Image

കച്ചറ ഉണ്ടാക്കാതെ ഇറങ്ങിപ്പോവണമെന്ന് മാധ്യമങ്ങളോട് നിവിന്‍ പോളിയുടെ കുടുംബം

Published on 13 October, 2020
കച്ചറ ഉണ്ടാക്കാതെ ഇറങ്ങിപ്പോവണമെന്ന് മാധ്യമങ്ങളോട് നിവിന്‍ പോളിയുടെ കുടുംബം

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ പ്രത്യേക പരാമര്‍ശമാണ് നിവിന്‍ പോളി നേടിയത്. മൂത്തോന്‍ ചിത്രത്തിലെ പ്രകടനത്തിനാണ് പ്രത്യേക പരാമര്‍ശം നേടിയിരിക്കുന്നത്. പുരസ്‌കാരം ലഭിച്ചതിന് ശേഷം നിവിന്റെ പ്രതികരണം അറിയാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ താരത്തിന്റെ കുടുംബം അപമാനിച്ചതായി റിപ്പോര്‍ട്ടുകള്‍.


അവാര്‍ഡ് പ്രഖ്യാപനത്തിന് അര മണിക്കൂര്‍ മുമ്ബ് മാധ്യമങ്ങള്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് പിന്നിലുള്ള നിവിന്റെ അപ്പാര്‍ട്ട്‌മെന്റിലെത്തിയിരുന്നു. സുരക്ഷാ ജീവനക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ അകത്തേക്ക് കടത്തി വിട്ടിരുന്നു. എന്നാല്‍ അല്‍പ്പസമയത്തിനുള്ളില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മാധ്യമങ്ങളെ നീക്കാന്‍ നിവിന്റെ ഭാര്യ സുരക്ഷാ ജീവനക്കാരെ വിളിച്ചറിയിച്ചു എന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ടു ചെയ്യുന്നത്.


ഗതാഗത തടസം മൂലമാണ് അറിയിപ്പെന്ന് കരുതിയ സുരക്ഷാ ജീവനക്കാര്‍ സൗകര്യപ്രദമായ ഇടത്തേക്ക് വാഹനങ്ങള്‍ നീക്കി. എന്നാല്‍ താരത്തിന്റെ കുടുംബം പിന്നീട് കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. കച്ചറ ഉണ്ടാക്കാതെ ഇറങ്ങിപ്പോവണമെന്ന് ആവര്‍ത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


അവാര്‍ഡ് പ്രതികരണത്തിനായി നിവിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭ്യമായിരുന്നില്ല. മൂത്തോനിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നതായി നിവിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ അന്തരാഷ്ട്ര ചലച്ചിത്ര മേളകളിലും പുരസ്‌ക്കാരം സ്വന്തമാക്കിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക