Image

കൊറോണ മരണം കൂടുതൽ പുരുഷന്മാരിൽ, എന്ത് കൊണ്ട്?

Published on 25 September, 2020
കൊറോണ മരണം കൂടുതൽ പുരുഷന്മാരിൽ, എന്ത് കൊണ്ട്?
വൈറസിന്റെ സങ്കീർണതകൾ മൂലം പുരുഷന്മാരിൽ സ്ത്രീകളെ അപേക്ഷിച്ച് മരണ സാധ്യത ഏറെയെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. രോഗബാധയോടുള്ള  ശരീരത്തിന്റെ സ്വതസിദ്ധമായ പ്രതികരണത്തെ ആശ്രയിച്ചാണ് കൊറോണ വൈറസ് മൂലമുള്ള രോഗ തീവ്രതയും മരണവും സംഭവിക്കുന്നതെന്ന് രോഗികളിൽ നടത്തിയ രണ്ട് പഠനങ്ങളുടെ അടിസ്ഥാനത്തിൽ സയൻസ് ജേർണലിൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു. ഈ പ്രശ്നങ്ങൾ സ്ത്രീകളെ അപേക്ഷിച്ച് ഏറെ കണ്ടെത്തിയത് പുരുഷന്മാരിലാണെന്നത്, വൈറസ് പുരുഷന്മാരെ കൂടുലായി ബാധിക്കുമെന്നതിനുള്ള വിശദീകരണമായി കാണാം. ശരീരത്തിലേക്ക് വൈറസ് എത്തുമ്പോൾ, അവയോട് ഏറ്റുമുട്ടാൻ  17 പ്രോട്ടീൻ മാത്രകളുടെ സംയുക്തമായ ടൈപ്പ് - 1 ഇന്റർഫെറോണുകൾ    പ്രത്യക്ഷപ്പെടും. ഇതിനെ കേന്ദ്രീകരിച്ചാണ് ഇരു പഠനങ്ങളും നടന്നത്.  

വൈറസെത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇന്റർഫെറോണുകൾ ഉത്പാദിക്കപ്പെടുകയും ബാക്കിയുള്ള പ്രതിരോധ സംവിധാനങ്ങളിലേക്ക് ആക്രമിയെത്തിയതിന്റെ സൂചന നൽകുകയും ചെയ്യും. ചില ആളുകളിൽ ജനിതക തകരാറുകൾ മൂലം ടൈപ്പ് 1 ഇന്റർഫെറോണിന്റെ പ്രതികരണം ശരിയായി നടക്കില്ലെന്ന് ഒരു പഠനത്തിൽ പറയുന്നു. ആന്റിബോഡികളുടെ ഉത്പാദനം തടഞ്ഞുകൊണ്ട് വൈറസുകൾ ടൈപ്പ് 1 ഇന്റർഫെറോണുകളെ നശിപ്പിക്കും. തന്മൂലം വൈറസുകൾക്ക് രോഗബാധിതന്റെ ശരീരത്തിൽ കൂടുതൽ ആഴ്ന്നിറങ്ങാൻ സമയം നീട്ടിക്കിട്ടുകയും ചെയ്യും. ഗുരുതരമായി കോവിഡ് ബാധയേറ്റ 987 പേരിൽ 101 ആളുകളിൽ മാത്രമേ സ്വയം ആന്റീബോഡികൾ ഉത്പാദിപ്പിക്കപ്പെട്ടിട്ടുള്ളു എന്നാണ് ഗവേഷകർ കണ്ടെത്തിയത്. എന്നാൽ, രോഗലക്ഷണങ്ങളില്ലാത്തതും കാര്യമായി രോഗം ബാധിക്കാത്തവരിലും ഇതില്ല. ആരോഗ്യമുള്ള 1227 പേരിൽ നാലുപേരിലേ  ഇത് കണ്ടെത്തിയിട്ടുള്ളു. സ്വയം ആന്റിബോഡികൾ ഉത്പാദിപ്പിക്കപ്പെടുന്നത് കൂടുതലും പുരുഷന്മാരിലാണ്.

പഠന വിധേയരായ 101 രോഗികളിൽ 95 പേരും പുരുഷന്മാരായിരുന്നു. ഈ കണ്ടെത്തലുകൾ  ചികിത്സയ്ക്ക് സഹായകമായ ചില അനുമാനങ്ങളിലേക്കാണ് കൊണ്ടെത്തിക്കുന്നത്. സ്വന്തമായി ആന്റി ബോഡികൾ ഉത്പാദിപ്പിക്കപ്പെടുന്നവരെ പ്ലാസ്മ ദാതാക്കൾ ആക്കരുതെന്നതാണ് ഇതിൽ പ്രധാനം. തീവ്രമായി രോഗം ബാധിച്ച 659 പേരുടെയും , ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതും രോഗം കാര്യമായി ബാധിക്കാത്ത 534 പേരുടെയും ഡി എൻ എ വിശകലനം ചെയ്തുകൊണ്ടാണ് രണ്ടാം പഠനം. ഗുരുതരമായി രോഗം ബാധിച്ചവരിൽ 3.5 ശതമാനം ആളുകളിലും ടൈപ്പ് 1 ഇന്റർഫെറോണുകളെ ഉത്പാദിപ്പിക്കുന്ന എട്ടു ജീനുകൾക്ക് തടസ്സം ഉള്ളതായി ഗവേഷകർ കണ്ടെത്തി. ലക്ഷണങ്ങൾ ഇല്ലാത്തവരിലും രോഗം കാര്യമായി ബാധിക്കാത്തവരിലും ജീനുകളിൽ ഇത്തരം തടസ്സമില്ല. ഈ രണ്ടു പഠനങ്ങളും പ്രതിരോധ സംവിധാനങ്ങളിൽ വ്യത്യസ്തമായ പിഴവുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ , അവസാന പ്രക്രിയ രണ്ടിലും സമാനം തന്നെ- ഇന്റർഫെറോണുകളുടെ ഉത്പാദനം കുറയുന്നു. '  ഇരു ഗവേഷണങ്ങൾക്കും നേതൃത്വം കൊടുത്ത റോക്ഫെല്ലർ സർവകലാശാലയിലെ ശിശുരോഗ വിദഗ്ദ്ധൻ ജീൻ ലോറെന്റ് കാസനോവ പറഞ്ഞു.

ഉമിനീർ പരിശോധിച്ച് കോവിഡ് പരിശോധന 

ഉമിനീരിന്റെ സ്വാബ്‌ ശേഖരിച്ച് കോവിഡ് പരിശോധന നടത്തുന്നതിന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകി. നിലവിൽ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക് ക്യാമ്പസുകളിൽ നടന്നുവരുന്ന ഉമിനീർ സ്വാബ് പരിശോധന അനുമതി ലഭ്യമായതോടെ സംസ്ഥാന വ്യാപകമാക്കും. 

പത്തു മുതൽ ഇരുപത്തിയഞ്ച് സാമ്പിളുകളും വരെ ഒരുമിച്ച് പരിശോധിച്ച് ഫലം നൽകുന്നത് ഇതിലൂടെ സാധ്യമാകും. പൂൾ ടെസ്റ്റ് എന്നാണിതിന് പറയുന്നത്. ടെസ്റ്റ് ചെയ്യുന്ന മുഴുവൻ സാമ്പിളുകളും നെഗറ്റീവ് ആകുന്ന സാഹചര്യത്തിൽ ആ ബാച്ചിന്റെ വ്യക്തിഗത പരിശോധന ആവശ്യമില്ല. എന്നാൽ ,പോസിറ്റീവ് ഫലം ലഭിച്ചാൽ ഓരോരുത്തരുടേതും വെവ്വേറെ പരിശോധിക്കും. പൂൾ ടെസ്റ്റിംഗ് നടത്തുന്നത് ലാബുകളിൽ കൂടുതൽ സാമ്പിളുകൾ വേഗതയോടെ പരിശോധിക്കുന്നതിന് സഹായകമാകും. കോവിഡ് പ്രതിസന്ധിയുടെ തുടക്കകാലത്തു തന്നെ കൃത്യമായ പരിശോധന രോഗവ്യാപനം കുറയ്ക്കുമെന്ന് കണ്ടെത്തിയതാണ്. പരിശോധനയുടെ എണ്ണം രോഗവ്യാപന തോത് കുറയ്ക്കും. ഉമിനീർ സാമ്പിൾ പരിശോധനയ്ക്കുള്ള   എഫ് ഡി എ യുടെ  അനുമതി ആദ്യമേ ലഭിച്ച ന്യൂയോർക്,  ടെസ്റ്റിംഗ് വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. 

നോവവാക്സ് വാക്സിൻ  അവസാന ഘട്ടത്തിലേക്ക്

നോവ വാക്സ് വാക്സിൻ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. വാക്സിൻ നിർമ്മാതാക്കളായ നോവ വാക്സ് കൊറോണ വാക്‌സിന്റെ ടെസ്റ്റിംഗുമായി ബന്ധപ്പെട്ട അന്തിമ ഘട്ടം യു കെ യിൽ തുടങ്ങിയതായും വീണ്ടും വിപുലമായ ട്രയൽ , യു എസ്സിൽ അടുത്ത മാസം ആരംഭത്തിൽ ഉണ്ടാകുമെന്നും വ്യാഴാഴ്ച അറിയിച്ചു. 

വിപണിയിൽ വാക്‌സിൻ വേഗത്തിലെത്തിക്കാൻ ഭരണകൂടം നടത്തിവരുന്ന ഓപ്പറേഷൻ വാർപ് സ്പീഡിന്റെ പിന്തുണയോടെ അന്തിമ ട്രയൽ നടത്തുന്ന അഞ്ചാമത്തെ കമ്പനിയും ലോകത്തിലെ പതിനൊന്നാമനുമാണ് നോവ വാക്സ്. മേരിലാൻഡ് എന്ന കമ്പനിയുടെ ഭാഗമായ നോവ വാക്സ് മുൻപ് വാക്സിൻ വിപണിയിലെത്തിച്ച് പരിചയമില്ലാതിരുന്നിട്ടും ജൂലൈയിൽ പരീക്ഷണാത്മക വാക്സിൻ നിർമ്മാണത്തിനുള്ള 1.6 ബില്യൺ ഡോളറിന്റെ കരാറാണ് സർക്കാരുമായി ഉറപ്പിച്ചത്  . ആദ്യ ഘട്ട ട്രയലുകൾ വിജയകരമായിരുന്നതാണ് കാരണം.   

വാക്‌സിൻ മത്സരത്തിൽ മുൻഗാമികളെ അപേക്ഷിച്ച് മാസങ്ങൾ പിന്നിലാണെങ്കിലും ഇവരുടെവാക്സിന്റെ ഫലത്തെക്കുറിച്ച് നടത്തിയ ആദ്യ പഠനങ്ങൾ കണ്ട് വിദഗ്ദ്ധർ ആവേശത്തിലാണ്.  ഈ വാക്സിനെടുത്ത കുരങ്ങുകൾ മികച്ച രീതിയിലാണ് കോറോണവൈറസിനെ പ്രതിരോധിച്ചത്.  സുരക്ഷാ ട്രയലുകളുടെ ഭാഗമായി വാക്സിൻ നൽകിയ വോളന്റീയർമാരിൽ വൈറസിനെതിരെ പ്രവർത്തിക്കുന്ന ആന്റിബോഡികൾ,ഉയർന്ന അളവിൽ ഉത്പാദിപ്പിക്കപ്പെട്ടെന്നാണ് 'ദി ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ' പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക