Image

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക വാല്‍നി ആശുപത്രി വിട്ടു

Published on 23 September, 2020
റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക വാല്‍നി ആശുപത്രി വിട്ടു


ബര്‍ലിന്‍: വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ബര്‍ലിന്‍ ചാരിറ്റെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി ചൊവ്വാഴ്ച ആശുപത്രി വിട്ടു. 44 കാരനായ നവാല്‍നിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും വൈദ്യചികിത്സ അവസാനിപ്പിക്കുന്നുവെന്നും യൂണിവേഴ്‌സിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം നവാല്‍നിയ്ക്ക് പുനരധിവാസം ആസൂത്രണം ചെയ്തിട്ടുണ്ട്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ പ്രധാനപ്പെട്ട വിമര്‍ശകനായ നവാല്‍നി ജര്‍മനിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് നവാല്‍നിയുടെ വക്താവ് കിര ജാര്‍മിഷ്, പറഞ്ഞു. അദ്ദേഹത്തിന്റെ ചികിത്സ ഇപ്പോഴും തുടരുകയാണെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അവര്‍ പറഞ്ഞു. പൂര്‍ണമായും സുഖം പ്രാപിക്കുന്നതുവരെ ഒരു നീണ്ട പുനരധിവാസ പ്രക്രിയയെക്കുറിച്ച് നവാല്‍നി സംസാരിച്ചു. എല്ലാ ദിവസവും ഒരു ഫിസിയോതെറാപ്പിയും മറ്റും അദ്ദേഹത്തിന് കൂടിയേ തീരു.

നവാല്‍നിയുടെ ആരോഗ്യനില മെച്ചപ്പെട്ടത് മെര്‍ക്കല്‍ സര്‍ക്കാരിന് വളരെ ആശ്വാസമായി. 'അത് വളരെ പ്രോത്സാഹജനകമാണ്, അദ്ദേഹം പൂര്‍ണ സുഖം പ്രാപിക്കട്ടെ എന്ന് ബര്‍ലിനിലെ സര്‍ക്കാര്‍ വക്താവ് സ്റ്റെഫെന്‍ സൈബര്‍ട്ട് പറഞ്ഞു.

ആശുപത്രി വിടും മുമ്പ് നവാല്‍നി അദ്ദേഹത്തെ പരിചരിച്ച ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തില്‍ 24 ദിവസം ഉള്‍പ്പെടെ ആകെ 32 ദിവസമാണ് നവാല്‍നി ക്‌ളിനിക്കില്‍ ചികിത്സ തേടിയത്. നോവിചോക്ക് ഗ്രൂപ്പില്‍പ്പെട്ട രാസവസ്തുവാണ് നവാല്‍നിയുടെ ഉള്ളില്‍ ചെന്നതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. ഓഗസ്റ്റ് 20 ന് സൈബീരിയില്‍ നിന്നും മോസ്‌കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് നവല്‍നി കുഴഞ്ഞു വീണതും തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി ബര്‍ലിനില്‍ എത്തിച്ചതും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക