Image

വാർധക്യത്തിൽ ഒരു കൂട്ട്; അതിൽ എന്താണ് തെറ്റ്? (ലതികാ ശാലിനി)

Published on 24 October, 2020
വാർധക്യത്തിൽ ഒരു കൂട്ട്; അതിൽ എന്താണ് തെറ്റ്? (ലതികാ ശാലിനി)
ഒരുപാട് കാലമായി എഴുതേണ്ട വിഷയമായി മനസ്സിൽ കൊണ്ടുനടന്ന ഒരു ചോദ്യത്തിന് ഉത്തരം എന്നോണം കുറച്ചു ദിവസം മുൻപ് ഒരു കൂട്ടുകാരി വിളിച്ചു... സംസാരങ്ങൾക്കിടയിൽ എഴുപത് വയസ്സിനോടടുത്തോ അതോ അതിലധികമോ പ്രായം ഉള്ള അവളുടെ പിതാവിന്റെ രണ്ടാം വിവാഹവാർത്തയെക്കുറിച്ച് അവൾ എന്നോട് പറഞ്ഞു. തികഞ്ഞ  സ്വാഭാവികതയോടെയും, സങ്കോചതമേതുമില്ലാതേയും,  തീരെ ജാള്യതയില്ലാതെ ആ വാർത്ത അവളെന്നോടു പങ്കു വെച്ചപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. 

രണ്ടു പെൺമക്കളെ വിവാഹം കഴിപ്പിക്കുകയും, കിടപ്പിലായ ഭാര്യയേ വർഷങ്ങളോളം ആരുടേയും സഹായമില്ലാതെ പരിചരിക്കുകയും ചെയ്ത ആ മനുഷ്യൻ തികച്ചും ഒറ്റക്കായായ വാർദ്ധക്യത്തിൽ  പെൺമക്കൾ അദ്ദേഹത്തോടു ചെയ്ത ന്യായത്തിൻറെ  പരമോദാഹരണമായാണ് എനിക്ക് തോന്നിയത്. പെൺമക്കളുടെ വീട്ടിൽ വന്നു താമസമാക്കാൻ താൽപര്യം ഇല്ലാത്ത, തൻറെ വീട്ടിൽ ലഭിക്കുന്ന സ്വാതന്ത്ര്യം നഷ്ടപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പിതാവിന് വാർദ്ധക്യത്തിൽ ഒരു കൂട്ടുകാരിയെ സമ്മാനിക്കുന്നതിൽ കവിഞ്ഞ് എന്ത് സമ്മാനം ആണ് നൽകുക....?

ഇതിൽ ഏറ്റവും അനുമോദനം അർഹിക്കുന്നത്  പെൺമക്കളുടെ ഭർത്താക്കൻമാർ തന്നെ.. വലിയ കോലാഹലങ്ങളുണ്ടാക്കാമായിരുന്ന  ഒരു വിഷയത്തെ എത്ര മനോഹരമായി, എത്ര ലാഘവത്തോടെ നേരിട്ടു. അംഗീകരിക്കാൻ മനസ്സ് കാണിച്ചു. അവരോട് വല്ലാത്ത ബഹുമാനം ⚘⚘🙏🙏

ഇനി വിഷയത്തിലേക്ക് വരാം... വിവാഹം  ഒരു പ്രായം വരെ ജീവശാസ്ത്രപരമായ ആവശ്യങ്ങളുടേതു കൂടിയാണെങ്കിലും ദാമ്പ്യത്യം മുന്നോട്ടു പോകവെ അതിന് വൈകാരികതേയേക്കാൾ വലിയ പ്രാധാന്യം  ഒന്നും തന്നെയില്ല എന്ന് മനസ്സിലാക്കാൻ കഴിയും.വികാരവും, ജീവശാസ്ത്രവും തമ്മിലുള്ള ബന്ധം അല്ല ഞാൻ ഉദ്ദേശിച്ചത് കേട്ടോ..

തീർച്ചയായും ലൈംഗികതയും  ജീവിതവുമായി അഭേദ്യമായ ബന്ധം ഉണ്ട്. പക്ഷെ മനസ്സും, ലൈംഗീകതയുമായുള്ള ബന്ധത്തോളം തീവ്രമായി  മറ്റൊന്നിനേയും  ലൈംഗികതയുമായി ബന്ധപ്പെടുത്താനാകില്ല. അതിനാൽ തന്നെ പ്രായമായി ഒറ്റപ്പെട്ടവരെ വിവാഹം കഴിപ്പിക്കുന്നതിനോ, അവർക്കായി ഒരു കൂട്ടു കണ്ടെത്തുന്നതിനോ മുഖം ചുളിക്കേണ്ട ആ സമയം കടന്നു പോയിരിക്കുന്നൂ. നാൽപ്പതിനും,അൻപതിനും മുകളിൽ ഉള്ളവർ ജീവിതത്തിൽ ഒരു തുണ ആഗ്രഹിക്കുന്നു എങ്കിൽ തീർച്ചയായും അത് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇത് മുഖം ചുളിക്കേണ്ട വിഷയമല്ല എന്ന് ഇനിയെങ്കിലും നാം തിരിച്ചറിയണം.

പ്രത്യേകിച്ചും പെൺകുട്ടികൾ മാത്രം ഉള്ള മാതാവോ, പിതാവോ ഉണ്ട് എങ്കിൽ തീർച്ചയായും അവരോട് സംസാരിക്കണം. അവർക്ക് പൂർണമായും സമ്മതം എങ്കിൽ യാതൊരു നാണക്കേടും കരുതാതെ അവർക്ക് ഒരു സുഹൃത്തിനെ സമ്മാനിക്കണം. വിദേശത്ത് മക്കൾ ഉള്ള എത്ര മാതാപിതാക്കൾ ഒറ്റപ്പെടലിലൂടെ കടന്നു പോകുന്നു.. എല്ലാ ഉത്തരാവാദിത്വങ്ങളും ചെയ്തു തീർത്ത് പ്രത്യേകിച്ചും ഒന്നും ചെയ്യാനില്ലാതെ എത്രയോ പേർ.. ഭക്ഷണം വച്ചെങ്കിൽ വച്ചു,  കഴിച്ചെങ്കിൽ കഴിച്ചു എന്ന മട്ടിലാണ്.. ഓരോ ദിവസവും മരണത്തിലേക്കുള്ള. യാത്രയുടെ ദിനങ്ങൾ എണ്ണി തീർത്തു കൊണ്ട് മുന്നോട്ടു പോകുന്നു. 

ആരോഗ്യസ്ഥിതി മോശമല്ലാതിരുന്നിട്ടു കൂടി ആരോഗ്യം ക്ഷയിപ്പിക്കുന്നൂ. ഒറ്റപ്പെടൽ സമ്മാനിക്കുന്ന ജീവിത സാഹചര്യങ്ങളിൽ തളർന്നു പോകുന്നവർ.  ഇവർക്കാവശ്യം ശാരീരിക ആവശ്യങ്ങൾ നിറവേറ്റുന്ന പങ്കാളികളെ അല്ല. മറിച്ച് എന്തെങ്കിലും ഒക്കെ പിറുപിറുക്കാൻ, വൈകിട്ട് ഒരുമിച്ചു ഒന്ന് നടക്കാൻ, ഒന്ന് മിണ്ടിയും പറഞ്ഞുമിരിക്കാൻ ഒരു കേൾവിക്കാരനേയോ, കേൾവിക്കാരിയെയോ ആകാം..  

പലപ്പോഴും സ്വയം ആഗ്രഹിക്കുന്നു എങ്കിലും സമൂഹം എന്ത് കരുതും, മക്കൾ എന്ത് കരുതും? ആളുകളെ എങ്ങനെ അഭിമുഖീകരിക്കും? എന്ന ഭീതിയിൽ മനസ്സ് പൂട്ടിവക്കുന്ന എത്ര ആളുകൾ.... നാൽപ്പത് കഴിഞ്ഞവരോ അതിനിടയിലോ, അതിന് താഴെയോ ഉള്ളവരുടേയും അവസ്ഥ ഇത് തന്നെ.മക്കളുടെ ഭാവി അവരെ പലപ്പോഴും വിലക്കുന്നൂ. 

നമുക്ക് മാറി ചിന്തിക്കാൻ സമയമായി. വൈകാരികമായ കാരണങ്ങൾ ഒരുപാട് കണ്ടേക്കാം. പക്ഷെ പതുക്കെ പതുക്കെ ഒറ്റപ്പെടലെന്ന ലോകം സ്വന്തമാക്കാൻ അധികം സമയം വേണ്ട. ഒരുപാട് മാട്രിമോണിയൽ സംവിധാനം നമുക്ക് ഉണ്ട്. ഇത്തരത്തി്ലുള്ള ആളുകൾ തീർച്ചയായും ഏറ്റവും അധികം അഡ്ജസ്റ്റ്മെൻറുകൾ സ്വീകരിക്കുന്നവരാകാം.  അതിനാൽ പ്രശ്നങ്ങളെ വലിയ പ്രതിസന്ധികളാക്കാതെ മുന്നോട്ടു കൊണ്ട് പോകാൻ ഇവർക്ക്  കഴിഞ്ഞേക്കാം.. അതിനാൽ നല്ല ഒരു സംവിധാനം ഇതിനായി നിലവിൽ വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. മക്കളില്ലാത്ത എത്രയോ പേർ, കുടുംബ ജീവിതം ആഗ്രഹിക്കുന്ന എത്രയോ പേർ നമുക്ക് ചുറ്റും ഉണ്ട്. ഒരു പക്ഷെ ഒരുപാട് പേരുടെ ജീവിതത്തിൽ സന്തോഷം തിരിച്ചു കൊണ്ട് വരാൻ നമുക്ക് സാധിക്കും. പലപ്പോഴും പലരും തടസ്സം പറയുന്നത് മക്കൾക്ക് ആ വീട്ടിൽ നഷ്ടപ്പെട്ടു പോയേക്കാവുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ്.. അല്ലെങ്കിൽ സ്വത്തിനോ, സമ്പത്തിനോ  അവകാശികളായി വന്നേക്കാവുന്ന പുതിയ ആളുകളെക്കുറിച്ചുള്ള ആശങ്ക, ഇതൊന്നും അല്ല എങ്കിൽ വരുന്ന ആൾ ബാധ്യതയാകുമോ എന്നതാവാം. ഇനി അതും അല്ല എങ്കിൽ അയാൾക്ക് ആദ്യം എന്തെങ്കിലും സംഭവിച്ചു പോയാൽ എന്നതാകും. 

നിയമവ്യവസ്ഥ എന്ന ഒരു സംവിധാനം പിന്നെ എന്തിനാണ് ??? .അല്ലെങ്കിൽ തന്നെ ഒറ്റപ്പെടലിൻറെ വേദനയോട് ഇതൊക്കെ പകരം വക്കാനാകുമോ??ഇതൊക്കെ നമുക്ക് രേഖയിലൂടെ ബലപ്പെടുത്താമല്ലോ???

വാർദ്ധക്യം ഒറ്റപ്പെടലിൻറതാകാതിരിക്കാൻ  നമുക്ക് ചില അഡ്ജസ്റ്റ്മെൻറുകൾക്ക് തയ്യാറാകാം അല്ലേ??നമ്മുടെ പ്രിയപ്പെട്ടവർ  "നാളെ ഉണരണം"  എന്ന് കരുതി ഉറങ്ങട്ടെ!!

സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും എല്ലാവരോടും ചേർന്ന് ഇതിനായി ആത്മാർത്ഥമായി ശ്രമിക്കാം അല്ലേ?? നമ്മുടെ പരിചയത്തിലുള്ള ഒരാളെ എങ്കിലും നമുക്ക് കണ്ടെത്താനാകും..

വാർധക്യത്തിൽ ഒരു കൂട്ട്; അതിൽ എന്താണ് തെറ്റ്? (ലതികാ ശാലിനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക