Image

മണലെഴുത്തുകൾ (കഥ: രമണി അമ്മാൾ)

Published on 09 October, 2020
മണലെഴുത്തുകൾ (കഥ: രമണി അമ്മാൾ)
അന്നൊരു സ്കൂളില്ലാത്ത  ദിവസമായിരുന്നു..
രാവിലെ ഉറക്കമെഴുന്നേൽക്കുന്നതു   മുതൽ നേരം ഇരുട്ടുന്നതുവരെ ഈ വീട്ടിലെ
ഒട്ടുമിക്ക ജോലികളും 
എന്റേതു മാത്രമായിരിക്കും.. 
മുറ്റമടി, പാത്രം കഴുകൽ,, കട്ടൻകാപ്പിയിട്ട് 
ഓരോരുത്തർക്കും ഗ്ളാസിൽ പകർന്നു വയ്ക്കൽ..
കൊച്ചമ്മയ്ക്കും കൊച്ചപ്പനും അവരു കിടക്കുന്നിടത്തേക്കു കൊണ്ടു പോയി കൊടുക്കണം..
അവരുടെ വിവാഹപ്രായമായ മകൾ ഉറക്കമുണരാൻ മിക്കവാറും വൈകും.. കട്ടൻകാപ്പി, അടുത്തുകൊണ്ടുപോയി അടച്ചുവയ്ക്കണം...
മറ്റു രണ്ട് ആൺമക്കളിൽ
ഒരാൾ എന്റെ സ്കൂളിൽത്തന്നെയാ...
സ്കൂളീന്നു കണ്ടാൽ മിണ്ടത്തുകൂടിയില്ല..
വീട്ടിൽവന്നാൽ എപ്പോഴും ശാസന..
എന്റെ ചെവിക്കു പിടിച്ചു തിരുമ്മൽ ആ ചെക്കനു തമാശപോലെയാ..
പിന്നൊരാൾ വേറൊരു വല്യ സ്കൂളിലാ..പാവമാ...എന്നെ വഴക്കൊന്നും പറയില്ല....എന്നോട് ചിരിക്കേം ചെയ്യും...
ഒരുപാട് ആഴമുളള കിണറാണ്.  
വെളളം, അങ്ങു പാതാളത്തിൽ പോയിക്കിടക്കും..
ഒരു തൊട്ടി  കോരി മുകളിലെത്തിക്കാൻ എന്തു
പാടാണെന്നറിയാമോ..?
വിറകടുപ്പിൽ തീ കത്തിച്ച്
മൺകലത്തിൽ ചോറുവയ്ക്കണം.. 
സ്ക്കൂൾ അവധിയാണെങ്കിലും അല്ലെങ്കിലും പതിവുളള ജോലികൾ.. പഠിത്തമുളളപ്പോൾ, 
അത്രയുംനേരം ആശ്വാസംതന്നെ...
രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണു ഞാനെന്നോർക്കണം....
ആറോ ഏഴോ വയസ്സുളള ഒരു നരുന്തു പെങ്കൊച്ച്...
സ്കൂൾ അടുത്താണ്..
ഒന്നോടിപ്പോയി വരാവുന്ന ദൂരമേയുളളു..
ഉച്ചക്കാഹാരം കഴിക്കാൻ വേണ്ടി വീട്ടിൽ വരും..
ഒന്നും കാലമായിട്ടുണ്ടാവില്ല..
അടുക്കളയിൽ ചുറ്റിപ്പറ്റി നിന്നിട്ടു പച്ചവെള്ളവും കുടിച്ച് 
സ്കൂളിലേക്ക്....
നാലുമണിക്കു സ്കൂൾ വിട്ടുവരുന്നതു വിശന്നു പൊരിഞ്ഞു തളർന്നായിരിക്കും... എനിക്കായി മാറ്റിവച്ചിരിക്കുന്ന  ജാംബവാന്റെ കലപ്പഴക്കമുളള സ്റ്റീൽ പ്ളെയ്റ്റിൽ ചോറും കറിയുമെല്ലാം കൂട്ടിക്കുഴച്ചതുപോലെ എടുത്തുവച്ചിട്ടൂണ്ടാവും.. മീൻകറിയുടെ ചാറ് മാത്രം...
പിന്നെ മുറിച്ചു കാച്ചിയ പപ്പടത്തിന്റെ ഒരു കീറും കണ്ടേക്കും..
ഇടയ്ക്കെപ്പോഴെങ്കിലും വിരുന്നുകാരാരെങ്കിലും  വരുന്ന ദിവസം കോഴിയെ കൊല്ലും..
കോഴിക്കറിയുടെ കൊതിപ്പിക്കുന്ന മണം.... പക്ഷേ, അന്നെനിക്കു ഭക്ഷണം നേരത്തേ തരും..
പോയിക്കിടന്നോളാനും പറയും..
സങ്കടം വന്നു വീർപ്പുമുട്ടും...
പറയാനാരുമില്ല.,.. കേൾക്കാനാരുമില്ല, അറിയാനും...
അമ്മയെ കാണാൻ കൊതിക്കുന്ന നിമിഷങ്ങൾ...
"എന്തിനാണമ്മ
എന്നെ ഇവിടെക്കൊണ്ടുവിട്ടിട്ടു പോയത്.. 
അനിയത്തി അമ്മേടെയടുത്തുതന്നെയുണ്ടല്ലോ..!
കിഴക്കേലെ ലീലാമണിയുടെ അമ്മയ്ക്കറിയാം, കൊച്ചമ്മ എന്നെ  ഇവിടിട്ടു കഷ്ടപ്പെടുത്തുന്ന കാര്യം. 
സ്കൂളിൽ പോകാൻനേരം അവളെ കൂട്ടാൻ ഞാനവരുടെ വീടുവഴി ചെല്ലുമ്പോൾ അവരെനിക്ക് കഴിക്കാൻ എന്തെങ്കിലും തരും.....
പാറിപ്പറന്നു കിടക്കുന്ന
മുടി ചീകിക്കെട്ടിത്തരും...

കൊച്ചമ്മ, എന്റെ  അമ്മമ്മയുടെ  അനിയത്തിയാണ്.
ഞാനിവരുടെയടുത്തു
വന്നു, പെട്ടുപോയതാണ്..
എന്റെ അച്ഛന്റെയൊരു പെങ്ങൾ അങ്ങ് ഏഴംകുളത്തുണ്ട്. 
ഒരുവർഷം അവരുടെ കൂടെ എന്നെ നിർത്തി പഠിപ്പിച്ചോളാമെന്ന് അവരേറ്റതാ..  .
നേരത്തെ പഠിച്ചിടത്തൂന്ന് TC വാങ്ങിച്ചും കൊണ്ടു വരണം..
ഏഴംകുളത്തൂന്ന് പോരുന്നവഴി കൊച്ചമ്മേടെ വീട്ടിലോട്ടുംകൂടി ഒന്നു  കയറിയിട്ടുപോകാമെന്ന്
അമ്മ വിചാരിച്ചതാണ് 
പൊല്ലാപ്പായത്...
" മൂത്ത കൊച്ചിനെ ഗോമതീടടുത്തു നിർത്താനാ കൊച്ചമ്മേ ഈ വർഷം.... രണ്ടു പിള്ളേരേയും കൂടി  സ്കൂളിൽവിട്ടു പഠിപ്പിക്കാൻ  എന്നേക്കൊണ്ടു നിവർത്തിയില്ല..."

"നീയെന്തിനാ കൊച്ചിനെ,
കണ്ടിടത്തൊക്കെ  
കൊണ്ടു നിർത്തുന്നത്..? 
അവളെ,  എന്റെ കൃടെനിർത്ത്..
പൂച്ചയ്ക്ക് അരി വേറെ വെക്കേണ്ടല്ലോ...  ഇവിടെയാവുമ്പോൾ  സ്കൂളും തൊട്ടടുത്തല്ലേ....."

അമ്മ ആലോചിച്ചപ്പോൾ ശരിയാണ്..
അമ്മ പഠിച്ചതും വളർന്നതുമെല്ലാം അമ്മാച്ചന്മാരുടെ വീടുകളിൽ മാറി മാറി താമസിച്ചുകൊണ്ടായിരുന്നു..
അതുകൊണ്ടുതന്നെ ആ കുടുബവുമായിട്ടാ അമ്മയ്ക്കു കുടുതൽ അടുപ്പവും സ്നേഹവും..
"കൊച്ചമ്മ"
എന്നൊക്കെ 
സംബോധനചെയ്താലും അവരു തമ്മിൽ വലിയ പ്രായവത്യാസമില്ല.. അമ്മാവന്മാരും കൊച്ചമ്മമാരുമൊക്കെക്കൂടി ഒൻപതു പേര്...
അമ്മയേക്കാൾ വയസ്സിളപ്പമുളള അമ്മാവനും കൊച്ചമ്മയുമുണ്ട്, അമ്മയ്ക്ക്.

നിസ്സാര തെറ്റുകൾക്കുപോലും കയ്യിൽ കിട്ടുന്നതുകൊണ്ടടിക്കും,
കൊച്ചമ്മ...
മൂന്നു മക്കളെ പെറ്റുവളർത്തിയ സ്ത്രീയാണ്...
മറ്റൊരു കുട്ടിയെ സ്വന്തമായി കണ്ടില്ലെങ്കിലും
ദേഹോപദ്രവം ഏൽപ്പിക്കാതിരുന്നുകൂടേ?
സ്വന്തം മക്കൾക്കു കൊടുക്കുന്നതുപലെയല്ലെങ്കിലും വയറു നിറച്ചു  ഭക്ഷണം 
തന്നുകൂടേ?..
"എവിടുന്നോ വലിഞ്ഞുകേറിവന്ന ആരുമില്ലാത്ത ഒരു കുട്ടി.."
കൊച്ചമ്മയും രണ്ടു മക്കളും അങ്ങനെതന്നെയാ എന്നെ കരുതുന്നത്.. 
കൊയ്ത്തു കഴിഞ്ഞു വെറുതേ കിടക്കുന്ന പാടത്ത്
നെൽക്കതിരുകൾ മുളച്ചു വളർന്നു വരും..
പശുവിനു  കൊടുക്കാൻ അതരിഞ്ഞെടുക്കണം..
വെളളക്കെട്ടും, മുട്ടോളം പുതയുന്ന ചതുപ്പും...ഒറ്റയ്ക്കു പുല്ലരിയാൻ വീടും..കൊച്ചമ്മയുടെ മകൾ
കാര്യസ്ഥയെപ്പോലെ ദൂരെ  മാറിനിൽക്കും..
തണുത്തു കുളിർന്നു വിറച്ച് നനഞ്ഞൊട്ടിയ പെറ്റിക്കോട്ടുമായി കയറിവരുന്ന പാവം ഞാൻ..

ദേഹോപദ്രവവും വഴക്കുപറച്ചിലും സഹിക്കാൻ കഴിയാതെ വരുമ്പോൾ 
ആകെയുള്ള രണ്ടു പാവാടയും ബ്ളൗസും പെറ്റിക്കോട്ടും ചുരുട്ടിയെടുക്കും.. എന്റേതായിട്ടുളള, വിലപിടിപ്പുണ്ടെന്ന് എന്റെ കുഞ്ഞു മനസ്സു കരുതുന്ന  ജംഗമസാധനങ്ങളും എടുത്തു കൊണ്ട് പടിക്കെട്ടിനു മുകളിൽ  ചെന്നിരിക്കും..
വീട്ടിൽ പോകാൻ, 
ബസ്സിൽ കയറിപ്പോകാൻ, 
വീടെവിടെന്നോ നാടെവിടെന്നോ..
വ്യക്തതയില്ല.  ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ചൊവ്വേനേരെ ഉത്തരം പറയാൻപോലുമറിയാത്ത ഞാൻ...
ലീലാമണിയുടെ അമ്മ അപ്പോഴെങ്ങാനും ആ വഴിയ്ക്കു വന്നാൽ എന്നെ അവിടുന്നെഴുന്നേൽപ്പിച്ചു വിടും..
."അമ്മയോടു, പെട്ടെന്ന് വന്നു മോളെ കൂട്ടിക്കൊണ്ടുപോകാൻ ഞാൻ പറയാം...
ബസ്സുകാരോടും 
പറഞ്ഞുവിടാം. ഇവിടിങ്ങനെയിരുന്നാൽ വല്ല പിളളാരേപ്പിടുത്തക്കാരും വന്നു പിടിച്ചോണ്ടു പോകും..
വീടിനകത്തേക്കു കേറിപ്പോ.."..

"എന്താ പോയപോലിങ്ങിറങ്ങി വന്നത്? 
കൊച്ചമ്മയും മക്കളും കളിയാക്കിച്ചിരിക്കും..

ആയിടയ്ക്കൊരു ദിവസം അമ്മമ്മ, അവരുടെ അനിയത്തിയെ കാണാനും..എന്നെ കാണാനുംകൂടി വന്നു...
ആരെയെങ്കിലും കാണുമ്പോൾ എന്നോടു ഭയങ്കര സ്നേഹമാണു കൊച്ചമ്മയ്ക്ക്.. അഭിനയിക്കാൻ ബഹുമിടുക്കി.. 
കുഞ്ഞേന്നും, മക്കളേന്നും മോളേന്നുമൊക്കെയേ എന്നെ വിളിക്കൂ...
"കൊച്ചേ നിന്റെ തന്ത വന്നിട്ടുണ്ട്.." 
ചിലപ്പോൾ ഇങ്ങോട്ടു 
വന്നേക്കും " 
അമ്മമ്മ പറഞ്ഞു..
അച്ഛൻ..എന്നു കേട്ടപ്പോൾ എനിക്കൊന്നും  തോന്നിയില്ല. ഞാനാമുഖം ഓർക്കുന്നതേയില്ല..
പലരും പറഞ്ഞു കേട്ടിട്ടൂണ്ട്. ഞങ്ങളെ ഇട്ടേച്ചു പോയതാണെന്ന്...
അന്നും അത്താഴത്തിന് വിശിഷ്ട്യാ കോഴിക്കറിയുണ്ടായിരുന്നു...തിരഞ്ഞു തപ്പിത്തപ്പി, 
ഒരു ചെറിയ കഷണം  എന്റെ  പാത്രത്തിലേക്കും പതിവില്ലാതെ കൊച്ചമ്മ ഇട്ടുതന്നു...

പരീക്ഷ കഴിയും..
സ്കൂളും അടയ്ക്കും... 
രണ്ടാം തരത്തിൽനിന്നു മൂന്നിലെത്തും...
"എന്നെ ഇവിടുന്നു വിളിച്ചോണ്ടു പോവില്ലേ".
."അച്ചൻ വന്നെന്നു പറഞ്ഞിട്ടും ഇതുവരെ മോളെ കാണാൻ വന്നില്ലല്ലോ."
.എനിക്ക് അമ്മയെ കാണണം...
വീടിനു മുന്നിൽ ബസ്സുനിർത്തുമ്പോൾ  അമ്മയായിരിക്കും...,
കരുതും..
കാത്തിരുന്നു കണ്ണുകഴച്ച ഒരു ദിവസം ബസ്സിൽ നിന്നിറങ്ങിയത് അമ്മയായിരുന്നു.. 
ഓടിച്ചെന്ന് കെട്ടിപ്പിടിച്ച്, ഏങ്ങലടിച്ചു കരഞ്ഞു...
എണ്ണമയം കണ്ടിട്ടില്ലാത്ത പാറിപ്പറന്ന ചെമ്പൻമുടിയുമായി നന്നേ ക്ഷീണിച്ചു വിളറിവെളുത്തിരുന്ന ഞാൻ..
"കുഞ്ഞിനു വല്ല അസുഖോം പിടിപെട്ടായിരുന്നോ കൊച്ചമ്മേ..അവളങ്ങു വല്ലാതായല്ലോ.."
"നിന്റെ കൊച്ചൊന്നും കഴിക്കത്തില്ലെടീ...
ഏതുനേരവും കൂട്ടുകൂടി കളിച്ചുകൊണ്ടു നടക്കും..."
"കൊച്ചിനെ ഞാനങ്ങു കൊണ്ടു പോകുവാ 
കൊച്ചമ്മേ....അവളുടെ
തന്ത വന്നിട്ടുപോയി...
ഞങ്ങളേയും കൂടി അങ്ങോട്ടു കൊണ്ടുപോകാനുളള തയ്യാറെടുപ്പോടെ സ്കൂൾ  തുറക്കുമ്പോഴേക്കും അതിയാൻ വരും..
ഞങ്ങൾ ഇപ്പോൾത്തന്നെയങ്ങിറങ്ങുവാ.."
സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു തുളുമ്പി. അമ്മയെ കെട്ടിപ്പിടിച്ചൊരുമ്മ
കൊടുക്കാൻ തോന്നിയെങ്കിലും...
അകത്തുപോയിട്ട് എന്റെ ജംഗമസാധനങ്ങൾ കവറിനുളളിൽ ഏടുത്തുവെയ്ക്കുന്ന വെപ്രാളമായിരുന്നു.. കൊച്ചമ്മ വല്ലതും പറഞ്ഞ് എന്നെ  വീണ്ടുമിവിടെ പിടിച്ചു നിർത്തിയാലോ.. ....
പേടി..എത്രയും പെട്ടെന്നിവിടുന്നു രക്ഷപെടണം... 
കൊച്ചമ്മയുടേയും മക്കളുടേയും 
മാനസീകവും ശാരിരികവുമായ പീഢനങ്ങളിൽ നിന്ന് മോചനം കിട്ടാൻ പോകുന്നു...

ആരോടും യാത്രപറയാൻ തോന്നിയില്ല..
എന്നും....എന്റെ കൺമുന്നിലൂടെ അങ്ങോട്ടു മിങ്ങോട്ടും ഓടിപ്പൊയ്ക്കൊണ്ടിരുന്ന ബസ്സിന്റെ 
സൈഡ് സീറ്റിൽ അമ്മയ്ക്കരികിൽ...അല്പം ഗമയോടെയിരുന്നു..
ബസ്സു വേഗതകുറച്ചാണ് ഓടുന്നത്....മരങ്ങളെ പിന്നിലേക്കു പതുക്കെ വകഞ്ഞുമാറ്റിക്കൊണ്ട്...
അനാഥത്വത്തിന്റെ വേദന
അറിയാനിടയില്ലാത്ത
പുതിയലോകത്തേക്കുളള യാത്ര.....!
മണലെഴുത്തുകൾ മായ്ച്ചുകളഞ്ഞുംകൊണ്ട്......

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക