിൽ ഇറങ്ങിനിന്ന് ഈജിയൻകടലിന്റെ സൗന്ദര്യം ആസ്വദിക്കുകയാണ്. പെട്ടെന്ന് കടലിളകി, തിരമാലകളുയർന്നു. നൗക ഒരു കെട്ടുവള്ളം പോലെ ഉലയുവാൻ തുടങ്ങി. തിരമാലകൾ ഹുങ്കാരശബ്ദത്തോടെ ബോട്ടിനെക്കാൾ ഉയരത്തിൽ ആഞ്ഞടിച്ചു. ഡക്കിൽ നിന്ന യാത്രക്കാർ എല്ലാവരും പെട്ടെന്ന് ബോട്ടിന്റെ ഉള്ളിലേയ്ക്കുവലിഞ്ഞു. നൗക ആടിയുലഞ്ഞുകൊണ്ടിരുന്നു. കതകുകളും വാതായനങ്ങളുമൊക്കെ ബന്ധിച്ചുവെങ്കിലും ബോട്ടിന്റെ മുകളിലേയ്ക്കാഞ്ഞടിക്കുന്ന തിരമാലകൾ സ്ഫടികജനാലകളിലൂടെ ദൃശ്യമായിരുന്നു. ബോട്ടിനുള്ളിൽ ആവശ്യത്തിലധികം ലൈഫ്ജാക്കറ്റുകൾ സൂക്ഷിച്ചിരുന്നുവെങ്കിലും യാതൊരു അപായമുന്നറിയിപ്പും ബോട്ടിന്റെ അധികാരികളിൽനിന്നും ലഭിച്ചില്ല. കടലിന്റെ ഇളക്കം ഒരു സ്വാഭാവിക പ്രതിഭാസമായേ ഈ ലേഖകന് തോന്നിയുള്ളു. പക്ഷേ പലരും പരിഭ്രാന്തരായി, പ്രത്യേകിച്ച് സ്ത്രീകൾ. 
“ബോട്ടിൽ ഞാൻ കയറീടും
പാട്ടോടെ യാത്രയ്ക്കായ്..”
എന്നു തിമിർത്തുപാടിയിരുന്ന സഹോദരിമാരിൽനിന്ന് ഉച്ചത്തിലുള്ള പ്രാർത്ഥനാശബ്ദങ്ങൾ ഉയർന്നു. ഏകദേശം ഒരു മണിക്കൂറിനുശേഷം കടൽ ശാന്തമായി. തിരമാലകൾ അടങ്ങി. 
“ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു..” എന്ന ബൈബിൾവാക്യം സ്മരണയിലേയ്ക്ക് കടന്നുവന്നു.
പത്മൊസിൽനിന്നും പ്രക്ഷുബ്ധമായ ഈജിയൻകടലിലൂടെ യാത്രചെയ്ത് ഞങ്ങൾ ശുഭതീരത്തെത്തി. ഖുസൈദാസി എന്ന തുർക്കി തുറമുഖത്ത് ഞങ്ങൾ തിരിച്ചെത്തി.
“ഞാൻ പത്മൊസിൽ ആയിരുന്നു” (യാത്രാവിവരണം 15: സാംജീവ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക