Image

കാട്ടാനകള്‍ക്കൊപ്പം സെല്‍ഫിയെടുത്ത യുവാവ് അറസ്റ്റില്‍

Published on 25 September, 2020
കാട്ടാനകള്‍ക്കൊപ്പം സെല്‍ഫിയെടുത്ത യുവാവ് അറസ്റ്റില്‍
പാലപ്പിള്ളി: ചിമ്മിനി റോഡില്‍ വലിയകുളത്ത് ഏഴിലെ പാല്‍പ്പുരയ്ക്ക് സമീപം തോട്ടത്തിലിറങ്ങിയ കാട്ടാനകള്‍ക്കൊപ്പം അപകടകരമായ രീതിയില്‍ സെല്‍ഫിയെടുത്ത വരന്തരപ്പിള്ളി പള്ളിക്കുന്ന് തൈവളപ്പില്‍ വിനേഷിനെ(34) വനപാലകര്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 16നായിരുന്നു സംഭവം. വിനേഷ് സെല്‍ഫിയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. മറ്റൊരാള്‍ ചിത്രീകരിച്ച വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

നിയന്ത്രിത വനമേഖലയില്‍ അതിക്രമിച്ചു കയറല്‍, അനുമതിയില്ലാതെ ഫോട്ടോയെടുക്കല്‍, ഇവ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. 5 വര്‍ഷം വരെ തടവും 5000 രൂപവരെ പിഴയും ഈടാക്കാവുന്ന കുറ്റമാണ് ഇത്.

പാലപ്പിള്ളി, ചിമ്മിനി മേഖലകളില്‍ കാട്ടാനശല്യം രൂക്ഷമായി വരികയാണ്. വിനോദയാത്രികര്‍ അനുമതിയില്ലാതെ ചിമ്മിനി മേഖലയില്‍ പ്രവേശിക്കുന്നതായും ചിത്രമെടുക്കുന്നതിന്റെ പേരില്‍ ആനകളെ പ്രകോപിപ്പിക്കുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു. വരുംദിവസങ്ങളിലും കര്‍ശന പരിശോധനയുണ്ടാകുമെന്ന് പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ പ്രേംഷമീര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക