Image

മാലാഖമാർ (ചെറുകഥ: സാംജീവ്)

Published on 25 September, 2020
മാലാഖമാർ (ചെറുകഥ: സാംജീവ്)
 പിള്ളേച്ചൻ പറഞ്ഞ കഥയാണിത്.
പിള്ളേച്ചൻ എന്റെ സ്നേഹിതനാണ്, ധനാഢ്യനാണ്, വലിയ ബിസിനസ്സുകാരനാണ്. വീട്ടിൽ കാറും ഡ്രൈവറുമൊക്കെയുണ്ടെങ്കിലും ഇത്തവണ യാത്ര ട്രയിനിലാക്കാമെന്ന് അദ്ദേഹം തീരുമാനിച്ചു. കൊല്ലത്തുനിന്ന് കൊച്ചിയിലേയ്ക്ക് അതിവേഗ ട്രയിനുകൾ പലതുണ്ട്.  ജൻ ശതാബ്ദിയാണെങ്കിൽ രണ്ടരമണിക്കൂർ മതി കൊല്ലത്തുനിന്ന് കൊച്ചിയിലെത്താൻ. നാഷനൽ ഹൈവേയിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടുകയുമാവാം.
എറണാകുളം റയിൽവേസ്റ്റേഷനിൽ കൊല്ലത്തേയ്ക്കുള്ള ട്രയിൻ കാത്തിരിക്കുകയാണ് പിള്ളേച്ചൻ. അല്പം ശരീരക്ഷീണം അനുഭവപ്പെടുന്നതുപോലെ തോന്നി. ഒരു എഴുപതുകാരനുണ്ടാവുന്ന ശാരീരികാസ്വാസ്ഥ്യങ്ങളൊന്നും പിള്ളേച്ചനില്ല. പ്രമേഹമില്ല, രക്തസമ്മർദ്ദമില്ല. എന്നും നാലഞ്ചു മൈൽ നടക്കും. യോഗാഭ്യാസം ചെയ്യും. ക്രമീകൃതമായ ഭക്ഷണമാണ് കഴിക്കാറുള്ളത്. പിന്നെന്തേ പെട്ടെന്നൊരു അസ്വസ്ഥത തോന്നാൻ കാരണം?
റയിൽവേ പ്ലാറ്റുഫോമിലെ സിമന്റുബഞ്ചിൽ അല്പനേരം ഇരുന്നാൽ തീരുന്ന ആലസ്യമേയുള്ളുവെന്നുതോന്നി. ഇരുന്നുകഴിഞ്ഞപ്പോൾ കിടക്കണമെന്നുതോന്നി. പെട്ടെന്ന് ശരീരം വിയർത്തു. പരദാഹം അനുഭവപ്പെട്ടു.
സിമന്റുബഞ്ചിൽ കിടന്നുവിറയ്ക്കുന്ന പിള്ളേച്ചനെ ഗൗനിക്കാതെ യാത്രക്കാർ അവരവരുടെ ലക്ഷ്യങ്ങളിലേയ്ക്ക് യാത്രയായി. ആർക്കും മറ്റൊരുവന്റെ കാര്യം ശ്രദ്ധിക്കുവാൻ സമയമില്ല. ആൾക്കൂട്ടത്തിനുനടുവിൽ തികഞ്ഞ ഏകാന്തത അനുഭവപ്പെട്ടു. ആരെങ്കിലുമൊന്നു സഹായിച്ചിരുന്നുവെങ്കിൽ! ജലപാനത്തിനുവേണ്ടി മനസ്സ് കൊതിച്ചു. ആരോടു ചോദിക്കാൻ? ആരു കൊടുക്കാൻ?
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പണത്തിനും പദവികൾക്കും എന്താണു പ്രസക്തി? ഒരുപക്ഷേ ഒരു യാചകനെപ്പോലെ റയിൽവേസ്റ്റേഷന്റെ സിമന്റുബഞ്ചിൽ കിടന്ന് അന്ത്യശ്വാസം വലിക്കാനാണോ അദ്ദേഹത്തിന്റെ വിധി!
ആരെങ്കിലും സഹായിക്കാതിരിക്കില്ല. തൊട്ടടുത്തുകൂടി പോകുന്ന ചിലരൊക്കെ തിരിഞ്ഞുനോക്കുന്നുണ്ട്. പക്ഷേ ആരും സഹായഹസ്തവുമായി മുമ്പോട്ടു വരുന്നില്ല. ചിലർ അരികെവന്ന് നോക്കുന്നതുപോലെ തോന്നി. ഒരുപക്ഷേ പിള്ളേച്ചന്റെ പോക്കറ്റിൽ തിരുകിവച്ചിരുന്ന സെല്ലുലർഫോണും കൈയിൽ കെട്ടിയിരുന്ന വിലകൂടിയ വാച്ചും തട്ടിയെടുക്കാനാണോ ചിലരുടെയെങ്കിലും ഭാവം?

ഫോർഡുമോട്ടോർ കമ്പനിയുടെ സ്ഥാപകനായ ഹെൻറി ഫോർഡിന്റെ ജീവാന്ത്യത്തെപ്പറ്റി കേട്ടിട്ടുണ്ട്. അമേരിക്കയിലെ ഡിട്രോയിറ്റിലാണ് സംഭവം. അദ്ദേഹത്തിന്റെ ഭവനം ഒരു കൊട്ടാരമാണ്. ഇന്ന് ഫോർഡിന്റെ ഭവനം ഒരു മ്യൂസിയമാണ്. സമീപസ്ഥമായ റൂജ്നദിയിൽ ഒരു ചെറിയ അണക്കെട്ടുണ്ടാക്കി വെള്ളം തിരിച്ചുവിട്ട് വീടിനോടുചേർന്ന പൗവ്വർഹൌസ് പ്രവർത്തിപ്പിക്കുന്നു, ഫോർഡിന്റെ ഭവനത്തിനുവേണ്ടിമാത്രം. അമേരിക്കൻ പ്രസിഡന്റ് ഹെർബർട്ട് ഹൂവറിന് ആതിഥ്യമരുളിയ ഭവനമാണത്. ഡിട്രോയിറ്റുപട്ടണത്തിലെ ഏറ്റവും മുന്തിയ ആശുപത്രി ഫോർഡിന്റെ സംഭാവനയാണ്.
യാത്രയിലായിരുന്ന ഫോർഡ് സ്വഭവനത്തിൽ തിരിച്ചെത്തിയിട്ട് മണിക്കൂറുകൾ കഴിഞ്ഞില്ല. പക്ഷേ ആ കാളരാത്രിയിൽ അതു സംഭവിച്ചു. പേമാരി പെയ്തു. കൊടുങ്കാറ്റടിച്ചു. റൂജ്നദി കരകവിഞ്ഞൊഴുകി. പൗവ്വർഹൌസ് പ്രളയത്തിൽ മുങ്ങി, പ്രവർത്തനം നിലച്ചു. കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകി വീണു. ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ട ഹെൻറി ഫോർഡ് സ്വന്തം ഡാക്ടറെ കൊണ്ടുവരാൻ കാറയച്ചു. പക്ഷേ മരങ്ങൾ കടപുഴകിവീണ റോഡുകൾ ഗതാഗതയോഗ്യമല്ലാതായിത്തീർന്നിരുന്നു. ഒരു മെഴുകുതിരിനാളത്തിന്റെ മങ്ങിയ വെളിച്ചത്തിൽ വൈദ്യസഹായം ലഭിക്കാതെ ആ മഹാരഥൻ ഈ ലോകത്തോട് യാത്രപറഞ്ഞു.
സ്വന്തമായി ഒരു ആശുപത്രിയുള്ള മനുഷ്യന് നിർണ്ണായകദിനത്തിൽ വൈദ്യസഹായം ലഭിച്ചില്ല!
അമേരിക്കയ്ക്കും ലോകത്തിനും കാറുണ്ടാക്കിക്കൊടുത്ത മഹാന് അന്ത്യദിനത്തിൽ കാറിന്റെ സേവനം ലഭ്യമല്ലാതെവന്നു!
സ്വന്തം ഭവനത്തിനുവേണ്ടി ഒരു വൈദ്യുതനിലയം പണിതുണ്ടാക്കിയ കോടീശ്വരൻ മെഴുകുതിരിവെളിച്ചത്തിൽ അന്ത്യശ്വാസം വലിച്ചു!
ഇതാണ് വിധി! വിധിയുടെ വിധിത്സിതങ്ങൾ എന്ന് ചങ്ങമ്പുഴ മദിരോത്സവത്തിൽ പാടിയിട്ടുണ്ട്. പിള്ളേച്ചൻ കഥ പറഞ്ഞപ്പോൾ ഞൻ ചങ്ങമ്പുഴക്കവിതയും ഫോർഡിന്റെ ചരിത്രവും ഓർത്തു പോയി.

ഒരു റയിൽവേ പോലീസുദ്യോഗസ്ഥൻ കടന്നുവന്നു. കേരളാ പോലീസല്ലേ, അയാളുടെ ചോദ്യം പരുഷമായിരുന്നു.
“എന്താ മൂപ്പീന്നേ? ഇന്നു വെള്ളം കൂടുതൽ അടിച്ചോ?”
മറുപടി ഒന്നും പറഞ്ഞില്ല. സംസാരശേഷി നഷ്ടപ്പെട്ടിരുന്നു.
പെട്ടെന്ന് രണ്ടു സ്ത്രീകൾ പിള്ളേച്ചൻ കിടന്നിരുന്ന സിമന്റുബഞ്ചിനടുത്തേയ്ക്കു നടന്നുവന്നു. ഒരാൾ ഒരു യുവതിയാണ്; അപര മദ്ധ്യവയസ്ക്കയും. അമ്മയും മകളുമാണെന്നു തോന്നി. കുലീനത്തം സ്ഫുരിക്കുന്ന മുഖശ്രീയുള്ള മദ്ധ്യവയസ്ക്ക പുടവയും നേര്യതും ധരിച്ചിരുന്നു; യുവതി സാരിയും.. മദ്ധ്യവയസ്ക്ക പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു.
“ഞങ്ങൾക്ക് ഈ സാറിനെ അറിയാം. കൊല്ലത്തുകാരനാണ്. ഞങ്ങൾ അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ഒരിക്കൽ പോയിട്ടുണ്ട്. കൊല്ലത്തേയ്ക്കുള്ള ട്രയിൻ വരാറായല്ലോ. സാർ ഒന്നു സഹായിച്ചാൽ നമുക്ക് ഈ സാറിനെ വണ്ടിയിൽ കയറ്റാം.”
പോലീസുകാരനും സ്ത്രീകൾ രണ്ടുപേരുംകൂടി പിള്ളേച്ചനെ തീവണ്ടിയിൽ കയറ്റി. മദ്ധ്യവയസ്ക്കയുടെ നിർദ്ദേശപ്രകാരം യുവതി പിള്ളേച്ചന്റെ അടുത്തിരുന്നു കൈകാലുകൾ തടവി ചൂടാക്കിക്കൊണ്ടിരുന്നു. ആലപ്പുഴ റയിൽവേസ്റ്റേഷനിൽ എത്തിയപ്പോഴേയ്ക്കും പിള്ളേച്ചൻ തീർത്തും അവശനായിക്കഴിഞ്ഞിരുന്നു. മദ്ധ്യവയസ്ക്കയായ സ്ത്രീ ഓടി റയിൽവേ ഉദ്യോഗസ്ഥന്മാരെ വിവരമറിയിച്ചു. അവർ വന്ന് സ്ഥിതിഗതികൾ കണ്ടറിഞ്ഞു. ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രിയിലേയ്ക്കു പിള്ളേച്ചനെ മാറ്റാൻ തീരുമാനിച്ചു. അത്ഭുതമെന്നു പറയട്ടെ, ആ സ്ത്രീകൾ രണ്ടുപേരുംകൂടി പിള്ളേച്ചനൊപ്പം ആശുപത്രിയിലേയ്ക്കു പോയി. യുവതി ഓടിച്ചെന്ന് പുതിയ മുണ്ടും ഷർട്ടും വാങ്ങിക്കൊണ്ടുവന്നു. മലമൂത്രവിസർജ്ജ്യങ്ങൾകൊണ്ട് മലിനമായ വസ്ത്രങ്ങൾ മാറാൻ അവർ സഹായിച്ചു.

ആരാണീ സ്ത്രീകൾ? ഒരിക്കലെങ്കിലും അവരെ കണ്ടതായി പിള്ളേച്ചൻ ഓർക്കുന്നില്ല. നന്ദിനിറഞ്ഞ ഹൃദയത്തോടെ പിള്ളേച്ചൻ അവരെ നോക്കി.
“നിങ്ങൾ ആരാണ്?
നിങ്ങൾ എനിക്കുവേണ്ടി ഇത്ര ബുദ്ധിമുട്ടാൻ എന്താണ് കാര്യം?
നിങ്ങൾ ഭവനത്തിൽ തക്കസമയത്ത് ചെല്ലാതിരുന്നാൽ വീട്ടുകാർ വിഷമിക്കില്ലേ?”
ചോദ്യങ്ങൾ പലതായിരുന്നു. ശ്രീ നിറഞ്ഞ പുഞ്ചിരിയായിരുന്നു എല്ലാ ചോദ്യങ്ങൾക്കും ഉത്തരം.
ഒടുവിൽ മദ്ധ്യവയസ്ക്ക പറഞ്ഞു.
“ഞങ്ങൾ നിങ്ങളുടെ വീടിന് അടുത്തുതന്നെ താമസിക്കുന്നവരാണ്, കൊല്ലം പട്ടണത്തിൽ.”
“കൊല്ലം പട്ടണത്തിലെവിടെ?”
പിള്ളേച്ചൻ ഉദ്വേഗഭരിതനായി.
അവർ കരയും മേൽവിലാസവും നല്കി.
“ഓണാട്ടുകരമുറിയിൽ മാമംഗലത്തുതറവാട്ടിൽ താമസിക്കുന്ന സഹോദരിമാരാണ് ഞങ്ങൾ. അതല്ലല്ലോ പ്രധാനം. സാറിന് സൗഖ്യം പ്രാപിച്ച് ഭവനത്തിലേയ്ക്കു മടങ്ങണം. ഞങ്ങൾ വെറും മനുഷ്യത്വമല്ലേ കാാട്ടിയത്?”
“മനുഷ്യത്വമല്ല ദൈവികത്വമാണ് നിങ്ങളുടെ പ്രവർത്തിയിൽ ഞാൻ കണ്ടത്.” പിള്ളേച്ചൻ പറഞ്ഞു.
സ്ത്രീകൾ പരസ്പരം നോക്കി. അവരുടെ മുഖത്ത് മിന്നിയ തേജസ്സ് പിള്ളേച്ചൻ ശ്രദ്ധിച്ചു.

വിവരമറിഞ്ഞ് പിള്ളേച്ചന്റെ വീട്ടുകാർ ആശുപത്രിയിൽ പറന്നെത്തി. അവർ വരുന്നതിനു തൊട്ടുമുമ്പ് മദ്ധ്യവയസ്ക്കയായ സ്ത്രീ പറഞ്ഞു.
“സാറിനു വളരെ സൗഖ്യമുണ്ടിപ്പോൾ. സാറിന്റെ വീട്ടുകാർ ഇപ്പോഴെത്തും. ഞങ്ങൾക്കും പോകാൻ സമയമായി. ഇനി വൈകിയാൽ സമയം തെറ്റും എന്നാൽ ഞങ്ങളിറങ്ങട്ടെ.”
പെട്ടെന്ന് ശ്രീത്വം തുളുമ്പുന്ന പുഞ്ചിരിയോടെ ആ സഹോദരിമാർ അവരുടെ ബാഗുമെടുത്ത് കൈകൾവീശി അപ്രത്യക്ഷരായി. പിള്ളേച്ചന് അവരെ ചില നിമിഷങ്ങൾകൂടി പിടിച്ചു നിറുത്താൻ കഴിഞ്ഞില്ല.

പിള്ളേച്ചൻ കഥ പറഞ്ഞുനിറുത്തിയപ്പോൾ ആ മാലാഖമാരെ ഒന്നു നേരിൽ കാണണമെന്നെനിക്കു തോന്നി. പിള്ളേച്ചൻ തന്ന മേൽവിലാസവുമായി ഞാൻ കൊല്ലം പട്ടണത്തിൽ ഓണാട്ടുകരപകുതിയിൽ മാമംഗലം തറവാടിനുവേണ്ടി പരതി. ശ്രീത്വം തുളുമ്പുന്ന സഹോദരിമാരെ തേടി ഞാൻ ചിലദിവസങ്ങൾ ചെലവഴിച്ചു. വില്ലേജാപ്പീസിലും മുനിസിപ്പാലിറ്റിയിലും അന്വേഷിച്ചു. അവരുടെ റിക്കാർഡുകളിൽ മാമംഗലം തറവാടുണ്ടായിരുന്നില്ല.

തലമുറകൾക്കുമുമ്പ് അന്യംനിന്ന് അപ്രത്യക്ഷമായ ഒരു മാമംഗലം തറവാടിനെപ്പറ്റി കുട്ടിക്കാലത്തൊരിക്കൽ പിള്ളേച്ചന്റെ മുത്തച്ഛൻ പറഞ്ഞത് മങ്ങിയ ഓർമ്മകളിൽ നിന്നും പിള്ളേച്ചൻ ചികഞ്ഞെടുത്തു. അദ്ദേഹത്തിന്റെ അകന്ന ചാർച്ചയിൽ പെട്ടതായിരുന്നു മാമംഗലം തറവാട്.

പക്ഷേ ആരാണ് ശ്രിത്വം തുളുമ്പുന്ന മുഖമുള്ള ഈ സഹോദരിമാർ?
നയനാതീതമായ ആത്മലോകത്തുനിന്നും സഹായഹസ്തവുമായി വന്ന ബന്ധുക്കളാണോ?
പക്ഷേ, ഈശ്വരൻ അയച്ച മാലാഖമാരായിരിക്കുമോ?
ഉത്തരം കിട്ടാത്ത ഒരു സമസ്യയായി അതവശേഷിക്കുന്നു.
Join WhatsApp News
Sudhir Panikkaveetil 2020-09-25 12:39:53
ചില കഥകൾ വായിക്കുമ്പോൾ നമുക്ക് തോന്നും ഏയ് ഇങ്ങനെയൊക്കെ സംഭവിക്കുമോ? ചിലത് വായിച്ചാൽ കഥായാണോ എഴുത്തുകാരന്റെ ദുസ്വപനം വാക്കുകളായി ചിന്നി ചിതറിയതാണോ? അതിനെ ആധുനിക എന്ന് പറയുമെത്രെ. സർ സംജീവ് എഴുത്തിൽ മിതത്വം പാലിക്കുന്നു. അതിഭാവുകത്വത്തിന്റെ പിടി വിട്ട് സാധാരണതയിലേക്ക് ഇറങ്ങി വരുന്നു അദ്ദേഹം. മിറാക്കിൾസ് ജീവിതത്തിൽ സംഭവിക്കും. കാരണമറിയാത്ത മനുഷ്യൻ അവന്റെ വ്യാഖാനങ്ങൾ അതിനു നൽകുന്നു. അത് ഒരു കഥയാക്കാൻ സർഗ്ഗ പ്രതിഭ ആവസ്യമാണ്. ശ്രീ സംജീവിനു അതുണ്ടെന്നു അനുഭവപ്പെടുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക