Image

റോസാപ്പൂക്കൾ : ചുവന്നതും മഞ്ഞയും (കഥ: പുഷ്പമ്മ ചാണ്ടി )

Published on 30 October, 2020
റോസാപ്പൂക്കൾ : ചുവന്നതും മഞ്ഞയും (കഥ: പുഷ്പമ്മ ചാണ്ടി )
തീരെ നിനച്ചിരിക്കാതെ ആണ് അവൾ ആ സംശയം പറഞ്ഞത് . കോളേജ് reunion കഴിഞ്ഞു ജോലി സ്ഥലത്ത് എത്തിയതേയുള്ളു .
"ഇടതു മാറിൽ ഒരു തടിപ്പ് "
"ഹേ ഒന്നും ഉണ്ടാകില്ല , എന്നാലും ഒന്ന് ഡോക്ടറെ കാണൂ, 
പ്രതീക്ഷയെ തകിടം മറിച്ചു, അതെ എല്ലാ സന്തോഷവും പെട്ടെന്ന് എടുത്തുമാറ്റി അർബുദം എന്ന വില്ലൻ അവളുടെമേലും കൈവെച്ചിരിക്കുന്നു . അവൾക്കല്ല എനിക്കാണ് വേദനിച്ചതെന്നു തോന്നി .. ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലായിരുന്നു . എങ്ങനെങ്കിലും അവളുടെ അടുത്ത് എത്തണം .
പിന്നെ ഒന്നും നോക്കിയില്ല , ഓടി അവളുടെ  അടുത്തേക്കു വന്നു. മൈലുകൾ താണ്ടി ... സ്കൂൾ കാലം മുതലുള്ള സ്നേഹിത, പറയാത്ത ഒരു കഥയും ബാക്കിയില്ല ; അവളെപ്പറ്റി എനിക്കും , എന്നെപ്പറ്റി അവൾക്കും അറിയാത്ത കാര്യങ്ങളില്ല : ദിവസവും , മണിക്കൂറുകളോളം  സംസാരിച്ചാലും , പിന്നെയും എന്തൊക്കെയോ പറയാൻ ബാക്കികാണും ഫോൺ വെക്കുമ്പോഴും.. അവളുടെ ഗുഡ്മോർണിംഗിലാണ്   എൻ്റെ ദിവസം തുടങ്ങുന്നത് തന്നെ .  ചിലരെ നമ്മൾ നിത്യവും കാണണം എന്നില്ല , അവരെപ്പോഴും നമ്മുടെ കൂടെത്തന്നെയുണ്ട് , വർഷങ്ങൾ കണ്ടില്ലെങ്കിലും ; എപ്പോഴും ഒന്നിച്ചാണ് . 


അവളിലൂടെ  എനിക്ക് അവനെ പരിചയം , കല്യാണ ദിവസം ഒന്ന് കണ്ടതാണ് , പിന്നെ ഓരോന്നും അറിഞ്ഞത് അവളുടെ ഫോൺ വിളികളിലൂടെ.. അവനെക്കുറിച്ചുള്ള ഓരോ വാക്കിലും അവൾ പൂത്തുലഞ്ഞിരുന്നു. അവരെക്കുറിച്ച് മനസ്സു നിറഞ്ഞ ചിത്രങ്ങളാണ് അവൾ പകർന്നു തന്നിരുന്നത്. 
സ്നേഹനിധി , പ്രണയംകൊണ്ടവളെ അടിമുടി നിറയ്ക്കുന്നവൻ..
അവളുടെ കറുമ്പൻ മറുകുകളിൽ ചുംബനം ചേർത്ത് ചുമപ്പിച്ചവൻ , പിന്നെ അത് മഞ്ഞയാകുവോളം അവളെ നോക്കിയിരുന്നവൻ ... അവൾ അതൊക്കെ പറയുമ്പോൾ കൗതുകത്തോടെയാണ് കേട്ടിരുന്നത്. അതെല്ലാം ഭാവനയിൽ കാണും ... തനിക്ക് ലഭിക്കാത്തതൊക്കെ പ്രിയ തോഴിക്കു കിട്ടിയല്ലോ എന്നോർത്ത് സന്തോഷിച്ചു .

പക്ഷെ കുറച്ചു ദിവസമായി ആ ചിത്രം , മങ്ങി മറഞ്ഞു വരുന്നു. എല്ലാം മാറിമറിഞ്ഞു പോകുന്നു .
ടെസ്റ്റുകളും  ആശുപത്രിയും  അവസാനം ഓപ്പറേഷനും ... ശരീരത്തിന്റെ മൃദുവായ ഒരു ഭാഗം , മുറിച്ചു മാറ്റപ്പെട്ടു ,പെണ്ണാണെന്ന് പുറമെ ജനം പറയുന്ന നെഞ്ചിലെ അവയവത്തിലൊന്ന്..
പെണ്ണും ആണും എല്ലാം നമ്മുടെ മനസ്സിലാണ് , ശരീരം അത് വഹിക്കുന്ന ഒരു ഉടയാടമാത്രമാണ് , പക്ഷെ വേദനയിൽകൂടെ കടന്നു പോകുന്നവന് , ഇതൊക്കെ അരോചകം അല്ലെ ? 
ഉപദേശം ആർക്കു മനസ്സിലാകും ?
ഒരാഴ്ച മുൻപേ വരെ , അവൻ തൊട്ടു തലോടി , ആസ്വദിച്ച ആ ശരീരഭാഗം, ആരൊക്കെയോ ചേർന്ന് എടുത്തു മാറ്റി , അല്ല മുറിച്ചു മാറ്റി . 
" വന്നില്ല ഇല്ലേ ?" ശസ്‌ത്രക്രിയക്കുള്ള അനുവാദം ഒപ്പിട്ടു കൊടുത്തപ്പോൾ കണ്ടതാണ് , പിന്നെ വീട്ടിലേക്കു പോയി ... ഇടയ്ക്കു തൻ്റെ ഫോണിലേക്കു വരുന്ന , മെസ്സേജുകൾ മാത്രം .
" മെസ്സേജ് വന്നു . എങ്ങനെയുണ്ടെന്നു ചോദിച്ചു ?"
" ചത്തിട്ടില്ല , അപ്പോൾ വിവരം അറിയിക്കാം എന്ന് പറയൂ , എനിക്ക് തിരികെ അങ്ങോട്ട് പോകാൻ തോന്നുന്നില്ല , ഇനി അവനെ എനിക്ക് കാണേണ്ട , ഇത്രയും നാൾ നമ്മൾ ധരിച്ചു വെച്ചതൊക്കെ ,പൊയ്‌മുഖം ആയിരുന്നോ ?"
" പിന്നെ എവിടെ പോകും? നിന്നെ വീട്ടിൽ തിരികെ കൊണ്ടാക്കിയിട്ടു ഞാൻ പോകില്ലേ , കീമോ ആകുമ്പോൾ വീണ്ടും വരാം " 
" ഇതുകൊണ്ട് , അവൻ എന്നെ വെറുക്കുമോ ? ഉപേക്ഷിക്കുമോ ?  അതിനാലാണോ എന്നെ കാണാൻ വരാത്തത് ?"

"എന്തിനാ ഇപ്പോൾ അതൊക്കെ ആലോചിക്കുന്നത് , സുഖം പ്രാപിക്കാൻ പോസിറ്റീവ് തിങ്കിങ് ആണ് ആവശ്യം. വരും , വരാതെപിന്നെ .....?
" എനിക്ക് എങ്ങനെ പോസിറ്റീവ് ആയിരിക്കാൻ പറ്റും?"
ഭാഗ്യത്തിന് നേഴ്സ് മുറിയിലേക്ക് വന്നതിനാൽ ആ സംഭാഷണം അവിടെ മുറിഞ്ഞു .

എന്തായിരിക്കും അയാൾ വരാതിരിന്നത് ? അവളുടെ കൂടെ ഇരിക്കാഞ്ഞത് ? എന്നെ അത് വല്ലാതെ അസ്വസ്ഥപ്പെടുത്തി , അപ്പോൾ അവളെ അത് എത്ര വേദനിപ്പിച്ചിരിക്കും ?
ഒരു അസുഖത്തിന്റെ പേരിൽ മുറിയുന്ന ബന്ധമാണോ അവർ തമ്മിലുണ്ടായിരുന്നത്..? അതോ മുറിച്ചു മാറ്റപ്പെട്ട തിന്റെ കൂടെ സ്നേഹവും പൊയ്പോയോ ? 
സന്തോഷം അനുഭവിക്കുന്ന നിമിഷത്തിൽ ചുറ്റിനും നിറമാണ് ...മഴവില്ലന്റെ നിറം ,  പിന്നെ ഓർത്തെടുക്കുമ്പോൾ ഒക്കെ ഒരു പുകമറ പോലെ , ഓർമ്മകൾക്ക്  എപ്പൊഴും കറുപ്പും , വെളുപ്പും ആണോ ? അതിനു നല്ലനിറമൊന്നുമില്ലേ?
നാളെ വീട്ടിൽ പോകാം എന്ന് ഡോക്ടർ പറഞ്ഞു .
അയാളെ  വിളിച്ചു വിവരം പറഞ്ഞു , കൂട്ടിക്കൊണ്ടു പോകാൻ വരാം എന്ന്. 
പഴുപ്പും , രക്തവും , ഇറ്റിറ്റു വീഴുന്ന , suction drain പിടിച്ച്കൊണ്ടവൾ വണ്ടിയിൽ കയറുമ്പോൾ തമ്മിൽ നോക്കാതിരിക്കാൻ ശ്രമിച്ചു ,
ഒന്നും മനസ്സിലാകുന്നില്ല , എന്താണ് ? 
വീട്ടിൽ എത്തിയതും , അവളെ റൂമിൽ കൊണ്ടാക്കി , എന്നെ വിസ്‌മയിപ്പിച്ചുകൊണ്ട് ആ മുറിയിൽ നിറയെ , അയാൾ അവളുടെ ചിത്രങ്ങൾ നിറച്ചിരുന്നു . അവൾക്കേറെ പ്രിയപ്പെട്ട caramel lindt chocolate ബെഡ്ഡിൽ വെച്ചിരിക്കുന്നു , കൂടെ ഒരു ആശംസാകാർഡും , അത് വായിക്കാൻ സാധിച്ചില്ല.
" മഞ്ഞയും , ചുവപ്പും റോസാപ്പൂക്കൾ കൊണ്ട് മുറി നിറയ്ക്കണം എന്നാണ് കരുതിയത് , ഇൻഫെക്ഷൻ വരുമെന്ന പേടിച്ച് അത് ചെയ്തില്ല 
" -  welcome home " അയാൾ രണ്ടുകയ്യും നിവർത്തി അവളിലേക്ക്‌ നടന്നടുത്തു .
ഞാൻ അവരെ മുറിയിൽ തനിച്ചാക്കി പുറത്തേക്കിറങ്ങി ,
പരിഭവം , പറഞ്ഞു തീർക്കട്ടെ , മഞ്ഞുരുകട്ടെ , അത് കണ്ണുനീരായി വരട്ടെ.
അയാൾ അവളോട് മന്ത്രിച്ചു 
" ഞാൻ നിന്നെ സ്നേഹിക്കുന്നു , എന്നെക്കാൾ ഉപരി, എന്നാൽ ഒരിഞ്ചു പോലും മിച്ചംവെക്കാതെ ഞാൻ തലോടിയുണർത്തിയ നിന്നിൽ ഇങ്ങനെയൊരു മാരകവിപത്തു വിത്ത് പാകിയത്  എനിക്ക് കണ്ടുപിടിക്കാൻ സാധിച്ചില്ല , അതായിരുന്നു എന്റെ  കുറ്റബോധം , ഞാൻ ആസ്വദിച്ച നിന്നെ  അറിയാതെ പോയ ദുഃഖമടക്കാൻ എനിക്ക് സാധിച്ചില്ല , നിന്റെ ശരീരം എന്റേത് കൂടെയാണെന്ന് കരുതിയിട്ടും  ഒരിഞ്ചില്ലാതെ അറിയാം  എന്ന് വിചാരിച്ചിട്ടും  ഇതെന്തേ ഞാൻ അറിഞ്ഞില്ല ?
നീയില്ലാത്ത എന്റെ ജീവിതം ശൂന്യമാകുമോ എന്ന് ഭയന്നുപോയി, 
എന്നെ തന്നെ ഞാൻ നിഷേധിച്ചു ...അയാളുടെ കൺകോണുകൾ നിറഞ്ഞിരുന്നു അവളുടേതും....
അവിടെ നിന്നും പടിയിറങ്ങുമ്പോൾ , മനസ്സ് പറഞ്ഞു .
ആരെയും വിവരം അറിയാതെ തെറ്റിദ്ധരിക്കരുത് , മനുഷ്യർ ഓരോ സാഹചര്യത്തിലും പെരുമാറുന്നത് അവരുടെ മാനസിക നിലയ്ക്കൊത്തവിധമാണ്. 
സ്നേഹം ചിലപ്പോൾ ഒരു മന്ദമാരുതൻപോലെയാണ് , അത് കാണാൻപറ്റില്ല, അനുഭവിക്കാനേ സാധിക്കൂ .....തൊട്ടു തലോടി അതങ്ങു ചുറ്റും ഉണ്ടാവും ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക