Image

സ്വപ്‌ന പദ്ധതികള്‍ സ്വപ്‌നക്ക്‌ വിറ്റത് നമ്മുടെ ശങ്കരൻ ആയിരിക്കില്ല! (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 28 October, 2020
സ്വപ്‌ന പദ്ധതികള്‍  സ്വപ്‌നക്ക്‌   വിറ്റത്  നമ്മുടെ ശങ്കരൻ ആയിരിക്കില്ല! (ശ്രീകുമാർ ഉണ്ണിത്താൻ)
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന  എം. ശിവശങ്കര്‍  ഐഎഎസ്, സ്വര്‍ണക്കടത്തു കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ (ഇഡി) കസ്റ്റഡിയിലാകുന്നത് രാഷ്ട്രീയമായി കേരളത്തിൽ വലിയ  കോലാഹലങ്ങൾ  സൃഷ്‌ടിക്കും  എന്ന കാര്യത്തിൽ  യാതൊരു സംശയവും ഇല്ല .  മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ ഉയരങ്ങളില്‍നിന്ന് വീഴുമ്പോള്‍ മങ്ങലേല്‍ക്കുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയാണ്. ഏറെ മികവു തെളിയിച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണു പിണറായി വിജയന്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായി ശിവശങ്കറിനെ തിരഞ്ഞെടുത്തത്. അവിടെനിന്നുള്ള അദ്ദേഹത്തിന്റെ പതനം അവിശ്വസിനീയമാണ്.

മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായി ഭരണനിര്‍വഹണത്തില്‍ പൂര്‍ണനിയന്ത്രണം ഉണ്ടായ സ്ഥാനത്തുനിന്നാണ് കേരളത്തിൽ ഏറെ വിവാദമായ സ്വര്‍ണക്കടത്തു കേസിലെ പ്രതിസ്ഥാനത്തേക്ക് എം. ശിവശങ്കര്‍ ഐഎഎസ് എത്തിയത്. മുഖ്യമന്ത്രിയുടെ സ്വപ്‌ന പദ്ധതികള്‍ ഉള്‍പ്പെടെ നിയന്ത്രിച്ചിരുന്നത് ശിവശങ്കര്‍ ആയിരുന്നു . സ്പ്രിങ്‌ളര്‍ വിവാദത്തില്‍ ശിവശങ്കര്‍ ആരോപണവിധേയനായെങ്കിലും കൈവിടാതെ ചേര്‍ത്തു നിര്‍ത്തുകയായിരുന്നു  മുഖ്യമന്ത്രി.

പഠിക്കുന്നതിൽ  അതിസമർദ്ധൻ ആയ കുട്ടിയായിരുന്ന  ശിവശങ്കർ   എസ്.എസ്.എല്‍.സി. റാങ്ക് ജേതാവ് ആണ് . തുടര്‍ന്നു പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിങ് കോളജില്‍ ബിടെക്കിനു ചേര്‍ന്നു.

പാലക്കാട് എൻജിനിയറിങ് കോളേജിൽ പഠിക്കുന്ന കാലം  മുതലേ    ഇടതുപക്ഷ സഹയാത്രികൻ ആയിരുന്നു. കോളേജ് യൂണിയൻ തെരഞ്ഞുടുപ്പുകളിൽ ഇടതുപക്ഷ പാനലിൽ നിന്ന് വിജയിച്ചിട്ടുള്ള അദ്ദേഹം കോളേജ് യൂണിയൻ ചെയർമാനും   ആയിരുന്നു . അന്ന്  അദ്ദേഹത്തിന്റെ സഹപാഠികൾ  ആയിരുന്നവർ  പലരും  ഇന്ന്  അമേരിക്കയിൽ  ഉണ്ട്. അതെ തെരഞ്ഞുടുപ്പുകളിൽ അമേരിക്കയിലുള്ള ഈ  സുഹൃത്തുക്കളും  മത്സരിച്ചു ജയിച്ചിരുന്നു. അതുകൊണ്ടു തന്നെ ശിവശങ്കറിനോട് വളരെ അധികം വൈകാരികമായ ഒരു  അടുപ്പവും സ്നേഹവും ഇന്നും  വെച്ച് പുലർത്തുന്നവർ ആണ്  അവർ. അവർക്ക്  ശിവശങ്കരനെ  പറ്റി  പറയുബോൾ നൂറ് നാവാണ്.

അവരിൽ പലരും  ഈ  ശിവശങ്കർ  നമ്മുടെ ശിവശങ്കർ ആയിരിക്കുകയില്ല എന്ന് തറപ്പിച്ചു പറയുന്നു.  കാരണം അവർക്ക് അറിയാവുന്ന ശിവശങ്കർ വളരെ ബുദ്ധിമാനായ  ഒരു ജിനിയസാണ്. അദ്ദേഹത്തെ പോലെ ഒരാൾ ഉത്തരം  വിഢിത്തങ്ങൾ കാണിക്കത്തില്ല  എന്ന ഉറച്ച വിശ്വാസത്തിൽ ആണ്  അവർ. സ്വപ്‌ന പദ്ധതികള്‍  സ്വപ്‌നക്ക്‌   വിറ്റത്  നമ്മുടെ ശങ്കരൻ ആയിരിക്കില്ല എന്ന്  ഉറപ്പിച്ചു പറയുന്നു . അദ്ദേഹം ആർക്കുവേണ്ടിയോ  ബലിയാട് ആവുകയാണ്.

എന്‍ജിനീയറിങ്ങിനുശേഷം എം.ബി.എ. ബിരുദം. റിസര്‍വ് ബാങ്ക് ഓഫീസറായി ഔദ്യോഗികജീവിതത്തിനു തുടക്കം. അതിനിടയിൽ 1995-ല്‍  കേരള  സിവിൽ സർവീസിൽ . ഡെപ്യൂട്ടി കലക്ടറായി സംസ്ഥാന  നിയമനം . പിന്നീട്  വ്യവസായ പുനരുദ്ധാരണ ബോര്‍ഡ് സെക്രട്ടറിയെന്ന നിലയില്‍ ശ്രദ്ധേയനായി. ഐ.ടി. മിഷന്‍ കോര്‍ഡിനേറ്റര്‍, സിവില്‍ സെപ്ലെസ് ഡയറക്ടര്‍, മലപ്പുറം ജില്ലാ കലക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍  തുടങ്ങി  അദ്ദേഹം വഹിച്ച  തസ്തികകളിൽ  എല്ലാം  മികവ് കാട്ടി.
 
 മലപ്പുറം കലക്ടറായിരിക്കേ, ജില്ലയില്‍ കമ്പ്യൂട്ടര്‍ സാക്ഷരത നടപ്പാക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരിക്കേ തയാറാക്കിയ അധ്യാപക ബാങ്ക് അയ്യായിരത്തോളം എയ്ഡഡ് അധ്യാപകര്‍ക്കു മൃതസഞ്ജീവനിയായി. ലാന്‍ഡ് റവന്യൂ, പൊതുവിദ്യാഭ്യാസം, സാമൂഹികനീതി, ഊര്‍ജം തുടങ്ങി നിരവധി വകുപ്പുകളുടെ സെക്രട്ടറിയായി. കെ.എസ്.ഇ.ബി. ചെയര്‍മാനായിരിക്കേ 2016 മേയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ  പ്രിസിപ്പൽ സെക്രട്ടറിയായി. ശിവശങ്കര്‍ സ്‌പോര്‍ട്‌സ് സെക്രട്ടറിയായിരിക്കെ സംസ്ഥാനത്തു ദേശീയ ഗെയിംസ് നടത്തി  മികവ് കാട്ടുകയും ചെയ്തു .

 രാഷ്ട്രീയനിയമനം ഒഴിവാക്കി, ശിവശങ്കരനെ സെക്രട്ടറിയാക്കാന്‍ പിണറായിയെ പ്രേരിപ്പിച്ചതു മികച്ച ഉദ്യോഗസ്ഥനെന്ന ഖ്യാതിയാണ്. ഐ.ടി. വകുപ്പ്,  ലെഫ് മിഷന്‍ എന്നിവയുടെ അധികച്ചുമതലയും നൽകി. അധികാരപ്രകടനങ്ങളില്ലാതെ, മുഖ്യമന്ത്രിയുടെ നിഴലായും മസ്തിഷ്‌കമായും പ്രവര്‍ത്തിച്ചു.  അന്ന്  എല്ലാവരും ആ  നിയമനത്തെ  പ്രശംസിച്ചു കാരണം  കറപുരളാത്ത  ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം .

പിണറായി സര്‍ക്കാര്‍ അധികാരമേറിയതു മുതല്‍ ശിവശങ്കറായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമന്‍.  അതുകൊണ്ടു തന്നെ  'രണ്ടാം മുഖ്യമന്ത്രി,  എന്നീ വിശേഷണങ്ങളോടെ അധികാരത്തിന്റെ അവസാനവാക്കായി  മാറുകയായിരുന്നു .   അദ്ദേഹമറിയാതെ ഒരു ഫയല്‍ പോയിട്ട്, നിഴല്‍പോലും അനങ്ങുമായിരുന്നില്ല.   മുഖ്യമന്ത്രിക്ക്  ഏറെ വിശ്വസ്ഥനുമായിരുന്നു . സ്പിങ്‌ളര്‍ ആരോപണത്തില്‍ വിവാദനായകനായപ്പോഴും ശിവശങ്കറിന്റെ കസേരയ്ക്ക് ഇളക്കമുണ്ടായില്ല.  കാരണം മുഖ്യമന്ത്രിയുടെ അകമഴിഞ്ഞ  സപ്പോർട്ട് നാം എല്ലാവരും കണ്ടതാണ് .

കോവിഡ് കാലത്തെ സ്പ്രിങ്‌ളര്‍, ബെവ്ക്യൂ, ഇ-മൊബിലിറ്റി വിവാദങ്ങള്‍ ശിവശങ്കറിനെ മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിനെയും വിവാദകേന്ദ്രമാക്കി. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനു വഴിവിട്ട് സഹായം നല്‍കിയെന്നും ആരോപണമുയര്‍ന്നു. അപ്പോഴെല്ലാം ''പിണറായിക്കോട്ട''യില്‍ ശിവശങ്കര്‍ സുരക്ഷിതനായിരുന്നു.

മികച്ച ഉദ്യോഗസ്ഥനെന്ന പ്രതിഛായയില്‍നിന്നു വിവാദങ്ങളിലേക്കു കൂപ്പുകുത്തിയ ശിവശങ്കറിന്റെ ഔദ്യോഗികജീവിതം സമാനതകളില്ലാത്തതാണ്. തന്റെ വിശ്വസ്തനെതിരേ വിവാദങ്ങളും ആരോപണങ്ങളും ഉയര്‍ന്നപ്പോഴെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ നേരിട്ടിറങ്ങി പ്രതിരോധം തീര്‍ത്തു.

 ഒടുവിലൊരു ''സ്വപ്‌ന സൗഹൃദം'' അദ്ദേഹത്തിനു വിവാദമായ സ്വര്‍ണക്കടത്തു കേസിലെ പ്രതിസ്ഥാനത്തേക്ക് . ഇനി  എന്ത്  എന്ന് കാത്തിരുന്ന് കാണാം.
Join WhatsApp News
സുരേന്ദ്രൻ നായർ 2020-10-28 20:41:05
ശിവശങ്കരന്റെ ബുദ്ധിവൈഭവമൊന്നും രാഷ്ട്രീയ കുതന്ത്രതയും ക്രിമിനൽ സാമ്പത്തിക ലോബികളാൽ നിയന്ത്രിക്കപ്പെടുന്ന അദ്ദേഹം ചെന്നുപെട്ട സിംഹമടയിൽ നിന്നും അദ്ദേഹത്തിന് മോചനം നൽകുമെന്ന് പ്രതീക്ഷിക്കാൻ വഴിയില്ല. മുന്നൂറു കോടിയോളം അഴിമതി ഉയർന്ന ലാവ്‌ലിൻ കേസിൽ പ്രതിയായി ശിക്ഷിക്കപ്പെട്ട സിദ്ധാർഥ മേനോനെ അറിയില്ലേ. യഥാർഥ പ്രതി വിചാരണപോലും ഇല്ലാതെ രണ്ടു കോടതികളിൽ നിന്നും തലയൂരി മൂന്നാം കോടതിയിൽ ഇരുപതു തവണ കേസ് മാറ്റിവച്ചു വിജയക്കൊടി പാറിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക