Image

തെരേസാസ് വിമെൻസ് യൂണിവേഴ്‌സിറ്റി ആയേക്കും (രചന, ചിത്രങ്ങൾ: കുര്യൻ പാമ്പാടി)

Published on 10 October, 2020
തെരേസാസ് വിമെൻസ് യൂണിവേഴ്‌സിറ്റി ആയേക്കും (രചന, ചിത്രങ്ങൾ: കുര്യൻ പാമ്പാടി)
യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ പത്തു വർഷത്തേക്ക് ഓട്ടോണമസ് പദവി നീട്ടികൊടുത്തു എന്ന  സദ്വാർത്ത കേട്ടുകൊണ്ടാണ് എറണാകുളം  സെന്റ് തെരേസാസിലെ നാലായിരത്തോളം വിദ്യാർത്ഥിനികൾ ശനിയാഴ്ച്ച ഉറക്കം ഉണർന്നത്. കേരളത്തിൽ മറ്റൊരു കോളേജിനും കിട്ടാത്ത ബഹുമതി.

നാക് ഏപ്ലസ്പ്ലസ്‌, ഇന്ത്യയിലെ ഏറ്റവും മികച്ച വനിതാ കോളേജ് എന്നീ നേട്ടങ്ങൾക്കു പുറമേയാണിത്. ഇനി നേടാനുള്ളത് പൂർണ യൂണിവേഴ്‌സിറ്റി പദവി. എന്തുകൊണ്ട് കേരളത്തിലെ ആദ്യത്തെ വനിതാ സർവകലാശാലയായിക്കൂടാ സെന്റ് തെരേസാസ്? സാധ്യതകൾ തെളിഞ്ഞു വരുന്നു.

പതിനാറാം നൂറ്റാണ്ടിൽ സ്പെയിനിലെ ആവിലയിൽ ജീവിച്ചിരുന്ന സെന്റ് തെരേസയുടെ പേരിലാണ് കോളജ്. 1858ൽ മദ്രാസിൽ ജനിച്ച മദർ തെരേസാ ഓഫ് സെന്റ് റോസ് ഒഫ് ലിമ സ്ഥാപിച്ച സിഎസ്എസ്ടി എന്ന കർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസയാണ് 1925ൽ എറണാകുളത്ത് കോളേജ് സ്ഥാപിക്കുന്നത്. തുടക്കത്തിൽ 41 വിദ്യാർത്ഥിനികൾ. വിശദ്ധരുടെ വഴിത്താരയിൽ ദൈവദാസി പദവി വരെ എത്തി നിൽക്കുന്നു സ്ഥാപക.   

കോളേജിന്റെ 95 വർഷത്തെ ചരിത്രത്തിൽ ആദ്യമായി 2015ൽ കന്യാസ്ത്രീ അല്ലാത്ത ഒരാളെ പ്രിൻസിപ്പലായി നിയമിച്ച ചരിത്രവും തെരേസാസിനുണ്ട്. അഞ്ചു വർഷം മുഖ്യ സാരഥിയായിരുന്ന മുൻ ഫിസിക്സ് പ്രൊഫസർ ഡോ. എം. സജിമോൾ അഗസ്റ്റിനെ മാർച്ച് 31നു റിട്ടയർ ചെയ്ത ഉടൻ തിരികെ വിളിച്ച് സീനിയർ അഡ്മിനിസ്ട്രേറ്റർ പദവിയിൽ അവരോധിച്ചു.

പകരം പ്രിൻസിപ്പലായതും ഒരു ലേ പേഴ്സൺ--ബോട്ടണിയിലെ ഡോ. ലിസി മാത്യു. .തെരേസാസിൽ  അധ്യാപികയായിരുന്ന  സിസ്റ്റർ ഡോ. മാർഗരററ് മേരിയുടെ കീഴിൽ ഡോക്ടറൽ ഗവേഷണം നടത്തിയ ലിസി 1994ൽ അദ്ധ്യാപികയായി ചേർന്നു.  "ഞാൻ രണ്ടു വർഷത്തിനകം റിട്ടയർ ചെയ്യും .നിർഭാഗ്യവശാൽ കോളേജിന്റെ ശതാബ്ദിക്കു തൊട്ടു മുമ്പ്--2022 ജൂണിൽ," അഭിനന്ദനം നേരാൻ വിളിച്ച എന്നോട് ഡോ. ലിസി പറഞ്ഞു.   

തെരേസാസിന്റെ ആദ്യ ലേ പ്രിൻസിപ്പൽ സജിമോൾ 33 വർഷത്തെ അധ്യാപനത്തിനു ശേഷമാണ് വിടപറഞ്ഞത്. അതിൽ അഞ്ചു വർഷം പ്രിൻസിപ്പൽ ആയിരുന്നു. സജിമോളോടൊപ്പം 32 വർഷം ഫിസിക്സ് പഠിപ്പിച്ച്‌ വകുപ്പ് മേധാവിയയായി പിരിഞ്ഞ ടെസി ജോസഫിനും ബോട്ടണിയിലെ ഡോ ഡി. ഷീലക്കും  ഒന്നിച്ചാണ് കോളജ് യാത്രയയപ്പ് നൽകിയത്.സജിമോളും ടെസിയും പാലായുടെ സന്തതികളാണ്. അൽഫോൻസാ കോളേജിൽ ഒരേകാലം പഠിച്ചവർ. .

തെരേസാസിനു ഇന്ത്യയിലെ ഏതു വനിതാ കോളേജിനെയും നിഷ്‌പ്രഭമാക്കുന്ന ബൃഹദ് കാമ്പസ് ആണുള്ളത്. 3659 വിദ്യാർത്ഥിനികൾ, 206 അദ്ധ്യാപികമാർ, അവരിൽ ബഹുഭൂരിപക്ഷവും പിഎച്ഡിക്കാർ, 25 വകുപ്പുകൾ, 60 കോഴ്‌സുകൾ. സെമിനാറോ വർക് ഷോപ്പോ മേളയോ ഇല്ലാത്ത ദിവസമില്ല. ഭരതനാട്യവും ഫാഷൻ ഡിസൈനിങ്ങും പഠിക്കുന്നവരുടെ അരങ്ങേറ്റവും ഫുഡ് ആൻഡ് ന്യുട്രിഷൻ പഠിക്കുന്നവരുടെ ഭക്ഷ്യ മേളയും കാമ്പസിനെ സജീവമാക്കുന്നു.
 
മുപ്പതു യുണിവേഴ്‌സിറ്റി റാങ്കുകാരെ സൃഷ്ട്ടിച്ച അഭിമാനമുണ്ട് ഫിസിക്സ് വകുപ്പിന്. 1959ൽ ബിഎസ്സിയോടെ തുടക്കം. എംഎസ്സി തുടങ്ങാൻ നാൽപതു  വർഷം എടുത്തു. ഒരു പിഎച് ഡി യെ മെനഞ്ഞെടുക്കാൻ പിന്നെയും വർഷങ്ങൾ.  ഇപ്പോഴത്തെ വകുപ്പ് മേധാവി ഡോ എംഎസ് കലയുടെ കീഴിൽ ഗവേഷണം നടത്തിയ അഞ്ജു കെ. നായർ ആണ് ആ മിടുക്കി.

കാമ്പസിൽ ഹൈപ്പർ ആക്റ്റീവ് ആയ വകുപ്പുകൾ ധാരാളം. ഇംഗ്ലീഷ് ഡിപ്പാർട്മെന്റയിന്റെ കാര്യം നോക്കുക.. പ്രശസ്ത ഇംഗ്ലീഷ് ചരിത്രകാരൻ വില്യം ഡാൾറിമ്പിളിനെ ഇക്കൊല്ലം ആദ്യം കാമ്പസിൽ ക്ഷണിച്ചു വരുത്തി ആദരിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം ദി അനാർക്കിസ്റ്റിന്റെ പ്രകാശനത്തിനും കോളജ് വേദിയായി.

ഡാൾറിമ്പിളിനെ പൊന്നാട അണിയിച്ചതു വകുപ്പ് മേധാവി ഡോ. ബീന ജോബ് ആണ്.  ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് പിയാനോഫോർട്ടിൽ അംഗീകാരം നേടിയ ബീന പ്രസിദ്ധ യൂറോപ്യൻ യുവ  ഗായകസംഘം റെക്സ്ബാൻഡിലെ മുഖ്യഗായികയായി 22 രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചു.   

ഡിഗ്രിയും മാസ്റ്റേഴ്‌സും ഡോക്ടറൽ ഗവേഷണവും നടക്കുന്ന വകുപ്പാണ് ഇംഗ്ലീഷ്. പൂർവ്വവിദ്യാർത്ഥി  നികളിൽ രണ്ടു പേർ  ഡോ. ജാൻസി ജെയിംസും ഡോ. റോസ് വർഗീസും വൈസ് ചാൻസലർമാരായി. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമൻ, ലിഡാജേക്കബ് ഐഎഎസ്, ആശാ ആന്റണി ഐഎഫ്എസ്, സൂസൻ തോമസ് ഐആർഎസ് എന്നിവരും ഇക്കൂട്ടത്തിൽ വരും.

എഴുത്തുകാരികളായ ജയശ്രീ മിശ്ര, ഷാനാസ് ഹബീബ്, പ്രീതി ഷേണായ്, ഷൈൻ ആന്റണി, ജാനകി ശ്രീധരൻ, ഹാർപ്പർ കോളിൻസ് ചീഫ് എഡിറ്റർ വികെ കാർത്തിക ഇങ്ങിനെ നീണ്ടുപോകുന്നു അറിയ
പ്പെടുന്ന പൂർവ  വിദ്യാത്ഥികളുടെ പട്ടിക. ഒരുപാടുപേർ കോളജ് അദ്ധ്യാപകരാണ്. കൊച്ചിയിൽ മാത്രം 30 പേർ പഠിപ്പിക്കുന്നു. ഏഴുപേർ വകുപ്പ് മേധാവികളാണ്.

കാമ്പസ് രൂപം കൊടുത്ത കലാകാരികളുടെ ലിസ്റ്റ് അവസാനമില്ലാതെ നീളുന്നു. അസിൻ, സംവൃത സുനിൽ, പൂർണിമ ഇന്ദ്രജിത്, രഞ്ജിനി ജോസ്, രഞ്ജിനി ഹരിദാസ്, രമ്യ നമ്പീശൻ...         

കോളേജ് ആരംഭിച്ച 1925ൽ ഒപ്പം തുറന്ന ഡിപ്പാർട്മെന്റ് ആണ് മലയാളം. ഏറ്റവും മികച്ച ഡോക്ടറൽ പ്രബന്ധത്തിനുള്ള ഫൊക്കാനയുടെ ഡോളർ പുരസ്കാരം 75,000 രൂപ നേടിയ സൗമ്യ ബേബി അടുത്ത കാലം വരെ വകുപ്പ് മേധാവി ആയിരുന്നു. പ്രൊഫ. സ്കറിയ സക്കറിയായുടെ കീഴിൽ 'ഭാഷാവിജ്ഞാനത്തിനു എൽ വി രാമസ്വാമി അയ്യരുടെ സംഭാവന' യെക്കുറിച്ചായിരുന്നു ഗവേഷണം.

'ആദിവാസി, ദളിത്: ജീവിതവും പ്രതിരോധവും' എന്ന വിഷയത്തിൽ ദ്വിദിന സെമിനാർ സംഘടിപ്പിച്ചുകൊണ്ടായിരുന്നു 2020ന്റെ തുടക്കം. ദയാബായി ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷകൻ സുനിൽ പി ഇളയിടം. മികച്ച എൻസിസി ലീഡർക്കുള്ള പുരസ്കാരം നേടിയ ക്യാപ്റ്റൻ ഡോ.കെവി സെലീനയാണ് ഇപ്പോൾ എച്ഒഡി.
                                                                                    
ഓട്ടോണമസ് പദവി ലഭിച്ച കേരളത്തിലെ ആദ്യത്തെ എയ്‌ഡഡ്‌ വനിതാ കോളജ് ആണ് തെരേസാസ്.   ബിസിനസ് മാനേജ്‌മെന്റ് ഉൾപ്പെടെ അവിടെ ഇല്ലാത്ത പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ ഇല്ല.  കിഴക്കും പടിഞ്ഞാറുമുള്ള നിരവധി അന്താരാഷ്ട്ര കലാലയങ്ങളുമായി അക്കാദമിക് ബന്ധങ്ങൾ. 2014ൽ  ഓട്ടോണമസ് പദവി ലഭിച്ച ശേഷം ആദ്യത്തെ പരീക്ഷ കൺട്രോളർ ആയിരുന്നു സജിമോൾ.

മുമ്പുണ്ടായിരുന്ന പ്രിൻസിപ്പൽമാരെല്ലാം സിസ്റ്റർമാർ. --ബിയാട്രിസ്, ആന്റൊയിനെറ്റ്, ഡിഗ്ന, കൺസെപ്റ്റ, സെറാഫിയ, മേരി സെസിൽ, എമിലിൻ, ടെസ, ക്രിസ്റ്റബെൽ, ഡോ. ട്രീസ , ഡോ. വിനിത. ഇവരിൽ എമിലിൻ, ടെസ, ട്രീസ, വിനിത എന്നിവർ ഇന്നുമുണ്ട്. തെരേസാസിന്റെ പന്ത്രണ്ടാമത്തെ പ്രഥമാധ്യാപികയാണ് സജിമോൾ. ലിസി മാത്യു പതിമൂന്നാമത്തേയും.

തെരേസാസിലെ പ്രഗത്ഭരായ അഞ്ചു പ്രിൻസിപ്പൽമാരുമായി അഭിമുഖ സംഭാഷണം നടത്തിയ ആളാണ് ഞാൻ 25 വർഷം പ്രിൻസിപ്പൽ ആയി ശോഭിച്ച സിസ്റ്റർ ഡിഗ്‌നയുമായി തുടക്കം.  1976ൽ ആയിരുന്നു അത്. ഡിഗ്‌നയില്ലാതെ കൊച്ചിയിലെ വിദ്യാഭ്യാസ, സാംസ്കാരിക രംഗത്ത് ഒരിലപോലും അനങ്ങാത്ത കാലം. അത്ര ഭാവ ഗംഭീരയായ ഒരു ഭരണാധികാരിയെ കണ്ടെത്താൻ വിഷമം.

ഞാൻ കണ്ട രണ്ടാമത്തെ പ്രിൻസിപ്പൽ സിസ്റ്റർ എമിലിൻ. കുട്ടനാട്ടിലെ പുളിങ്കുന്ന് പഴേപറമ്പിൽ കുറ്റിക്കൽ കുടുംബത്തിലാണ് ജനനം. മാത്‍സ് അധ്യാപികയായി തുടങ്ങി, പ്രിൻസിപ്പൽ ആയി. പന്ത്രണ്ടു വർഷം.

"പത്തു  പേരുള്ള കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ആഴചയിലൊരിക്കലെ വീട്ടിൽ കോഴിയെ കൊല്ലൂ. പെൺകുട്ടികൾക്ക് കഷണമില്ല, ചാറു മാത്രം. പക്ഷെ ഇറച്ചിക്കഷണങ്ങൾ  തരുന്ന ഒരു സഹോദരൻ എനിക്കുണ്ടായിരുന്നു,'' അങ്ങനെ തുടങ്ങി ന്യുക്ലിയർ കുടുംബങ്ങളുടെ പോരായ്മകളെക്കുറിച്ച് കുറിക്കു കൊള്ളുന്ന സംഭാഷണം. .

.''ഇന്നിപ്പോൾ മിക്ക വീടുകളിലും ഒന്നൂ ഒന്നരയോ കുട്ടികളല്ലേ ഉള്ളു. പണ്ടുകാലത്തെ സഹോദര-സഹോദരീ സ്നേഹം കേട്ടുകേഴ്വി പോലുമില്ല. ഞങ്ങളുടെ കാലത്ത് കുട്ടികൾക്ക് അച്ഛനമ്മമാരെ പേടിയുണ്ടായിരുന്നു. ഇന്ന് വല്ലപ്പോഴും വിദേശത്തുനിന്നെത്തുള്ള മാതാപിതാക്കൾക്ക് കുട്ടികളെ പേടിയാണ് അവരുടെ താളത്തിനൊപ്പം തുള്ളും!".

പുളിങ്കുന്ന് ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് സ്‌കൂളിൽ പഠിക്കുബോൾ വിദ്യാർത്ഥിനികളുടെ നേതാവാ യിരുന്നു. എ.കെ ആന്റണിയെ മുഖ്യമന്ത്രി പദം വരെഎത്തിച്ച ഒരണാ സമരകാലത്ത് കീജേ വിളിച്ച് ജാഥ നടത്തിയത് മറന്നിട്ടില്ല. പോലീസ് ഞങ്ങൾക്ക് പുല്ലാണേ എന്നായിരുന്നു മറ്റൊരു മുദ്രാവാക്യം--. "പോലീസ് ഞങ്ങളെ അടിചൊന്നുമില്ല. കൗതുകത്തോടെ നോക്കി നിന്നു" സിസ്റ്റർ ഓർമകളുടെ പടവു
കളിലൂടെ നടന്നു.

എഴുപത്തേഴു വയസായി. സജിമോൾ അരുമശിഷ്യയാണ്. ''സജിമോളെ അദ്ധ്യാപികയായി നിയമിച്ചത് ഞാനാണ്--സിസ്റ്റർ പറഞ്ഞു. രാജഗിരിയിൽ കാൽമുട്ടു മാറ്റിവച്ച ശാസ്ത്രക്രിയ കഴിഞ്ഞു വടി കുത്തിപ്പിടിച്ച് നടക്കുകയാണെകിലും പഴയ ഓർമ്മ വച്ച് എന്നെക്കാണാൻ കോൺവെന്റിന്റെ തടിപ്പടികൾ ഇറങ്ങി വന്നു.

ഇരുപതു വർഷം മുമ്പ് ഇംഗ്ലീഷ് പ്രൊഫസർ ആയിരിക്കുന്ന കാലത്താണ് സെലിൻ എന്നു വിളിപ്പേരുള്ള സിസ്റ്റർ വിനീതയെ ഞാൻ ആദ്യമായി കാണുന്നത്. കൊല്ലം ഇരവിപുരത്ത് എം ഏലിയാസിന്റെയും വിക്ടോറിയയുടെയും മകൾ. സാഹിത്യത്തിന് നൊബേൽ സമ്മാനം നേടിയ ഡോറിസ് ലെസിംഗിന്റെ കൃതികളിലെ മാർക്സിസം എന്ന വിഷയത്തിൽ എംജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ഡി നേടിയ വേള. സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിലെ  ഡോ.  പി. ഗീതയായിരുന്നു ഗൈഡ്. 

"കൺഗ്രാചുലേഷൻസ്  സിസ്റ്റർ ഡോ. വിനീത," എന്ന എന്റെ അഭിനന്ദനത്തിനു മറുപടിയായി താൻ എഴുതിയ ഇംഗ്ലീഷ് കവിതകളുടെ ഒരു സമാഹാരം--പാസേജ് ടു ദി സൺ--എനിക്ക് സമ്മാനിച്ചു. തന്റെ കൃതികളിലെല്ലാം ദൈവത്തിന്റെ  വരപ്രസാദം നിറഞ്ഞിരിക്കുന്നുവെന്നു വിശ്വസിക്കുന്നു സിസ്റ്റർ. എൻകൗണ്ടർസ് സിസ്റ്ററിന്റെ മറ്റൊരു കവിതാ സമാഹാരം.

റോഡ് ലെസ് ട്രാവെൽഡ് ആൻഡ് അദർ സ്റ്റോറീസ് 2013 ൽ ഇറങ്ങിയ കഥാ സമാഹാരം. അതിന്റെ ഒരുകോപ്പിയും സിസ്റ്റർ എനിക്ക് തന്നു. പിഎച്ച്ഡി ഗൈഡ് ആണ്. പല യൂണിവേഴ്സിറ്റികളുടെയും പിഎച്ച്ഡി എക്‌സാമിനാറും. 2014-15ൽ പ്രിൻസിപ്പലായി സേവനം ചെയ്തു. ഇപ്പോൾ കോളജിന്റെ ഡയറക്ടറാണ്. .

ഡോ. സജിമോൾ പാലാക്കടുത്ത് അമനകരയിലെ കർഷകൻ മറ്റപ്പള്ളിൽ അഗസ്റ്റിന്റെയും എലിക്കുട്ടിയുടെയും മകളാണ്. അൽഫോൻസയിൽ നിന്ന് ബിഎസിയും കോതമംഗലം എംഎ  കോളേജിൽ നിന്ന് എംഎസിയും കുസാറ്റിൽ നിന്നു എംഫിലും പിഎച്ച് ഡി യും നേടി. നാനോ സയൻസിലായിരുന്നു ഗവേഷണം. ഗൈഡ് ഡോ. എസ്. ജയലക്ഷ്മി. നാനോ ഇമേജിങ് സംബന്ധിച്ച് നടത്തിയ കണ്ടുപിടുത്ത
ത്തിനു പേറ്റന്റിനു അപേക്ഷിച്ചിട്ടുണ്ട്.
 
സജിമോൾ നിരവധി ‌ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ദേശിയ, അന്തർദേശിയ ശാസ്ത്ര സമ്മേളനങ്ങളിൽ  പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മൂന്നു തവണ ബെസ്ററ് പേപ്പറിനുള്ള പുരസ്കാരം നേടി.   2013ൽ സിംഗപ്പൂരിൽ നടന്ന സാർവദേശീയ ഒപ്ടോഇലൿട്രോണിക്‌സ് ആൻഡ്   ഫോട്ടോണിക്‌സ് കോൺഫെറൻസ്സിൽ അവതരിപ്പിച്ച പ്രബന്ധം വ്യാപക ശ്രദ്ധ നേടി. 2016ൽ കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ എക്സലൻസ് അവാർഡ് ലഭിച്ചു.

ഇന്ത്യയിലെ മികച്ച കോളേജുകൾ  തെരഞ്ഞെടുക്കുന്നതിനുള്ള നാക്കിന്റെ പീയർ ടീമിൽ അംഗമായിരുന്നു സജിമോൾ.  ഭരണകാലത്ത് കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ  സ്റ്റാർ കോളേജ് ബഹുമതി നേടിയെടുക്കാനും കഴിഞ്ഞു. സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ 85  ലക്ഷം രൂപയുടെ സഹായം ഈ കാലയളവിൽ കോളേജിന് ലഭിക്കുകയുണ്ടായി.

സെന്റ് ആൽബെർട്സ്  കോളേജിലെ കോമേഴ്‌സ് വകുപ്പ് അധ്യക്ഷനും പ്രൊഫസറുമായി റിട്ടയർ ചെയ്ത ലാസർ തോമസ് മാണിയാണ് സജിമോളുടെ ഭർത്താവ്.

ഫിസിക്സ് പ്രൊഫസർ ടെസി ജോസഫ് കോട്ടയം ജില്ലയിൽ മേരിലാൻഡ് തുടിയംപ്ലാക്കൽ ടിഎസ് ജോസഫിന്റെയും മോളിയുടെയും മകളാണ്. പാലാ അൽഫോൻസയിൽ ബിഎഎസ് സി, തെരേസാസിൽ എംഎസ്സി, കുസാറ്റിൽ എംഫിൽ. ചേച്ചി നിർമല കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സിൽ സുവോളജി പഠിപ്പിച്ചു. അനുജത്തി സിസ്റ്റർ ഡോ. ഷേർളി അൽഫോൻസയിൽ ഫിസിക്സ് പഠിപ്പിക്കുന്നു. ഭർത്താവ് ടിജെ അലക്സ് എൻജിനീയർ.

റിട്ടയർ ചെയ്ത ബോട്ടണി പ്രൊഫസർ ഡി. ഷീല  വൈറ്റില കളത്തുംകടവിൽ എൻജിനീയർ കെകെ ദാസന്റെയും കേരളത്തിലെ ആദ്യത്തെ വനിതാ ആർടിഒ കെ. വിലാസിനിയുടെയും മകളാണ്. അമ്മ സീനിയർ  ട്രാൻസ് പോർട്ട്  ഡ. കമ്മീഷണറായി റിട്ടയർ ചെയ്തു. തെരേസാസിൽ നിന്നു തന്നെ ബോട്ടണിയിൽ ഡിഗ്രിയും മാസ്റ്റേഴ്സും പിഎച് ഡിയും നേടി. പ്രൊഫ. ഡോ  സിസ്റ്റർ അവിറ്റ ആയിരുന്നു ഗൈഡ്. ഷീല  അഞ്ചു പേർക്ക് ഗൈഡ് ആയി  50  പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. റിട്ട.ചീഫ് എൻജിനീയർ അജയ് ഘോഷ് ഭർത്താവ്‌.

കോളേജ് സ്ഥാപിച്ചിട്ടു ഒരു നൂറ്റാണ്ടു അടുക്കുകയാണ്. പ്രധാനമന്ത്രിമാർ മൻമോഹൻ സിങ്ങും നരേന്ദ്രമോദിയും സന്ദർശിച്ചിട്ടുള്ള കോളേജിൽ ഇനി വരാനുള്ള തു രാഷ്ട്രപതിയയാണ്. ഒരുപക്ഷെ 2025ലെ ശതാബ്ദി വേളയിൽ അതും നടക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

ദൈവദാസി മദർ തെരേസയുടെ ചിത്രത്തിന്റെ നിഴലിലാണ് ഡോ. ലിസി പ്രിൻസിപ്പൽ  കസേരയിൽ ഇരിക്കുന്നത്. "മദറിന്റെ അനുഗ്രഹം ഉണ്ടെങ്കിൽ തെരേസാസ് കേരളത്തിലെ ആദ്യത്തെ സെന്റ് തെരേസാസ് വിമൻസ് യുനിവെഴ്‌സിറ്റി  ആകും," 'ലിസ്സി പ്രത്യാശിക്കുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് മാനേജരായി റിട്ടയർ ചെയ്ത ഡോ. ടിപി ഔസേഫാണ്‌ ഭർത്താവ്. ബാങ്കിന്റെ സ്റ്റാഫ് ട്രെയിനിങ് കോളേജിൽ പ്രൊഫസർ ആയിരുന്നു.   

കേരളത്തിലെ ഏറ്റവും വലിയ നഗരത്തിന്റെ നടുമുറ്റത്ത് പച്ചമരത്തണലിൽ നാലായിരത്തോളം വിദ്യാർതഥികൾ ആടിത്തിമിർക്കുന്ന ഇങ്ങിനെയൊരു കാമ്പസ് ഉണ്ടെന്നു പോലും അറിയില്ല. അത്ര ശാന്തമാണ്. ഒരുനൂറ്റാണ്ടുമുമ്പ് തെരേസയിലെ കർമലീത്താ സഹോദരിമാർ സ്ഥാപിച്ച വിളക്കു മരത്തിന്റെ നിലാവെളിച്ചത്തിൽ അവർ നല്ല നാളെയെക്കുറിച്ച് ദിവാസ്വപ്നങ്ങൾ മെനയുന്നു. അവരുടെ തേരു തെളിക്കുന്ന സിസ്റ്റർ വിനീതക്കും കൂട്ടർക്കും നല്ലതു വരട്ടെ.


തെരേസാസ് വിമെൻസ് യൂണിവേഴ്‌സിറ്റി ആയേക്കും (രചന, ചിത്രങ്ങൾ: കുര്യൻ പാമ്പാടി)തെരേസാസ് വിമെൻസ് യൂണിവേഴ്‌സിറ്റി ആയേക്കും (രചന, ചിത്രങ്ങൾ: കുര്യൻ പാമ്പാടി)തെരേസാസ് വിമെൻസ് യൂണിവേഴ്‌സിറ്റി ആയേക്കും (രചന, ചിത്രങ്ങൾ: കുര്യൻ പാമ്പാടി)തെരേസാസ് വിമെൻസ് യൂണിവേഴ്‌സിറ്റി ആയേക്കും (രചന, ചിത്രങ്ങൾ: കുര്യൻ പാമ്പാടി)തെരേസാസ് വിമെൻസ് യൂണിവേഴ്‌സിറ്റി ആയേക്കും (രചന, ചിത്രങ്ങൾ: കുര്യൻ പാമ്പാടി)തെരേസാസ് വിമെൻസ് യൂണിവേഴ്‌സിറ്റി ആയേക്കും (രചന, ചിത്രങ്ങൾ: കുര്യൻ പാമ്പാടി)തെരേസാസ് വിമെൻസ് യൂണിവേഴ്‌സിറ്റി ആയേക്കും (രചന, ചിത്രങ്ങൾ: കുര്യൻ പാമ്പാടി)തെരേസാസ് വിമെൻസ് യൂണിവേഴ്‌സിറ്റി ആയേക്കും (രചന, ചിത്രങ്ങൾ: കുര്യൻ പാമ്പാടി)തെരേസാസ് വിമെൻസ് യൂണിവേഴ്‌സിറ്റി ആയേക്കും (രചന, ചിത്രങ്ങൾ: കുര്യൻ പാമ്പാടി)തെരേസാസ് വിമെൻസ് യൂണിവേഴ്‌സിറ്റി ആയേക്കും (രചന, ചിത്രങ്ങൾ: കുര്യൻ പാമ്പാടി)
Join WhatsApp News
Dr Beena Manoj née Job 2020-10-11 13:13:15
Thank you Mr. Kurien for this well written piece which captures beautifully the spirit of Teresian culture. In such a short but well researched article you have done the impossible- touching upon most of the important aspects of the campus life and history of the college.
Ninan Mathulla 2020-10-11 13:33:24
Very good news! When we formed Industrial fisheries Association, the union of students of Industrial Fisheries department of University of Cochin in 1980, a fashion parade for fund raising was conducted with the help of St. Theresa's college students, at Ernakulam and it was a great success. Best wishes!
George mampara 2022-10-02 12:52:35
You are a past master at your craft. Every incidents and stories take on at your hands a local habitation and a name. Crammed with information and many an enchanting culled from real life events. All power to you k Gm
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക