Image

കോവിഡിന്റെ മറവില്‍ ഹോസ്പിറ്റലുകള്‍ മനുഷ്യാവകാശം നിഷേധിക്കരുത്: ഷുക്കൂര്‍ ഉഗ്രപുരം

ഷുക്കൂര്‍ ഉഗ്രപുരം Published on 28 September, 2020
കോവിഡിന്റെ മറവില്‍ ഹോസ്പിറ്റലുകള്‍ മനുഷ്യാവകാശം നിഷേധിക്കരുത്: ഷുക്കൂര്‍ ഉഗ്രപുരം
ആരോഗ്യ പ്രവര്‍ത്തകരെ കൈകാര്യം ചെയ്താല്‍ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്ത്‌കൊണ്ടുള്ള ബില്ല് പുറത്ത് വന്നിട്ട് രണ്ടാഴ്ച്ച പോലും തികഞ്ഞിട്ടില്ല. അപ്പോഴാണ് മലബാറില്‍ നിന്നും കരളലിയിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്ത് വന്നത്, വാര്‍ത്തയിലെ വില്ലന്‍മാര്‍ ആരോഗ്യ പ്രവര്‍ത്തകരും!!

മലപ്പുറം ജില്ലക്കാരിയായ പൂര്‍ണ്ണ ഗര്‍ഭിണിക്ക് പ്രസവ വേദന തുടങ്ങിയത് മുതല്‍ പതിനാല് മണിക്കൂറാണ് ചികിത്സ നിഷേധിച്ചത്!! അതും മലപ്പുറം ജില്ലയിലേയും കോഴിക്കോട് ജില്ലയിലേയും  മെഡിക്കല്‍ കോളേജുകളും ചില സ്വകാര്യ ആശുപത്രികളും !! 

ഈ നെറികേടിന്റെ ഫലമായി രണ്ട് നവജാത കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടമായത്!! കുറ്റവാളികളായ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തേ മതിയാകൂ. സാക്ഷര കേരളത്തിന് അപമാനമാണീ സംഭവം; അതും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളുള്‍പ്പെടെ പ്രതിസ്ഥാനത്ത് വരുമ്പോള്‍. പൊതുജനത്തിന്റെ നികുതിപ്പണത്തില്‍ നിന്നും പടുത്തുയര്‍ത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജനത്തിനുപകാരമില്ലാതെ തന്‍പോരിമ കാണിക്കുമ്പോള്‍ അവയെ പിടിച്ചു കെട്ടാന്‍ സര്‍ക്കാരും പൊതുജനവും തയ്യാറാവണം. 

ഈ താന്തോന്നിത്തരത്തില്‍  മഞ്ചേരി മെഡിക്കല്‍ കോളേജും പങ്കാളികളാകുമ്പോള്‍ പ്രദേശ വാസികളുടേയും പൊതുസമൂഹത്തിന്റേയും രോഷം അണപൊട്ടുക സ്വാഭാവികം. ഈ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണം തികയാതെ വന്നപ്പോള്‍ ജില്ലയിലെ പൊതുജനങ്ങളായ കര്‍ഷകരും കച്ചവടക്കാരും കൂലി വേലക്കാരും തൊഴിലുറപ്പ് ജോലിക്കാരും ചുമട്ട് തൊഴിലാളികളും ഓട്ടോ ടാക്‌സി െ്രെടവര്‍മാരും ബസ് കണ്ടക്ടര്‍മാരും ഉള്‍പ്പെടെയുള്ള സമൂഹത്തിലെ നാനാ വിഭാഗം മനുഷ്യരും അവരുടെ ദിവസക്കൂലിയും മാസശമ്പളവുമൊക്കെ നല്‍കിക്കൊണ്ടാണീ മെഡിക്കല്‍ കോളേജ് കെട്ടിപ്പടുത്തതെന്ന് ശീതീകരിച്ച മുറിയിലെ കറങ്ങുന്ന ചക്രക്കസേരയിലിരിക്കുന്ന അല്‍പന്‍മാര്‍ വിസ്മരിക്കരുത്. 

യു.പിയിലെ ഖോരക്പൂര്‍ ഹോസ്പിറ്റലില്‍ നവജാത ശിശുക്കളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം നിലയില്‍ മാനുഷിക പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതിനായിരുന്നു യു.പി സര്‍ക്കാര്‍ വര്‍ഷങ്ങളോളം ഡോ. കഫീല്‍ ഖാനെ ജയിലിലടച്ച് പീഢിപ്പിച്ചത്. ഈയിടെ നീതിപീഢം അദ്ധേഹത്തെ കുറ്റവിമുക്തനാക്കി മോചിപ്പിച്ചതാണ്. യു.പിയേക്കാളേറെ പ്രബുദ്ധതയുള്ള കേരളത്തില്‍ ഡോ. കഫീല്‍ ഖാനെ പോലെ ജോലിയോട് പ്രതിബദ്ധതയുള്ള എത്ര പേരുണ്ടെന്നത് ചിന്തനീയമാണ്!

ഇന്ത്യയില്‍ നവജാത ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം, എന്നാല്‍ ഇവിടെ തന്നെയാണ് സാങ്കേതികതയുടെ പേര് പറഞ്ഞ് കോവിഡ് ആന്റിജന്‍ ടെസ്റ്റ് റിസള്‍ട്ട് പോരാ മറിച്ച് ആര്‍.ടി.പി.സി.ആര്‍ തന്നെ വേണമെന്ന് പറഞ്ഞ് പ്രസവ വേദനയുമായി വന്ന സഹോദരിയുടെ ഇരട്ടക്കുഞ്ഞുങ്ങളെ കൊലക്ക് കൊടുത്തത്! ഭരണ കൂടത്തിന് അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറാനാവില്ല.

നീതിന്യായ സ്ഥാപനങ്ങളുടെ കടുത്ത അലംബാവത്തിനെതിരെ ശക്തമായി പ്രതികരിക്കുന്നവരെ തീക്ഷ്ണമായി പിന്തുണക്കുന്ന പ്രവണതയാണ് സോഷ്യല്‍ മീഡിയയില്‍ ഈയിടെയായി  കാണുന്നത്.

സചേതനമല്ലാത്ത നീതിയും നിയമ വ്യവസ്ഥിതിയുമാണെങ്കില്‍ ജനം രൂക്ഷമായി പ്രതികരിക്കുമെന്നതിന് ഉദാഹരണമായാണ് ഭാഗ്യലക്ഷ്മിയുടെയും സംഘത്തിന്റേയും കരണത്തടിയും കരിയോയില്‍ പ്രയോഗമെന്നും അധികൃതര്‍ ഗ്രഹിക്കേണ്ടതുണ്ട്.

പലപ്പോഴും പ്രസവമുള്‍പ്പെടെയുള്ള  സര്‍ജറികള്‍ക്കും ചികിത്സകള്‍ക്കും ഭീമന്‍ കൈക്കൂലി ആവശ്യപ്പെടുന്ന പല ചികിത്സകരും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളില്‍ പോലുമുണ്ടെന്നത് രഹസ്യമായ പരസ്യമാണ്. മരുന്ന് മാഫിയയുമായി ഇവര്‍ക്കുള്ള ബന്ധം പകല്‍ വെളിച്ചം പോലെ സുവ്യക്തവുമാണ്. ഗവണ്‍മെന്റ്, സ്വകാര്യ ഹോസ്പിറ്റലുകളില്‍ നടക്കുന്ന അന്യായങ്ങളെ പുറത്ത് കൊണ്ടുവരാന്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ ഒരു അന്വേഷണക്കമ്മീഷനെ നിയോഗിക്കേണ്ടതുണ്ട്.

കുറച്ച് മുമ്പ് ഇതേ മലബാറില്‍ ചികിത്സ നല്‍കാതെ ഒരു തമിഴ് തൊഴിലാളിയെ തിരിച്ചയച്ചത് കാരണം ചികിത്സക്കായി തമിഴ്‌നാട് കോയമ്പത്തൂരിലെത്തിയപ്പോഴേക്കും അദ്ധേഹം മൃതിയടഞ്ഞത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു.

അന്ന് കോയമ്പത്തൂരിലെ ഡോക്ടര്‍മാര്‍ പത്രക്കാരോട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു'കേരളത്തില്‍ നിന്നും ഇവിടേക്ക്  ചികിത്സക്കെത്തുന്ന അനേകം പേരെ യാതൊരു വിവേചനവും കാണിക്കാതെ ഞങ്ങള്‍ നിത്യവും ചികിത്സിക്കുന്നുണ്ട്. അല്‍പം കൂടി മാനുഷിക സമീപനം കേരളത്തിലെ ഡോക്ടര്‍മാര്‍ സ്വീകരിക്കേണ്ടതുണ്ട്'. ഈ വാക്കിന് ഇന്നും പ്രസക്തിയുണ്ട്.

സുപ്രഭാതം ദിനപത്രത്തിന്റെ മഞ്ചേരി പ്രാദേശിക ലേഖകനും സജീവ രാഷ്ട്രീയ പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ എന്‍.സി ഷരീഫിന്റെ ഭാര്യക്കാണ് ഈ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടേണ്ടി വന്നത്. അപ്പോള്‍ സാധാരണക്കാരായ ജനങ്ങളെ ഈ അധികൃതര്‍ എത്ര പ്രയാസപ്പെടുത്തുമായിരിക്കും!!

പിറക്കാനുള്ള സ്വാതന്ത്ര്യം അടിസ്ഥാന മനുഷ്യാവകാശമാണ്. അത് നിഷേധിക്കുന്നത് കടുത്ത ക്രിമിനല്‍ കുറ്റവുമാണ്. അന്യായം ചെയ്തവര്‍ ആരൊക്കെയാണെങ്കിലും ഇനിയൊരു കുഞ്ഞിനും ജീവന്‍ നഷ്ടമാകാതിരിക്കാനായി കടുത്ത സിക്ഷ നല്‍കിയേ തീരൂ.

എന്‍.സി ഷരീഫ് എഴുതിയ തന്റെ ദുരനുഭവം വിവരിക്കുന്ന കുറിപ്പ് കാണൂ, 'പ്രസവ വേദനയാല്‍ കരയുന്ന പ്രിയതമക്ക് ചികിത്സ നിഷേധിക്കുമ്പോഴുള്ള പ്രയാസം നിങ്ങള്‍ അറിഞ്ഞിട്ടുണ്ടൊ? ഗര്‍ഭ പാത്രത്തിന്റെ ഉളളില്‍ നിന്ന് ആരംഭിച്ച് ഗര്‍ഭാശയമുഖം കടന്ന് യോനിയിലേക്ക് വരുന്ന അതികഠിനമായ വേദന അനുഭവിക്കുന്ന ഘട്ടത്തിലും അവളെ ചികിത്സിക്കാന്‍ തയ്യാറാകാത്ത ആശുപത്രികളെ ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. ഗര്‍ഭാശയ സ്തരം പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്ന ഘട്ടത്തില്‍ പോലും നീ കൊവിഡ് രോഗിയാണെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുമ്പോഴുള്ള മനോവിഷമം എത്രയാകും?. അതികഠിനമായ വേദന അനുഭവിച്ച് ലേബര്‍ റൂമില്‍ ഭയപ്പാടോടെ കഴിയുമ്പോള്‍ നീ തികയാതെ പ്രസവിക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞാല്‍ വേദനിക്കാത്തവരുണ്ടാകുമൊ?.

ഇതെല്ലാം അനുഭവിച്ചു എന്റെ പെണ്ണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് പോലും നീതി ലഭിച്ചില്ല. ഒന്‍പത് മാസം ഗര്‍ഭിണിയായ അവള്‍ക്ക് ചികിത്സ ലഭ്യമാകാന്‍ മണിക്കൂറുകളോളം സഞ്ചരിക്കേണ്ടി വന്നു.  ഇത് യു.പിയില്‍ അല്ല. മലപ്പുറത്തും കോഴിക്കോടുമാണ്.
        
ജീവിതത്തില്‍ ആദ്യമായി ഞാന്‍ പൊട്ടിക്കരഞ്ഞ ദിനമായിരുന്നു ഇന്നലെ. എന്റെ ഭാര്യ ഒന്‍പത് മാസം ഗര്‍ഭിണിയാണ്. സെപ്റ്റംബര്‍ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഡി.എം.ഒ ഡോ.സക്കീന, നോഡല്‍ ഓഫീസര്‍ ഡോ.പി.ഷിനാസ് ബാബു, ഗൈനക്കോളജി വിഭാഗത്തിലെ ഡോ.രഹന എന്നിവര്‍ അവള്‍ക്ക് എല്ലാ പിന്തുണയും നല്‍കി. 15ന് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങി. 18ന് രാത്രി അവള്‍ക്ക് കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും മഞ്ചേരിയില്‍ അഡ്മിറ്റ് ചെയ്തു. ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച അവളോട് വളരെ മോശമായാണ് ഒരു ജീവനക്കാരി പെരുമാറിയത്. പക്ഷെ അതൊരു വിഷയമാക്കി എടുക്കാതെ ഞങ്ങള്‍ മറക്കാന്‍ ശ്രമിച്ചു.

ഇനി മഞ്ചേരി മെഡിക്കല്‍ കോളജില്‍ കാണിക്കേണ്ടെന്നും എനിക്ക് പേടിയാണെന്നും അവള്‍ കരഞ്ഞുപറഞ്ഞു. ഇതേ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ചികിത്സാ വിവരങ്ങളും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ഞാന്‍ എടവണ്ണ ഇ.എം.സി ആശുപത്രിയില്‍ ചെന്നു. ആശുപത്രിയുടെ മാനേജിംങ് ഡയറക്ടര്‍ വളരെ മാന്യമായി പെരുമാറുകയും ഡോക്ടറോട് ചോദിച്ച് പറയാമെന്നും അറിയ്ച്ചു. ഞാന്‍ മനസുരുകി പ്രാര്‍ത്ഥിച്ചു. 'കൊവിഡ് ബാധിച്ചത് അവളുടെ തെറ്റല്ലല്ലൊ, അവള്‍ക്ക് പ്രസവ സംബന്ധമായ ചികിത്സ ലഭിക്കണം'. പക്ഷെ നിരാശയായിരുന്നു ഫലം. ഒരു തവണ കൊവിഡ് ബാധിച്ചതിനാല്‍ വീണ്ടും രോഗം ഉണ്ടാകുമെന്നും നിങ്ങള്‍ വേറെ ആശുപത്രികളില്‍ അന്വേഷിക്കൂ എന്നായിരുന്നു എടവണ്ണ ഇ.എം.സിയില്‍ നിന്നുള്ള പ്രതികരണം. (സര്‍ക്കാര്‍ നല്‍കുന്ന ആന്റിജന്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് രോഗം ഭേദമായതിന് തെളിവായി പരിഗണിക്കാന്‍ ഇവര്‍ തയ്യാറായില്ല).

ശനിയാഴ്ച പുലര്‍ച്ചെ അടിവയറ്റിലും ഊരക്കും ശക്തമായ വേദന അനുഭവപ്പെട്ടു. പുലര്‍ച്ചെ 4.30ന് ഞാന്‍ അവളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചെങ്കിലും അവളെ ഉള്‍ക്കൊള്ളാന്‍ മനസില്ലാത്ത രീതിയിലായിരുന്നു ആശുപത്രി ജീവനക്കാരുടെ പെരുമാറ്റം. ഇവിടെ നിങ്ങളെ എടുക്കില്ലെന്നും കൊവിഡ് രോഗികള്‍ക്ക് മാത്രമേ ചികിത്സ നല്‍കുകയൊള്ളു എന്നും അവര്‍ പറഞ്ഞു. മറ്റു മാര്‍ഗമില്ലെന്നും സ്വകാര്യ ആശുപത്രിയില്‍ എടുക്കുന്നില്ലെന്നും പറഞ്ഞു നോക്കി. പക്ഷെ ചികിത്സ നല്‍കാനാവില്ലെന്ന വാശിയായിരുന്നു അവര്‍ക്ക്.

അവള്‍ക്ക് വേദന ഇല്ലന്നും നിങ്ങളെ ഡിസ്ചാര്‍ജ് ചെയ്യുകയാണെന്നും ലേബര്‍ റൂമില്‍ നിന്ന് പറഞ്ഞു. എവിടേക്കെങ്കിലും റഫര്‍ ചെയ്ത് തരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. എന്റെ ആവശ്യപ്രകാരം രാവിലെ 8.30 ന് കോഴിക്കോട് കോട്ടപറമ്പിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി. എന്നാല്‍ പിന്നീട് വന്ന ഡോക്ടര്‍ അവളെ പരിശോധിച്ചു. നല്ല വേദനയുണ്ടെന്നും ഇപ്പോള്‍ ഇവിടെ നിന്ന് പോകാതിരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. (ആ ഡോക്ടര്‍ക്ക് അവളുടെ പ്രയാസങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചു). എന്നാല്‍ ഇതിനിടയില്‍ അവളെ കോഴിക്കോട്ടേക്ക് റഫര്‍ ചെയ്തു. അവള്‍ പ്രസവ വേദനയാല്‍ പ്രയാസം നേരിട്ടിട്ടും മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് നീതി ലഭിച്ചില്ല. 

ഞങ്ങളെ അവിടെ നിന്ന് പറഞ്ഞുവിടുമ്പോള്‍ സമയം 11.45 ആയിക്കാണും. കോഴിക്കോട് കോട്ടപറമ്പിലെ ആശുപത്രിയിലേക്കുള്ള യാത്രയില്‍ അവള്‍ ഉറക്കെ കരയാന്‍ തുടങ്ങി. ഞാന്‍ അവളെ ചേര്‍ത്തുപിടിച്ചു. പക്ഷെ അവള്‍ അനുഭവിക്കുന്ന വേദനയെ തോല്‍പ്പിക്കാന്‍ എന്റെ ആശ്വാസ വാക്കുകള്‍ക്ക് ആയില്ല. ഇരിപ്പുറക്കാതെ അവള്‍ വാഹനത്തില്‍ നിന്ന് എണീറ്റ് നില്‍ക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ കോട്ടപറമ്പ് ആശുപത്രിയില്‍ എത്തുമ്പോള്‍ സമയം 1.38. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാരില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. അവിടെ വലിയ തിരക്കാവുമെന്നും പറ്റുമെങ്കില്‍ മറ്റു ആശുപത്രി തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു.

ഇതേ തുടര്‍ന്ന് ഞാന്‍ ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് വിളിച്ചു. കൊവിഡ് സര്‍ട്ടിഫിക്കറ്റ് കൈയിലുണ്ടോ എന്ന് ചോദിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് പറഞ്ഞെങ്കിലും അത് മതിയാകില്ലെന്നും ആര്‍.ടി.പി.സി.ആര്‍ വേണമെന്നും അവര്‍ നിര്‍ബന്ധം പിടിച്ചു. പ്രിയപ്പെട്ടവള്‍ക്ക് ചികിത്സ ലഭിക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്നായതോടെ ഞാന്‍ കോഴിക്കോട് അശ്വനി ലാബില്‍ കയറി കൊവിഡ് പരിശോധന സംബന്ധിച്ച വിവരങ്ങള്‍ തേടി. 24 മണിക്കൂറിന് ശേഷമേ റിസള്‍ട്ട് ലഭിക്കൂ എന്നായിരുന്നു മറുപടി. ഇക്കാര്യം ഞാന്‍ ഓമശ്ശേരി ആശുപത്രിയില്‍ വിളിച്ചുപറഞ്ഞു. എന്നിട്ടും അവര്‍ ചികിത്സ നല്‍കാന്‍ തയ്യാറായില്ല. അവള്‍ കഠിനമായ വേദനയാല്‍ കരയാന്‍ തുടങ്ങി. ഞാന്‍ വീണ്ടും ഓമശ്ശേരി ആശുപത്രിയിലേക്ക് വിളിച്ചു, സഹായിക്കണമെന്നും ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ടു. പക്ഷെ,  ആര്‍.ടി.പി.സി.ആര്‍ ഇല്ലാതെ ചികിത്സ തരാനാകില്ലെന്ന് അവര്‍ തീര്‍ത്തുപറഞ്ഞു.

പിന്നീട് മുക്കം കെ.എം.സി.ടിയില്‍ വിളിച്ചു. എന്റെ ദയനീയാവസ്ഥ മനസിലാക്കിയ അവര്‍ ചികിത്സ നല്‍കാന്‍ തയ്യാറായി. ആന്റിജന്‍ പരിശോധന നടത്തി. നെഗറ്റീവായിരുന്നു ഫലം.  സ്‌കാന്‍ ചെയ്തതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.
         
ആശുപത്രികളില്‍ നിന്ന് നേരിട്ട അവഗണന അറിഞ്ഞ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും മലപ്പുറം ഡി.എം.ഒ ഡോ.സക്കീനയും എന്നെ വിളിച്ചു. വിവരങ്ങള്‍ തിരക്കി. സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പേടിക്കേണ്ടതില്ലെന്നും ആവശ്യമായതെല്ലാം ചെയ്യാമെന്നും ഉറപ്പു നല്‍കി. മന്ത്രിയും ഡി.എം.ഒയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് വിളിച്ചു.
        
ഇനി ഇത് ആവര്‍ത്തിക്കരുത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോകടര്‍ക്കെതിരെ നടപടി വേണം. സംസ്ഥാന സര്‍ക്കാര്‍ ആന്റിജന്‍ പരിശോധനയിലൂടെ കൊവിഡ് ഭേദമായെന്ന് കണ്ടെത്തിയാണ് ആശുപത്രികളില്‍ നിന്ന് വീട്ടിലേക്ക് അയക്കുന്നത്. ഈ റിസള്‍ട്ട് സ്വകാര്യ ആശുപത്രികള്‍ അംഗീകരിക്കാന്‍ നടപടി വേണം. ഇത് നടപ്പായില്ലെങ്കില്‍ കൊവിഡ് ഭേദമായ ഗര്‍ഭിണികള്‍ക്ക് ചികിത്സ നിഷേധിക്കുന്നത് തുടര്‍ക്കഥയാകും. ആരോഗ്യമന്ത്രിക്കും ഡി.എം.ഒക്കും പരാതി നല്‍കും. കുറ്റക്കാര്‍ രക്ഷപ്പെടരുത്. ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടരുത്'.


(ലേഖകന്‍ ഭാരതിദാസന്‍ യൂനിവാഴ്‌സിറ്റി ക്യാമ്പസില്‍ സോഷ്യോളജിയില്‍ പി.എച്ച്.ഡി ഗവേഷണ വിദ്യാര്‍ത്ഥിയാണ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക