Image

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രവാസി മലയാളികള്‍

Published on 04 October, 2020
 സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രവാസി മലയാളികള്‍


ലണ്ടന്‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിച്ച അപ്രതീക്ഷിത ലോക്ക്ഡൗണ്‍ കാരണം നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാര്‍ക്കും തുക റീഫണ്ട് നല്‍കണമെന്ന സുപ്രീം കോടതി വിധിയെ പ്രവാസി മലയാളികള്‍ സ്വാഗതം ചെയ്തു.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍, യാത്ര മുടങ്ങുകയും ടിക്കറ്റിന്റെ പണം നഷ്ടമാകുമെന്നു കരുതിയ അവസ്ഥയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവര്‍ക്കും പ്രസ്തുത തുക റീഫണ്ട് നല്‍കണമെന്നാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

യുകെയിലെ ഹേവാര്‍ഡ്‌സ് ഹീത്തില്‍ നിന്നുള്ള ജിജോ അരയത്തും സട്ടനില്‍ നിന്നുള്ള അഭിലാഷ് അഗസ്റ്റിനും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും കാണിച്ച് ഏപ്രില്‍ 29 നു ജോസ് കെ.മാണി എംപിക്കു കത്തയച്ചിരുന്നു. അദ്ദേഹം പ്രശ്‌നം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റേയും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റേയും ശ്രദ്ധയില്‍പ്പെടുത്തുകയും അതേ തുടര്‍ന്ന് സത്വര നടപടികള്‍ ഉണ്ടാകുമെന്ന് അറിയിപ്പ് കിട്ടുകയും ചെയ്തിരുന്നു. അതിനിടെയാണ് പ്രശ്‌നം മൂലം വലയുന്ന ഗള്‍ഫ് നാടുകളിലും യൂറോപ്പിലടക്കമുള്ള പല വിദേശ നാടുകളിലും താസമിക്കുന്ന പ്രവാസി മലയാളികള്‍ക്കായ് പലരും സുപ്രീം കോടതിയെ കഴിഞ്ഞ ജൂണ്‍മാസം സമീപിച്ചത്.തുടര്‍ന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടേതല്ലാത്ത കാരണത്താല്‍ യാത്ര മുടങ്ങിയ പല പ്രവാസി ഭാരതീയരും തങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്തത് എയര്‍ ഇന്ത്യയും അതോടൊപ്പം തന്നെ മറ്റ് പല ഏജന്‍സികളും വിമാന കമ്പനികളും മൂലമാണ്. യൂറോപ്പിലും യുകെയിലുമുള്ള പല ഏജന്‍സികളും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ടും, അതുമല്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് ഓപ്പണ്‍ ടിക്കറ്റടക്കം ഓഫര്‍ ചെയ്യുമ്പോള്‍ നാട്ടില്‍ നിന്നുള്ള പല ഏജന്‍സികളും വിമാന കമ്പനികളും റിഷെഡ്യൂള്‍ മാത്രമാണ് ഇതുവരെ ഓഫര്‍ ചെയ്തിരുന്നത്.പക്ഷേ പ്രവാസി മലയാളികളെ സംബന്ധിച്ച് ഏപ്രില്‍ മാസം വരുന്ന ഏപ്രില്‍ വരെയുള്ള പ്രസ്തുത ഒരുവര്‍ഷ കാലയളവിനുള്ളില്‍ നിന്ന് ഒരു റീ ഷെഡ്യൂള്‍, പ്രത്യേകിച്ച് കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലും ഒരു വര്‍ഷത്തിനിടയ്ക്ക് കിട്ടുന്ന വാര്‍ഷിക ലീവും കുട്ടികളുടെ അവധിയും എല്ലാം ചൂണ്ടിക്കാണിച്ചാണ് പ്രവാസി മലയാളികള്‍ സാധ്യമല്ല എന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റേയും മറ്റിതര വ്യക്തികളെയും അറിയിച്ചത്.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക