Image

പാമ്പും കോണിയും - നിർമ്മല - നോവൽ - 14

Published on 04 October, 2020
പാമ്പും കോണിയും - നിർമ്മല - നോവൽ - 14
മോളിക്കുട്ടിയുടെ കല്യാണച്ചെലവിനും ജോണിക്കുട്ടിയുടെയും ഷൈലയുടെയും പഠിത്തത്തിനും വേണ്ടി ഓടുമ്പോൾ രാവിലെ ഇഡ്ഡലി ഉണ്ടാക്കാൻ സമയം കിട്ടാറില്ല. ബ്രെഡ് ഒന്നു വെച്ചിട്ടു ഞെക്കിയാൽ കിട്ടുന്ന ടോസ്റ്റേ എന്റെ കൊച്ചിനു കൊടുക്കാൻ എനിക്ക് സാധിച്ചിട്ടുള്ളു. പരാതികൾ തെയ്യാമ്മയുടെ ഉള്ളിൽ തിളച്ചു.
അപഹരിക്കപ്പെട്ട ജീവിതത്തെ ഓർത്ത് തെയ്യാമ്മയ്ക്കു ദുഃഖം തോന്നി.
കാനഡ മരത്തിൽ ഡോളർ പറിക്കാൻ വന്നവരുടെ കഥ ....
നിർമ്മലയുടെ നോവൽ
പാമ്പും കോണിയുംകളി തുടരുന്നു..
                    .......               ......

ഈപ്പന്റെ ഉമ്മകൾക്ക് ഒരു സ്വാദും ഇല്ലെന്നു തെയ്യാമ്മക്കു തോന്നാറുണ്ട്.  വെറുതെ പച്ചവെള്ളം കുടിക്കുന്നതു പോലെ.  ഈപ്പന്റെ കൈകൾക്ക് എപ്പോഴും റബ്ബർ ഗ്ലൗസിന്റെ മണം തോന്നും.അയാൾ ഗ്ലൗസ് ഇടാതെ ഒന്നും തൊടാറില്ല.  കാറിന്റെ ഹുഡ് തുറന്നു നോക്കണമെങ്കിൽ, ഒരു പാത്രം കഴുകണമെങ്കിൽ, ഗാർബേജ് പുറത്തേക്കു മാറ്റണമെങ്കിൽ എല്ലാം ഈപ്പനു റബ്ബർ ഗ്ലൗസ് വേണം.  അതുകൊണ്ടു അയാളുടെ കൈനഖങ്ങൾ സുന്ദരമായിരുന്നു.  വലിച്ചടുപ്പിക്കുന്ന മണങ്ങളൊന്നും  അയാൾക്കില്ല.  എന്തിനു, പുരുഷനു വേണ്ട വിയർപ്പിന്റെ മണം പോലും.  
കണ്ണടച്ചു മുരളുന്ന രതിഭാവമാണ് ഈപ്പനുള്ളത്.  തെയ്യാമ്മക്കറിയാം.  കണ്ണുപൂട്ടി  ഞെരിക്കുമ്പോൾ അയാൾ തെയ്യാമ്മയല്ലാത്ത  മറ്റാരെയോ വ്യക്തമായി കാണുന്നുണ്ടെന്ന്‌.   മുരൾച്ചയല്ലാതെ ഒരു വാക്കു പോലും പുറത്തേക്കു ചിതറാറില്ല.  അപ്പോഴൊക്കെ അയാൾ രമിച്ചതു ആരോടായിരുന്നു എന്ന് തെയ്യാമ്മ ആശങ്കപ്പെടാറുണ്ട്. 
- ജാനകി, ലതിക, ലൗലി - കഴിഞ്ഞ പതിനഞ്ചു മിനിറ്റു ഞാനായിരുന്നു?
തെയ്യാമ്മ വെറും അടുക്കളക്കാരി.  കാമം ഉടക്കാനൊരു ഉപാധി. ഒരു കളിപ്പാട്ടം.  അതിലേറെ ലാളന അടുക്കളക്കാരി പ്രതീക്ഷിക്കരുത്.  തെയ്യാമ്മയിലെ വാദക്കാരി ഓർമ്മപ്പെടുത്തും.  
വർഷങ്ങളായി ഒരേകിടക്കയിൽ മനസ്സു കൊണ്ടു  പരസ്പരം തൊടാതെ അവർ ഉറങ്ങുന്നു.അയാൾ അവളെ കൈനീട്ടി അടുത്തേക്കു ചേർക്കാറില്ല. ചില രാത്രികളിൽ ഉറങ്ങിയോ മരിച്ചോ എന്നറിയാൻ പോലും. തൊടാൻ ആരുമില്ലാതെ മരിച്ചു മരവിച്ചു തെയ്യാമ്മ ഉറങ്ങി. 
ആരെങ്കിലുമൊന്നു കെട്ടിപ്പിടിക്കുവാൻ ഉണ്ടായിരുന്നെങ്കിലെന്ന്  തീവ്രമായ ഒരു ആഗ്രഹം തെയ്യാമ്മയെ ഇടയ്ക്കു കീഴ്‌പ്പെടുത്തും.   ഒരു മനുഷ്യ ശരീരത്തിന്റെ ചൂടിന്‌ തെയ്യാമ്മയുടെ ശരീരം ആസക്തിപ്പെടും.  പല പെർഫ്യൂമുകളുടെ മണവുമായി ഈപ്പൻ ഉറങ്ങാൻ വരുന്നത് അവൾ അറിയുന്നുണ്ട്.  എന്താണ് ചെയ്യേണ്ടതെന്നു മാത്രം തെയ്യാമ്മക്ക് അറിയില്ല.  ഒഴിഞ്ഞ പാത്രമായി എന്തോ നിറയാൻ തെയ്യാമ്മ കാത്തു കാത്തു കിടന്നു. 
പല പല ഉമിനീരുകൾ വായിലേക്ക്‌  വരുന്നതോർത്തപ്പോൾ അവൾക്കറപ്പു  തോന്നി.  ഒടുക്കം ഉമിനീരിറക്കി വിഷമിപ്പിക്കുന്ന ആ ചോദ്യം തെയ്യാമ്മ നോർമയോടു ചോദിച്ചു. 
- നിന്റെ ഭർത്താവു നിനക്കു മുൻപ് നാലു സ്ത്രീകളുടെയൊപ്പം ഉറങ്ങിയിട്ടുണ്ടെന്നുള്ളത് നിന്നെ വിഷമിപ്പിക്കുന്നില്ലേ?
നോർമ്മ പൊട്ടിച്ചിരിച്ചു.
-ഒടുക്കം അവൻ എന്റെ കൂടെക്കഴിയാൻ തീരുമാനിച്ചെങ്കിൽ അതിൻ്റെ  അർത്ഥമെന്താണ്? ഞാനല്ലേ അവളുമാരുടെ രാജ്ഞി!
നോർമ്മ ഓർത്തോർത്തു ചിരിച്ചു.  തെയ്യാമ്മക്ക് വല്ലാത്തൊരു വിമ്മിട്ടം തോന്നി.  പരിഹാസമാണോ?
ഈപ്പനു ഇഷ്ടപ്പെട്ടിട്ടാണോ?  ആദ്യരാത്രിയിൽ ആളെയങ്ങു ഇഷ്ടപ്പെടുക.  അല്ലാതെന്താ? വേറെ നാലു പേരെ പരീക്ഷിച്ചിരുന്നെങ്കിൽ ഈപ്പൻ തന്നെ തിരഞ്ഞെടുക്കുമായിരുന്നോ? 
എന്തൊക്കെ വിഡ്ഢിത്തമാണ്  ആലോചിക്കുന്നതെന്നോർത്ത് അവൾക്കു ജാള്യം തോന്നി.   നോർമ്മ അവളെ തോണ്ടി ചോദിച്ചു.
-നീ നിന്റെ ഭർത്താവിനെ അല്ലാതെ ആരെയെങ്കിലും ചുംബിച്ചിട്ടെങ്കിലും ഉണ്ടോ?
തെയ്യാമ്മ ഇല്ലെന്നു തലയാട്ടി.
- ദൈവമേ! മെനു കാണാതെ ഓർഡറു ചെയ്യുന്നതു പോലെയല്ലേ അത്!  ഓരോരുത്തരുടെ ചുംബനവും വ്യത്യസ്തമാണ്.  ഏറ്റവും നല്ല ചുംബനക്കാരൻ ആഡമാണ്.  അതിലാണ് ഞാൻ വീണത്.  അതുമാത്രം മതി എൻ്റെ  ലക്കു കെടുത്താനെന്ന് ആ കുരുത്തംകെട്ടവനു നന്നായറിയാം. എനിക്കിഷ്ടപ്പെടാത്തതു ചെയ്‌തു കഴിഞ്ഞിട്ടു വരും ഒരു ഫ്രഞ്ചുകിസ്സും കൊണ്ട്. 
നോർമ്മയുടെ കവിളുകൾ തുടുത്തു. കണ്ണ് പ്രകാശിച്ചു. അവൾ കൂടുതൽ പറയാൻ തെയ്യാമ്മ ആശിച്ചു.
- എന്തു മണ്ണാങ്കട്ടയായാലെന്താ ഉം... ആ സുഖത്തിനു പകരം മറ്റൊന്നുമില്ലല്ലോ. അതുകൊണ്ട് ഞാനും മുതലെടുക്കും. മനസിലായോ ?
അവൾ കുസൃതിച്ചിരി ചിരിച്ച് തെയ്യാമ്മയുടെ ചന്തിയിൽ പതുക്കെയൊന്നു തല്ലിയിട്ട് തടവിക്കൊണ്ട് പണിയിലേക്കു മടങ്ങി. തെയ്യാമ്മയ്ക്കു പരിചയമില്ലാത്തൊരു ഷോക്കായിരുന്നു അത്. ചന്തിയിൽ നിന്നും മുകളിലേക്കു പടരുന്നു ഒരു ഇത്. പിന്നീട് ആഡത്തിനെ കണ്ടപ്പോൾ അവൾ ആർത്തിയോടെ അയാളുടെ ചുണ്ടേത്തേയ്ക്കു  നോക്കി. സുഖിപ്പിക്കുന്ന ചുംബനങ്ങൾ ഒളിഞ്ഞിരിക്കുന്ന ചുണ്ട്
അവളുടെ അരക്കെട്ട് അലമുറയിട്ടു.
- വരൂ ... വരു...
മുലകൾ ബലപ്പെട്ടു ബഹളം കൂട്ടി.
- നിന്റെ ചുണ്ടുകളെവിടെ ? കരുത്തുള്ള കൈകളെവിടെ ?
എനിക്ക് ഒക്കെയും വേണമല്ലോ!
ആകാശവും ഭൂമിയും മറന്ന് സ്നേഹിക്കുവാനൊരാളു വേണമല്ലോ!
തെയ്യാമ്മയെ സ്നേഹിക്കാൻ ആരുമില്ല. തെയ്യാമ്മയുടെ ഇഷ്ടങ്ങൾ അറിയാൻ ആരുമില്ല.
ഈപ്പന് രാവിലെ ടോസ്റ്റും ജാമുമാണിഷ്ടം. അതുതന്നെ കുട്ടികളും ശീലമാക്കിയിരുന്നു. തെയ്യാമ്മയും കുടുംബവും നാട്ടിൽ അവധിക്കു ചെന്നപ്പോൾ ഇഡ്ഡലി കഴിക്കാത്ത കുട്ടികളെ നോക്കി അവളുെടെ അമ്മ പരിഭവിച്ചു.പതിനെട്ടാമത്തെ വയസ്സു കഴിഞ്ഞ് അമ്മച്ചി എനിക്കു ഇഡ്ഡലി ഉണ്ടാക്കി തന്നിട്ടുണ്ടോ? അമ്മച്ചി ചോദിക്കുന്നു എനിക്ക് ഇഡ്ഡലി ഇഷ്ടമായിട്ട് എന്റെ മകനെന്താണ് ഇഡ്ഡലി കഴിക്കാത്തതെന്ന്. മോളിക്കുട്ടിയുടെ കല്യാണച്ചെലവിനും ജോണിക്കുട്ടിയുടെയും ഷൈലയുടെയും പഠിത്തത്തിനും വേണ്ടി ഓടുമ്പോൾ രാവിലെ ഇഡ്ഡലി ഉണ്ടാക്കാൻ സമയം കിട്ടാറില്ല. ബ്രെഡ് ഒന്നു വെച്ചിട്ടു ഞെക്കിയാൽ കിട്ടുന്ന ടോസ്റ്റേ എന്റെ കൊച്ചിനു കൊടുക്കാൻ എനിക്ക് സാധിച്ചിട്ടുള്ളു. പരാതികൾ തെയ്യാമ്മയുടെ ഉള്ളിൽ തിളച്ചു.
അപഹരിക്കപ്പെട്ട ജീവിതത്തെ ഓർത്ത് തെയ്യാമ്മയ്ക്കു ദുഃഖം തോന്നി.
നാട്ടിൽ പോയപ്പോൾ വഴിയരികിൽ നിന്നിരുന്ന റോയ്സിനെ അവൾ കാറിലിരുന്നു കണ്ടു. എല്ലും തോലും മാത്രമുള്ള ശരീരം. കുഴിഞ്ഞ കണ്ണുകൾ. ഈപ്പനുപകരം റോയ്സിനെ കല്യാണം കഴിച്ച് അമേരിക്കയ്ക്കു കൊണ്ടുപോയിരുന്നെങ്കിലോ? റോയ്സ് തടിച്ച് കുടവയറുകാരൻ ആകുമായിരുന്നോ? ഈപ്പന്റെ കുടുംബവും റോയ്സിന്റെ കുടുംബവും തട്ടിച്ചു നോക്കാൻ തന്നെ പറ്റാത്തത്ര അകലത്തിലാണ്. തെയ്യാമ്മയുടേതുപോലെ ഒരു സാധാരണ കുടുംബമാണ് റോയ്സിന്റേത്. പക്ഷേ, ഈപ്പൻ വള്ളക്കാലികളുടെ ബന്ധുക്കളാണ്. അവർക്കു ശേഷ്ഠതയും പത്രാസും ഉണ്ടായിരുന്നു.
തെയ്യാമ്മയുടെ ദിനസരികൾ പാട്ടിൽ കുതിർന്നാണൊഴുകുന്നത്. കുളിപ്പിച്ചു തോർത്തുമ്പോൾ കുഞ്ഞു റ്റിറ്റിക്കുവേണ്ടി തെയ്യാമ്മ പാടും.
- ഹാൻഡ്സ് അപ്പ്, ബേബി ഹാൻഡ്സ് അപ്പ് ...
ടവ്വൽ പുറത്തുരസി പിന്നെ തലയ്ക്കു മുകളിലൂടെ വീശി തെയ്യാമ്മ ചുവടുവയ്ക്കുമ്പോൾ റ്റിറ്റി കിടുകിടാ ചിരിക്കുന്നത് തെയ്യാമ്മയോർത്തു.
കോൾ മീ മെലൊ യെലൊ എന്ന് ബട്ടറിന്റെ പരസ്യം വരുമ്പോൾ റ്റിറ്റി ഉറക്കെ വിളിക്കും :
- ദേ മമ്മീടെ പാട്ട്. വേഗം വാ, മമ്മിക്കു ഡാൻശ് ചെയ്യാം.
                                                    തുടരും..
പാമ്പും കോണിയും - നിർമ്മല - നോവൽ - 14
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക