Image

മായാവിനോദിനിയുടെ വേസ്റ്റ് ബാസ്‌ക്കറ്റ് ( കഥ - സന റബ്‌സ് )

Published on 25 September, 2020
മായാവിനോദിനിയുടെ വേസ്റ്റ്   ബാസ്‌ക്കറ്റ് ( കഥ - സന റബ്‌സ് )
"വിശക്കുന്നുണ്ടോ?"
"ഇല്ല."
"അസുഖം എന്തെങ്കിലും..കരളിനോ..ഹൃദയത്തിനോ.. കിഡ്നിക്കോ ?" 
 ഉത്തരമായി അവൾ വീണ്ടും കരഞ്ഞു കണ്ണുനീരൊഴുക്കി നാലഞ്ച് ടിഷ്യു പേപ്പർ ഒരുമിച്ച് വേസ്റ്റ് ആക്കി!
"ഇല്ല.."
"കാൻസർ...? വയറിലോ.. മുലയിലോ... മൂക്കിലോ... തലയിലോ... ?"
ഈ ചോദ്യം കേട്ട് അവളെന്നെ "ജ്വലിച്ച കൺകൊണ്ടൊരു" നോക്ക് നോക്കി. 
ദൈവമേ ശരിക്കും ഇവൾക്ക് വല്ല അസുഖവും  ആയോ.... ഞാൻ കൊറച്ചൂടെ (ആധിയോടെ) അവളുടെ അടുത്തേക്ക് ചേർന്നിരുന്നു. 
"അല്ല.... പറ....കാൻസർ.."
"പോടാ.... പട്ടീ..."
 അവളൊരാട്ടാട്ടി.
"പിന്നെന്തിനാടീ നീ മോങ്ങുന്നേ... ചാവാൻ കിടക്കും പോലെ... ?" നിയന്ത്രണം വിട്ട് ഞാൻ പൊട്ടിത്തെറിച്ചു. 

ഒഴുകുന്ന കണ്ണുനീർ തുടക്കാൻ മെനക്കെടാതെ അവൾ വീണ്ടും ടിഷ്യു വേസ്റ്റാക്കികൊണ്ടിരുന്നു.
"അവൻ.....അവനെന്നെ വേണ്ടാന്നു പറഞ്ഞു."
ഏങ്ങലടിക്കിടയിലൂടെ അവൾ പറഞ്ഞൊപ്പിച്ചു. 

"ആര്..." പെട്ടെന്ന് ഞാൻ ചോദിച്ചുപോയി. 
 ചോദിച്ചു കഴിഞ്ഞപ്പോൾ വേണ്ടിയിരുന്നില്ല എന്ന് തോന്നി.  കാരണം അവളുടെ ഒരു അഫയറിനെക്കുറിച്ചു നാലുവർഷത്തോളമായി എനിക്കറിയാം.
ഇപ്പോൾ കുറച്ച് കാലമായി രണ്ടുപേരും വഴക്കാണ്. 
വിളിക്കില്ല, വിളിച്ചാൽ എടുക്കില്ല, കാണാൻ മുൻപ് അയാൾ മുൻകൈയെടുത്തിരുന്നു. ഇപ്പോൾ  എപ്പോഴും  എക്സ്ക്യൂസസ്‌ പറഞ്ഞു അയാൾ മായയെ തഴയുന്നു  എന്നവൾക്കു തോന്നുന്നു.
തോന്നലല്ല. അതാണ് സത്യം! നിസ്സാരവൽക്കരിക്കാൻ പലപ്പോഴും നോക്കിയെങ്കിലും അതത്ര നിസ്സാരമല്ല എന്നെനിക്ക്  മനസ്സിലായി.

"നോക്ക് മായാ..ഒരാൾക്ക് നമ്മെ വേണ്ടെങ്കിൽ അടിച്ചേൽപ്പിക്കാൻ പറ്റുമോ ?ആഹാരം പോലും മതിയായാൽ അല്പം പോലും കൂടുതൽ ഇറക്കാൻ പറ്റുമോ ?"

"എനിക്കറിയാം വിനോദ്.. എന്നാലും ആഹാരം പോലെയാണോ ജീവിതം.. ആളുകളെ മാറ്റിമാറ്റിയാണോ നമ്മൾ ജീവിക്കുന്നത് ?"
അവൾ വളരെ സീരിയസ് ആണെന്ന് മുഖം വിളിച്ചറിയിച്ചു. 

"കുറേക്കാലം ഒരാളെ കൊണ്ടുനടക്കുക.. എല്ലാത്തരത്തിലും പരസ്പരം ഇടപഴകി കീഴ്പ്പെടുക... എന്നിട്ടൊരുന്നാൾ വലിച്ചെറിയുക... ഒരു കാരണം പോലും പറയാതെ..."
അവളുടെ മൂക്കടഞ്ഞു ശബ്ദം മാറി. 
ദൈവമേ... ഇനി ഈ പണ്ടാരത്തിനേം കൊണ്ട് ജലദോഷത്തിനും തലവേദനക്കും  ഞാൻ ഡോക്ടറെ കാണിക്കാനും പോകേണ്ടി വരുമോ... ഈ ചിന്തയാൽ ഞാൻ അല്പം നീങ്ങിയിരുന്നു. 
എൻ്റെ ആത്മഗതം കുറച്ചുറക്കെ ആയെന്നു തോന്നുന്നു. അവളെന്നെ പുച്ഛത്തോടെ ഒന്നുനോക്കി എഴുന്നേറ്റു അപ്പുറത്തിരുന്നു.

"ആട്ടെ മായാ.. ഞാനൊന്ന് ചോദിക്കട്ടെ.. നിനക്കയാളിൽ ഏറ്റവും ഇഷ്ടമുള്ള സ്വഭാവം എന്തായിരുന്നു ?"
 അവളൊന്നു ആലോചിച്ചതായി കണ്ടു. 
"ഇഷ്ടം... ആകർഷകമായി സംസാരിക്കുമായിരുന്നു. എന്ത് കാര്യത്തിനും കാര്യകാരണസഹിതം  വിശദീകരണം ഉണ്ടാകും... എന്റെ കൊച്ച് കാര്യങ്ങൾ പോലും ശ്രദ്ധിക്കുമായിരുന്നു."

"കൊച്ച് കാര്യങ്ങൾ.... ഒന്ന് വിശദീകരിക്കാമോ..."
 ഞാൻ ചോദിച്ചു. 

"ഉദാഹരണം..ഞാൻ ചുമച്ചാൽ പെട്ടെന്ന് വേവലാതിയോടെ ചുക്ക് കാപ്പി കഴിക്കൂ.. തല തോർത്തിയില്ലേ എന്നൊക്കെ ചോദിക്കും.. ട്രെയിനിൽ കേറുമ്പോൾ വാതിലിനടുത്തൊന്നും നിൽക്കല്ലേ എന്നൊക്കെ പറയും.  ഭക്ഷണം കഴിക്കാൻ വൈകിയാൽ കഴിക്കാൻ പറഞ്ഞു വഴക്കുണ്ടാക്കും..അങ്ങനെ..."

"ശരി...അയാൾ കാഴ്ച്ചയിൽ എങ്ങനെയാണ് ?  ഐ മീൻ…. നിനക്ക് ഇഷ്ടം കൂടുതൽ തോന്നാൻ ?"

"ഹി ഈസ് ഹാൻസം.. കണ്ണുകൾ തിളങ്ങി... നോട്ടം വളരെ ഡീപ് ആണ്. കൈ കുടഞ്ഞു വീശി  തലയെടുപ്പോടെ നടക്കും. ആകർഷകമായി ഡ്രസ്സ്‌ ചെയ്യും." മായ പറഞ്ഞിട്ടു എൻ്റെ മുഖത്തേക്ക് നോക്കി. 

"ഉം.. ഇപ്പോൾ വിളിക്കാതെയാകുമ്പോൾ അയാളുടെ സ്വരം, കൊഞ്ചൽ, സാമീപ്യം എല്ലാം നീ മിസ്സ്‌ ചെയ്യുന്നു അല്ലെ ?"

മായ തലകുനിച്ചു. 

"നിങ്ങൾ എന്തിനു പിരിഞ്ഞു എന്നുഞാൻ ചോദിക്കുന്നില്ല മായാ.. എല്ലാം ഒരേ കാരണങ്ങൾ ആകാം.. അയാൾക്ക്‌ മടുത്തിരിക്കാം.  സ്നേഹത്തിന്റെ ഹൃദയാവകാശം അയാൾക്കറിയില്ലായിരിക്കും.  നീ മാത്രമേയുള്ളൂ അയാളുടെ ലൈഫിൽ എന്ന് അയാളുടെ സംസാരത്തിൽ മുൻപേ  ആകൃഷ്ടയായ നിന്നെ വിശ്വസിപ്പിക്കാൻ നിഷ്പ്രയാസം അയാൾക്ക്‌ കഴിഞ്ഞിരിക്കാം. ശരാശരി ബുദ്ധിക്കു മേലെയുള്ള പെൺകുട്ടികൾ പോലും ഇത്തരം കാര്യങ്ങളിൽ ചിന്തിക്കുകയില്ല." ഞാൻ ഒന്ന് നിറുത്തി. 
"ഒരു മനുഷ്യനെ നമുക്കു തുരന്നുനോക്കി പരിശോധിക്കാൻ കഴിയില്ല. നിന്നോട് നിന്റെ അമ്മയോ വീട്ടുകാരോ തണുത്ത വെള്ളത്തിൽ കുളിക്കല്ലേ മഞ്ഞുള്ളപ്പോൾ തല തുറന്നിടല്ലേ നല്ല വെയിലത്ത്‌ ഇറങ്ങല്ലേ എന്നൊക്കെ പറയുമ്പോൾ നീയത് എങ്ങനെയാണു കേട്ടത് ? അവർക്കില്ലാത്ത കരുതൽ അയാൾക്കുണ്ടെന്നു തല തോർത്തിയില്ലേ എന്ന വാചകത്തിൽ നിന്നു നിനക്കെങ്ങനെ കിട്ടി ?"

മായ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു. 
ഞാൻ ചിരിച്ചു. 

"ഒരു മനുഷ്യന്റെ ശാരീരിക സ്പേസിലേക്കു കടക്കുന്ന മറ്റൊരു മനുഷ്യനോട് കൂടുതൽ അടുപ്പവും അവർ പറയുന്ന വാചകങ്ങൾക്കു തൂക്കവും കൂടും മായാ.. നിന്നോട് സ്നേഹവും കരുതലുമുള്ള വീട്ടുകാരേക്കാൾ നിനക്ക് അയാളുടെ "കരുതൽ" കൂടുതൽ തോന്നിയത് അതുകൊണ്ടാണ്. 
എന്താണ്‌ മറ്റുള്ള ആണുങ്ങളേക്കാൾ കൂടുതൽ നീ അയാളിൽ കണ്ടത് ?
തിളങ്ങുന്ന കണ്ണുകളോടെ നിന്നെ നോക്കി എന്നോ?"
ചുവന്ന ചുണ്ടുകളോടെ നിന്നെ ഉമ്മ വെച്ചു എന്നോ?"

"നീയെന്തും പറഞ്ഞോ വിനോദ്... എനിക്കാണല്ലോ നഷ്ടങ്ങൾ...."
 അവളപ്പോൾ കണ്ണുനിറയ്ക്കാതെ കരയുകയായിരുന്നു. 

"എന്താണ്‌ നിന്റെ നഷ്ടം ? അയാളുമായുള്ള സ്വപ്‌നങ്ങൾ ? ശാരീരിക ബന്ധം ? അയാളുടെ മധുരം പുരട്ടിയ വാക്കുകൾ ? SMS…..
നീ വണ്ടിയിൽ നിന്നു വീണെന്ന് കരുതുക. അയാൾ നോക്കുമോ നിന്നെ?  ആരാണ് ഓടി വരിക?  വീട്ടുകാരോ അതോ അയാളോ?"

മായ പകച്ചുകൊണ്ടു എൻ്റെ മുഖത്തേക്ക് നോക്കി. 

" നിന്റെ കാര്യങ്ങൾ നേരമില്ല എന്നു നീ തന്നെ പറയുന്ന നിന്റെ ബന്ധുക്കൾ ആയിരിക്കും നിനക്കൊരു ആപത്തു വന്നാൽ ആദ്യം ഓടി വരിക. അയാൾ വരുമായിരിക്കും ആശുപത്രിയിൽ, ജസ്റ്റ് ഒരു വിസിറ്റർ മാത്രമായി. നിനക്കും തിരിച്ചും അത്രയല്ലേ പറ്റൂ…? 

"നീ ഇപ്പോൾ പറഞ്ഞ 'മിസ്സിംഗ്‌'.... അതെല്ലാം അയാൾക്കും നഷ്ടപ്പെട്ടു മായാ.. നീയുമായുള്ള ജീവിതം.. So  called  "ജീവിതം"... നിന്റെ സാമീപ്യവും സ്നേഹവും സെക്സും അയാളെ സന്തോഷിപ്പിച്ചെങ്കിൽ നിങ്ങൾ പിരിയുന്നതോടെ അതെല്ലാം അയാൾക്കും നഷ്ടപ്പെട്ടെന്നു നിനക്കറിയില്ലേ?   ആ നഷ്ടങ്ങൾ അയാൾക്ക്‌ ഫീൽ  ചെയ്യാത്തിടത്തോളം നീയും ഫ്രീയാവണം. നിന്നെ അയാൾ "ഉപയോഗിച്ച"പോലെ അയാളെ നീയും ഉപയോഗിച്ചല്ലോ... നിനക്ക് മാത്രമായി ഒന്നും പോയില്ല. അയാളെ നീയും കണ്ടു. കേട്ടു. അറിഞ്ഞു. അയാൾക്കും അയാളെ നഷ്ടപ്പെട്ടു."

മായ ശ്വാസമെടുക്കുന്നതു കേൾക്കാമായിരുന്നു. 

"നിനക്കറിയാമോ നമുക്ക് കാഴ്ചയും തലമുടിക്ക് മിനുപ്പും തരുന്ന വിറ്റാമിൻ ഏതൊക്കെ എന്ന്? "

നീ പച്ചക്കറി വാങ്ങാൻ പോകുവാണോ എന്ന അർത്ഥത്തിൽ അവളൊരു ലോഡ് പുച്ഛം എൻ്റെ മുഖത്തേക്കിട്ടു
"ചെറുപ്പത്തിൽ വിറ്റാമിൻ കൂടിയ ആഹാരം കഴിക്കുന്നവരുടെ കണ്ണുകൾ തിളങ്ങും. ഗ്രോത്ത്‌  ഹോർമോൺ ആരോഗ്യകരമായിരിക്കും. അത്  അളവിൽ കൂടുതൽ കഴിച്ച ഒരു പുരുഷനെ നീ കണ്ടു. അതാണോ നിന്നെ ഭ്രമിപ്പിച്ചത് ?  ആഹാരം കഴിക്കുന്നതനുസരിച്ചു ബുദ്ധിയും വിവേകവും ഇല്ലാതെ സ്നേഹത്തിൽ അല്ലാതെ ഭോഗിക്കാൻ വന്ന ഒരു 
"വെറും പച്ചക്കറി" -- വെജിറ്റബിൾ പീസ് ആണയാൾ എന്ന് നിനക്ക് മനസ്സിലാക്കിക്കൂടെ മായാ..? ആകാരവും വികാരവും മാത്രമുള്ളവൻ!
പച്ചക്കറികൾ ചീയും കുട്ടീ.. അവയ്ക്കു കൂടുതലിരിക്കാനുള്ള ശേഷിയില്ല."

 മായ ദീർഘമായി ഒന്ന് നിശ്വസിച്ചു.  ഇപ്പോഴവൾ കരയുന്നില്ലായിരുന്നു. 

"നിനക്ക് പറ്റിയ നഷ്ടവും വേദനയും ഞാൻ നിസ്സാരമാക്കുന്നില്ല. പക്ഷേ  നിന്നെ വേണ്ടാത്തവരെ ഇന്നലെയെ വേണ്ടന്നു പറയാൻ മാത്രം നീ വളരണം. നിങ്ങളുടെ ഫോട്ടോസ്  ഉണ്ടോ അയാളുടെ കയ്യിൽ ?"
"ഇല്ല..." 
"മിടുക്കി…. വെരി ഗുഡ്"
" അതെന്റെ മിടുക്കല്ല വിനോദ്,  അയാൾ ഫോട്ടോ എടുക്കാനൊന്നും സമ്മതിക്കില്ലായിരുന്നു."

ഞാൻ പൊട്ടിച്ചിരിച്ചു. എന്റെ ചിരി ചെറിയൊരു അട്ടഹാസമായോ എന്നൊരു സംശയം ഇല്ലാതില്ല. മായ അരിശത്തോടെ എന്നെ അടിച്ചു. 

" ഹഹഹ…. ഏയ്‌… ഡോണ്ട് മിസ്റ്റേകൻ മി…. എനിക്കു കണ്ട്രോൾ ചെയ്യാൻ ആവുന്നില്ല.
ഒരു ഫോട്ടോ എടുക്കാൻ സമ്മതിക്കാത്ത ബോയ് ഫ്രണ്ട്! ഇതിൽനിന്നും നീ എന്തു മനസിലാക്കുന്നു?"

" ഫോട്ടോ എടുത്തു എങ്ങനെയെങ്കിലും ലീക് ആയാലോ എന്നൊരു മുൻകരുതൽ ആയിരിക്കാം…."

"യെസ്, നല്ലതാണ്. ഇന്നത്തെ കാലത്ത് എല്ലാം മൊബൈലിൽ പകർത്തുന്ന ബന്ധങ്ങളേക്കാൾ എല്ലാംകൊണ്ടും നല്ലതാണ്. റിയലി ഗ്രേറ്റ്‌"

"എന്ത് ഗ്രേറ്റ്‌? ഞാൻ അതുംകൊണ്ട് അയാളെ ബ്ലാക് മെയിൽ ചെയ്യുമെന്ന് കരുതിയായിരിക്കും" അവൾ ചുണ്ടു കോട്ടി. 

"ഓഹോ… അത്രയൊക്കെ ചിന്തിക്കാൻ നിനക്ക് തലച്ചോറുണ്ടോ…" എന്റെ ചുണ്ടും കോടി. 

"ശരി,  ഇനി ഫോട്ടോ പോലുള്ള എന്തെങ്കിലും ഉണ്ടായാലും   അതൊരു സ്നേഹത്തിന്റെ ബാലൻസ്ഷീറ്റിലെ ടാലിയാവാത്ത കണക്കെന്നു കരുതി മറന്നേക്കുക... മനസ്സിലായോ... എന്നിട്ട് കൈകൾ കുടഞ്ഞു നീയും നടക്കുക.. നീ മായയല്ലേ... എല്ലാം മായയാണല്ലോ...ചിലതൊക്കെ മനപ്പൂർവം വിനോദത്തിന്റെ കുട്ടയിലേക്കു തള്ളണം. ദാ.. ഈ ടിഷ്യു പേപ്പർ പോലെ."

അല്പം നാടകീയമായി തന്നെ പറഞ്ഞവസാനിപ്പിച്ചപ്പോൾ മായ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. 

"പിന്നൊരു കാര്യം…." ഞാൻ തുടർന്നപ്പോൾ എഴുനേൽക്കാൻ തുടങ്ങിയ മായ ഇരുന്നു. 

"എന്താ…?"

"ഇനി വല്ലപ്പോഴും പഴയ ഫോട്ടോയോ വീഡിയോയോ കാണിച്ചു അയാൾ ഇങ്ങോട്ടു വന്നെന്നിരിക്കട്ടെ… ഓടിപ്പോയി ആത്മഹത്യ ചെയ്യാനൊന്നും നിൽക്കേണ്ട. മഹാ ബോറാണ് കണ്ണും നാവും തുറിച്ചു തൂങ്ങി കിടക്കുന്നത്."

അവളുടെ കണ്ണുകൾ കത്തി. 

"കത്തിയിട്ട് കാര്യമില്ല. ഒരു ഫോട്ടോയോ വീഡിയോയോ നെറ്റിൽ വ്യാപിച്ചാൽ സ്‌ക്രീനിൽ അല്ലേ അത് കാണുന്നുള്ളൂ. അല്ലാതെ നിന്നെ തൊടാനും മറ്റു ഏടാകൂടത്തിനും കാണുന്നവർക്കു കഴിയില്ലല്ലോ. ബോൾഡ് ആയി ഒരു ഫേസ്ബുക് ലൈവ് ഇട്ടിട്ടു പറയണം. മക്കളേ നിങ്ങൾ കണ്ട് ആസ്വദിച്ചോ. അത് കണ്ടെന്നു കരുതി അതിട്ടവന്റെയും പിന്നെ നിങ്ങളുടെയും പൂതി നടപ്പില്ല. കഴുതകൾ കാമം  കണ്ടങ്ങു തീർത്തോളുക എന്ന്. കമോൺഡ്രാ…. എന്ന്….  ന്തേ… "

പുറത്തോട്ടു ചാടിയ ഒരു ചിരി മായ പെട്ടെന്ന് അടക്കി. 

"അപ്പൊ പോകുവല്ലേ..." എഴുന്നേൽക്കുമ്പോൾ മായ ചോദിച്ചു. 

"എങ്ങോട്ട് ?" ഞാൻ ഒന്ന് സംശയിച്ചു. 

"അല്ല.. കൊറച്ച് കാരറ്റ് വാങ്ങാൻ... ന്റെ കണ്ണൊന്നു കൂടി തിളക്കം വെപ്പിക്കണം. എന്നാലേ ഏതു തിളക്കത്തിലും കൂടുതൽ ന്റെ കണ്ണ് മുന്നിലെന്ന് തോന്നൂ.. അപ്പൊ ആര് നോക്കിയാലും വീഴണ്ടല്ലോ... "
മായ  നനുക്കെ ചിരിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക