Image

ഉമ്മൻ ചാണ്ടി @ 50, ഒരേദിനം കേരള രാഷ്ട്രീയത്തിന്റെ നല്ലതും ചീത്തയും (കുര്യൻ പാമ്പാടി)

Published on 17 September, 2020
ഉമ്മൻ ചാണ്ടി @ 50, ഒരേദിനം കേരള രാഷ്ട്രീയത്തിന്റെ നല്ലതും ചീത്തയും (കുര്യൻ പാമ്പാടി)
ഒരു ഞായറാഴ്ച അതിരാവിലെ ഉമ്മൻ ചാണ്ടിയെ ഒന്നു കാണാൻ  പുതുപ്പള്ളിയിലെ വീട്ടിൽ എത്തിയതാണ് ഞങ്ങൾ.  എസ്ബി കോളജിൽ അദ്ദേഹത്തിന്റെ കൂടെ പഠിച്ച വയനാട് വടുവഞ്ചാലിലെ കോഫി പ്ലാന്റർ ചെറിയാൻ  കോട്ടമലയാണ് കൂടെ. കോട്ടയത്ത് വന്നപ്പോൾ നേരിട്ട് കണ്ടു ഉപചാരം അർപ്പിക്കാൻ തോന്നി.  

പുതുപ്പള്ളി കവലയിൽ എത്തിയപ്പോൾ തന്നെ അറിഞ്ഞു പുതുപ്പള്ളിക്കാരുടെ കുഞ്ഞു,  സണ്ണി എന്ന കുഞ്ഞൂഞ്ഞ് തിരുവന്തപുരത്തു നിന്ന് പതിവ് പോലെ രാവിലെ എത്തിയിട്ടുണ്ട്.  ആകാശം ഇടിഞ്ഞു വീണാലും ഗ്രിഗോറിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലെ   കുർബാന മുടക്കാറില്ല ഉമ്മൻ ചാണ്ടി.

പള്ളിയുടെ വിളിപ്പാടകലെയുള്ള കരോട്ട് വള്ളക്കാലിൽ വീട്ടിൽ അനുജൻ അലക്സ് ചാണ്ടിയും കുടുംബവുമാണ് താമസം. പക്ഷെ ചേട്ടന് അവിടെ ഒരു ഓഫീസ് ഉണ്ട്. ചേട്ടൻ വന്നാൽ കാപ്പി കുടിച്ചാലായി, കുടിച്ചില്ലെങ്കിലായി. ഉച്ചയൂണും അങ്ങനെ തന്നെ. ബാലജനസഖ്യം, കെഎഎസ്‍യു, യൂത്ത് കോൺഗ്രസ്പടികൾ കയറി വന്ന കാലത്തും ഇത് തന്നെ സ്വഭാവം.

മുറ്റത്ത്  വന്നു കേറും മുമ്പ് തന്നെ  കാത്തുകാത്ത് നിന്ന് കാൽ കഴച്ച ജനം ജനനായകനെ  പൊതിയുകയായി. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് എത്തിയ നൂറുകണക്കിന് ആളുകൾ. ചില ദിവസങ്ങളിൽ ആയിരം പേർ വരെ. ഈ  ജനസമ്പർക്ക പരിപാടിക്ക് യു എൻ പുരസ്‌ക്കാരം  വരെ കിട്ടി.

ആൾത്തിരക്കു മൂലം ഞങ്ങൾക്കു ഉമ്മൻചാണ്ടിയെ ദൂരെ കാണാനേ കഴിഞ്ഞുള്ളു. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് കൽപ്പറ്റയിലെ കൈനാട്ടിയിൽ  ഉദ്ഘാടനം  ചെയ്യുമ്പോൾ ചെറിയാൻ കാര്യം സാധിച്ചു. അഞ്ചു മിനിറ്റ് കുശലം പറഞ്ഞു. ഓർമ്മകൾ പങ്കു വച്ചു. ഒന്നിച്ച് ഫോട്ടോ എടുത്തു.

എംഎൽഎ എന്ന നിലയിൽ വ്യാഴാഴ്ച്ച അമ്പതുവർഷം പൂർ ത്തിയാക്കിയ ഉമ്മൻ ചാണ്ടിക്കു മാമ്മൻ മാപ്പിള ഹാളിൽ നൽകിയ പൗര സ്വീകരണം  വീഡിയോ കാളിലൂടെ സോണിയ ഗാന്ധിയാണ്  ഉദ്ഘാടനം ചെയ്തത്. കോവിഡ് നിബന്ധനകൾ പ്രകാരം അമ്പതു പേർക്കേ പ്രവേശനം ഉണ്ടായിരുന്നുള്ളു.

ബാങ്കളൂരുവിൽ നിന്ന് കൊണ്ട് വന്ന അമ്പത് റോസാപ്പൂക്കൾ കോർത്തുണ്ടാക്കിയ പുഷ്പമഞ്ജരി നൽകിയാണ് സുവർണ ജൂബിലേറിയനെ സ്വീകരിച്ചത്. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.

രാഹുൽ  ഗാന്ധി, മൻ മോഹൻ സിംഗ്, എകെ ആന്റണി, കെസി വേണുഗോപാൽ, മുകുൾ വാസ്നിക്, വയലാർ രവി, കോടിയേരി ബാലകൃഷ്ണൻ, ജി.സുകുമാരൻ നായർ, സുഗതകുമാരിതുടങ്ങിയവരെ കൂടാതെ മത മേലദ്ധ്യ ന്മാരും ആദ്ധ്യാത്മിക നേതാക്കളും ഓൺലൈനിൽ ആശംസകൾ അർപ്പിച്ചു.

ചലച്ചിത്ര മേഖലയിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാരിയർ തുടങ്ങിയവരും   ആശംസകൾക്കായി അണിനിരന്നു. സെന്റ് ജോർജ് പള്ളിയിലെ ആരാധനക്ക് ശേഷം പുതുപള്ളി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും സന്ദർശിച്ചു കൊണ്ടായിരുന്നു  ദിവസത്തിന്റെ തുടക്കം.

മാമ്മൻ മാപ്പിള ഹാളിലെ സ്വീകരണ ചടങ്ങിൽ ഉമ്മൻ ചാണ്ടിയോടൊപ്പം അധ്യാപകരായ പിഐ ചാക്കോ, സ്കറിയ തൊമ്മി പറപ്പള്ളി എന്നിവരും സഹപാഠി ടെലികോം ജീവനക്കാരനായിരുന്ന വിഎസ് ശിവരാമനും പ്രത്യേക ക്ഷണിതാക്കളായി എത്തിയിരുന്നു.  

കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും  ഓൺലൈനിൽ പരിപാടികൾ തത്സമയം കാണാൻ കഴിയുമെന്നാണ് സംഘാടക സമിതി കണക്കാക്കിയത്. കുറഞ്ഞത്  ഇരുപതു ലക്ഷം പേരെങ്കിലും ലൈവ് ആയി സ്വീകരണം കാണും.  

അജാത ശത്രു എന്ന് ഉമ്മൻ ചാണ്ടിയെ വിളിക്കാം. എല്ലാവരോടും സമഭാവം. ചെറുതും വലുതും എന്ന വ്യത്യാസമില്ല. മനോരമ ബാലജനസഖ്യത്തിൽ ശങ്കരച്ചേട്ടന്റെ പ്രതിനിധിയായി സേവനം ചെയ്ത സീനിയർ എഡിറ്റർ  കെവി മാമ്മന്റെ ശതാഭിഷേകം കഴിഞ്ഞയിടെ നിലക്കൽ പള്ളിയിൽ ഘോഷിച്ചപ്പോൾ അന്ന് സഖ്യം പ്രസിഡണ്ട് ആയിരുന്ന ഉമ്മൻ ചാണ്ടി‌യായിരുന്നു മുഖ്യാതിഥി.

മാമ്മനെ പൊന്നാട അണിയിച്ചുകൊണ്ട്‌ ചെയ്ത പ്രസംഗത്തിൽ  "എന്റെ ഗുരുവാകാതെ പോയ ഗുരുശ്രേഷ്ഠൻ ആണ് മാമ്മച്ചൻ" എന്ന് വിശേഷിപ്പിച്ചു. ജീവിതപന്ഥാവിൽ വഴിതെറ്റാതെ സഞ്ചരിക്കുവാൻ അദ്ദേഹം നൽകിയ ശിക്ഷണങ്ങൾ വളരെയേറെ ഉപകരിച്ചു."

ഉമ്മൻ ചാണ്ടിക്ക് പ്രിയങ്കരനായ മറ്റൊരു അധ്യാപകനായിരുന്നു സ്കറിയ തൊമ്മി  പറപ്പള്ളി.  അന്നും ഇന്നും എന്നും സെന്റ് ജോർജ് വലിയ പള്ളിയിലെത്തി പ്രാർത്ഥിച്ചിട്ടേ പത്രിക സമർപ്പിക്കൂ. പള്ളിയിലെത്തി ചുറ്റുവിളക്ക് കത്തിച്ച് പ്രാർത്ഥിച്ചിട്ടേ പള്ളിക്കടുത്തുള്ള എംഡി ഏൽപിസ്കൂളിലെ ബൂത്തിൽ വോട്ടു ചെയ്യാൻ പോകൂ. എപ്പോഴും സ്കറിയ തൊമ്മി ഒപ്പം ഉണ്ടാകും.

ഈ തൊമ്മി സാറിന്റെ കീഴിലാണ് ഉമ്മൻ‌ചാണ്ടി ഹിന്ദി  റ്യുഷൻ പഠിച്ചിരുന്നത്. എസ്‌ബിയിൽ ബിഎ എക്കണോമിക്സ് പഠിക്കുമ്പോൾ ഹിന്ദി ആയിരുന്നു ചാണ്ടിയുടെ സെക്കൻഡ് ലാങ്ഗ്വേജ്. തൊമ്മി സാറിനു 102 വയസ് ആയി. എന്നിട്ടും പ്രത്യേക ക്ഷണപ്രകാരം  മാമ്മൻ മാപ്പിള ഹാളിൽ എത്തിയിരുന്നു.

ഓക്സ്ഫോർഡിൽ ഡവലപ്മെന്റ് എക്കണോമിക്‌സ് പഠിച്ചു വന്നു ഉമ്മൻ ചാണ്ടിയെ പഠിപ്പിച്ച ചങ്ങനാശ്ശേരി ആർച്  ബിഷപ് എമരിറ്റസ് ജോസഫ് പവ്വത്തിലിന് പോലും കിട്ടാത്ത ഗുരുവന്ദനം.

തൊമ്മിസാറിന്റെ മകനും മലയാള മനോരമ ചീഫ് എഡിറ്ററുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയും ആയ പിറ്റി ഏലിയാസ് ഉമ്മൻചാണ്ടിയുടെ പ്രത്യേകതകളെപ്പറ്റിയും അതിന്റെ പേരിൽ ഭാര്യ ബാവ എന്ന് വിളിക്കുന്ന മറിയാമ്മ അനുഭവിച്ച തലവേദനകളെക്കുറിച്ചും രസകരമായ ഒരു ലേഖനം എഴുതിയിട്ടുണ്ട്. "പുതുപ്പള്ളിയുടെ അഭിമാനം, കേരളത്തിന്റെയും" എന്നാണ് ബഹ്റൈനിലെ പുതുപ്പള്ളി അസോസിയേഷന്റെ സ്മരണികയിൽ വന്ന ലേഖനത്തിന്റെ ശീർഷകം.

"ഒരിക്കൽ ഞാൻ കരോട്ടെ  വീട്ടിൽ എത്തുമ്പോൾ കാറിൽ കയറി എങ്ങോട്ടോ പോകാൻ ഭാവിക്കുന്ന ഉമ്മൻ ചാണ്ടിയുടെ പിറകെ ബാവ ഓടുന്ന കാഴ്‌ച്ചയാണ് കണ്ടത്. പിൻഭാഗം കീറിയ  ഷർട്ട് കാറിന്റെ മുമ്പിൽ വച്ചുതന്നെ ഊരി ബാവ കൊണ്ടു ചെന്ന  കീറാത്ത ഷർട് ധരിച്ച് കക്ഷി യാതയായി."

"പാമ്പാടി ദയറാപ്പള്ളിയിൽ വച്ച് ഉമ്മൻ ചാണ്ടിയെ വിവാഹം ചെയ്യുമ്പോൾ വിളിച്ച് വന്നവർക്കെല്ലാം ഒരു ഗ്ലാസ് നാരങ്ങാവെള്ളം മാത്രം കൊടുത്ത് പറഞ്ഞയച്ച ആളാണ് ബാവ".  

"ഭർത്താവിന്റെ ഇഷ്ട വിഭവങ്ങൾ മരച്ചീനി പുഴുങ്ങിയത്, പുട്ടും കടലയും ഒക്കെയാണല്ലോ. പലപ്പോഴും വീട്ടിലിരുന്നു കഴിക്കാൻ പറ്റാത്ത കുഞ്ഞിന് ബ്രെക്ഫാസ്റ് പൊതിഞ്ഞു കെട്ടി കൊടുത്തു വിടും. കാർ വിട്ടാലുടൻ പൊതിയഴിക്കുകയായി. കാർ നിറയെ ആളുള്ളതിനാൽ വീതം വയ്ക്കും. കക്ഷിക്ക്‌  ഒരുകഷ്ണം കപ്പ കിട്ടിയാൽ ഭാഗ്യം".

ഉമ്മൻചാണ്ടിയെപ്പറ്റി പുതുപ്പള്ളിയിൽ കുടുംബ സുഹൃത്ത് ആയ ഡോ. രേണു എബ്രഹാം വർഗീസിന്റെ ശാസ്ത്രീയ അപഗ്രഥനം ഇങ്ങിനെ: "അയൽക്കാരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നങ്ങൾ ആയി ഏറ്റെടുക്കുന്ന ആളാണ് ഉമ്മൻ ചാണ്ടി. ഒടുവിൽ അത് മനുഷ്യ രാശിയുടെ പ്രശ്നങ്ങൾ ആയി മാറുന്നു. അദ്ദേഹം അശരണർക്കു  പ്രത്യാശയും ദുഖിതർക്കു പ്രചോദനവും നൽകുന്നു."

ഫുൾബ്രൈറ്റ് ഫെല്ലോഷിപ് നേടി ജെറിയാട്രിക്സിൽ യുഎസ്, ഇന്ത്യ സ്ഥിതികളെപ്പറ്റി ഗവേഷണ പഠനം നടത്തിയ ഡോ.രേണു ന്യൂയോർക്കിലെ മേഴ്സി കോളജിൽ അസ്സോസിയേറ് പ്രഫസർ ആണ്. പുതുപ്പള്ളി മുതലകേരിൽ പുത്തൻപറമ്പിൽ തമ്പി വർഗീസിന്റെ ഭാര്യ. കറുകച്ചാലിലെ ട്രാവൻകൂർ ഫൗണ്ടേഷൻ വക മിഷൻവാലി  ജെറിയാട്രിക്‌സ് ഗവേഷണ കേന്ദ്രത്തിന്റെ അധ്യക്ഷയും. ജിജി ഫിലിപ്പ് ആണ് മാനേജിങ് ട്രസ്റ്റി.    

സാമാജികന്റെ ജൂബിലി ആഘോഷിക്കുന്നതിന്റെ രാഷ്ട്രീയ പ്രസക്തിയെക്കൂറിച്ച് ഒരു വാക്ക്. പ്രധാനമന്ത്രി മോദിയുടെ എഴുപതാം പിറന്നാളും ഉമ്മൻചാണ്ടിയുടെ സാമാജിക ജൂബിലിയും ഒരേ ദിവസം.

"ഞാനും ഉമ്മൻചാണ്ടിയും ഒരേദിവസമാണ് നിയമസഭാങ്ങം ആയത്. നിയമസഭയിൽ അഞ്ചു പതിറ്റാണ്ടു പൂർത്തിയാക്കുക! ലോക .പാർലമെന്ററി രംഗത്ത് തന്നെ അത്യപൂർവം! ജീവിതം മുഴുവനും രാഷ്ട്രീയത്തിനു  സമർപ്പിച്ച ആളാണ്. എല്ലാ ആശംസകളും," മുഖ്യമന്ത്രി പിണറായി പറയുന്നു.

എന്നാൽ എൽഡിഎഫിന്റെ നാലര വർഷത്തെ ഭരണത്തിൽ ഇതഃപര്യന്ത്രം ഉണ്ടായിട്ടില്ലാത്ത ക്രൈസിസിൽ എത്തിപെട്ടതും ഇതേദിവസമാണ്. മന്ത്രി കെടി  ജലീലിനെ ദേശീയ അന്വേഷണ ഏജൻസി വിളിച്ച് വരുത്തി എട്ടു മണിക്കൂർ ചോദ്യം ചെയ്തു. ചരിത്രത്തിൽ ആദ്യ സംഭവം. സ്വർണക്കടത്ത് കേസ് മുതൽ അന്വേഷണം ശരിയായ ദിശയിലെന്ന് ആവർത്തിക്കുന്ന പിണറായിക്കു ഇപ്പോൾ എന്തു പറയാൻ  കഴിയും?

സരിത കേസിൽ വിചാരണ നേരിട്ടപ്പോഴും മാന്യത കൈവിടാതെ അക്ഷോഭ്യനായിരുന്നു സമര കൊടുംകാറ്റിൽ അധികാരം നഷ്ടപെട്ട ആളാണ് ഉമ്മൻ‌ചാണ്ടി. അദ്ദേഹത്തിനും കോൺഗ്രസിനും എല്ലാറ്റിനും ഉപരി യുഡിഎഫിനും കാവ്യനീതി ലഭിക്കുമോ എന്നറിയാൻ  ഏഴു മാസം കഴിഞ്ഞു  തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം.
ഉമ്മൻ ചാണ്ടി @ 50, ഒരേദിനം കേരള രാഷ്ട്രീയത്തിന്റെ നല്ലതും ചീത്തയും (കുര്യൻ പാമ്പാടി)ഉമ്മൻ ചാണ്ടി @ 50, ഒരേദിനം കേരള രാഷ്ട്രീയത്തിന്റെ നല്ലതും ചീത്തയും (കുര്യൻ പാമ്പാടി)ഉമ്മൻ ചാണ്ടി @ 50, ഒരേദിനം കേരള രാഷ്ട്രീയത്തിന്റെ നല്ലതും ചീത്തയും (കുര്യൻ പാമ്പാടി)ഉമ്മൻ ചാണ്ടി @ 50, ഒരേദിനം കേരള രാഷ്ട്രീയത്തിന്റെ നല്ലതും ചീത്തയും (കുര്യൻ പാമ്പാടി)ഉമ്മൻ ചാണ്ടി @ 50, ഒരേദിനം കേരള രാഷ്ട്രീയത്തിന്റെ നല്ലതും ചീത്തയും (കുര്യൻ പാമ്പാടി)ഉമ്മൻ ചാണ്ടി @ 50, ഒരേദിനം കേരള രാഷ്ട്രീയത്തിന്റെ നല്ലതും ചീത്തയും (കുര്യൻ പാമ്പാടി)ഉമ്മൻ ചാണ്ടി @ 50, ഒരേദിനം കേരള രാഷ്ട്രീയത്തിന്റെ നല്ലതും ചീത്തയും (കുര്യൻ പാമ്പാടി)ഉമ്മൻ ചാണ്ടി @ 50, ഒരേദിനം കേരള രാഷ്ട്രീയത്തിന്റെ നല്ലതും ചീത്തയും (കുര്യൻ പാമ്പാടി)ഉമ്മൻ ചാണ്ടി @ 50, ഒരേദിനം കേരള രാഷ്ട്രീയത്തിന്റെ നല്ലതും ചീത്തയും (കുര്യൻ പാമ്പാടി)ഉമ്മൻ ചാണ്ടി @ 50, ഒരേദിനം കേരള രാഷ്ട്രീയത്തിന്റെ നല്ലതും ചീത്തയും (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക