Image

എൻ്റെ മാതൃവാണി (കവിത - സിന്ധു തോമസ് )

Published on 29 September, 2020
എൻ്റെ മാതൃവാണി (കവിത -  സിന്ധു തോമസ് )
അമ്മ മടിത്തട്ടിൽ ഊയലാടും സുഖം
അമ്മാനമാടവേയെൻമാതൃഭാഷയാൽ
പഠിക്കണം നമ്മൾ, വളർത്തണം നമ്മൾ
ആവോളം ആ ദിവ്യരാഗാമൃതധാരയേ...

പൂക്കുന്നുവെന്നിൽ പൂമരംപോൽ നീ
കവനമോഹിനിയായി നീയോമലാളേ!
ഇന്ദ്രനീലപ്പീലി നീർത്തി നീ കല്പനേ
കാതരേ തുടരുക ആനന്ദനർത്തനം!

ജ്ഞാനകുതുകികളാവണംനമ്മൾ
അറിവിനെയെന്നും ഉപാസിക്ക നാം!
മാതൃഭാഷയാം മധുമധുരപീയൂഷം
നുകരാം പ്രിയരേ നമുക്കാവോളം 

മറ്റൊരു കല്പനാവിപ്ലവകാരിയായ്
എന്നല്പജീവിതം നിനക്കായർപ്പിച്ചും
നിരുപമേ, വെക്കം ഞാൻ തീർത്തീടും
രാഗലോലേ നിനക്കായൊരുഹാരം! 

എൻ എഴുത്താണിയെടുക്കട്ടെ ഞാൻ!
എൻ മനോവീണ മുറുക്കട്ടെ ഞാൻ!
വിശ്വവിപഞ്ചിക മീട്ടും ദേവീ, മേവുക
മേവുക, ഏറെ കൃതാർത്ഥ ഞാൻ!

ഭാഷാദേവിതൻ മാറിലൊരുജ്ജ്വല -
വൈഢൂര്യമാലയായ് നീ ലാലസിക്കൂ
ചേണഞ്ചുമവളുടെ മാദകവീണയിൽ
മനോമയഗാനമായ് നീ മലയാളമേ!

Join WhatsApp News
Roy George 2020-09-29 19:07:47
Kidu....
Sindhu Thomas 2020-09-30 12:15:48
Thank you so... much, Roy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക