Image

മോശയുടെ വഴികള്‍ (നോവല്‍-11: സാംസി കൊടുമണ്‍)

Published on 19 September, 2020
മോശയുടെ വഴികള്‍ (നോവല്‍-11: സാംസി കൊടുമണ്‍)
ഇരുപത്തിയൊന്ന്.

മോശയുടെ ജീവിതമത്രയും ഇരുളും വെളിച്ചവുമായിരുന്നു. ഇപ്പോള്‍ വീണ്ട ും യിസ്രായേല്‍ മക്കള്‍ തന്നില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നു. പാലും തേനുമൊഴുകുന്ന നാട് ഇനി എത്ര അകലത്തിലാണോ എന്തോ. അങ്ങു ദൂരെ മലമുകളില്‍ നിന്നും കണ്ട ആ പച്ചപ്പില്‍ എത്താന്‍ ഇനി എത്രനാള്‍ എന്നാരു കണ്ട ു. യുദ്ധത്തിനു ശേഷം മോശ തന്റെ കൂടാരത്തില്‍ ഏകാന്ത ചിന്തയിലായിരുന്നു. സാറാ എവിടെ. അവളുടെ സാമിപ്യം ഒരു ദാഹമായി മനസ്സില്‍ പതയ്ക്കുന്നു.

സാറാ വന്നു. അവള്‍ കൊണ്ട ുവന്ന വാര്‍ത്ത മോശക്കു സന്തോഷം ഉളവാക്കിയോ... അറിയില്ല. അവന്‍ അവളെ ആര്‍ത്തിയോട് നോക്കുകമാത്രം ചെയ്തു. സാറാ ഒരു കുസൃതിച്ചിരിയോട് പുറത്തേക്കു പോയി. സിപ്പോറായും മക്കളും കടന്നു വന്നപ്പോഴും മോശ സാറായില്‍ എന്നപോലെ ആയിരുന്നു. സിപ്പോറ മോശയുടെ പാദങ്ങളെ ചുംബിച്ചു. മക്കള്‍ വലുതായിരിക്കുന്നു. അവര്‍ അപ്പനെ ഒരപരിചിതനെപ്പോലെ നോക്കി. പിന്നെ സ്‌നേഹ ചുംബനം കൊടുത്തു. മക്കളെ സാറാ പുറത്തുനിന്നു വിളിച്ചു. അവര്‍ പ്രായമുള്ളവരെങ്കിലും, സാറയ്ക്കവര്‍ സ്വന്തം കൊച്ചു കുട്ടികളാണെന്നു തോന്നി. പലരും മോശയുടെ മക്കളെ കാണാന്‍ ഓടിക്കുടിയെങ്കിലും, അവര്‍ സ്വന്തം ഗോത്രത്തില്‍ പെട്ടവരല്ലന്ന അകല്‍ച്ച അവരുടെ പെരുമാറ്റങ്ങളില്‍ ഉണ്ട ായിരുന്നു.

സിപ്പേറയും മോശയും ഒറ്റയ്ക്കായപ്പോള്‍, മോശ നാളിതുവരെയുള്ള കഥകള്‍ പറഞ്ഞു. പുറപ്പാടിന്റേയും, സഹനത്തിന്റേയും കഥകള്‍. ''സിപ്പോറ നിന്നെ കൂട്ടാഞ്ഞത് ഈ കഷ്ടപ്പാടുകള്‍ ഓര്‍ത്താണ്.'' മോശ എന്തോ ഓര്‍ത്തിട്ടെന്നപോലെ പറഞ്ഞു. സിപ്പോറ മോശയെ ഒരു നിമിക്ഷം നോക്കി അവന്റെ മനസ്സില്‍ കൂടെ കടന്നുപോകുന്ന വിചാരങ്ങളെ മനസ്സിലാക്കിയിട്ടെന്നപോലെ പറഞ്ഞു.:
''എനിക്കൊട്ടും സങ്കടമില്ല. ഞാന്‍ എന്റെ അപ്പന്റെ ആടുകളെ പരിപാലിക്കുന്നു. നമ്മുടെ മക്കള്‍ നല്ല ഇടയന്മാരാണ്. പിന്നെ ഞാന്‍ അങ്ങയുടെ ഗോത്രത്തില്പെട്ടവളല്ല എന്നെനിക്കറിയാം. ഞാന്‍ കൂടെ വന്നാല്‍ മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ അങ്ങയുടെ വെപ്പാട്ടിയായിരിക്കും. അങ്ങും കൂടെയുള്ളവരും അത്രയ്ക്കും ഗോത്രമഹിമയില്‍ അഭിമാനം കൊള്ളുന്നവരാണന്നു ഞാന്‍ അറിയുന്നു. അതു കൊണ്ട ു തന്നെ ഞാന്‍ ഒഴിഞ്ഞു പോകുന്നതങ്ങക്കു നല്ലത്.''

''സിപ്പോറ! നീ എന്റെ ഹൃദയത്തിനു നേരെ എയ്തിരിയ്ക്കുന്നു. അമ്പിന്റെ വേദനയാല്‍ എന്റെ ഉള്ളം നീറുന്നു. കൊലപാതകിയും, അന്യദേശക്കാരനുമായ എന്നെ നീ കൈക്കൊണ്ട ു. എന്നിട്ടു ഞാന്‍ നിന്നോടു കരുണ കാണിച്ചില്ല. ദൈവം എന്നോടു പൊറുക്കട്ടെ. നിന്റെ ആടുകള്‍ ഇപ്പോല്‍ പെറ്റു പെരുകി വലിയ കൂട്ടങ്ങള്‍ ആയിക്കാണും. അവയിപ്പോള്‍ എന്നെ തിരിച്ചറിയുന്നുണ്ട ാവില്ല.''
''അങ്ങയെ അവര്‍ക്കു മറക്കാന്‍ കഴിയുമോ. അവയെ നന്നായി പോറ്റിയവനല്ലേ. ഇപ്പോഴും കിണറരുകില്‍ അവ ഇണചേരാന്‍ തുടങ്ങുമ്പോള്‍ അങ്ങയുടെ അനുവാദത്തീനായി എന്നപോലെ വശങ്ങളിലേക്ക് ചരിഞ്ഞു നോക്കി അവര്‍ ചിണുങ്ങും. ഞാനോ, അങ്ങയെ കണ്ട ു മുട്ടിയതും, അങ്ങ് എന്റെ ആടുകളെ കുടിപ്പിച്ചതോര്‍ത്തും, അങ്ങിരുന്ന ആ കല്ലില്‍ ഇരിക്കും. ഇത് ഞങ്ങള്‍ ഇന്നും തുടരുന്നു.''
മോശ സിപ്പോറയെ സ്‌നേഹത്തോട് പുണര്‍ന്നു. അവന്‍ സാറായില്‍ ആഗ്രഹിച്ചത് സിപ്പോറയില്‍ നിവര്‍ത്തിച്ചു.

'നീ ഇനി എന്നോടൊപ്പം പാര്‍ത്ത് കനാന്‍ ദേശത്തേക്ക് പോകാം.'' മോശ പറഞ്ഞു.
'എന്നോട് അല്പം പോലും വിരോധം അരുത്. ഞാന്‍ വരില്ല. എന്റെ കുലത്തെ അങ്ങയുടെ ആഢ്യവംശം അംഗികരിക്കില്ല. ഞാന്‍ അവിടെ അടിമയോ, സാറായിക്ക് തോഴിയോ ആകേണമോ...?'' ഉത്തരം ഇറങ്ങിയ മോശയെ നോക്കി സിപ്പോറാ തുടര്‍ന്നു.
'ഞാന്‍ എന്റെ അപ്പന്റെ ആടുകളെമേയിച്ച്, അങ്ങയുടെ ഓര്‍മ്മകളുമായി എന്റെ അപ്പന്റെ ഭവനത്തില്‍ കഴിഞ്ഞുകൊള്ളാം.'
'നിന്റെ അപ്പനു സുഖം തന്നെയോ'' മോശ ചോദിച്ചു.
'അതെ...കാണണ്ടെ . കൂടാരത്തിനു വെളിയില്‍ എന്റെ അപ്പന്‍ അങ്ങേക്കായി കാത്തിരിക്കുന്നു.''
മോശ അതിസന്തോഷത്താല്‍ ചാടിയെഴുനേറ്റ് കൂടാരത്തിനു വെളിയില്‍ വന്ന് തന്റെ അമ്മായിയപ്പനെ ചുംബിച്ച് കൂടാരത്തിനകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

അവര്‍ കഥകളും വിശേഷങ്ങളും പങ്കുവെച്ചു. 'നിന്റെ ദൈവമായ യഹോവ സകല ദേവന്മാരിലും വലിയവന്‍ എന്നു ഞാനിപ്പോള്‍ അറിയുന്നു. നിന്റെ ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ.'' സിപ്പോറയുടെ അപ്പന്‍ പറഞ്ഞു. അവര്‍ ഹനന യാഗം കഴിച്ച്, വലിയ വിരുന്നും ഒരുക്കി. ദിവസേന മോശയുടെ അടുക്കല്‍ വരുന്ന പരാതിക്കാരുടെ എണ്ണം കണ്ട ് അവന്റെ അമ്മായിയപ്പന്‍ അവനെ ഉപദേശിച്ചു. നീ ദിവസം മുഴുവന്‍ ഇരുന്ന് ഇവര്‍ക്കു തീര്‍പ്പുകല്‍പ്പിക്കുമ്പോഴേക്കും നീയും ജനവും ക്ഷീണിക്കില്ലേ. അതിനാല്‍ നിന്റെ അമ്മായിയപ്പന്റെ ഉപദേശത്തെ നീ ചെവിക്കൊള്‍ക. എല്ലാ ഗോത്രങ്ങളില്‍ നിന്നും കാര്യപ്രാപ്തിയുള്ളവരെ കണ്ടെ ത്തുക. ആയിരം പേര്‍ക്ക് അവരില്‍ ഒരുവനെ തിരഞ്ഞെടുക്കുക. പിന്നെ നൂറുപേര്‍ക്കൊരുവന്‍, പിന്നെ പത്തുപേര്‍ക്കൊരുവന്‍. അവര്‍ ജനങ്ങള്‍ക്ക് ന്യായം വിധിക്കട്ടെ. എന്നാല്‍ അവര്‍ക്കും തീര്‍ക്കാന്‍ വയ്യാത്ത കാര്യങ്ങള്‍ നിന്റെ മുന്നില്‍ വരട്ടെ.''

മോശക്കതു നല്ലതെന്നു തോന്നി. അവന്‍ അഹറോനേയും സാറയേയും വരുത്തി, തന്റെ അമ്മായി അപ്പന്‍ പറഞ്ഞപോലെ ചെയ്യാന്‍ കല്പിച്ചു. സിപ്പോറായും മക്കളും അവളുടെ അപ്പന്റെ കൂടെ യാത്ര പറയുമ്പോള്‍ മോശയുടെ ഹൃദയം വേദനിച്ചിരുന്നോ...? സാറ വെറുതെ രണ്ട ുപേരേയും നോക്കി. അവിടെ ഭാവഭേദങ്ങളൊന്നും കണ്ട ില്ല. ആചാരപ്രകാരം എല്ലാവരും പരസ്പരം ചുംബിച്ച് നടന്നു നീങ്ങി. അവര്‍ കണ്ണില്‍ നിന്നു മറയുന്നവരേയും അവരെ നോക്കിനിന്ന മോശയുടെ ഉള്ളില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു. അവന്‍ ഒന്നും പറയാതെ കൂടാരത്തിലേക്കു കടന്നു. സാറായും അവനു പിറകെ നടന്നു.
'നിന്റെ സങ്കടത്തെ ഞാനറിയുന്നു. സിപ്പോറയെ നിനക്കു വിടാതെയിരുന്നു കൂടായിരുന്നുവോ..?'' സാറാ ചോദിച്ചു.

'ഞാന്‍ പറയാതിരുന്നില്ല. എന്നാല്‍ അവള്‍ക്ക് നിന്റെ തോഴിയായിരിക്കാന്‍ മഃനസ്സില്ല.''
'അവള്‍ എന്തിനു തോഴിയാകണം. കഷ്ടങ്ങളില്‍ ഞാന്‍ നിനിക്കൊരു തുണ മാത്രം. ഞാന്‍ ഒഴിഞ്ഞുപോകേണ്ട വളല്ലെ. നമ്മള്‍ തമ്മില്‍ എന്തേ...? നിന്റെ മറ്റനേകം സ്ത്രികളില്‍ ഒരുവള്‍ മാത്രം.''
'സാറാ അങ്ങനെ പറയരുത്. നീ എനിക്കു തരുന്ന ശക്തിയും ബലവും നിനക്കറിയില്ല. സിപ്പോറ പോയപ്പോള്‍ നീ എന്റേതായി അടുത്തുണ്ട ല്ലോ എന്ന അഹങ്കാരമായിരുന്നു.'' മോശയുടെ കണ്ഠം ഇടറിയിരുന്നു. തനിക്കു കിട്ടേണ്ട ഉത്തരം അവന്‍ പറഞ്ഞല്ലോ എന്ന സന്തോഷത്താല്‍ സാറായുടെ ഉള്ളം നിറഞ്ഞു. അവള്‍ കിന്നരെമെടുത്ത് യഹോവയ്ക്കൊരു പാട്ടുപാടി. അതു മറ്റുകൂടാരങ്ങള്‍ ഏറ്റുപാടി. അഹറോന്റെ പെങ്ങള്‍ ഗായകസംഘവുമായി മോശയുടെ കൂടാരത്തിനു മുന്നില്‍ വന്നു. അവര്‍ പാടുകയും നൃത്തം വെയ്ക്കുകയും ചെയ്തു. എസ്ര പാട്ടുകാര്‍ക്കൊപ്പം ഉണ്ട ായിരുന്നെങ്കിലും അവളുടെ കണ്ണ് കൂടാരത്തിനുള്ളിലായിരുന്നു. രണ്ട ുമൂന്നുദിവസമായി അവള്‍ കൂടാരത്തിനു ചുറ്റും മുട്ടയിടാന്‍ വെമ്പുന്ന കോഴിയെപ്പോലെ പരുങ്ങുന്നത് സാറാ കാണുന്നുണ്ട ായിരുന്നു. സാറാ എസ്രയെ കൈ കാട്ടി വിളിച്ച്, കുടാരത്തിനകത്താക്കി പാട്ടു സംഘത്തോടൊപ്പം ചേര്‍ന്നു. മോശയപ്പോള്‍ അവളോടെന്തോ പറയാന്‍ തുടങ്ങുകയായിരുന്നു. സാറാ അതു കേട്ടതായി നടിച്ചില്ല, അവളുടെ ചുണ്ട ില്‍ ഒരു പുഞ്ചിരി കളിയാടി. ദൂതായിപ്പഴം പങ്കുവെയ്ക്കുന്നവളുടെ ത്യാഗത്തിന്റെ പുഞ്ചിരി.

പിന്നേയും മോശ നടന്നു. പാളയത്തിലെ എല്ലാ കൂടാരങ്ങളെയും നോക്കിക്കണ്ട ു. സര്‍വ്വവിധ മ്ലേഛതകളാലും ജനം മലിനമായിക്കൊണ്ട ിരിക്കുന്നു. ഇവിരെ ഞാന്‍ എങ്ങനെ നയിക്കും. അവര്‍ എണ്ണത്തില്‍ പെരുകുന്നു. ദൈവത്തിന്റെ നിയമങ്ങള്‍ അവര്‍ക്കു പ്രമാണങ്ങളാകുന്നില്ലതാനും. മോശ വര്‍ദ്ധിച്ച കോപത്താല്‍ തന്റെ വടികൊണ്ട് നിലത്തു ആഞ്ഞിടിച്ചു. അതിന്റെ ശക്തിയാല്‍ കൂടാരങ്ങള്‍ കുലുങ്ങി. അവര്‍ മോശയുടെ വടിയെ ഒരു ദുര്‍മന്ത്രവാദിയുടെ മാന്ത്രിക ദണ്ഡു പോലെ ഭയപ്പെട്ടു. അവര്‍ മോശയുടെ മുന്നില്‍ വരാതെ ഒളിച്ചു നടന്ന്, മോക്ഷണവും, വ്യഭിചാരവം തൊഴിലാക്കുന്നു, പരസ്പര ബഹുമാനമില്ലതെ പുലഭ്യം പറയുന്നു. അപ്പനേയും അമ്മയേയും അനുസരണമില്ലാതെ നടക്കുന്നു. ഒരോ കൂടാരങ്ങളിലും അന്യദൈവങ്ങളെ കാണുന്നു. മിസ്രേമിലെ അടിമത്വം ഇതിലും നല്ലതായിരുന്നുവെന്നവര്‍ കരുതുന്നു. ഈ ജനത എന്റെ കടിപ്രദേശത്തെ ചൊറിച്ചില്‍പ്പോലെയാണല്ലോ എന്ന് മോശ ഉള്ളില്‍ നിലവിളിച്ചു. ഉള്ള് ശാന്തമാകുവോളം അവന്‍ നടന്നു. തന്റെ ജീവിതത്തിലെ ഇടയ ജീവിതത്തെ അവന്‍ ഓര്‍ത്തു. ഈ പ്രദേശത്തെ ഒരോ മണല്‍ത്തരികളോടൂം യിസ്രായേല്യരുടെ മോചനത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പങ്കിട്ട ആ ദിവസങ്ങള്‍ ഓര്‍മ്മകളിലേക്ക് കടല്‍ പോലെ ഇരമ്പുന്നു... സിപ്പോറയോടുപോലും താന്‍ ആരെന്നും, തന്റെ സ്വപ്നം എന്തെന്നും വെളിപ്പെടുത്തിയിരുന്നില്ല. ഊണിലും ഉറക്കത്തിലും ഈ പുറപ്പാടിന്റെ ഒരോ നിമിക്ഷങ്ങളും മനസ്സില്‍ കുറിച്ചിരുന്നു. ജനം തന്നില്‍ വിശ്വസിക്കേണ്ട തിന് അടയാളങ്ങളും അത്ഭുതങ്ങളും യഹോവയോടു ചോദിച്ചു. ആടുകളും ആവയുടെ ജീവിതവും പിന്നെ മരുഭൂമിയും തനിക്ക് അത്ഭുതങ്ങള്‍ കാണിക്കാനുള്ള ജാലവിദ്യകള്‍ പഠിപ്പിച്ചു. അങ്ങനെ പൂര്‍ണ്ണനായപ്പോള്‍ മാത്രമാണ് ജനത്തെയും കൂട്ടി പുറപ്പെട്ടത്. എന്നാല്‍ അച്ചടക്കമില്ലാത്ത ജനത്തിന്റെ മനോവ്യാപാരങ്ങളെ തനിക്ക് ഇനിയും മനസ്സിലായിട്ടില്ലല്ലോ എന്ന അറിവ് വല്ലാതെ നീറ്റുന്നു. അനേകം ആടുകള്‍ കൂട്ടമായി നിലവിളിക്കുന്നു. അവര്‍ ഇണചേരാനായി തന്റെ അടുക്കലേക്ക് പാഞ്ഞടുക്കുന്നു. മോശ തന്റെ വടിയുയര്‍ത്തി! എല്ലാം ദയനീയമായ ഒരു നോട്ടത്തൊട് തിരിഞ്ഞു നടക്കാന്‍ തുടങ്ങി. ഇപ്പോഴും അവറ്റകള്‍ തന്റെ വടിയെ ഭയപ്പെടുന്നു എന്നവന്‍ തിരിച്ചറിഞ്ഞ് ഉച്ചത്തില്‍ ചിരിച്ചു.
''എന്തേ ഇത്ര ചിരിക്കാന്‍..'' തൊട്ടു പുറകില്‍ നിന്നും സാറാ ചോദിച്ചു. ഇത്ര നേരവും സാറാ തന്റെ ഒപ്പം ഉണ്ട ായിരുന്നത് അപ്പോള്‍ മാത്രമേ മോശ ഓര്‍ത്തുള്ളു. മോശ ഒന്നും പറയാതെ ഒന്നു ചിരിച്ചതേയുള്ളു.

''ജനമൊക്കേയും തങ്ങളുടെ കൂടാരങ്ങളില്‍ ഉറച്ചവരെപ്പോലെയാണ്. പലരും ഇവിടെ പാര്‍പ്പാക്കാന്‍ ആഗ്രഹിക്കുന്നപോലെ. ഏറെനാള്‍ ഇവിടെ തുടര്‍ന്നാല്‍, നിനക്ക് നിന്റെ സ്വപ്നങ്ങളെ മറക്കേണ്ട ിവരും.'' സാറാ ഒരു മുന്നറീപ്പെന്നപോലെ പറഞ്ഞു.

''നാളെ നമുക്ക് പാളയം ഇളക്കേണം.'' സാറായുടെ ചിന്തകളെ അംഗികരിച്ചവനെപ്പോലെ മോശ പറഞ്ഞു. അവര്‍ കൂടാരത്തിലേക്കു നടക്കവേ, തങ്ങളുടെ മരിച്ചവരുടെ കുഴിമാടങ്ങളില്‍ വിലപിക്കുന്നവരെ അവര്‍ കണ്ട ു. അറവു മാടുകളെപ്പോലെ അവര്‍ മരുഭൂമിയില്‍ മരിച്ചു വിഴുന്നു. മോശയുടെ കനാന്‍ ദേശം കാണാന്‍ ഇതില്‍ എത്രപേര്‍ അവശേഷിക്കും. സാറാ സ്വയം ചോദിച്ചു. ഈ കനാന്‍ ദേശം എവിടെയാണന്ന് മോശക്ക് അറിയാമോ? ഇനി എത്ര കാലം ഈ ജനതയേയും വഹിച്ച് നടക്കേണ്ട ിവരും. നീ മോശയെ അവിശ്വസിക്കുന്നുവോ..? സാറാ ഒന്നു ഞെട്ടി. സ്വന്തം മനസ്സില്‍ നിന്നും ഉയര്‍ന്ന ആ ചോദ്യം അധികം താമസിക്കാതെ എല്ലാവരും ചോദിക്കാന്‍ തുടങ്ങും എന്ന തിരിച്ചറിവില്‍ സാറാ അല്പം മുന്നില്‍ നടക്കുന്ന മോശയുടെ പതറാത്ത കാലുകളില്‍ നോക്കി. ഇല്ല അയാള്‍ക്ക് സന്ദേഹമൊന്നുമില്ല. ഈ പടത്തലവനില്‍ ഞാന്‍ വിശ്വസിക്കുന്നു. അവള്‍ സ്വയം ഉറപ്പിച്ചു. വീടുവീടാന്തരം കയറി ആളുകളെ വാഗ്ദത്ത ഭൂമിയെക്കുറിച്ച് സുവിശേഷിച്ചത് അവന്റെ വാക്കുകളിലെ ഉറപ്പിനാലാണ്. ജനങ്ങള്‍ ഇന്ന് തന്നേയും സംശയത്തോട് നോക്കുന്നതുപോലെ ഒരു തോന്നല്‍. എന്തായാലും ജനം അതൃപ്തരാണ്. ഒന്നും ചെയ്യാനില്ലാത്ത ജനം, അടിമകളായിരുന്നെങ്കിലും അവരുടെ ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുണ്ട ായിരുന്നു. അവരുടെ മുന്നില്‍ ആഹാരമുണ്ട ായിരുന്നു. വീഞ്ഞുണ്ട ായിരുന്നു. വീടുണ്ട ായിരുന്നു. തന്റേതെന്നടയാളപ്പെടുത്താന്‍ അവര്‍ക്കെന്തൊക്കയോ ഉണ്ട ായിരുന്നു. ഇന്നോ..? ആഹാരത്തിനും കൂടാരം കെട്ടാനും അവര്‍ പരസ്പരം മത്സരിക്കണം. ജീവിതത്തിലെ അനിശ്ചിതത്വം അവരെ വ്യാകുലരാക്കുന്നു. അവരെ കര്‍മ്മനിരതരാക്കണം. അലസതായാല്‍ അവര്‍ കലാപങ്ങളെ പെറും. സാറാ മോശയെ ഉപദേശിച്ചു.

ചാരമുഖ്യനെ വിളിച്ചവര്‍ പോകാനുള്ള വഴികളെക്കുറിച്ച് ചോദിച്ചറിഞ്ഞു. അഹറോനും സാറായും മോശയെ ക്രമീകരണങ്ങള്‍ അറീയിച്ചു. യോശുവായും അഹറോനൊപ്പമുണ്ട ായിരുന്നു. യോശുവ കൂടിയാലോചനകളിലൊക്കെ മോശയുടെ നിര്‍ദേശപ്രകാരം പങ്കെടുക്കാറുണ്ട ായിരുന്നു. അഭിപ്രായങ്ങളൊന്നും പറയാതെ എല്ലാം കേട്ടും, ഗ്രഹിച്ചും പോന്നു. സാറാ മോശയോടു പറഞ്ഞിരുന്നത് അവനില്‍ ഭാവിയിലെ 'നീ'യുണ്ടെ ന്നായിരുന്നു. മോശ ഒരു പുഞ്ചിരിയോട് തലയാട്ടുകമാത്രം ചെയ്തു. അഹറോന്‍ ചെറിയ ചെറിയ ചുമതലകള്‍ യോശുവയ്ക്കു കൊടുക്കാറുണ്ട ായിരുന്നു. മുന്നിലെ കാഹളക്കാരുടേയും, കുഴലൂത്തുകാരുടേയും ഗാനങ്ങള്‍ക്കൊപ്പം ജനത്തെ അണികളാക്കി അവരെ ആവേശിപ്പിക്കാന്‍ യോശുവ എപ്പോഴും ശ്രദ്ധിച്ചിരുന്നു. കൂട്ടത്തിലെ കലാപകാരികളേയും, വിഘടനവാദികളേയും കണ്ടെ ത്തി ശിക്ഷിക്കാനുള്ള അധികാരം യോശുവയ്ക്കുണ്ട ായിരുന്നു.

പുറപ്പാടിനുള്ള കാഹളം മുഴങ്ങി. പ്രായമായവര്‍, തങ്ങളുടെ നിസഹായതയെ ഓര്‍ത്ത് ആകാശത്തിലേക്കു നോക്കി. കൊച്ചുകുട്ടികളുള്ളവര്‍ സ്വയം ശപിച്ച് കുട്ടികളെ മാറാപ്പുപോലെ തുണിയില്‍ കെട്ടി മാറത്തു തൂക്കി. കാഹളക്കര്‍ക്കു പിന്നില്‍ മോശയും തന്റെ വടിയും. മോശക്കിരുവശവുമായി സാറയും അഹറൊനും. പിന്നെ യോസേഫിന്റെ അസ്ഥിവാഹകര്‍ ശേഷം ഒരോ ഗോത്രങ്ങളും, മൂപ്പുക്രമത്തില്‍ അണിനിരന്ന് യാത്ര തുടങ്ങി. ഒരൊ ഗോത്രത്തിലും ഇടയന്മാരായവര്‍, ആടുകളേയും, കഴുതകളേയും, ഒട്ടകങ്ങളേയും തെളിച്ചു. യാത്രയില്‍ ഉണ്ട ും, ഉറങ്ങിയും, കലഹിച്ചും, രമിച്ചും, മരിച്ചും, ജനിച്ചും അവര്‍ സിനായി പര്‍വ്വതനിരകളില്‍ എത്തി. ചാര്‍ന്മാര്‍ കൊടുത്ത വിവരങ്ങള്‍ നല്ലതായിരുന്നു. എതിരാളികള്‍ എത്തിച്ചേരാന്‍ ഇടയില്ലാത്ത പച്ചപ്പുകള്‍ ഉള്ള കുന്നിന്‍ പ്രദേശം. ഒരുവശത്ത് ആകാശം മുട്ടെ നില്‍ക്കുന്ന പര്‍വ്വതം. മോശ പാളയമടിക്കാനായി, തന്റെ വടി താഴ്ത്തി. അവര്‍ പാളയമിറങ്ങി.

ഇരുപത്തി രണ്ട്.

ഒരോ ഗോത്രങ്ങളുടേയും കൂടാരം തൊട്ടടുത്ത ഗോത്രങ്ങളില്‍ നിന്നും ക്രിത്യമായ അകലം പാലിക്കുന്നത് മോശ കണ്ട ു. എന്തേ ഈ ജനം ഇനിയും പൊരുത്തങ്ങളിലേക്കിറങ്ങിയില്ലേ. സാരാംശങ്ങളില്‍ അവര്‍ ഒന്നല്ലേ...? അബ്രഹാമിന്റേയും, യിസഹാക്കിന്റേയും, യാക്കോബിന്റേയും കടിപ്രദേശത്തുനിന്നും ജനിച്ചവര്‍തന്നെയല്ലേ ഇവര്‍. രഹസ്യമായി ഇവര്‍ തനെക്കെതിരെ ഗൂഡാലോചന നടത്തുന്നില്ലെ...? ഇവരുടെ ഉള്ളങ്ങളില്‍ സ്വാര്‍ഥതയുടെ കരിമ്പാറകളണല്ലൊ ദൈവമേ.. ഇവരെ ഞാന്‍ എങ്ങനെ ഒന്നായി മുന്നോട്ടു നയിക്കും. മോശ അധികം വേവലാതിയിലായിരുന്നു. ജനം താഴ്‌വരെയാകെ കൂടാരങ്ങള്‍ അടിച്ചിരിക്കുന്നു. മോശ അവര്‍ക്കെതിരെയുള്ള പര്‍വ്വതത്തിലേക്കു നോക്കി. പര്‍വ്വതം പുകയുന്നു. മോശയുടെ കണ്ണുകള്‍ പര്‍വ്വത്തിലേക്ക് ആഴ്ന്നിറങ്ങി. ആ പര്‍വ്വതം തന്നെ കീഴ്‌പ്പെടുത്തുന്നു. പര്‍വ്വതത്തിനു ജീവന്‍ വെച്ചപോലെ തന്നെ വിളിക്കുന്നു. അവനു പ്രതിരോധിക്കാന്‍ കഴിയുന്നില്ല. അവന്റെ കാലുകള്‍ പര്‍വ്വതത്തിലേക്കു നടന്നു. അതിന്റെ കൊടിമുടികള്‍ അവന്റെ കണ്ണുകളില്‍ നിന്നും മറഞ്ഞിരുന്നു. അവിടെ നിറഞ്ഞ പുകമാത്രം അതിനിടയില്‍ യഹോവയുടെ വായിലെ തീ അവന്‍ കണ്ട ു. അതെ ഇതു ദൈവത്തിന്റെ പര്‍വ്വതം തന്നെ. മോശ അതിന്റെ പാദങ്ങളില്‍ മുട്ടുകുത്തി. തന്റെ മനസ്സിന്റെ അശാന്തികളെ അവന്‍ എണ്ണിയെണ്ണി ഓര്‍ത്തു. യഹോവ തന്നെ ആ മലമുകളിലേക്ക് മാടിവിളിക്കുന്നു. അവന്‍ മലകയറാന്‍ തീരുമാനിച്ചു.

''അഹറോനെ നീ എന്റെ ജനത്തെ പരിപാലിക്കേണം.'' മോശ മലകയറുന്നതിനിടയില്‍ പറഞ്ഞു. സാറയേയും എസ്രയേയും അടുത്തുവിളിച്ച് തോളില്‍ തട്ടി അവന്‍ പറഞ്ഞു: ''ഞാന്‍ ദൈവത്തിന്റെ മലയിലേക്കു പോകുന്നു. ദൈവം എന്നോട് സംസാരിക്കാതിരിക്കില്ല. നിങ്ങള്‍ താഴ്‌വരയില്‍ കാത്തിരിക്കേണം.''

''യജനാനനേ ആടുകള്‍ക്കു പോലും കയറാന്‍ കഴിയാത്ത ഈ മലകയറുമ്പോള്‍ അങ്ങയുടെ കാലുകളെ സൂക്ഷിക്കേണമേ'' മൂടല്‍ മഞ്ഞിനാല്‍ പുകയുന്ന പര്‍വ്വതത്തിന്റെ അവസാനം എവിടെ എന്നറിയാതെ എസ്ര എന്തൊക്കയോ ഭീതിയാല്‍ പറഞ്ഞു. മോശ ഒന്നു ചിരിച്ചതെയുള്ളു. സാറയുടെ ഉള്ളില്‍ ഒരു കടന്നല്‍ മൂളി. അവനു ഈ ഇടയില്‍ കൂടുതല്‍ താല്പര്യം എസ്രായോടോ? അവള്‍ കുറെക്കുടി ചെറുപ്പമല്ലെ. അവള്‍ സ്വയം ആശ്വസിച്ചു. അവഗണിക്കപ്പെടുന്നതിന്റെ വേദനയവളില്‍ രൂപപ്പെടുന്നുണ്ട ായിരുന്നു. എന്നാല്‍ മോശക്ക് സാറായെ ഒരിക്കലും ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. അവള്‍ അടുത്തുള്ളപ്പോള്‍ ഉള്ളില്‍ നിന്നും പ്രവഹിക്കുന്ന ശക്തി എത്രയോ പ്രതിസദ്ധികളെ അധിജീവിക്കാന്‍ സഹായിച്ചു. അവള്‍ അടുത്തു നില്‍ക്കുമ്പോള്‍ യഹോവ തന്റെ ഒപ്പം ഉണ്ട ന്നൊരു തോന്നല്‍. അന്ന് തന്നെ ഒളിച്ചോടാന്‍ അവള്‍ പ്രേരിപ്പിച്ചില്ലായിരുന്നെങ്കില്‍, മോശ എന്ന ഈ വിമോചകന്‍ ഇന്നുണ്ട ാകുമായിരുന്നോ. സാറായുടെ ചിന്തകളെ തിരിച്ചറിഞ്ഞിട്ടെന്നപോലെ മലകയറുമ്പോള്‍ മോശയുടെ മനസ്സിലും പലതും മാറി മറിയുന്നുണ്ടായിരുന്നു.

ഒരോ കാര്യങ്ങളിലും സാറായുടേ സൂക്ഷമ നിരീക്ഷണങ്ങളും കണ്ടെ ത്തലുകളും ഈ വ്യവസ്ഥയില്ലാത്ത ജനതയെ നയിക്കാന്‍ ഇതുവരെ സഹായിച്ചു. ചെറിയ കാര്യങ്ങളില്‍പ്പോലും ഇവര്‍ കലഹിക്കുന്നു. നാളെയെക്കുറിച്ചുള്ള വേവലാതികളാല്‍ അവര്‍ ആകാംഷാഭരിതരാണ്. അവരുടെ അടിമജീവിതം അവരെ ഒട്ടും അസ്വസ്ഥരാക്കിയിരുന്നില്ല. നിനക്കുവേണ്ട ി ഞങ്ങള്‍ ഞങ്ങളുടെ നല്ലജീവിതം ഉപേക്ഷിച്ചു. ഞങ്ങള്‍ നിനക്കുവേണ്ടി ഒരു ത്യാഗം ചെയ്യുന്നു എന്ന മട്ടാണ്. അല്പം ആഹാരം കുറഞ്ഞാല്‍, ഒരു ദിവസം ദാഹിച്ചാല്‍, നീ ഞങ്ങളെ കൊല്ലാന്‍ കൊണ്ട ുപോകുന്നോ? ഞങ്ങള്‍ മിസ്രേമിലേക്ക് തിരികെപ്പൊയ്ക്കൊള്ളാമെന്നവര്‍ പറയുന്നു. താന്‍ പറഞ്ഞ സ്വപ്നങ്ങളൊന്നും അവര്‍ വിശ്വസിച്ചതായി തോന്നുന്നില്ല. അഹറോനും പലപ്പോഴും തനിക്കെതിരെ തിരിയുന്നപോലെ. അപ്പോഴൊക്കെ സാറായുടെ ബുദ്ധിയും ഇടപെടലും കലഹങ്ങളെ ഒഴിവാക്കുന്നു.

പെട്ടന്ന് മോശയുടെ മനസ്സില്‍ മറ്റൊരു ചിന്ത രൂപപ്പെടുകയായിരുന്നു. താന്‍ ഇവര്‍ക്കിടയില്‍ നിന്നു മാറി നിന്നാല്‍ ഇവര്‍ എങ്ങനെയായിത്തീരും. അഹറോനെ അവര്‍ അനുസരിക്കുമോ? സാറായ്ക്കവര്‍ ചെവികൊടുക്കുമോ? ഇവര്‍ക്ക് എന്നും ഭയമൊഴിയാതെ ദൈവത്തിന്റെ നിഴലില്‍ അവരെ നിര്‍ത്തണം. ഒരോ ചെറിയ കാര്യങ്ങളിലും വ്യവസ്ഥയുണ്ട ാകണം. പര്‍വ്വതത്തിന്റെ കൊടിമുടി ഇനിയും എത്രയോ അകലത്തില്‍. ദൈവം തന്നെ വിളിക്കുന്നു എന്നു പറഞ്ഞാണ് മലകയറാന്‍ പുറപ്പെട്ടത്. മൂന്നു ദിവസമായിരിയ്ക്കുന്നു. ഇപ്പോള്‍ അഹറോനോടവര്‍ കലഹം തുടങ്ങിയിട്ടുണ്ട ാകാം. പെട്ടന്നൊരുള്‍ഭിതിയാല്‍ മോശ പതിയെ മലയിറങ്ങി അടിവാരത്തില്‍ മയങ്ങിക്കിടന്നവരെ ഉണര്‍ത്തി. എല്ലാവരേയും മലയുടെ അടിവാരത്തേക്കു കൂട്ടാന്‍ പറഞ്ഞു. ജനം വന്നപ്പോള്‍ മോശ പറഞ്ഞു.

''ഇത് ദൈവത്തിന്റെ പര്‍വ്വതം. ഇവിടെ യഹോവ ഇറങ്ങിവന്ന് മോശയോട് സംസാരിച്ച ഇടമെന്നറിയുവിന്‍. ഇവിടം വിശുദ്ധമാകുന്നു. നിങ്ങള്‍ മൂന്നു ദിവസം വൃതശുദ്ധിയില്‍ കഴിയേണം. നിങ്ങളുടെ വസ്ത്രങ്ങള്‍ അലക്കി ദേഹശുദ്ധിവരുത്തി യഹോവയുടെ കല്പനകള്‍ക്കായി കാത്തിരിക്കുവിന്‍. ഈ മൂന്നു ദിവസവും നിങ്ങള്‍ നിങ്ങളുടെ ഇണയില്‍ നിന്ന് അകന്നിരിക്കേണ്ട തും, എന്നാല്‍ മറ്റുവല്ലവരോടും ഇണചേരാന്‍ ഇടവരുകയും അരുത്. അത് മൃഗങ്ങളോടും അരുത്. അങ്ങനെ സംഭവിച്ചാല്‍ യഹോവയുടെ വാള്‍ നിങ്ങള്‍ക്കെതിരെ തിരിയും. ഇത് യഹോവയുടെ വാക്കുകളാകുന്നു. ഞാന്‍ തിരികെവരുവോളം ആരും മലയില്‍ കയറരുത്. ഇത് വിശുദ്ധ സ്ഥലം ആകുന്നു എന്നറിവിന്‍.'' അവന്‍ രണ്ട ാമതും പറഞ്ഞു. മോശ സാറയേയും അഹറോനേയും നോക്കി ഒന്നും പറയാതെ മലകയറി. മോശയുടെ കണ്ണുകളിലെ തീക്ഷണതയില്‍ നിന്നും സാറ അറിഞ്ഞു; അവന്‍ എന്തൊക്കയോ തിരുമാനിച്ചിട്ടുണ്ട ന്ന്. ഒരോദിവസം കഴിയുന്തോറും അഹറോനും മോശയിലെ കാര്‍ക്കശക്കാരനെ തിരിച്ചറിയുന്നു. ഒരോ പ്രതിസന്ധിയിലും എന്തെങ്കിലും ഉപായം അവന്റെ കൈയ്യില്‍ കാണും. അഹറോന്‍ ജനത്തിന്റെ മൂപ്പന്മാരെ വിളിച്ചു വരുത്തി, മോശ കുറച്ചു വാക്കുകളില്‍ പറഞ്ഞതത്രയും, മോശ പറയാന്‍ ആഗ്രഹിച്ച രീതിയില്‍ ഗ്രഹിച്ച്, അവരോടു പറഞ്ഞു.

ജനം സീനായി മലയടിവാരത്തില്‍, അഹറോന്‍ വരച്ച അതിര്‍ വര മറികടക്കാതെ മോശയുടെ മലയിറക്കവും കാത്ത് ആകാംക്ഷയോടെ ഇരുന്നു. ആരെല്ലാമോ കാത്തിരിപ്പിന്റെ അലോസരം കുത്തുവാക്കുകളില്‍ പ്രകടിപ്പിക്കാന്‍ മടിച്ചില്ല. മറ്റുചിലര്‍, 'യഹാവ എന്തെ മോശയോടു മാത്രമേ സംസാരിക്കുവോ...? ഇവന്‍ നമ്മെ വിഡ്ഡിയാക്കുകയല്ലന്നാരു കണ്ട ു..' ജന വികാരം ചാരന്മാര്‍ വഴി അഹറോനും സാറയും അറിയുന്നുണ്ട ായിരുന്നു,. അഹറോന്റെ ഉള്ളിലും അടുത്ത സമയങ്ങളിലായി മോശയോട് ഉള്ളത്തില്‍ അസൂയയുടെ പുകപടലങ്ങള്‍ ഉയരുന്നുണ്ട ായിരുന്നു. അവന്‍ എന്റെ അപ്പന്റെ മകന്‍ തന്നെ. പക്ഷേ ഞാനല്ലെ ആദ്യ ജാതന്‍. അവന്‍ എല്ലാത്തിനും അധികാരിയും രാജാവുമായിരിക്കുന്നു. അവനെത്തൊക്കയോ ആഭിചാരങ്ങളും മന്ത്രങ്ങളും അറിയാവുന്നവന്‍. അവനോടെതിരിടാന്‍ ആര്‍. അഹറോന്‍ തന്റെ മനോവികാരങ്ങളെ ആരും അറിയാതെ അടക്കും. എന്നാല്‍ തന്റെ സഹോദരിയായ മിര്യാമിനോട് എല്ലാം തുറന്നു പറയുമായിരുന്നു. മിര്യാമും സാറയും പഴയ മിത്രങ്ങളും പുതിയ ശത്രുക്കളുമാണ്. സാറ സുന്ദരിയാണെന്നു നിഗളിച്ചിരുന്നതായി മിര്യാം കരുതി. നദിയില്‍ വെള്ളം കോരാന്‍ പോകുമ്പോള്‍ അകാരണമായി അവര്‍ കലഹിച്ചിരുന്നു. അടുത്ത വീടുകളില്‍ താമസിക്കുമ്പോഴും അവര്‍ സ്‌നേഹിതരെന്നു നടിച്ചതേയുള്ളു, സാറായുടെ അപ്പന്‍ മിസ്രേമ്യന്റെ അടിയാല്‍ വീണുവെന്നറിഞ്ഞപ്പോള്‍, അവളുടെ നിഗളം അവസാനിച്ചെല്ലോ എന്നു മിര്യാം സമാധാനിച്ചിരുന്നു. എന്നാല്‍ തന്റെ അപ്പന്റെ മകന്‍ മോശ അവള്‍ക്കുവേണ്ട ി ആ മിസ്രേമ്യനെ അടിച്ചു കൊന്നുവെന്നറിഞ്ഞപ്പോള്‍ ഉള്ളില്‍ ഒരു കുരു വളരാന്‍ തുടങ്ങി. ഇപ്പോള്‍ അവള്‍ മോശയുടെ ഭരണക്കാരിയായി തന്റെ മേല്‍ അധികാരമുള്ളവളായിരിക്കുന്നു. അതുകൊണ്ട ു തന്നെ രഹസ്യമായി മോശക്കും അവള്‍ക്കും എതിരായി മിര്യാം എന്നും ചിന്തിച്ചു കൊണ്ടേ യിരുന്നു.

സാറയുടെ ഉള്ളീന്റെ ഒരു കോണില്‍ അവനു പണ്ട ത്തെപ്പോലുള്ള സ്‌നേഹം തന്നോടുണ്ടേ ാ എന്ന സന്ദേഹം ഉണ്ട ാകാറുണ്ടെ ങ്കിലും, അവനോടുള്ള സ്‌നേഹത്തുനും മമതയ്ക്കും ഒട്ടും കുറവില്ലായിരുന്നു. അവനെതിരെ സംസാരിക്കുന്ന ജനങ്ങളോടവള്‍ക്ക് വെറുപ്പും പുശ്ചവും ആയിരുന്നു. ഈ ജനത്തിനു വേണ്ട ി അവന്‍ അനുഭവിച്ച കഷ്ടങ്ങളൊക്കെ അവര്‍ പെട്ടന്നു മറക്കുന്നു. അവന്റെ ജനത്തിനുവേണ്ട ി അവന്റെ ജീവിതം മാറ്റിവെച്ചതവര്‍ മറക്കുന്നു. അവന്‍ ഒരു കൊലപാതികി ആയതാര്‍ക്കുവേണ്ട ി. അടികൊണ്ട ു വീണത് തന്റെ പിതാവാണന്നവന്‍ പിന്നീടെ അറിഞ്ഞുള്ളു. എന്തിന്; അതിനു ശേശേഷമല്ലെ അവനെ താന്‍ അറിയുന്നതു തന്നെ. അതിനു മുമ്പ് അവനെ കാണുമ്പോള്‍ കൊട്ടാരത്തിലെ വളര്‍ത്തു പുത്രനെന്ന രീതിയില്‍ അകലം പാലിച്ചിരുന്നു. അവനെ അടുത്തറിഞ്ഞപ്പോള്‍, അവന്റെ ജനതയ്ക്കുവേണ്ട ിയുള്ള അവന്റെ മനസ്സിന്റെ വെമ്പല്‍ തിരിച്ചറിഞ്ഞു. അവന്‍ ഭാര്യയേയും മക്കളേയും ഉപേക്ഷിച്ചതാര്‍ക്കുവേണ്ട ി? നീണ്ട കാലം ആട്ടിടയനായതാര്‍ക്കുവേണ്ട ി? എല്ലാം ഈ ജനതയ്ക്കുവേണ്ട ി. എന്നാല്‍ എല്ലം പെട്ടന്നു മറക്കുന്ന നന്ദികെട്ട ഈ ജനത അവനെതിരെ പിറുപിറുക്കുന്നു. അതറിയുമ്പോള്‍ അവന്റെ കണ്ണൂകള്‍ അരുളിപ്പുപോലെ ചുവക്കുന്നു. കോപം അവന്റെ ഉള്ളില്‍ ജ്വലിക്കും. പെട്ടന്നവന്‍ എല്ലാ കോപങ്ങളേയും നിയന്ത്രിച്ച് ഒരു നേതാവിന്റെ തനിമയിലേക്കിറങ്ങുന്നു. എന്നിട്ട് വളരെ നേരത്തെ മൗനത്തിനു ശേഷം തന്നെ അവന്റെ ബലിഷ്ഠമായ കരവലയത്തില്‍ ഒരുക്കി പറയും; 'അന്നു രക്ഷപെടുവാനുള്ള ഉപയങ്ങള്‍ നീ പറഞ്ഞു തന്നില്ലായിരുന്നെങ്കില്‍, ഞാന്‍ ഫറവോന്റെ വാളീനിരയാകുമായിരുന്നു. നീ എന്റെ രക്ഷകയും വീണ്ടെടുപ്പുകാരിയുമാണ്. നീ എന്നോടൊപ്പമുള്ളപ്പോള്‍ ഞാന്‍ ശക്തനാണ്. ഞാന്‍ എന്റെ ജനതയെ നയിക്കും.' (ഒരു മന്ത്രം എന്നപോലെ ഇതവന്‍ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും) അവന്റെ ഉറപ്പുള്ള വാക്കുകളും, ബലമുള്ള ഭുജവും എന്നും എന്നോടൊപ്പമുണ്ട ാകണമേ എന്നാഗ്രഹിക്കും. എന്നിട്ടും എസ്രായെ ഞാനവനു കൊടുത്തു. അവന്റെ ഉള്ളിലെ അടങ്ങാത്ത ബലം പകരാന്‍ ഇനിയും പാത്രങ്ങള്‍ വേണം എന്ന തിരിച്ചറിവിനാലായിരുന്നത്. ഒരിക്കല്‍ അവനോടു പറഞ്ഞു, എന്റെ ഗര്‍ഭം എന്തേ യഹാവാ അടച്ചിരിക്കുന്നു. നിന്റെ വംശത്തെ പ്രസവിച്ചവള്‍ എന്ന ഖ്യാതി എന്തേ നി എനിക്കു തരുന്നില്ല. അവന്‍ എല്ലാം അറിയാവുന്നവനെപ്പോലെ ചിരിച്ചതേയുള്ളു.

സാറാ മലമുകളിക്ക് നോക്കി പലവിധ വിചാരങ്ങളിലായി. മൂടല്‍ മഞ്ഞിനാല്‍ ഒന്നും വ്യക്തമല്ല. അവന്‍ ഒറ്റയ്ക്ക് എന്തു ചെയ്യുന്നു. യഹോവ ഇറങ്ങിവരുമോ ? ഇല്ലെങ്കില്‍ അവനെ ഈ ജനം കല്ലെറിയില്ലെ.? അവന്റെ ഉള്ളില്‍ എന്തൊക്കയോ പദ്ധതികള്‍ കാണാതിരിക്കില്ല. മൂന്നാം ദിവസം ആരംഭിച്ചിട്ടും അവന്‍ ഇറങ്ങിവരുന്നില്ല. മലമുകളില്‍ കാര്‍മേഘങ്ങള്‍ ഉറഞ്ഞു കൂടുന്നു, കാറ്റിന്റെ ശക്തിയാല്‍ മൂടല്‍ മഞ്ഞ് ഒഴിഞ്ഞു പോകുന്നു. മലമുകള്‍ അല്പാല്പം തെളിഞ്ഞുവരുന്നു. ജനം മോശക്കായി ചെവിയോര്‍ത്തു. ചിലരൊക്കെ ചിരിച്ചു. അവനിനി വരില്ലായെന്നു പറയുന്നു. സാറായുടെ ഉള്ളൊന്നു തേങ്ങി. അവനെന്തെങ്കിലും സംഭവിച്ചോ? ഇല്ല അവന്‍ ഒരിടയനാണ്. താഴ്‌വരകളും, മലകളും അവനും അവന്റെ ആടുകളും എത്ര കണ്ട ിരിക്കുന്നു. എല്ലാത്തിനും അവന്‍ അവന്റേതായ ഒരു നാടകീയത കാക്കും. അവന്‍ വരും അവള്‍ ഉറച്ചു. പെട്ടന്ന് അന്തരീക്ഷം ആകെ മാറി അവിടാകെ കൊടുംകാറ്റ് രുപപ്പെട്ടു. മലമുകള്‍ കാര്‍മേഘങ്ങളാല്‍ മൂടപ്പെട്ടു. ഇടിയും മിന്നലും പുറപ്പെട്ടു. മലകത്തി. പുകയാല്‍ അവിടെ നിന്നവര്‍ക്ക് പരസ്പരം കാണാന്‍ വയ്യാതെയായി. മഴയാല്‍ അവര്‍ കുതിര്‍ന്നു. പെട്ടന്നവരുടെ മുന്നില്‍ ഒരു ശബ്ദം കേട്ടു. അത് മോശയുടേതായിരുന്നു. എന്നാല്‍ അത് യഹോവയുടെതും ആയിരുന്നു. ജനം അങ്ങനെയാണതിനെ കേട്ടത്. മലമുകളിലെ മോശയെ അഹറോന്‍ തന്റെ മനസ്സിലുള്ളതത്രയും മറച്ചുവെച്ച്, മോശക്കുമുന്നില്‍ സ്രാഷ്ടാഗം വീണു. ജനവും അങ്ങനെ തന്നെ ചെയ്തു. സാറാ ഉള്ളില്‍ ചിരിച്ചു. നീ നിന്റെ മാന്ത്രിക വടിയാല്‍ നിന്റെ ജനത്തെ വീണ്ട ും നിന്നിലേക്കടപ്പിച്ചിരിക്കുന്നു.

മലകയറിയവനുവേണ്ട ിയുള്ള അനന്തമായ കാത്തിരുപ്പ്. മലയുടെ അടിവാരത്തില്‍ കാത്തിരുന്നവരൊക്കെ പ്രതീക്ഷ കൈവിട്ടവരെപ്പോലെ പരസ്പരം നോക്കി. ജനത്തിന്റെയിടയില്‍ ഒരു ചുഴലി രൂപപ്പെടുന്നുണ്ട ായിരുന്നു. അവര്‍ മലമുകളിലേക്കു നോക്കി പിറുപിറുക്കുകയും അപഹാസിതരെപ്പോലെ സ്വയം ചിരിക്കുകയും ചെയ്തു. ''അവനിനി വരില്ല. അവന്റെ കയ്യിലെ മന്ത്രമെല്ലാം തീര്‍ന്നുപോയി. മലയുടെ മറുവശത്തുകൂടെ അവന്‍ രക്ഷപെട്ടിട്ടുണ്ട ാകും.'' ആരോ ആള്‍ക്കൂട്ടത്തില്‍ നിന്നും വിളിച്ചു പറഞ്ഞു. ഒരു ശബ്ദം പലതായി ആള്‍ക്കുട്ടത്തിന്റെ വിചാരമായി മാറി.

അഹറോനും സാറയും പരസ്പരം നോക്കി. ഇനി എന്ത്? ഈ ജനങ്ങളെ ആര് എങ്ങനെ നയിക്കും. അതായിരുന്നു അവരുടെ ആശങ്ക. സാറ അഹറോന്റെ ഉള്ളില്‍ വിരിയുന്ന ഒരു ചിരികാണാതിരുന്നില്ല. മോശ ഇനി തിരുച്ചു വന്നില്ലെങ്കില്‍ ഈ ജനതയെ ഞാന്‍ നയിക്കും. അവര്‍ക്കു രക്ഷകനും നേതാവും താനായിരിക്കും. അഹറോന്‍ ഉള്ളില്‍ നിരുപിച്ച്, ജനങ്ങള്‍ എങ്ങനെ എന്നറിയാന്‍ അവര്‍ക്കിടയില്‍ നടന്നു. അവര്‍ രണ്ട ു കൂട്ടങ്ങളായി മാറുകയായിരുന്നു. മോശക്കുവേണ്ടി കാക്കുന്നവരും, മോശയെ ഉപേക്ഷിച്ചിരിക്കുന്നവരും. യോശുവ ഏറെ പരവശനായി അവന്റെ വാളിന്റെ ബലത്താല്‍ കുറെനാവുകളെ അടക്കി. എന്നാലും ജനം ഏറെയായിരുന്നു.

മോശ മലമുകളില്‍ മരിച്ചു എന്നു കരുതിയവര്‍ അഹറോന്റെ അരുകില്‍ വന്നു. ''യജമാനനേ, ഞങ്ങളെ ഈ കഷ്ടങ്ങളിലുടെ നയിച്ച മോശയോ മരിച്ചു. ഇനി ഞങ്ങള്‍ക്കൊരു രക്ഷകനായ ദൈവത്തെ തരേണമേ... അല്ലെങ്കില്‍ ഈ മരുഭൂമിയില്‍ ഞങ്ങളുടെ കുട്ടികളും ഭാര്യമാരും, കന്നുകാലികളും, ഞങ്ങള്‍ക്കുള്ളതൊക്കേയും മരിച്ചു പോകുമേ'' അവര്‍ കരഞ്ഞു. അഹറോന്‍ ഉള്ളത്തില്‍ സന്തോഷിച്ചുവെങ്കിലും, മോശ തിരിച്ചുവരുമോ എന്നു ശങ്കിച്ചു. മിര്യാം അവനു കൂട്ടായി. മിര്യാമിനു മോശയോടുള്ള അസൂയയാല്‍ അവനോടു പകരം വീട്ടാന്‍ കിട്ടിയ അവസരം എന്ന നിലയില്‍ അവള്‍ അഹറോനെ ഉപദേശിച്ചു. അഹറോന്‍ ജനത്തോടു പറഞ്ഞു, നിങ്ങളുടെ കയ്യിലുള്ള പൊന്നും വെള്ളിയും കൊണ്ട ുവരീന്‍. ജനം അങ്ങനെ ചെയ്തു. അവന്‍ ഒരാഴിയുണ്ട ാക്കി പൊന്നും വെള്ളിയും അതില്‍ ഉരുക്കി. ഒരു കാളക്കുട്ടിയെ ഉണ്ട ാക്കി. ജനം ഒക്കേയും സന്തോഷിച്ചു. മിസ്രേമില്‍ നിന്നും പുറപ്പെട്ടതിനു ശേഷം അവര്‍ക്കു നഷ്ടപ്പെട്ട അവരുടെ ദൈവത്തെ അവര്‍ കണ്ട ു. അവര്‍ കാളക്കുട്ടിയെ വണങ്ങി. അഹറോന്‍ അവര്‍ക്ക് യാഗപീഠം പണിതു കൊടുത്തു. മൂന്നു ദിവസം ഉത്സവം ആചരിക്കാന്‍ അവരോടു പറഞ്ഞു. ജനമൊക്കയും അഹറോനും മിര്യായായിക്കും ജയ് വിളിച്ചു.

എന്നാല്‍ സാറായും, യോശുവായും, എസ്രയും അവരുടെ കൂട്ടമൊക്കയും ഏങ്ങിയും വിലപിച്ചും മലയുടെ അടിവാരത്തില്‍ മോശക്കായി കാത്തു. മോശയോ മലമുകളില്‍ തിന്നാതെയും കുടിക്കാതയും യഹോവക്കായി കാത്തു. അവന്‍ രണ്ട ു കല്പലകകള്‍ ചെത്തിയുണ്ട ാക്കി. ഫറവോന്റെ കൊട്ടാത്തില്‍ നിന്നും അവന്‍ പഠിച്ച എഴുത്തു വിദ്യ ഓര്‍ത്തെടുത്ത് എഴുതാന്‍ തുടങ്ങി. ഒരു ജനതയെ വരുതിയിലാക്കാന്‍ നിയമങ്ങള്‍ ആവശ്യമാണ്. അനുഭവങ്ങളില്‍ നിന്നും പഠിച്ചതൊക്കേയും അവന്‍ കുറിച്ചു. ഭയത്തിന്റേയും അനുസരണയുടേയും പാഠങ്ങള്‍ അവന്‍ എഴുതി. നാല്പതു രാവും പകലും അവന്‍ നിയമങ്ങളും ഉപനിയമങ്ങളും പഴുതുകള്‍ അടച്ചവനെഴുതി. ഒരു പുതിയ രാജ്യത്തിന്റെ നിയമങ്ങളും വ്യവസ്ഥകളുമായിരുന്നു അത്. ഇവയൊക്കേയും യഹോവയാല്‍ പ്രേരിതമെന്ന് അവന്‍ കുറിച്ചു. അപ്പോഴൊക്കെ സാറാ ആയിരുന്നു അവന്റെ മനസ്സില്‍. ജനങ്ങളുടെ ഹിതം അറിഞ്ഞ്, അവരുടെ ചെയ്തികളും, ദുഷ്‌ച്ചെയ്തികളും അവള്‍ അപ്പപ്പോള്‍ അറീയിച്ചുകൊണ്ട ിരുന്നതൊക്കെ മനസ്സില്‍ സംഗ്രഹിച്ചിരുന്നു. അതൊക്കെ കല്ലില്‍ കൊത്തിയപ്പോള്‍ മനസ്സില്‍ സന്തോഷവും, സാറയെ കരവലയങ്ങളില്‍ ആലിംഗനം ചെയ്യാനുള്ള ഉള്‍വിളിയും ഉണ്ടായി. മോശ എഴുതിയ കല്ലുകളുമായി മലയിറങ്ങി. അടിവാരത്തിലെ ആരവങ്ങളും, ആര്‍പ്പുകളും അവന്റെ മനസ്സിളക്കി. ജനം ഫറവോന്റെ ദൈവത്തിന് ഉത്സവം കൊണ്ട ാടുകയായിരുന്നു. കോപത്താല്‍ അവന്‍ വെന്തു. എല്ലാം കത്തിച്ചുകളയാന്‍ അവന്‍ കൊതിച്ചു. എന്നാല്‍ വഗ്ദത്ത ഭൂമി അവനെ പുറകിലേക്കു വലിച്ചു. ഈ ജനത ഒന്നും അര്‍ഹിക്കുന്നില്ല. സ്വാര്‍ത്ഥതയാല്‍ തിമിരം ബാധിച്ചവര്‍. ഇവര്‍ക്കു നേരെ ദൈവത്തിന്റെ തീ ഇറങ്ങാതിരിക്കട്ടെ. അവന്‍ പ്രാര്‍ത്ഥിച്ചു. എങ്കിലും കോപത്താല്‍ അവന്‍ ഭുജങ്ങളില്‍ വഹിച്ചിരുന്ന നിയമപുസ്തകത്തെ താഴ്‌വാരത്തിലേക്കെറിഞ്ഞുടച്ചു. നിയമം പൊട്ടിത്തെറിച്ച് അവിടമാകെ പ്രകമ്പിതമായി. ജനം ഭയന്നു.

മോശയുടെ മലയിറക്കം അറിഞ്ഞ അഹറോന്‍ അടിവാരത്തിലേക്കോടി അവന്റെ കാല്‍ക്കല്‍ വീണു കരഞ്ഞു. 'യജമാനനേ ഈ ജനത്തിനു വേണ്ട ി ഞനതു ചെയ്തു. എന്നോടൂ കോപിക്കരുത്.' മോശ അഹറോനെ താങ്ങി എഴുനേല്‍പ്പിച്ചു. അപ്പോഴും അവന്റെ കോപം അടങ്ങിയിരുന്നില്ല. അഹറോന്റെ ജനപിന്തുണയറിയാവുന്ന മോശ അവനെതിരെ ഒന്നും ചെയ്തില്ല. പക്ഷേ അവനൊന്നു തീര്‍മാനിച്ചു. അവന്‍ യോശുവായോടു പറഞ്ഞു: 'എനിക്കുള്ളവരേയും, എനിക്കെതിരുള്ളവരേയും രണ്ടു പക്ഷമായി തിരിക്ക. അഹറോന്‍ ഗോത്രമൂപ്പന്മാരെ വിളിച്ച് യോശുവായുടെ മുന്നില്‍ നിര്‍ത്തി, ജനം രണ്ടു ചേരിയായി. മോശ യോശുവായോട് എന്റൊപ്പമല്ലാത്തവരെയൊക്കെ നീ വാളാല്‍ ഛേദിക്ക എന്ന് കല്പിച്ചു. യോശുവ അവന്റെ ഭുജബലത്താല്‍ അവരെ ഛേദിച്ചു. മോശ വീണ്ട ും മലമുകളിലേക്കു കയറി അവന്റെ ഓര്‍മ്മയിലെ നിയമ പുസ്തകം വീണ്ട ും എഴുതി.

മോശ അവരോടു പറഞ്ഞു. ഇത് യഹോവയുടെ കല്പനകളാകുന്നു. അവന്റെ കയ്യില്‍ ഒരെഴുത്തു പലകയുണ്ട ായിരുന്നു. അതില്‍ നിന്നും വായിച്ചു. അത് ഒരോരുത്തരും പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും ആയിരുന്നു. അവന്റെ ശബ്ദം ഉച്ചത്തിലും, ഉറച്ചതും ആയിരുന്നു. അവന് അപ്പോള്‍ നാവുടക്കിയിരുന്നില്ലെന്നു സാറാ അറിഞ്ഞു. അത്രയ്ക്കും ഉള്ളറിഞ്ഞായിരുന്നു ഒരോവാക്കും അവന്‍ പറഞ്ഞിരുന്നത്.
''അടിമ വീടായ മിസ്രയിം ദേശത്തു നിന്നും നിന്നെ കൊണ്ട ുവന്ന യഹോവയായ ഞാന്‍ നിന്റെ ദൈവമാകുന്നു,
ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത്.
ഭൂമിയിലുള്ള യാതൊന്നിന്റേയും വിഗ്രഹങ്ങള്‍ ഉണ്ട ാക്കുകയോ ആരാധിക്കയോ അരുത്.
ആറു ദിവസം വേലചെയ്യുക. ഏഴാം ദിവസം ശബത്താചരിച്ച് നിന്റെ ദൈവമായ യഹോവയെ സ്തുതിക്ക.
നീ കൊലചെയ്യരുത്.
നീ വ്യഭിചാരം ചെയ്യരുത്.
നീ മോഷ്ടിക്കരുത്.
അയല്‍ക്കാരനെതിരായി കള്ളസാക്ഷ്യം പറയരുത്.

മിര്യാം അപ്പോഴും അഹറോന്റെ പിന്നില്‍ എന്തൊക്കയോ പിറുപിറുത്തു കൊണ്ടിരുന്നു.
(തുടരും)
മോശയുടെ വഴികള്‍ (നോവല്‍-11: സാംസി കൊടുമണ്‍)
Join WhatsApp News
Jyothylakshmy Nambiar 2020-09-19 17:23:44
ബൈബിളിൽ വിവരിക്കുന്ന പുണ്യഭൂമിയിൽ സന്ദർശനത്തിനെത്തുന്ന എഴുത്തുകാരൻ ആ വിവരണങ്ങൾക്ക് ഒരു പുതിയ മാനം നൽകുകയാണ്. ഒപ്പം ചില ആചാരങ്ങളെ വിമർശിക്കയും. ഉദാഹരണം..മോശയുടെ ഭാര്യ മോശയുടെയും കൂടെയുള്ളവരുടെയും ഗോത്രമഹിമയെപ്പറ്റി പറയുന്നത്. എനിക്ക് ബൈബിൾ വലിയ പരിചയമില്ല. അതുകൊണ്ട് ശ്രീ സാംസി കൊടുമണ്ണിന്റെ ലേഖനം അറിവും ജിജ്ഞാസയും നൽകുന്നു. പ്രശസ്ത നോവലിസ്റ്റായ ശ്രീ സാംസി കൊടുമൺ കയ്യടക്കത്തോടെ കഥ അല്ലെങ്കിൽ ചരിത്രം മുന്നോട്ടു കൊണ്ടുപോകുന്നു. കാത്തിരിക്കാം വരും അധ്യായങ്ങൾക്കായി.  നോവലിസ്റ്റിനു എല്ലാ നന്മകളും നേരുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക