Image

പ്രിയം, കാലഭൈരവം ( മഹാകൈലാസ യാത്ര-ഭാഗം 1: റാണി.ബി.മേനോൻ)

Published on 28 September, 2020
പ്രിയം, കാലഭൈരവം ( മഹാകൈലാസ യാത്ര-ഭാഗം 1: റാണി.ബി.മേനോൻ)
ജനിച്ചതും വളർന്നതും ഒരു ഉൾനാടൻ ഗ്രാമത്തിലാണെങ്കിലും, ഭക്തി, പുരാണം ഒക്കെ സ്വന്തം വായനയിലൂടെ അറിഞ്ഞതുമാത്രമെയുള്ളൂ. അതു കൊണ്ടു തന്നെ കൈലാസം എനിയ്ക്കൊരു സങ്കൽപ്പ ഭൂമിക മാത്രമായിരുന്നു.
കൈലാസം ഭൂമിയിലുണ്ടെന്നറിഞ്ഞത് അവിടം സന്ദർശിച്ച ഒരാൾ സൗഹൃദവലയത്തിലെത്തിയപ്പോഴാണ്! എന്നാൽ പിന്നെ ഒന്ന് ചുമ്മാ പൊയ്ക്കളയാം എന്ന് തീരുമാനിയ്ക്കുകയായിരുന്നു!

മാത്രവുമല്ല, ദൈവസങ്കല്പങ്ങളിൽ പ്രിയം ഭൈരവമാണ്.
രൂക്ഷമായ പ്രിയാപ്രിയങ്ങൾ
ക്ഷിപ്രകോപി, ക്ഷിപ്രപ്രസാദി.
നിയമങ്ങളേതുമോലാത്തോൻ.
ഭാംഗും, ദത്തൂറയും പ്രിയം.
ശ്മശാനവാസി, നൃത്ത പ്രവീണൻ.
ശബ്ദകോലാഹലങ്ങളും, ശ്മശാന മൂകതയും രസിയ്ക്കുന്നോൻ
പൊണ്ടാട്ടിയെ തുടമേലിരുത്തി പരിപാലിയ്ക്കുന്നോൻ.
"മനുഷ്യത്വമുള്ള", കാടൻ ദൈവം.
മനുഷ്യ സ്വഭാവത്തോടടുപ്പമുള്ളതിനാലാവാം
... പ്രിയം, കാലഭൈരവം.

യാത്രാരംഭം:
ജനവരിയിൽ ഇന്ത്യയുടെ വിദേശകാര്യ വകുപ്പും, ഇന്തോ-റ്റിബറ്റൻ ബോർഡർ സെക്യൂരിറ്റി പൊലീസ് (ITBP) ഉം, കുമാവോൺ മണ്ഡൽ വികാസ് നിഗം (KMVN) ഉം സംയുക്തമായി നടത്തുന്ന (തീർത്ഥ)യാത്രാ പദ്ധതിയിലേയ്ക്ക് അപേക്ഷ അയക്കുമ്പോൾ വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. കാരണം അന്ന് 30-40 അംഗങ്ങളെ മെയ് മുതൽ സപ്തംബർ വരെ 4 മാസങ്ങളിൽ, ആഴ്ച്ചയിൽ ഒന്ന് വച്ച് ബാച്ചുകളായാണ് കൊണ്ടുപോവുക. വർഷത്തിൽ ഏതാണ്ട് എണ്ണൂറോളം പേർ. ഇന്ത്യ - ചൈന യുദ്ധം കഴിഞ്ഞ് ഗവണ്മെൻ്റ് തലത്തിൽ ആരംഭിച്ച ആ മുറിവുണക്കൽ പദ്ധതിയുടെ ഇരുപത്തഞ്ചാം വാർഷികമായിരുന്നു 2005.
അഖിലേന്ത്യാടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്. കിട്ടുന്ന അപേക്ഷകളിൽ നിന്ന് നറുക്കിട്ടാണ് യാത്രികളെ തീരുമാനിയ്ക്കുക. നറുക്കുവീണെന്ന് അറിയിപ്പു വന്നത് ഏപ്രിൽ മാസത്തിലെ ആദ്യ വാരത്തിലാണ്. ആ വർഷം ജൂലൈയിൽ 4ന് ആരംഭിയ്ക്കുന്ന ഏഴാം ബാച്ചിലാണ് എനിയ്ക്കുള്ള ചീട്ട്!
ഡൽഹിയിലെ lTBP ഹോസ്പിറ്റലിൽ രണ്ടു ദിവസമായി നടക്കുന്ന മെഡിക്കൽ ചെക്കപ്പ് ആണ് ആദ്യ കടമ്പ. എല്ലാം കഴിഞ്ഞ് സർട്ടീഫിക്കറ്റ് വാങ്ങാൻ നിൽക്കുമ്പോൾ ഡോക്റ്റർ ചോദിയ്ക്കുന്നു,
"നിൻ്റെ BP Low ആണെന്നറിയാമോ?"
ആർക്കറിയാൻ? ജോലിയ്ക്കു ചേരുമ്പോൾ ചെയ്തതിനു ശേഷം ആരും ചെയ്യാൻ പറഞ്ഞില്ല, ഞാൻ ചെയ്തുമില്ല! ഇനി എനിയ്ക്ക് പോവാൻ പറ്റില്ലെന്നാവുമോ കാരണവർ പറയുന്നത് എന്നമ്പരന്നു നിൽക്കുമ്പോൾ അദ്ദേഹം സർട്ടിഫിക്കറ്റ് ഒപ്പിട്ടു നീട്ടിക്കൊണ്ട് പറയുന്നു,
"ബി ഹാപ്പി!
എല്ലാവരുടേയുംBP കൂടുമ്പോൾ നിൻ്റെത് നോർമലാവും!"
ഏതാണ്ട് 18500 അടി കയറണം.
ഓ! എന്ന് ഞാൻ!
High altitude ട്രെക്കിംഗിൽ പ്രധാന വില്ലൻ രക്താതിസമ്മർദ്ദമാണ്.

ചലോ കൈലാസ്:
ദില്ലിയിൽ നിന്ന് 36 പേരുടെ ഗ്രൂപ്പിനൊപ്പം ഈ ഞാനും!
ഹാ!!
36 മനുഷ്യർ, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീ പുരുഷന്മാർ, 29 മുതൽ 66 വയസ്സുവരെ പ്രായമുള്ളവർ, ജോലിയുള്ളവർ, ഇല്ലാത്തവർ, ബിസിനസ്സുകാർ... എന്നു വേണ്ട 36 തരം ആൾക്കാർ ഒരു മാസം ഒരേ ലക്ഷ്യത്തിലേയ്ക്കു നടക്കുന്ന കാര്യം ആലോചിച്ചു നോക്കൂ. അവർക്ക് പരസ്പരമല്ലാതെ മറ്റാരുമായും സംസാരിയ്ക്കാനുള്ള സാഹചര്യം അപൂർവ്വം. അത്, ഇൻ്റർനെറ്റ് പോയിട്ട്, ലാൻ്റ് ലൈനിൽ നിന്നു തന്നെ ഫോൺ വിളികൾ തന്നെ ബുദ്ധിമുട്ടായ കാലം!
എന്നെ പല ഭയങ്ങളിൽ നിന്നും വിടർത്തിയെടുത്ത ഒന്നാണാ യാത്ര.
അപരിചിതർ മാത്രം ചുററും. ആദ്യം പരിഭ്രമമായിരുന്നു. പിന്നെ, എത്ര വേഗമാണ് എല്ലാവരും പരസ്പരം അടുത്തത്!!
തനിച്ച് ഇറങ്ങിത്തിരിച്ച ഞങ്ങൾ മൂന്ന് സ്ത്രീ ജനങ്ങൾ! പൂനയിൽ നിന്നുള്ള വൈജയന്തി ഗോഗാവലെ എന്ന പിഡിയാട്രിഷൻ, കൽക്കത്തയിൽ നിന്നുള്ള ശ്യാമൊലി ഘോഷ് എന്ന നഴ്സ്.
വേറെയും അഞ്ച് സ്ത്രീകളുണ്ടായിരുന്നു ഗ്രൂപ്പിൽ.

മഹാ കൈലാസയാത്ര ഭക്തിമയമാണ് രാവിലെ ഹനുമാൻ ചാലിസ, വൈകുന്നേരം ഭജൻ...
ഏതു വകുപ്പിലുള്ള ഭക്തന്മാർക്കും ഒരു കുഴപ്പമുണ്ട്, എന്തെങ്കിലും കുഴപ്പം ഗ്രൂപ്പിനു സംഭവിച്ചാൽ അത് ഭക്തിയില്ലാത്തവരുടെ തലയിൽ ചാരും, പ്രശ്നമാെന്നുമുണ്ടായില്ലെങ്കിൽ അത് അവരുടെ ഭക്തിനിർഭരതയ്ക്ക് "ദൈവം" കൊടുത്ത സമ്മാനവും! അതൊരു ഇരട്ടത്താപ്പല്ലേ എന്നൊന്നും ചോദിയ്ക്കാനിട കിട്ടില്ല, അതു കൊണ്ട് വിശ്വാസപരമായ ചർച്ചകൾക്ക് പറ്റിയ ഇടമല്ല തീർത്ഥയാത്രാ ഗ്രൂപ്പുകൾ എന്ന ബോധം വേണം ചർച്ചിയ്ക്കുമ്പോൾ! പക്ഷെ സൗകര്യങ്ങൾ, സുരക്ഷിതത്വം ഇവ ഉപയോഗിയ്ക്കാം! അതാണ് ഇത്തരം ഗ്രൂപ്പുകളുടെ ഭാഗമാവുമ്പോൾ അനുവർത്തിയ്ക്കാറുള്ള നയം.
ദില്ലിയിൽ നിന്നും അൽമോറ വഴി ധാർച്ചുല, മംഗ്തി വരെ ബസ്സ് യാത്ര. അവിടന്ന് ശംഭോ മഹാദേവ എന്ന് നടക്കുക. മഹായാത്ര തുടങ്ങുകയായി.

ആദ്യ ദിവസം വെറും മൂന്നു കിലോമീറ്റർ. മംഗ്തിയിൽ നിന്ന് ഗാല വരെ.
ഒരു പിട്ടുവിനെയും(പോർട്ടർ) കുതിരയെയും കൂടെ കൂട്ടി. കുതിരക്കാരനോട് എന്റെ ഒപ്പം നടക്കണമെന്ന ആവശ്യമുന്നയിച്ചു. ആവശ്യം വന്നാൽ മാത്രം കുതിര! (ശരിയ്ക്കുമത് കോവർകഴുതയാണ്). പോർട്ടർമാരായി കൂടെ വരുന്നവർ 15നും ഇരുപതിനും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. അവർക്ക് കയറ്റിറക്കങ്ങളും നടപ്പും കുട്ടിക്കളിയാണ്. നമുക്കാെപ്പം നടക്കാൻ പറയുന്നത് ഒരു ശിക്ഷയാണവർക്ക്. അവർ ധൃതിയിൽ നടന്ന് വഴിയിൽ എവിടെയെങ്കിലും നമ്മളെ കാത്തിരിയ്ക്കും. അത്രയെങ്കിലത്ര!
ആദ്യത്തെ ദിവസം വലിയ കുഴപ്പമില്ലാതെ പോയി.
രണ്ടാം ദിവസം ബുധിയിൽ നിന്ന് ഗാലയിലേയ്ക്ക് ആദ്യപടി ഇറക്കമാണ് ഒന്നും രണ്ടുമല്ല നാലായിരം പടികൾ! ഇളകിക്കിടക്കുന്ന കല്ലുകൾ പണ്ട് പടികളായിരുന്നവെന്നു ധരിച്ചാൽ മതി! മൈസൂർ മഹാരാജാവ് പണ്ട് കൈലാസയാത്ര ചെയ്തപ്പോൾ ഉണ്ടാക്കിയതാണത്രേ! ഇറക്കം കഴിഞ്ഞാൽ മുട്ടിനു താഴെ എന്തെങ്കിലുമുണ്ടെന്ന തോന്നൽ തന്നെയുണ്ടാവില്ല! മുട്ടിനു താഴെ പാദം! അങ്ങിനൊന്നാലോചിച്ചു നോക്കൂ!
പടി നാലായിരവും കടന്നു ചെന്നാൽ ഒരു ചെറിയ കൂരയിൽ ചായയും പൂരിയുമായൊരാൾ കാത്തിരിപ്പുണ്ടാവും!
ഇരിയ്ക്കാൻ വിശേഷ വിധിയായി ആട്ടിൻതോലും! ചോരയുടെ ഈർപ്പമിനിയും മാറിയിട്ടില്ലെന്നു തോന്നി! മാറി ഒരു കല്ലിലിരുന്നപ്പോൾ നല്ല തണുപ്പ്!
ഒരു പൂരിയും കഴിച്ച് അവിടന്നിറങ്ങി നടന്നു പിന്നെയും കയറ്റിറക്കങ്ങൾ, ഇന്തോ - നേപ്പാൾ അതിർത്തിയായി കാളീനദി ഒച്ചവച്ച് ഒഴുകുന്നുണ്ട്! കലങ്ങി മറിഞ്ഞ് തിടുക്കത്തിലാണ് യാത്ര! മണ്ണടർന്നു വീണാൽ അവൾക്കൊപ്പം ഒഴുകാം!
മഴ ഒളിഞ്ഞും തെളിഞ്ഞും കളിയ്ക്കുന്നുണ്ടായിരുന്നു! ഭയങ്കര ധൈര്യശാലിയാണെന്നാെക്കെ സ്വയം വിശേഷിപ്പിയ്ക്കുമെങ്കിലും, മഴക്കാറു കണ്ടാൽ നുമ്മ ഭക്തയാവും!
"ഈശ്വരൻ കുട്ട്യേട്ടാ ഈ കയറ്റം കഴിഞ്ഞിട്ട്," അല്ലെങ്കിൽ "ക്യാംപിലെത്തിയിട്ട്" എന്നൊക്കെ തരം പോലെ ഇരക്കാൻ ഒരു ചളിപ്പും തോന്നാറില്ല.
ബുദ്ധിയിലെത്താറായപ്പോഴേയ്ക്കും മഴ കനത്തു.
"ദീദീ പേടിയ്ക്കാനൊന്നുമില്ല ദാ ഒരഞ്ചു മിനിറ്റ്, അവിടെയാണ് ക്യാംപ്!"
എൻ്റെ സഹായി പറയുന്നു.
മനസ്സ് ഉത്സാഹിയായി
"എവിടെ"
ഞാൻ ചോദിയ്ക്കുന്നു!
"ദാ അവിടെ"
അവൻ മുന്നിൽ കുത്തനെ നിൽക്കുന്നൊരു മല ചൂണ്ടിക്കാണിയ്ക്കുന്നു!
വന്നു കയറിയ ഉത്സാഹമൊക്കെ കാളിയിലൊഴുകിപ്പോയി.
തണുപ്പ്, ഇരുളിമ, മഴ, ഗ്രൂപ്പിലെ അവസാന യാത്രിയുടെ മനസ്സിനെ കെടുത്താൻ ഇത്രയൊക്കെ ധാരാളം!
ആഞ്ഞു വലിഞ്ഞ് നടന്ന് കയറി ക്യാമ്പിലെത്തുമ്പോൾ എല്ലാവരും ചായ കുടിയൊക്കെ കഴിഞ്ഞ് മിടുക്കരായിരിയ്ക്കുന്നു! എല്ലാവരുടെ കണ്ണിലും സഹതാപം ആവോളം! സത്യമായിട്ടും ഒരു കുത്തു വച്ചു കൊടുക്കാൻ തോന്നുന്നത്ര! നനഞ്ഞമ്പിയ കോട്ടും സൂട്ടുമായി മുറിയിൽ കേറാൻ വയ്യ! ബാഗ് തപ്പിയെടുത്ത് അതിൽ ഉണങ്ങിയ ഒരു ജോഡി വസ്ത്രമെടുത്ത് ഈറൻ മാറി.
ഇനിയുള്ള യാത്രയിലെ ഹൈലൈറ്റാണിത്. തുണി ഉണങ്ങാൻ (ഉണക്കാനും) വകുപ്പൊന്നുമില്ല. അതെല്ലാം നന്നായി പിഴിഞ്ഞ് മടക്കിവയ്ക്കാം എന്നല്ലാതെ!
നേരത്തെ ഉണർത്തുന്ന സൂര്യൻ പെട്ടെന്ന് യാത്ര പറഞ്ഞ് പിരിയുകയും ചെയ്യും!
അഞ്ചു മണിയ്ക്ക് നടപ്പു തുടങ്ങണം, ഉച്ചയ്ക്ക് മുൻപ് അടുത്ത ക്യാംപ് പിടിയ്ക്കണം! ഉച്ചകഴിഞ്ഞാൽ ഹിമാലയത്തിലെ കാര്യമൊക്കെ ഒരു വഹയാണ്! മഞ്ഞോ മഴയോ പെയ്യാം! ഏറി വന്നാൽ ഉച്ചതിരിഞ്ഞ് മൂന്നു മണി അതു കഴിഞ്ഞാൽ ആരോ പറഞ്ഞ പോലെ "ഗുദാ ഗവ!"

യാത്രക്കാരിൽ അധികവും ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഭക്ഷണം അവരുടെ പടുതിയ്ക്കാവും!
മുകളിലേയ്ക്ക് കയറുംതോറും പച്ചക്കറി എന്നത് ദുർലഭമാവും. കടുകിൻ്റെ ഇലയൊക്കെ ഉപ്പേരി വച്ച് തരും! ഒരു സൗത്ത് ഇന്ത്യൻ്റെ വയറ് കേടാവാൻ ഇത്രയൊക്കെ ധാരാളം!
മൂന്നാം നാൾ നടപ്പ് ബുധിയിൽ നിന്ന് ഗുഞ്ചിയിലേയ്ക്കാണ്.
ഒരു കിടിലൻ പാസ് ഉണ്ട് "ചിയാലിക്" ഒരു ഒന്നരക്കയറ്റമാണത്.
പതിയെ കയറിയാൽ മതി. വളവുകളിലെവിടെയൊ ഒരു മധുര ഗാനം, ഒരു ചിന്നക്കുരുവിയാണ്, അവൻ ഒരു മുൾച്ചെടിപ്പടർപ്പിൽ നിന്ന് പന്തടിച്ചുയരും പോലെ പൊങ്ങിത്താഴുകയാണ്! അവൻ്റെ ഗാനവും, ക്ഷണവും സ്വീകരിയ്ക്കപ്പെട്ടുവോ? അറിയില്ല!

മഞ്ഞുരുകിക്കഴിഞ്ഞാൽ തണുത്തുറഞ്ഞു കിടന്ന മണ്ണുണരും, വിത്തുക്കൾ മുളയ്ക്കും തളിരായി പൂവായി, കായായി, പഴമായി വീണ്ടും അടുത്ത തലമുറ വിത്തായ് മണ്ണിൽ വീണുറങ്ങാൻ തിടുക്കമാണ്!
കുറഞ്ഞൊരു കാലമേ മഞ്ഞ് മാറി നിൽക്കൂ.
പുഴുവിനും, പൂമ്പാറ്റയ്ക്കും, കിളികൾക്കും എല്ലാം തിടുക്കമാണ്......
തിടുക്കമില്ലാത്ത ഒരേ ഒരാൾ ഞാനാണ് ഇഴഞ്ഞും വലിഞ്ഞും, വലഞ്ഞും.........

തുടരും
പ്രിയം, കാലഭൈരവം ( മഹാകൈലാസ യാത്ര-ഭാഗം 1: റാണി.ബി.മേനോൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക