Image

ആരുവാൻ (കവിത: വേണുനമ്പ്യാർ)

Published on 25 October, 2020
ആരുവാൻ (കവിത: വേണുനമ്പ്യാർ)
പറയൂ! പാടുവതാരായിരിക്കുമെന്നിലൂടെ?
പറയൂ! വരയ്പ്പതാരായിരിക്കുമെന്നിലൂടെ? 
പറയൂ! കുറിപ്പതാരായിരിക്കുമെന്നിലൂടെ? 
 
ഞാൻതന്നെ .....ഞാൻതന്നെ ....... .ഞാൻതന്നെയെന്നു
സ്വയം നീ വീരവാദം   മുഴക്കാതിരിക്കില്ല.
അത്രയ്ക്ക്ഹങ്കാരിയാണ് നീ 
നന്നായിട്ടറിയാമെനിക്കത് !

എന്നാൽ നിന്നെ  എന്നെപ്പോലെ അടുത്തറിയുന്നോരായി   
മറ്റെത്ര  പേരുണ്ടിവിടെ ?
പൂജ്യങ്ങൾക്കും പൂജനീയർക്കും അജ്ഞേയനല്യോ  നീ 
പത്രാധിപർക്ക്  വെറുമൊരു അജ്ഞാതനല്യോ നീ
പാഠകർക്ക് അജ്ഞാനമല്യോ നീ   
ശ്രോതാക്കൾക്ക് സ്വരഹീനനല്യോ നീ
ചിത്രാസ്വാദകർക്കു ദുരൂഹതയുടെ  കൊളാഷല്യോ  നീ. 

ഇവിടെ  പട്ടും  വളയും പ്രശസ്തിപത്രവും കിട്ടുമ്പോൾ
{എനിക്ക് നിന്നെ നന്നായിട്ട് അറിയാം}
നീ  എന്റെ കാതിൽ പരിഹാസച്ചിരി മുഴക്കാനെത്തും,
മൂത്ത അസൂയക്കലിയുമായി.

അപ്പോൾ ഈ ഞാൻപോലും
നിന്നെ കേട്ടതായോ അറിഞ്ഞതായോ....... 
ബൈബിളിലെ പത്രോസിനെപ്പോലെ ഞാൻ നിന്നെ
നിഷേധിക്കും  :

എനിക്ക് നിന്നെ അറിയില്ല 
നീയാരുമല്ല
നിന്നെയാരും കണ്ടിട്ടില്ല
നീ ഇത് വരേയ്ക്കും സ്വന്തമായി ഒരു കവിതയോ ചിത്രമോ പാട്ടോ........
സർഗാത്മകതയുടെ   കാര്യം പോകട്ടെ, ഒരു കോമരത്തിന്റെ  ഔദാര്യം   കൂടാതെ  നിനക്ക്  ഒന്ന് നിവർന്നു നില്ക്കാന്പോലും..........
 
കടക്കൂ എന്റെ കാതിനു   പുറത്തു
നീയാരുമല്ല, നീയൊന്നുമല്ല
കാണുന്നില്ലേ പൂമാലകൾ, ഫ്ലാഷുകൾ
കേൾക്കുന്നില്ലേ  ഗാലറിയിലെ കയ്യടികൾ
സെല്ഫിപ്പൂരങ്ങൾ   
ഇപ്പോൾ ഞാനാണെല്ലാം
ഞാൻ കഴിഞ്ഞിട്ടേയുള്ളൂ ബാക്കിയെല്ലാം
ഞാൻ......ഞാൻ........ ഞാൻ.....
നീയാരുമല്ല, നീയൊന്നുമല്ല
ഞാനാ ഭൂമിയിലെ മഹാ....ജേ.....താ............

അയ്യോ എനിക്കെന്തു പറ്റി!
വേരറ്റ ഒരു പാഴ്മരത്തെപ്പോലെ  ഞാൻ നിലംപതിക്കയാണോ
നീ വന്ന്  എന്നെ ഒന്ന് താങ്ങുന്നുണ്ടോ
കീഴും മേലും  എനിക്കാരുമില്ല
നീയാണ് എല്ലാം ഞാൻ ഒന്നുമല്ല  ഒന്നുമല്ല  ഒന്നുമല്ല 
ദയവു ചെയ്ത്  എന്നെ ഒന്ന് താങ്ങുമോ
എന്താ പ്രബലനായ നിനക്ക് അതിനുള്ള  കെൽപ്പില്ലേ
അധികം അഭിനയിക്കല്ലേ
നിന്റെ കൈകളിൽ കിടന്നു പുനർജീവിക്കയെന്നതാണെന്റെ 
അന്ത്യാഭിലാഷം 
അല്ല, നീയും  എന്നെ ..............
മഹാകാരുണികനായ നീയും എന്നെ കൈവെടിയുകയാണോ
നീ എന്നെ കൈവെടിഞാലും  ഞാൻ നിന്നെ കൈവെടിയാൻ പോകുന്നില്ല
എന്റെ  ദൈവമേ, എന്റെ  ദൈവമേ,  എന്നെ കൈവെടിയല്ലേ!
കൈവെടിയല്ലേ....!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക