Image

കുവൈറ്റ് പാര്‍ലമെന്റ് അവിശ്വാസ പ്രമേയങ്ങള്‍ തള്ളി

Published on 10 September, 2020
 കുവൈറ്റ് പാര്‍ലമെന്റ് അവിശ്വാസ പ്രമേയങ്ങള്‍ തള്ളി

കുവൈറ്റ് സിറ്റി: ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അല്‍ സലാക്കും വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അല്‍ ഹര്‍ബിക്കും എതിരായ അവിശ്വാസ പ്രമേയം കുവൈറ്റ് ദേശീയ അസംബ്ലി വോട്ടിനിട്ട് തള്ളി.

ആഭ്യന്തരമന്ത്രി അനസ് അല്‍ സലാക്കെതിരായ അവിശ്വാസ പ്രമേയത്തെ 32 പേര്‍ എതിര്‍ത്തപ്പോള്‍ 16 അംഗങ്ങള്‍ അനുകൂലിച്ചു. എംപിമാരായ മുഹമ്മദ് അല്‍ മുത്തൈര്‍, അഡെല്‍ അല്‍-ദാംഖി, ഖാലിദ് അല്‍-ഒതൈബി, തമര്‍ അല്‍-സുവൈറ്റ്, അബ്ദുല്‍ കരീം അല്‍ കന്ദേരി, നായിഫ് അല്‍ മെര്‍ദാസ്, ഹംദാന്‍ അല്‍ അസ്മി, അബ്ദുല്ല ഫഹദ് , ഷുയിബ് അല്‍ മുവൈസ്രി, മുഹമ്മദ് ഹയീഫ് എന്നിവരാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

നേരത്തെ വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അല്‍ ഹര്‍ബിക്കെതിരായ പ്രമേയവും 15 നെതിരെ 29 വോട്ടുകള്‍ക്ക് പാര്‍ലമെന്റ് തള്ളികളഞ്ഞിരുന്നു. മൂന്ന് അംഗങ്ങള്‍ വോട്ടുടുപ്പില്‍ നിന്നും വിട്ടുനിന്നു. അബ്ദുല്‍ വഹാബ് അല്‍ ബാബ്‌തൈന്‍, ബദര്‍ അല്‍ മുല്ല, അബ്ദുല്‍ കരീം അല്‍ കന്‍ദരി, യൂസുഫ് അല്‍ ഫദ്ദാല, ഡോ. ഔദ അല്‍ റുവൈഇ, അല്‍ ഹുമൈദി അല്‍ സുബൈഇ, ഡോ. ഖലീല്‍ അബുല്‍, ഉമര്‍ അല്‍ തബ്തബാഇ, ഫര്‍റാജ് അല്‍ അര്‍ബീദ്, നാസര്‍ അല്‍ ദൂസരി എന്നീ എംപിമാരാണ് വിദ്യാഭ്യാസ മന്ത്രിക്കെതിരായ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

രാജ്യത്ത് വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റം കൊണ്ടുവരുവാന്‍ സാധിച്ചിട്ടുണ്ടെന്നും തനിക്ക് പിന്തുണ നല്‍കിയ സഹപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതായും ഡോ. സൗദ് അല്‍ ഹര്‍ബി അറിയിച്ചു.

നേരത്തെ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിനെതിരെയും എംപിമാര്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കിയിരുന്നു. അബ്ദുല്‍ കരീം അല്‍ കന്‍ദരി, അല്‍ ഹുമൈദി, അല്‍ സുബൈഇ എന്നീ എംപിമാര്‍ സമര്‍പ്പിച്ച പ്രമേയം രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കുമെന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം വ്യക്തമാക്കി.

ആഴ്ചകള്‍ക്ക് മുമ്പു ആഭ്യന്തരമന്ത്രിക്കെതിരെയും വിദ്യാഭ്യാസ മന്ത്രിക്കെതിരെയും കുറ്റവിചാരണ നോട്ടീസ് അവതരിപ്പിച്ചിരുന്നെങ്കിലും പാര്‍ലമെന്റിന്റെ പിന്തുണ ലഭിച്ചിരുന്നില്ല. അടിക്കടി മന്ത്രിമാര്‍ക്കെതിരെ പാര്‍ലമെന്റ് അംഗങ്ങള്‍ അവിശ്വാസ പ്രമേയം നല്‍കുന്നത് വരാന്‍ പോകുന്ന തെരഞ്ഞടുപ്പ് ലക്കാക്കിയാണെന്ന് ഭരണപക്ഷം ആരോപിച്ചു.

കുറ്റവിചാരണ എന്നാല്‍ കുവൈറ്റില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരെ പാര്‍ലമെന്റില്‍ ചോദ്യം ചെയ്യുന്നതിന് അംഗങ്ങള്‍ക്കുള്ള അധികരമാണ് . നിയമവ്യവസ്ഥയനുസരിച്ച് ഏത് അംഗത്തിനും മന്ത്രിമാരെ കുറ്റവിചാരണ ചെയ്യാം. നിശ്ചിത കാരണങ്ങള്‍ വ്യക്തമാക്കിയാണ് നോട്ടീസ് നല്‍കേണ്ടത്. നോട്ടീസ് ലഭിക്കുന്നപക്ഷം നിശ്ചിത ദിവസങ്ങള്‍ക്ക് ശേഷമാകും പാര്‍ലമെന്റ് പരിഗണിക്കുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക