Image

കോവിഡ് സുഖപ്പെട്ടവരില്‍ ഹൃദയത്തകരാറ് ഉണ്ടാകുന്നു

Published on 02 October, 2020
കോവിഡ് സുഖപ്പെട്ടവരില്‍ ഹൃദയത്തകരാറ് ഉണ്ടാകുന്നു
കോവിഡ്– 19 ബാധിച്ച ചില രോഗികളില്‍ മാസങ്ങള്‍ക്കു ശേഷവും ഹൃദയത്തിന് വീക്കവും പരിക്കും കാണുന്നതായി പഠനം. രോഗം അത്ര ഗുരുതരമല്ലാത്തവരില്‍ പോലും രോഗം മാറിയ ശേഷവും ഹൃദയത്തകരാര്‍  തുടരുന്നതായി ദി വോള്‍ സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

കോവിഡ് ഭേദമായവരില്‍ ശ്വാസം മുട്ടല്‍, കിതപ്പ്, നെഞ്ചിടിപ്പ്, നെഞ്ചുവേദന തുടങ്ങിയവ അലട്ടുന്നതായി പഠനത്തില്‍ കണ്ടു.

"ജനിക്കുമ്പോഴേ ഉള്ള ഹൃദയ പേശീ കോശങ്ങളാണ് മരണം വരെ നമുക്കുള്ളത്. അതുകൊണ്ടുതന്നെ ഹൃദയ പേശികള്‍ നശിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തകരാറിനു  കാരണമാകും". യൂണിവേഴ്‌സിറ്റി  ഓഫ് വാഷിങ്ടണ്‍സ് സെന്റര്‍ ഫോര്‍ കാര്‍ഡിയോ വാസ്കുലാര്‍ ബയോളജി ഡയറക്ടര്‍ ചാള്‍സ് മുറി പറയുന്നു.  

ഫ്‌ലൂ, ശ്വസന വൈറസുകള്‍ തുടങ്ങിയവ ബാധിച്ചതിനുശേഷം ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയത്തിന് ഇന്‍ഫ്‌ലമേഷന്‍, ഹൃദയത്തകരാര്‍  തുടങ്ങിയവ ഉണ്ടാകാം.

കോവിഡ്  സുഖമായവരില്‍ നടത്തിയ പഠനത്തിലൂടെയും, കോവിഡ്  ബാധിച്ച്  മരണമടഞ്ഞവരുടെ മൃതദേഹപരിശോധനയിലൂടെയും കോവിഡ്, ഹൃദയത്തിന്റെ പേശികളെ എങ്ങനെ ബാധിക്കുന്നു എന്ന് ഗവേഷകര്‍ പരിശോധിച്ചു. ഇത് പ്രാഥമിക പഠനം മാത്രമാണെന്ന് ഗവേഷകര്‍ പറയുന്നു. കൂടുതല്‍ പഠനങ്ങള്‍ കോവിഡ് രോഗികളില്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

ഹൃദയത്തിന്റെ ഇന്‍ഫ്‌ലമേഷനും ഹൃദയ പേശികളുടെ പരിക്കിനും രണ്ടു തരത്തിലാണ്  കൊറോണ വൈറസ് കാരണമാകുന്നത്. വൈറസിനോടുള്ള രോഗിയുടെ പ്രതിരോധ പ്രതികരണം  മൂലം ഹൃദയത്തിന് കൊളാറ്ററല്‍ ഡാമേജ് സംഭവിക്കുന്നു എന്നതാണ് ഒരു സാധ്യത.

രണ്ടാമത്തെ സാധ്യത വൈറസ് ഹൃദയ കലകളെ ആക്രമിക്കുന്നു എന്നതാണ്. അഇഋ2 റിസപ്റ്റര്‍ എന്നറിയപ്പെടുന്ന തന്മാത്രകള്‍ അടങ്ങിയ വൈറസ് ആണ് ഹൃദയകാലകളെ ആക്രമിക്കുന്നത് എന്ന് ഗവേഷകര്‍ കരുതുന്നു.

ലാബില്‍ നിര്‍മിച്ച ഹൃദയപേശീ കോശങ്ങളെ ബാധിക്കാനും ഇരട്ടിയാക്കാനും കൊറോണ വൈറസിനു കഴിയും എന്ന്  കണ്ടു. ഇവ ഹൃദയപേശി കോശങ്ങളുടെ ചുരുങ്ങാനുള്ള കഴിവിനെയും ഹൃദയമിടിപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഇലക്ട്രിക്കല്‍ സിഗ്‌നലുകളുടെയും പ്രവര്‍ത്തനത്തെയും തകരാറിലാക്കുകയും ക്രമേണ ഈ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു എന്ന് പഠനത്തില്‍ കണ്ടു.

ഈ മാസമാദ്യം യൂറോപ്യന്‍ റസ്പിറേറ്ററി സൊസൈറ്റി ഇന്റര്‍നാഷണല്‍  കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച മറ്റൊരു പഠനത്തില്‍, ദീര്‍ഘകാലത്തേക്ക് കോവിഡ് 19 രോഗികളില്‍ ശ്വാസകോശവും ഹൃദയവും  തകരാറിലാകുന്നതായും എന്നാല്‍ പലര്‍ക്കും കുറച്ചു കാലം കഴിയുമ്പോള്‍ ഇവയുടെ ആരോഗ്യം മെച്ചപ്പെടുന്നതായും തെളിഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക