Image

ജിദ്ദയില്‍ മരിച്ച കായംകുളം സ്വദേശിയുടെ മൃതദേഹം ഖബറടക്കി

Published on 07 October, 2020
ജിദ്ദയില്‍ മരിച്ച കായംകുളം സ്വദേശിയുടെ മൃതദേഹം ഖബറടക്കി



ജിദ്ദ: കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ദിവസം മരണപ്പെട്ട കായംകുളം കൃഷ്ണപുരം, കാപ്പില്‍ ഈസ്റ്റ് സ്വദേശി ത്വാഹാ പൂക്കുഞ്ഞിന്റെ മൃതദേഹം റുവൈസ് മഖ്ബറയില്‍ മറവു ചെയ്തു.

ത്വായിഫില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ത്വാഹ, ജോലി സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നു കുറച്ചു മാസങ്ങളായി ജിദ്ദയിലെ ബവാദിയില്‍ സുഹൃത്തിനോടൊപ്പമാണ് താമസിച്ചിരുന്നത്. അതിനിടെയാണ് സെപ്റ്റംബര്‍ 26 ന് തലച്ചോറില്‍ രക്തസ്രാവമുണ്ടായി പക്ഷാഘാതം സംഭവിക്കുകയും സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വോളണ്ടിയര്‍മാര്‍ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിക്കുകയുമായിരുന്നു. ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അദ്ദേഹം ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.

ഇരുപത് വര്‍ഷത്തോളം പ്രവാസ ജീവിതം നയിച്ച ത്വാഹ നാട്ടില്‍ സ്ഥിരതാമസമാക്കിയിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഹൗസ്‌ഡ്രൈവര്‍ വീസയില്‍ ത്വായിഫിലെത്തുന്നത്.

ജുബൈലില്‍ ജോലിചെയ്യുന്ന സഹോദരീ പുത്രന്‍ റാഫി, ഖഫ്ജിജില്‍ നിന്നും മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞ് എന്നിവരും മറ്റു ബന്ധുക്കളും സുഹൃത്തുക്കളും ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി കോയിസന്‍ ബീരാന്‍കുട്ടിയുടെ നേതൃത്വത്തില്‍ വെല്‍ഫെയര്‍ വിംഗ് വോളണ്ടിയര്‍മാരായ ഹസൈനാര്‍ മാരായമംഗലം, മഷ്ഹൂദ് ബാലരാമപുരം, കുഞ്ഞായിന്‍കുട്ടി കൊടുവള്ളി, മഷ്ഹൂദ് ആലപ്പുഴ. ഷിബു ഗുഡല്ലൂര്‍ തുടങ്ങിയവര്‍ രേഖകള്‍ തയാറാക്കുന്നതിനും മറ്റു നടപടിക്രമങ്ങള്‍ക്കും രംഗത്തുണ്ടായിരുന്നു.

ഭാര്യ: സബിത, മക്കള്‍: ഫവാസ്, അബ്ദുല്‍ ഫത്താഹ്, ഫൗസിയ.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക