Image

പിതാക്കൻമാരുടെ രാജ്യവും തേടി.. (കവിത: ആൻസി സാജൻ )

Published on 24 October, 2020
പിതാക്കൻമാരുടെ രാജ്യവും തേടി.. (കവിത: ആൻസി സാജൻ )
പിതാവിന്റെ ഭവനത്തിലേക്ക്
തിരികെപ്പോകാനിറങ്ങിയ
പാപിയും തിരസ്കൃതനും
നിഷ്കാസിതനുമായ,
ജീവൻ കളയണമെന്നു കരുതിയ ഒരുവൻ
അകലത്തേ കണ്ടു
ഉയർന്ന നെറ്റിത്തടത്തിന്റെ
തിളക്കവുമായ് നിൽക്കുന്ന
അപ്പനെ
ഹതാശനും ദരിദ്രനും വിരൂപനുമെങ്കിലും
അകലേ കണ്ടതേ കൈകൾ നീട്ടി ...
സഹോദരനപ്പോൾ
വയലിൽ നിന്നും
വരുന്ന വഴി ..
കയർത്തതേയില്ല,
പകരം
അകത്ത് ചെന്ന്
പണ്ടയാൾ
ഉപേക്ഷിച്ചിട്ടു പോയ
നിറവും മിനുസവുമേറിയ
കുപ്പായം കൊണ്ടു വന്നണിയിച്ചു
ഇതാണ് നിനക്ക് പാകം;
സുഭഗതയുമെന്നായി..
അകാല നരയുമായ്
നിന്നവനെക്കണ്ട്
അമ്മ മറഞ്ഞു നിന്ന്
കരഞ്ഞു...
ആവത് പോലെ
അയാൾ അമ്മയെ ഒളിഞ്ഞു നിന്നു
കൊഴുത്തതും
മിനുത്തതുമായ
കാളക്കുട്ടിയെക്കൊന്ന്
വിരുന്നൊരുക്കി  
അപ്പൻ ...
തിന്നുക, കുടിക്കുക
ആർത്തുല്ലസിക്കുക
മരിച്ച മകൻ
തിരികെ വന്നിരിക്കുന്നു...
അന്ന് രാവിൽ
പല്ലിയും കൂറയുമോടാത്ത
കിടക്കയിൽ
സഹോദരന്റെ
നെഞ്ചിൽ
തലയും ചേർത്ത്
ഗാഢഗാഢമുറങ്ങി
അയാൾ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക