Image

സഹവർത്തിത്വം (കവിത: ദീപ സി.കെ)

Published on 03 October, 2020
സഹവർത്തിത്വം (കവിത: ദീപ സി.കെ)
അടുക്കളയിൽ പുട്ടുണ്ടാക്കുന്ന 
അമ്മയോട്‌

പ്ലേറ്റിൽ ചിതറിക്കിടന്ന തേങ്ങ
മുഖം കറുപ്പിച്ചു.

നിങ്ങൾ സ്ത്രീകളാണ്
ഞങ്ങളെ ബലാൽക്കാരം ചെയ്ത്
ഈ പരുവത്തിലാക്കുന്നത്‌.           

കൊള്ളാലോ
അമ്മ സന്തോഷിച്ചു. 
അപ്പോ ഞങ്ങൾക്കും 
ഇതൊക്കെ പറ്റും ലേ ?

ആദ്യമായി കീഴ്പ്പെടുത്തിയവൻ 
മുതുകിൽ നിന്ന് 
പാദം പിൻ വലിക്കാൻ 
കുറഞ്ഞൊന്നു മടിക്കുമെന്ന് 
അനുഭവിച്ചറിഞ്ഞവളാണ്.

കുനിഞ്ഞുകൊടുത്ത മുതുകിന്റെ 
കുറുക്കുവഴിയിലൂടെ
എവറസ്റ്റിനു മുതുകിലെത്തിയവന്റെ 
ജയഭേരി കണ്ടുണരുന്നവളാണ്.

ബാജിയിലെ ഉരുളക്കിഴങ്ങിനെ 
പരമാവധി ഉടയ്ക്കുമ്പോൾ
എവിടെയോ ഒരു സംതൃപ്തി.

ആരോ പറഞ്ഞിട്ടുണ്ട്‌

ഫെമിനിസം 
വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ്.
പരസ്പര സഹവർത്തിത്വമാണാവശ്യം.

ഗ്യാസ്‌ സ്റ്റൗവിന്റെ 
ജ്വാലയിലൂടെ,
കഴുകാനിട്ട പാത്രങ്ങളിലെ 
മീൻ ഗന്ധങ്ങളിലൂടെ,
വാഷിംഗ് മെഷീനിലെ
സോപ്പുപതയിലൂടെ, 
ഓഫീസിലേക്കുള്ള 
ഒട്ടത്തിനിടയിലൂടെ, 

പണ്ടു പഠിച്ച 
കേരളപാണിനീയകാരികയോർത്ത്
ഊറിയൂറിച്ചിരിച്ചു.

"ഏകമാത്രപ്രകൃത്യന്തേ
നാസോത്ഥം യളലങ്ങളും
ഇരട്ടിച്ചിട്ടുതാൻ നില്ക്കും
പദമില്ലൊറ്റ മാത്രയിൽ. "
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക