Image

പ്രാണമേ ഗാനമനീ.........(നീലീശ്വരം സദാശിവൻകുഞ്ഞി)

Published on 25 September, 2020
പ്രാണമേ ഗാനമനീ.........(നീലീശ്വരം സദാശിവൻകുഞ്ഞി)
'നാദോപാസന ചേസിന വാടനു നീ വാടനു നേ നൈതെ '... ('ദൈവമേ ഞാൻ നിന്റെ വിനീത വിധേയൻ ...നിൻറെ അപദാനങ്ങൾ ഞാൻ പാടിക്കൊണ്ടേയിരിക്കും ") 1980 ൽ റിലീസ് ചെയ്ത ശങ്കരാഭരണം എന്ന ലോക പ്രശസ്ത സിനിമയിലെ 'ശങ്കരാ നാദ സരീര പരാ ' എന്ന ഗാനത്തിന്റെ ഒരു ശകലമാണിത്. ഒരു ശരാശരി മലയാളി ഒരു തെലുങ്കുപദവുമറിഞ്ഞിട്ടല്ല ശങ്കരാഭരണം എന്ന 143 മിനിറ്റ് ദൈർഘ്യമുള്ള ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സിനിമ കണ്ടിരുന്നത് . അതിന്റെ സത്യം മറ്റൊന്നുമായിരുന്നില്ല . അതിലെ സൂപ്പർ ഹിറ്റ് ക്ലാസിക്കൽ ഗാനങ്ങളും , സെമി ക്ലാസ്സിക് ഗാനങ്ങളും തന്നെയായിരുന്നു അവനെ തിയറ്ററിൽ പിടിച്ചിരുത്തിയത്  .മലയാളത്തിന്റെ ഏത് ഗാനോത്സവ വേദികളും അഴകോടെ അലങ്കരിച്ചിരുന്ന ഗാനമാണ് ശങ്കരാഭരണത്തിലെ മധ്യമാവതി  രാഗത്തിലുള്ള  'ശങ്കരാ നാദസരീര പരാ ' എന്ന എസ്. പി. ബി സൂപ്പർ ഹിറ്റ് ഗാനം .

അതെ…. സ്വർഗ്ഗലോകത്തെ ഗാനഗന്ധർവനാകാൻ പ്രിയപ്പെട്ട എസ് .പി .ബാലസുബ്രഹ്മണ്യം നമ്മെ വിട്ടു പോയിരിക്കുന്നു . ഈ സത്യം നമുക്ക് ബോധ്യമാവണമെങ്കിൽ നാം നമ്മെ തന്നെ ഒന്ന് നുള്ളി നോക്കണം .അത്രക്കും ആ വാർത്ത നമ്മളെ മരവിപ്പിച്ചു കളഞ്ഞു  . എസ്. പി. ബി നമ്മെ വിട്ടുപോയി എന്ന വാർത്ത കേൾക്കാതിരിക്കാൻ ടെലിവിഷൻ ഓഫ് ചെയ്തവർ കുറെയേറെ . കേരളത്തിന്റെ പ്രിയ ഗായിക ശ്വേത മോഹൻ ഒരഭിമുഖത്തിൽ പറഞ്ഞു .."ദൈവമുണ്ടോ എന്ന് എനിക്കിപ്പോൾ സംശയമാണ് എന്ന്  " നമുക്ക് സമാധാനിക്കാം അദ്ദേഹം ഈ കടലും മറു കടലും ഭൂമിയും മാനവും കടന്നു പോയത് ഗന്ധർവലോകത്തേക്കാണെന്ന്.

ലാളിത്യത്തിന്റെ ധാരാളിത്തമാണ് എസ് പി ബി എന്ന ആ വലിയ മനുഷ്യന്റെ മുഖമുദ്ര . ഒരിക്കൽ 'ഇളയനിലാ ' എന്ന ഗാനം അദ്ദേഹം പാടാൻ തയ്യാറെടുക്കുന്നു  എസ്. പി. ബി വേദിയിൽ കയറുമ്പോൾ ഒരു ഊർജ്ജപ്രവാഹമെന്നാണ് അടുത്തറിയുന്നവർ പറയുന്നത് പാട്ട്, അതേ  റെക്കോഡിങ് ശ്രുതിയിൽ പാടുകയും വേണം .പുല്ലാംകുഴലിൽ പ്രശസ്തനായ നെപ്പോളിയനാണ് ഇരിക്കുന്നത്. എങ്ങനെയോ നെപ്പോളിയന്‌ ‘ഇളയനില’ ശ്രുതി മാറിപ്പോയി . എസ്. പി. ബി പുല്ലാംകുഴൽ ബിറ്റ് തന്റെ ശബ്ദം കൊണ്ട് അനുകരിച്ചു പാടി . കൂടാതെ നെപ്പോളിയനെകൊണ്ട് വിട്ടുപോയ ഭാഗം വായിപ്പിച്ചു പാടുകയും ചെയ്തു . ഒരു ചെറിയ ചിരിയിലും ഒരു കുഞ്ഞു മൂളലിലും പാട്ടിന്റെ വികാരം ആവോളം കൊണ്ടുവരാൻ കഴിയുന്ന അസാമാന്യ പ്രതിഭയായിരുന്നു എസ്. പി. ബാലസുബ്രഹ്മണ്യം .

തമിഴകത്തിന്റെ സാക്ഷാൽ എം ജി ആർ സഹ നിർമ്മാതാവായ ചിത്രമാണ് 1969 ൽ പുറത്തിറങ്ങിയ അടിമൈപ്പെണ് . അതിൽ എസ്. പി പാടിയ 'ആയിരം നിലാവേ വാ ' എന്ന ഒറ്റ ഗാനം പടത്തിന്റെ വിജയത്തിനും അതോടൊപ്പം എസ് പി ബാലസുബ്രഹ്മണ്യം എന്ന ഗായകനെ തമിഴ് ജനത ഹൃദയത്തിൽ ഏറ്റുവാങ്ങുന്നതിനും കാരണമായി . എസ് .പിയുടെ പനി മാറിയിട്ട്  ഈ ഗാനം പാടിക്കാൻ എം ജി ആർ കാത്തിരുന്നത് എത്ര ദിവസമാണെന്നോ . ഏതാണ്ട് ഒരുമാസം . അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല എന്ന് നമുക്കൊക്കെ അറിയാം . എസ് .പി. ബി യെ തമിഴകത്തിന്റെ ഗാനകോകിലമാക്കിയ പാട്ടായിരുന്നു 'ആയിരം നിലവേ വാ'

ബോളിവുഡ് സിനിമാരംഗത്ത് ഒരു പ്രത്യേകതയുണ്ടായിരുന്നു . സൽമാൻഖാൻ അഭിനയിക്കുന്നുണ്ടോ എങ്കിൽ ഗാനം എസ് പി ബി യുടേതായിരിക്കും .സൽമാന്റെ പ്രണയത്തിന് എസ് പി ബി യുടെ ചേരുവ കൂടിയേ തീരു എന്നതായിരുന്നു എൺപത് /തൊണ്ണൂറുകളിൽ! .പഹ്‌ല പഹ്ല പ്യാർ ഹേ ,ദിൽ ദീവാന , മേനെ പ്യാർ കിയ ,തും സെ  മിൽനെ കി തമന്നാ ഹേ  മുതലായവ മറക്കാൻ മടിക്കുന്ന ചേരുവകളാണ് ..

എസ്. പി. ബി പാട്ടുകൾ പഠിക്കുന്ന ശൈലി സംഗീത സംവിധായകരെ പോലും അമ്പരപ്പിച്ചു ! ഒരുദിവസം 21 പാട്ടുകൾ പാടി റെക്കോഡ് ബുക്കിൽ ഇടം നേടാൻ മറ്റാർക്ക് സാധിക്കും?  കന്നഡ സംഗീത സംവിധായകൻ ഉപേന്ദ്ര കുമാറിന് വേണ്ടിയാണ് എസ് പി പന്ത്രണ്ട് മണിക്കൂറിൽ 21 പാട്ടുകൾ പാടിയത് ഇതുപോലെ തമിഴിൽ 19 പാട്ടുകളും ഹിന്ദിയിൽ 16 പാട്ടുകളും . അവിശ്വസനീയം!! എങ്കിലും വിശ്വസിച്ചേ മതിയാവൂ .

നവമേഘമേ കുളുർ കൊണ്ടുവാ എന്ന് പാടുമ്പോൾ  ഒരു കുളിർ മഴ മലയാളിയുടെ മനസ്സിൽ പെയ്തിറങ്ങിയാൽ അത്ഭുതപ്പെടേണ്ട !.ശ്രുതിഭംഗമില്ലാത്ത ഒരു നാദവിസ്മയം ഒരുതരം വൈകാരികതയിലൂടെ  നമ്മിൽ അലിഞ്ഞലിഞ്ഞിറങ്ങുന്നതാണ് അതിന്റെ കാരണം .

ചേതോഹരമായ താരാപഥമാണ് ആ ഗാനത്തിലൂടെ എസ് പി നൽകിയത് .ചില പാട്ടുകളിൽ പക്ഷി- മൃഗാദി- മനുഷ്യ ശബ്ദങ്ങൾ അദ്ദേഹം അനുകരിച്ചതായി കാണാം. 1974 ലെ അവൾ ഒരു തുടർക്കഥൈ എന്ന സിനിമയിൽ 'കടവുൾ അമൈത് വയ്ത എന്ന ഗാനമുണ്ട് . മലയാളത്തിൽ കളഭചുവരുവച്ച എന്ന് തുടങ്ങുന്നു . മലയാളത്തിൽ പാടിയത് ഭാവഗായകൻ . ഇതിൽ ധാരാളം പക്ഷികളെയും മൃഗങ്ങളെയും അനുകരിക്കേണ്ട ഭാഗങ്ങൾ  എസ്. പി. ബി ചെയ്‌തുകണ്ടത് വിസ്മയിപ്പിച്ചുകളഞ്ഞു സദസ്സിലിരുന്ന ഇളയരാജയെപ്പോലും . എത്രയെത്ര തലമുറയിലെ ഗായികമാരാണ് ഈ വൈകാരിക ശബ്ദത്തോട് ചേർന്നുനിന്ന് പാടിയത്?

മലയാളത്തിൽ ശ്രീകുമാരൻ തമ്പിയുടെ രചനകൾക്കു വേണ്ടിയാണ് അദ്ദേഹം കൂടുതൽ പാടിയത് . ഏതാണ്ട് 5 പാട്ടുകൾ ..’ഈ കടലും മറു കടലും’ ഒത്തിരി ശ്രദ്ധേയമായി . മറ്റ് ഗായകരുടെ ചെറിയ ഇമ്പ്രോവൈസേഷന് പോലും പ്രോത്സാഹനം നൽകുന്ന മനസ്സായിരുന്നു എസ്. പി. ബി യുടേത് .ശാസ്ത്രീയസംഗീതത്തിന്റെ ശുദ്ധത , മെലഡിയുടെ ചാരുത , അടിപൊളിപ്പാട്ടുകളുടെ മേളപ്പെരുമ ..ഇതെല്ലാം ഒരേപോലെ വഴങ്ങിയിരുന്ന ഗായകനാര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു . എസ് പി ബാലസുബ്രഹ്മണ്യം .

ഈ കോവിഡ് കാലഘട്ടത്തിൽ അതിനെതിരെ പ്രതിരോധപ്രവർത്തന തിരക്കിലായിരുന്നു എസ്. പി. ബി .'ഒരുമിച്ചു നിൽക്കേണ്ട സമയം ' എന്നു തുടങ്ങുന്ന   റഫീക് അഹമ്മദിന്റെ കവിത അദ്ദേഹം തന്നെ  ഈണമിട്ട് പാടി . അതിജീവന സഹവർത്തന സഹനം മതി എന്ന് പാടിയ ഗായകൻ അതേ രോഗത്താൽ നമ്മിൽ നിന്നും അകന്നുപോയിരിക്കുന്നു .

കലയുടെ സമസ്ത മേഖലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച് മിന്നിത്തിളങ്ങിയ സൂര്യതേജസ്സാണ് എസ്. പി. ബി . രജനികാന്ത് , കമൽഹാസൻ , സൽമാൻ ,കാർത്തിക് , രഘുവരൻ എന്നിങ്ങനെ അനേകം പേർക്ക് വിവിധ ഭാഷകളിൽ ശബ്ദം നൽകി .ദശാവതാരത്തിൽ കമൽഹാസൻ അവതരിപ്പിച്ച പത്ത് കഥാപാത്രങ്ങളിൽ സ്ത്രീ കഥാപാത്രം ഉൾപ്പെടെ ഏഴ് കഥാപാത്രങ്ങൾക്ക് എസ് പി ബി യുടെ ശബ്‍ദമാണ്

ഏതാണ്ട് 40000 പാട്ടുകൾ പാടിയ ശ്രീ ബാലസുബ്രഹ്മണ്യം ഒരു കലണ്ടർ വര്ഷം 930 പാട്ടുകൾ പാടിയിട്ടുണ്ട് . അതായത് 2 .5 പാട്ടുകൾ ഒരു ദിവസം . ഇത് ഒരു ഗിന്നസ് വേൾഡ് റെക്കോഡാണ് . JNTU വിൽ എൻജിനീയറിങ്ങിനു പഠിക്കുമ്പോൾ വന്ന ഒരു ചെറിയ ടൈഫോയിഡ് കൊണ്ട് അദ്ദേഹത്തിന് പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു .ടൈഫോയിഡിന് നന്ദി .ഒരു മഹാനായ കലാകാരനെ ലോകത്തിന് തന്നതിന് .

ആയിരക്കണക്കിന് ചാരിറ്റി കൺസേർട്ടുകൾ അദ്ദേഹം നടത്തി . 4 ഭാഷകളിലായി 6 ദേശീയ അവാർഡുകൾ ലഭിച്ചു . സാഗരസംഗമം , രുദ്രവീണ , ശങ്കരാഭരണം (തെലുങ്ക് ) മിൻസാരക്കനവ് (തമിഴ് ), ഏക് ദുജെ കേലിയെ (ഹിന്ദി ) സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗവായ് (കന്നഡ ) എന്നിവയാണ് ദേശീയ അവാർഡിന് അർഹമായ ഗാനങ്ങൾ ഉള്ള ചിത്രങ്ങൾ . 72 സിനിമകളിൽ എസ് പി ബി അഭിനയിച്ചു. ഏതാണ്ട് 46 സിനിമകൾക്ക് വേണ്ടി സംഗീത സംവിധാനം ചെയ്തു .

2001 ൽ പത്മശ്രീയും 2011 ൽ പദ്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു . ഡോക്ടറേറ്റ് ഉൾപ്പെടെ ലഭിച്ച അവാർഡുകൾ നിരവധി . പറഞ്ഞാൽ തീരാത്ത വിസ്മയമാണ് അദ്ദേഹം .
ഇന്ന് ശ്രീ എം ജി ശ്രീകുമാർ പറഞ്ഞപോലെ ഒരു പ്രപഞ്ച ഗായകനായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം .അദ്ദേഹം മരിച്ചിട്ടില്ല .ഇവിടെ എല്ലായിടത്തും ഉണ്ട് . അങ്ങിനെയൊക്കെയല്ലേ നമുക്കും വിശ്വസിക്കാനാകൂ .


പ്രാണമേ ഗാനമനീ.........(നീലീശ്വരം സദാശിവൻകുഞ്ഞി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക