Image

ഗാന്ധി സ്മരണയിൽ (കവിത, മിനി സുരേഷ്)

Published on 02 October, 2020
ഗാന്ധി സ്മരണയിൽ (കവിത, മിനി സുരേഷ്)

അധികാരത്തിൻ സ്തുതിഗീതങ്ങൾക്കപ്പുറം
അഹിംസ പടവാളാക്കി, രാഷ്ട്രീയം
രാഷ്ട്രസേവനത്തിന്നെന്നഗ്‌നി ശബ്ദമായ്
നവഭാരതം പടുത്തുയർത്തിയ മഹാത്മൻ.

ത്യാഗത്തിൻ സ്പന്ദമാപിനികളിൽ
സത്യത്തിൻ ത്യാഗോജ്‌ജ്വല സമർപ്പണങ്ങളിൽ
മാതാവും ,മാതൃഭൂമിയും സ്വർഗ്ഗത്തേക്കാൾ
മഹത്തരമെന്ന് നിശ്ശബ്ദമായോതിയ മഹാമനീഷി,


അടിച്ചമർത്തലിൻ മരീചികകളിൽ സഹന
സമരങ്ങളാൽ നിരായുധയുദ്ധം ജയിച്ചു ഗാന്ധി.
ഭാരതാംബ തൻ സ്വാതന്ത്ര്യത്തിൻ ബലിപീഠം തേടി
സൂര്യനസ്തമിക്കാത്ത നാടിന്നസ്തമയം കുറിച്ചു.

സബർമതിയുടെ ശാന്തതയിൽ  ധർമ്മത്തിൻ
കാരുണ്യത്തിൻ ശാന്തിമന്ത്രങ്ങളിന്നുമുണരുന്നു.
ഒറ്റമുണ്ടുടുത്തു.
ഒരുവടിയുമൂന്നി ദേശസ്നേഹത്തിൻ 
മാതൃകയായി അമരനായ് 
ഗാന്‌ധിവിളങ്ങുന്നെങ്ങും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക