Image

ഫെയ്‌സ്ബുക്കിലെ കൊടുംങ്കാറ്റ് (രാജേഷ് എം.ആർ)

Published on 20 September, 2020
ഫെയ്‌സ്ബുക്കിലെ കൊടുംങ്കാറ്റ് (രാജേഷ് എം.ആർ)
എനിക്ക് ഡ്യുവൽപേഴ്‌സണാലിറ്റിയാണത്രേ. ഞാൻ യഥാർത്ഥത്തിൽ ഇങ്ങനെയല്ലാന്ന്. വലിയ നാട്യക്കാരിയാണെന്ന്. മറ്റുള്ളവരുടെ മുമ്പിൽ അഭിനയിച്ച് അവരെയെല്ലാം പറ്റിക്കുകയാണത്രേ. ഇവർ കുറേ നാളായി മറ്റുള്ളവരുടെ മുമ്പിൽ പറഞ്ഞുകൊണ്ട് നടക്കുകയാണ്. ഇവാന്മാരോടു കുറച്ചു വർത്തമാനം പറയണം. ഞാൻ തീരുമാനിച്ചു. ഫെയ്‌സ്ബുക്കിലുള്ള എന്റെ പോരാട്ടങ്ങൾ പലതും കേരളീയ നവോത്ഥാന സമൂഹം ഏറ്റെടുത്ത് കഴിഞ്ഞതിൽ സഹപ്രവർത്തകർക്ക് എന്നോടുള്ള അസൂയ ദിനം പ്രതി കൂടികൊണ്ടിരിക്കുകയാണ്. ഈ സത്യം പലരും പറഞ്ഞ് എനിക്കറിയാം. ഇനി ആരും തന്നെ പറഞ്ഞില്ലെങ്കിലും അതൊക്കെ ഊഹിക്കാനുള്ള കഴിവൊക്കെ എനിക്കുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളാണെങ്കിലും ഇത് നടത്തുന്ന മാനേജ്‌മെന്റ് ഇടതുപക്ഷ രാഷ്ട്രീയമുള്ളവരായതുകൊണ്ടും എന്റെ പോസ്റ്റുകളോട് ഐക്യമുള്ളതായതു കൊണ്ടും ഞാനീ സഹപ്രവർത്തകരെയൊന്നും മൈൻഡ് ചെയ്യാറില്ല.

കാശ്മീരിൽ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊന്നപ്പോൾ അവൾക്കു വേണ്ടി ഞാൻ എഫ് ബിയിൽ പോസ്റ്റിട്ടത് നിങ്ങൾക്കറിയാമല്ലോ? അത് ആയിരത്തോളം പേർ ലൈക്ക് അടിക്കുകയും നൂറ്റി ഇരുപട്ടിയഞ്ചോളം പേർ ഷെയർ ചെയ്യുകയുമുണ്ടായി. ഇതൊക്കെ എന്റെ സഹപ്രവർത്തകരെ വലിയ അളവിൽ അസൂയ വർദ്ധിപ്പിച്ചിരിക്കാം, ആവട്ടെ, അതിന് ഇനിക്ക് എന്തു ചെയ്യുവാനാകും. ക്രിസ്റ്റി ജോസഫ്, ഇംഗ്ലീഷ് അദ്ധ്യാപകനാണത്രേ .... എന്റെ എഴുത്തിനെ വള്ളിപുള്ളി കീറി പൈങ്കിളിയെന്നു സമർത്ഥിക്കുന്നു. എന്റെ എഴുത്തുകൾ കാല്പനികമാണത്രേ. കൂടാതെ അവന്റെയൊരു പുതിയ കണ്ടുപിടുത്തവും. ഞാൻ സവർണ്ണയാണത്രേ. എന്റെ പേര് പാർവ്വതി. എൻ.മേനോൻ എന്നാണല്ലോ. എന്റെ അച്ഛനും അമ്മയും മേനോന്മാരായതിൽ ഞാനെന്തു ചെയ്യും? എന്റെ ഐഡിയോളജിയല്ലേ ചർച്ച ചെയ്യേണ്ടത്? ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ആരും വിമർശിക്കുന്നില്ലല്ലോ? അസൂയ ..... കടുത്ത അസൂയ, അതുമാത്രമാണ് യാഥാർത്ഥ്യം.

ഈ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏതെങ്കിലും ടീച്ചറിനെ പുറം ലോകമറിയുമോ? പക്ഷേ പാർവ്വതി.എൻ.മേനോനെ എല്ലാവർക്കുമറിയാം. അത് ഈ സ്‌കൂളിനൊരു ക്രഡിറ്റല്ലേ? ക്രഡിറ്റു തന്നെയാ. നിങ്ങളു സമ്മതിച്ചാലും ഇല്ലെങ്കിലും അതങ്ങനെതന്നെയാ. പാർവ്വതി ടീച്ചറാണ് ഈ സ്‌കൂളിന്റെ എല്ലാമെല്ലാമെന്ന് പ്രിൻസിപ്പാൾ മാതാപിതാക്കളോട് പറയുന്നുണ്ടല്ലോ? ഈ സ്‌കൂളിൽ കുട്ടികൾ കൂടുന്നതിന് ഒരു പ്രധാനം പാർവ്വതിയാണെന്ന് പ്രിൻസിപ്പാൾ എന്നോട് എത്ര തവണ പറഞ്ഞിരിക്കുന്നു. ഇതൊന്നും ആ ക്രിസ്റ്റി ജോസഫിന് അറിയില്ല. എന്നാലും ഇംഗ്ലീഷ് ടീച്ചറായ അനുരാധ ചൗധരിയ്ക്ക് കാര്യങ്ങളറിയാം. ബംഗാളിയാണെങ്കിലും അവർക്ക് വിവരമുണ്ട്. അവർക്കെന്നേം വല്യ കാര്യമാ. എന്റെ എഴുത്തിനെ കുറിച്ച് വല്യ അഭിപ്രായമാ. പത്തു വർഷമായി അവരിവിടെയുണ്ട്. മലയാളം വായിക്കുകയും പറയുകയും ചെയ്യും. അവരാണ് ആ രഹസ്യം എന്നോട് പറഞ്ഞത്. അതിങ്ങനെയാണ്.

ഫിസിക്‌സ് അദ്ധ്യാപകനായ അസ്‌കറലിയും കെമിസ്ട്രി അദ്ധ്യാപകനായ ഡൊമിനിക്കും തമ്മിലുള്ള സംഭാഷണമാണിത്. മാട്രിക്‌സ് എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു ചർച്ചയായിരുന്നുവത്.

അസ്‌കറലി    : മാട്രിക്‌സ് സിനിമയുടെ നാലാം ഭാഗം വരാൻ പോകുന്നു. നീ അത് കാണുന്നില്ലേ?

ഡൊമിനിക്    : ഞാൻ ഒന്നും രണ്ടും പണ്ട് കണ്ടിട്ടുണ്ട്. ശരിക്കും മനസ്സിലായിട്ടില്ല.     പക്ഷേ ഭയങ്കര രസമാണട്ടോ ഫിലിം. നല്ല ആക്ഷൻ സീനുകൾ ധാരാളമുണ്ട്. ശരിക്കും ആ പടം എന്താ?

അസ്‌കറലി    : പ്രോഗ്രാം ചെയ്യപ്പെട്ടു വച്ച യന്ത്രങ്ങളുടെ അധികാര വ്യവസ്ഥയിൽ മനുഷ്യൻ ജീവിക്കുന്ന കാലത്താണ് മാട്രിക്‌സ് സിനിമയുടെ കഥ     നടക്കുന്നത്. പൂർണ്ണമായും യന്ത്രങ്ങൾ നിയന്ത്രിക്കുന്ന ഈ ഭൂമിയിൽ മനുഷ്യൻ ജനിക്കുന്നതു മുതൽ വലിയൊരു നെറ്റ് വർക്കിൽ     ബന്ധിതരായാണ്.


ഡൊമിനിക്    : അപ്പോ അവർ ഒരു സീറ്റിൽ ഇരിക്കുന്നതും കിടന്നുറങ്ങുന്നതുമൊക്കെ സിനിമയിൽ കാണുന്നുണ്ടല്ലോ?

അസ്‌കറലി    :ശരിയാണ്, ആ മനുഷ്യർക്കാവശ്യമായ ആഹാരങ്ങൾ ശരീരത്തിൽകുത്തിവച്ച്    വളർത്തുകയാണ്. അബോധാവസ്ഥയിലുള്ള മനുഷ്യശരീരം ഒരു സെർവറിൽ ബന്ധിതമായിരിക്കും. അവിടെ നിന്നു പ്രോഗ്രാം ചെയ്തു വച്ച വെർച്വലായ മറ്റൊരു ലോകത്ത് ഈ മനുഷ്യൻ ബൗദ്ധികമായി നിലനിൽക്കുകയും ചെയ്യും.

ഡൊമിനിക്    : ഓ, ഇങ്ങനെയുള്ള മനുഷ്യർ യഥാർത്ഥ ഭൗതികലോകത്താണ്
ജീവിക്കുന്നതെന്നും വിചാരിക്കുകയും ചെയ്യുമല്ലേ?

അസ്‌കറലി    :അതുതന്നെ. അവിടെയുള്ള എല്ലാ മനുഷ്യരും പ്രോഗ്രാം ചെയ്യപ്പെട്ടലോകത്തിലാണ് ഇടപഴകുന്നത്. ഇത് വെർച്വൽ ലോകമാണെന്ന്    അവർ തിരിച്ചറിയുന്നില്ല. എന്നാൽ ഇത് തിരിച്ചറിഞ്ഞ നായകനായ     നിയോ, മോർഫ്യൂസ് എന്നിവർ മനുഷ്യനെ വിമോചിപ്പിക്കുവാൻ യന്ത്രങ്ങൾക്കെതിരെ, വില്ലന്മാർക്കെതിരെ യുദ്ധം ചെയ്യുന്നതാണ് സിനിമയിൽ കാണുന്നത്.

ഡൊമിനിക്    :ഇവിടെ പലരും ജീവിക്കുന്നത് വെർച്വൽ ലോകത്താഎനിക്കുംതോന്നിയിട്ടുണ്ട് മാഷെ. പാർവ്വതി ടീച്ചറുടെ കാര്യമെടുത്തേ. ഫെയ്‌സ്ബുക്ക്     വഴി ആയിരക്കണക്കിന് ഫോളോവേഴ്‌സ് അവർക്കുണ്ട്. എന്നാൽ     അവരെ അറിയാവുന്ന ഇവിടത്തെ അദ്ധ്യാപകരൊന്നും അവരെ ഫോളോ ചെയ്യുന്നില്ല. അവർ ഒരു യഥാർത്ഥമല്ലായെന്നാണ് ഇവിടെയുള്ളവർ തിരിച്ചറിഞ്ഞിരിക്കുന്നത്.

അസ്‌കറലി    :ഫെയ്‌സ്ബുക്കിലെ കൊടുങ്കാറ്റാണെങ്കിലും ഇവരിവിടെ മന്ദമാരുതനാണ്. പ്രിൻസിപ്പാൾ അവരുടെ പക്ഷത്താണേ.

ഡൊമിനിക്    :ഫെയ്‌സ്ബുക്കിനെ ഫേക്ക്ബുക്ക് എന്നൊക്കെ പറയുന്നതിന്റെഒരു കാരണം ഈ വെർച്വൽ ലോകം സൃഷ്ടിക്കുന്ന സ്വത്വം തന്നെയാണ്. ഫെയ്‌സ്ബുക്കിലെ ആക്ടിവിസ്റ്റുകളിൽ പകുതിയും യഥാർത്ഥ     ലോകത്തിൽ ഭീരുക്കളാണല്ലോ. വീടു വിട്ട് പുറത്തിറങ്ങാറില്ലല്ലോ. പൊതുപരിപാടികളിൽ അവർ പങ്കെടുക്കാറില്ലല്ലോ.

അസ്‌കറലി    :ശരിയാ, വെയിലു കൊള്ളാൻ, മേയ്ക്കപ്പ് കളയാൻ നമ്മുടെ പാർവ്വതി ടീച്ചറും ശ്രമിക്കാറില്ല. എന്നാലും എന്തൊരു ലൈക്കാ ഓരോ     പോസ്റ്റിനും ഒരു എഫ്ബി ആക്ടിവിസ്റ്റ്. ഈ വ്യാജ ബിംബങ്ങളെ നാട്ടുകാര് എന്നാണാവോ തിരിച്ചറിയുന്നത്?

ഡൊമിനിക്    :ഏതായാലും ഇവിടെയുള്ളോര് തിരിച്ചറിയുന്നുണ്ടല്ലോ.
       
അനുരാധ ചൗധരി ഇത് പറഞ്ഞ് കഴിഞ്ഞപ്പോൾ എന്റെ മേലാസകലം എന്തോ ഒന്നു പുകഞ്ഞു നീറി. എന്റെ ശരീരമാകപ്പാടെ വിറയ്ക്കുന്നതുപോലെ തോന്നി. ഞാൻ സ്റ്റാഫ് റൂമിലേക്ക്, മുകളിൽ നിന്ന് പെട്ടെന്ന് ഇറങ്ങി. സ്റ്റാഫ് റൂമിലെക്കെത്തിയപ്പോൾ അവരെ അവിടെ കാണാൻ പറ്റിയില്ല. അടുത്തിരിക്കുന്ന മല്ലിക ടീച്ചറോട് 'അവരെവിടെയെന്ന്' ഞാൻ ചോദിച്ചു. ഡൊമിനിക് സാറും അലിസാറും പ്രളയത്തിൽ വീട് മുങ്ങിയ അജിത്തിന്റെ വീട്ടിലേക്ക് പോയി. ആ കുട്ടിക്ക് അവർ പേഴ്‌സണലായി കുറച്ച് പണം കൊടുക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. മല്ലികയുടെ വിശദീകരണം കേട്ട് എനിക്ക് കൂടുതൽ കലിപ്പു വന്നു. അവളോട് ചോദിച്ചതിന് എന്തൊരു ഇൻട്രോയാണ് കൊടുക്കുന്നത്.അവളെയൊന്നും ഇവിടെ കയറ്റാൻ കൊള്ളില്ല. അമ്മാതിരി ജാതിയാ. ഞാൻ മനസ്സിൽ വിചാരിച്ചു. ഒരു പുഞ്ചിരി വരുത്തി ഞാൻ മല്ലികയോട് ബൈ പറഞ്ഞു. ഈ സ്‌കൂളിൽ സംവരണം കൊണ്ട് പഠിച്ച്, ജോലി നേടിയ കുറച്ചു പേരുടെ മക്കൾ പഠിക്കുന്നുണ്ട്. അവരെ കാണുമ്പോഴെ തിരിച്ചറിയാം. മാനേജ് മെന്റിന് പണം മതിയല്ലോ. ഇവർക്കും അഡ്മിഷൻ കൊടുത്തു. അവരുടെ പ്രതിനിധാനമെന്ന രീതിയിലാണ് മല്ലികയെ ചരിത്ര അദ്ധ്യാപികയായി ഇവിടെ ടീച്ചറാക്കിയിരിക്കുന്നത്. രണ്ടു കൊല്ലമായിട്ടേയുള്ളു അവളിവിടെ വന്നിട്ട്. അഹങ്കാരം വന്നു തുടങ്ങിയിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളുമായിട്ടാണ് അവളുടെ സൗഹൃദം.

അവളിവിടത്തെ ദലിത് കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നത് എനിക്കറിയാം. ജാതി സ്‌നേഹം. ഇവർക്കൊക്കെ നമ്മൾ വിദ്യാഭ്യാസവും ജോലിയും കൊടുത്തതാണ് പ്രശ്‌നം. ഹിന്ദുക്കളായാൽ ഒരു വർഗ്ഗ സ്‌നേഹമൊക്കെ വേണ്ടേ? പാർവ്വതിയുടെ ചിന്ത ഇത്തരത്തിൽ പറന്നുയർന്നു. പാർവ്വതി കാറോടിച്ച് വീട്ടിലെത്തിയപ്പോൾ വേലക്കാരി വീട്ടിൽ പോകാനായി കാത്തു നിൽക്കുന്നുണ്ടായിരുന്നു.

എന്താ, ഇത്ര നേരത്തെ പോകുന്നേ? പാർവ്വതി ചോദിച്ചു. അവൾ മടിച്ചു മടിച്ചാണ് മറുപടി പറഞ്ഞത്. മോൾക്ക് നല്ല പനിയാണ്. ആശുപത്രിയിൽ കൊണ്ടോണം. അതുകൊണ്ടാണ്. ഇഷ്ടമില്ലെങ്കിലും ഞാൻ തലയാട്ടി. ഉം, പോയ്‌ക്കോളൂ എന്ന് പറഞ്ഞു. അവൾ പോകാതെ മടിപിടിച്ച് പരുങ്ങി നിന്നു. കുറച്ചു നിമിഷം കൊണ്ട് എനിക്കു കാര്യം പിടികിട്ടി. ഞാൻ പേഴ്‌സിൽ നിന്ന് 500 രൂപയെടുത്ത് കൊടുത്തു. എന്നിട്ട് പറഞ്ഞു. മോൾടെ പനി മാറിയാലും ഇല്ലെങ്കിലും നാളെ പണിക്ക് വന്നേക്കണം. കേട്ടല്ലോ? അവൾ തലകുലുക്കി പോയി.

മക്കൾ രണ്ടു പേരും കാർട്ടൂൺ ചാനൽ കണ്ടുകൊണ്ടിരിക്കുകയാണ്. അവർ എന്നെ കണ്ടപ്പോൾ തന്നെ ചാടിയെണീറ്റ് സന്തോഷത്തോടെ ഓടിയെത്തി. 'മമ്മീ, കളിക്കാൻ പോയ്‌ക്കോട്ടെ.' അവർ സന്തോഷത്തോടെ എന്റെ മറുപടിയ്ക്കായി കാത്തു. 'ഹരീടെം ലക്ഷ്മിടേം വീട്ടിൽ പോയി കളിച്ചോ'. 'അമ്മേ, അവരവിടെ ഇല്ല. ലുലുമാളിൽ ഷോപ്പിങ്ങിനായി പോയേക്കുവാ... ഇളയ കുട്ടി മീനുവാണ് മറുപടി പറഞ്ഞത്. എന്നാൽ നിങ്ങൾ എങ്ങും പോകണ്ടാ! ഞാൻ പറഞ്ഞു. അവരുടെ മുഖം ആകെ മാറി. ഞാൻ വീണ്ടും പറഞ്ഞു. ഈ ചാനൽ ഏതെങ്കിലും കണ്ടിരിക്ക്. ഇപ്പോൾ ലിറ്റിൽ കൃഷ്ണയോ മറ്റെന്തെങ്കിലും ഉണ്ടാകും.

ഞാൻ മുകളിലെ റൂമിലേക്ക് പോയി. ഇന്ന് സാധാരണ ദിവസത്തിലധികം ക്ഷീണം തോന്നുന്നു. ഞാനൊന്നു അല്പനേരം കട്ടിലിൽ കിടന്നു. രണ്ടു ദിവസം അവധിയാണ്. ഇനി തിങ്കളാഴ്ച ചെല്ലുമ്പോൾ ഡൊമിനിക്കിനേയും അസ്‌കറലിയേയും കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് ഞാനാലോചിച്ചു. കുറച്ചു നേരം കിടന്നതിനു ശേഷം, ക്ഷീണമൊന്നു മാറിയെന്നു തോന്നിയപ്പോൾ കുളിച്ച്, ചായ കുടിക്കാനായി ഡൈനിംങ്ങ് ടേബിളിലിരുന്നു. ഫെയ്‌സ്ബുക്ക് നോക്കി കൊണ്ടിരുന്നപ്പോഴാണ് ഡെയ്‌ലി ഹണ്ടിന്റെ മെസേജ് തെളിഞ്ഞത്. കോഴിക്കോട് ഓട്ടോ ഡ്രൈവറായ ഒരു ദലിത് പെൺ കുട്ടിയെ കുറച്ച് സാമൂഹ്യവിരുദ്ധർ അക്രമിച്ചതായും അവളുടെ ഓട്ടോയുടെ ഗ്ലാസ്സുകൾ തകർത്തതായുമുള്ള വാർത്ത കണ്ടത്. ഞൊടിയിടെ എന്റെ ആക്ടിവിസം ഉണർന്ന് പ്രവർത്തിച്ചു. ഞാൻ ടൈപ്പ് ചെയ്തു തുടങ്ങി. നവോത്ഥാനമൂല്യങ്ങളിൽ നിന്നുള്ള കേരളീയ സമൂഹത്തിന്റെ പിന്തിരിയലും സ്ത്രീകൾക്കു നേരെയുള്ള പുരുഷാധിപത്യത്തിന്റെ വയലൻസും പിന്നെ അംബേദ്കറും ആശാനും ഗുരുവുമെല്ലാം സമാസമം യഥോചിതം ചേർത്ത് പരുവപ്പെടുത്തിയ ഒരുഗ്രൻ എഴുത്ത് ഞാൻ പോസ്റ്റു ചെയ്തു.

നിമിഷ നേരം കൊണ്ട് നൂറ്റമ്പതോളം ലൈക്കും നാല്പതോളം ഷെയറും കിട്ടി. ഞാൻ സന്തോഷത്തിൽ അല്പനേരം കണ്ണടച്ചു. ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന സാമൂഹ്യപ്രവർത്തിയിൽ എനിക്ക് എന്തെന്നില്ലാത്ത ആഹ്ലാദം തോന്നി. അല്പനേരത്തിനു ശേഷം മൊബൈൽ ഫോണെടുത്തപ്പോൾ വാട്‌സ് ആപ്പിലും മെസഞ്ചറിലുമെല്ലാം അഭിനന്ദനങ്ങളുടെ പ്രവാഹം. ഞാൻ ഫോണുമെടുത്ത് ഹാളിലെ സോഫായിലിരുന്നു. വെറുതെ ഒരു രസത്തിന് സെൽഫിയെടുത്തു. സെർഫിയുടെ സൗന്ദര്യം നോക്കി ഞാനിരുന്നു. എന്റെ മുഖത്തിന്റെ പശ്ചാത്തലത്തിൽ ബുദ്ധന്റെ പ്രതിമ ഇരിക്കുന്നു. കർണ്ണാടകയിലേക്ക് ടൂറ് പോയപ്പോൾ വാങ്ങിയ ബുദ്ധപ്രതിമ. ഈ സന്ദർഭത്തിൽ ഇത് ഫോട്ടോയിൽ വന്നപ്പോൾ എന്തു ഭംഗിയായെന്ന് ഞനോർത്തു. ഇതിനിടയിലാണ് മൊബൈൽ റിംങ്ങ് ചെയ്തത്. പഴയൊരു പാട്ടുമായി കൂട്ടുകാരിയുടെ ഗൾഫിൽ നിന്നുള്ള കോൾ ആണു വരുന്നത്. അവൾ എന്റെ പോസ്റ്റിനെ കുറിച്ച്  വാതോരാതെ സംസാരിക്കുകയാണ്. അവളങ്ങനെയാണേ. എന്നെ അങ്ങട് ദഹിപ്പിക്കണമാതിരി പൊക്കികളയും. പാവമാണേ. ഞാൻ എന്തു പോസ്റ്റിട്ടാലും അപ്പം വിളിക്കും. അവളുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് ഭർത്താവ് വന്നത്. എന്തോ മുഖം വീർപ്പിച്ചു കൊണ്ടാണയാൾ വന്നത്.   

ഞാൻ സംസാരം ചുരുക്കി, ബൈ പറഞ്ഞ് ഹരിചേട്ടന്റെ അടുത്തേക്ക് പോയി. ഹരിചേട്ടാ, എന്താ.. എന്തു പറ്റി, എന്തോ വല്ലായ്മ?

''ഒന്നും പറയേണ്ട, ഇന്ന് ഓഫീസിലാകെ പ്രശ്‌നമാ. ഒരു പ്രധാന ഫയൽ കാണാതെ പോയി. അതു സൂക്ഷിച്ചിരുന്നത് തങ്കമണി രാജപ്പനായിരുന്നു. അവളെ ഞാൻ കണക്കറ്റം ചീത്തപ്പറഞ്ഞു. ഞാൻ എന്തൊക്കെയോ ഇംഗ്ലീഷിൽ പറയുകയും ചെയ്തു. ആകെ പ്രശ്‌നമായി. അവർ മുകളിലേക്ക് പരാതി പറയുമെന്നാണ് മറ്റുള്ളവർ പറയുന്നത്.''

ദലിത് പീഢനം, ജാതിപേര് വിളിക്കൽ എന്നിങ്ങനെയുള്ള വിഷയങ്ങൾ അപ്പോൾ തന്നെ എന്റെ മനസ്സിലൂടെ കടന്നു പോയി. ഞാൻ ഹരിയേട്ടനെ സമാധാനിപ്പിച്ചു. എല്ലാറ്റിനും പരിഹാരമുണ്ടാവുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. കുളിച്ച് വന്ന് ഭക്ഷണം കഴിക്കാൻ പറഞ്ഞു. ഹരിയേട്ടൻ കുളിക്കാൻ പോയപ്പോൾ ഞാൻ ഓൺലൈൻ വാർത്തകളിലേക്ക് ഒന്നു കണ്ണോടിച്ചു. ഹരിയേട്ടന്റെ ഓഫീസിലെ സംഭവം ചില ന്യൂസ് പോർട്ടലുകളിൽ കാണുന്നുണ്ട്. ഇനി അമാന്തിച്ചു നിൽക്കാൻ പാടില്ല. ഞാനെന്റെ അടുത്ത പോസ്റ്റിനു വേണ്ടി എഫ്ബി ഓപ്പൺ ചെയ്തു.   


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക