Image

എന്‍എംബിഎ മാനേജിംഗ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ ഷാല്‍ബിന്‍ ജോസഫിന് വിജയം

Published on 23 September, 2020
എന്‍എംബിഎ മാനേജിംഗ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ ഷാല്‍ബിന്‍ ജോസഫിന് വിജയം

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡിന്റെ (എന്‍എംബിഐ ) മാനേജിംഗ് ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മലയാളിയായ ഷാല്‍ബിന്‍ ജോസഫിന് വന്‍ വിജയം.

ഷാല്‍ബിന് 1383 വോട്ടുകള്‍ ലഭിച്ചപ്പോള്‍ തൊട്ടടുത്ത ഐറിഷ് സ്ഥാനാര്‍ഥികള്‍ക്ക് യഥാക്രമം 1156 ഉം, 1100 ഉം വോട്ടുകള്‍ നേടാനെ സാധിച്ചുള്ളൂ. മത്സര രംഗത്തുണ്ടായിരുന്ന മറ്റൊരു മലയാളി സ്ഥാനാര്‍ഥിയായ രാജിമോള്‍ കെ. മനോജിന് 864 വോട്ടുകള്‍ ലഭിച്ചു.

അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തിന്റേയും ഇതര വിദേശ നഴ്‌സുമാരുടെയും കൂട്ടായ പരിശ്രമമാണ് ഷാല്‍ബിന്റെ വിജയം. അഞ്ച് വര്‍ഷമാണ് ബോര്‍ഡിലെ ഷാല്‍ബിന്‍ ജോസഫിന്റെ അംഗത്വകാലാവധി.

എറണാകുളം പറവൂര്‍ സ്വദേശിയും ഐഎന്‍എംഒ ഇന്റര്‍നാഷണല്‍ സെക്ഷന്റെ വൈസ് പ്രസിഡന്റുമാണ് ഷാല്‍ബിന്‍ ജോസഫ്.

നഴ്‌സുമാരുടെ ട്രേഡ് യൂണിയനായ എന്‍ എം ബി ഐ യുടെ സ്വന്തം സ്ഥാനാര്‍ഥിയെകൂടി പരാജയപ്പെടുത്തിയാണ് ഷാല്‍ബിന്‍ ചരിത്രവിജയത്തിലേയ്ക്ക് നടന്നടുത്തത്.വിദേശ നഴ്‌സുമാരുടെ പ്രാതിനിധ്യം നഴ്‌സിംഗ് ബോര്‍ഡില്‍ ഉറപ്പിക്കാന്‍ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഷാല്‍ബിന്‍ ജോസഫ് നന്ദി അറിയിച്ചു.

അയര്‍ലന്‍ഡിലെത്തുന്ന എല്ലാ വിദേശ നഴ്‌സുമാരുടെയും ജിഹ്വയായി നഴ്‌സിംഗ് ബോര്‍ഡില്‍ പ്രവര്‍ത്തിക്കുവാന്‍ പരിശ്രമിക്കും. വിദേശ നഴ്‌സുമാര്‍ നേരിടുന്ന ഭവന ദൗര്‍ലഭ്യ പ്രശ്‌നം ഉള്‍പ്പെടയുള്ള നിരവധി വെല്ലുവിളികളെ നഴ്‌സിംഗ്‌ബോര്‍ഡിലും സര്‍ക്കാരിലും അവതരിപ്പിച്ച് പരിഹാരം കാണാനും മുന്‍കൈ എടുക്കുമെന്നും ഷാല്‍ബിന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: എമി സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക