Image

പിതാക്കന്മാരുടെ പിതാവ് (ഷിബു ഗോപാലകൃഷ്ണൻ)

Published on 07 September, 2020
പിതാക്കന്മാരുടെ പിതാവ് (ഷിബു ഗോപാലകൃഷ്ണൻ)
അതുവരെ കരയാതെ മസിലുപിടിച്ചുനിന്ന നല്ല തണ്ടും തടിയുമുള്ള ആണുങ്ങളെ വിങ്ങാനും വിതുമ്പാനും വേണ്ടിവന്നാൽ കെട്ടഴിച്ചുവിട്ടൊരു കടലുപോലെ കരയാനും കഴിയുന്ന മനുഷ്യരാക്കി മാറ്റി എന്നതാണ് മമ്മൂട്ടി അഭ്രപാളികളോടു ചെയ്ത ചരിത്രദൗത്യം. മമ്മൂട്ടിയുടെ കരയുന്ന അച്ഛന്മാർ കുറച്ചൊന്നുമല്ല കരയിച്ചത്.
ആർദ്രന്മാരായ ആണുങ്ങളെ നമ്മൾ അനുഭവിച്ചത് മമ്മൂട്ടി അമരത്വം നൽകിയ അച്ഛന്മാരെ കണ്ണുനിറയെ കണ്ടുകൊണ്ടാണ്. 

അവരുടെ നിശ്വാസങ്ങളും ഗദ്ഗദങ്ങളും നിസ്സഹായതയും നിരർത്ഥകതയും കണ്ണുകളെ കുത്തിയൊഴുകുന്ന കടൽച്ചാലുകളാക്കി. സ്വന്തം അച്ഛനെ പോലും ഗൗരവത്തിന്റെ എല്ലാ പുറംതോടുകൾക്കും അപ്പുറത്തു കിനിയുന്ന ഹൃദയമുള്ള മനുഷ്യനായി കാണാൻ, അവരുടെ ആടിയുലയുന്ന വികാരനൗകകളെ കണ്ണുകൊണ്ടു തൊടാൻ കരളുനൽകിയത് നിങ്ങൾ ജീവിതം നൽകിയ അച്ഛന്മാരാണ്. ഈ ലോകത്തെ പിതാക്കന്മാരോടെല്ലാം സ്നേഹം തോന്നിയത്, തുളുമ്പാതെ നിറഞ്ഞുകിടക്കുന്ന ഉപ്പുകടലുകളാണ് അവരെന്നു കാണിച്ചുതന്നത്, ആണുങ്ങൾക്കും അന്തംവിട്ടു കരയാമെന്നു ആത്മവിശ്വാസപ്പെടുത്തിയത്, അവരുടെ കരച്ചിലുകൾക്കു അതുവരെയില്ലാത്ത അന്തസ്സു നൽകിയത് നിങ്ങളാണ് മമ്മൂക്കാ.
ഒറ്റയ്ക്ക് ഒരു വഞ്ചിയിൽ കയറി കടലമ്മ വിളിക്കണ കണ്ടാ എന്നുചോദിച്ചു നിങ്ങൾ ആടിയുലഞ്ഞു പോയപ്പോൾ ഞങ്ങളും കരഞ്ഞു. 

പഞ്ചാരമണലിനെ രണ്ടുകൈകൊണ്ടും ചേർത്തു നെഞ്ചോടുവച്ചപ്പോൾ ഞങ്ങളും നനഞ്ഞു. ഞാൻ അങ്ങനെ ചെയ്യുമോടാ കൊച്ചുരാമാ എന്നുചോദിച്ചപ്പോൾ എത്രയോ കൂട്ടുകാർക്കുമുന്നിൽ സ്നേഹപ്പെടാനും വിതുമ്പാനുള്ള തന്റേടമായി നിങ്ങൾ മാറി. ഞാൻ പോകുന്നില്ല എനിക്ക് നിന്റെ ചാട്ടവും ചീത്തയും കേട്ടിവിടെ കഴിഞ്ഞാൽ മതിയെന്നു വാത്സല്യത്തിലെ രാഘവൻനായരോട് കുഞ്ഞമ്മാമ്മ പറഞ്ഞപ്പോൾ കടലുകൾ പോലെ ഞങ്ങളുടെ കണ്ണുകൾ കലങ്ങി. നിങ്ങൾ കണ്ണുതുടച്ചപ്പോഴൊക്കെയും ഞങ്ങളും കുതിർന്നു. 

കൗരവരിൽ ഭൂതക്കണ്ണാടിയിൽ പാഥേയത്തിൽ മണിവത്തൂരിലെ ആയിരം ശിവരാത്രികളിൽ പപ്പയുടെ സ്വന്തം അപ്പൂസിൽ, നിങ്ങൾ പടയിലും പന്തയത്തിലും തോറ്റപ്പോൾ, നിഴലുകളോടു പടവെട്ടി പരാജയപ്പെട്ടപ്പോൾ ഞങ്ങളും നിറഞ്ഞു, കവിഞ്ഞു.

നിങ്ങൾക്കു പ്രായമാകുമ്പോൾ ശരിക്കും പ്രായമാകുന്നത് ഞങ്ങൾക്കാണ് മമ്മൂക്കാ, ജരാനരകളില്ലാത്ത അച്ഛന്മാരെ സ്‌ക്രീനിൽ കാണിച്ചു കരയിപ്പിച്ച മനുഷ്യാ, പിതാക്കന്മാരുടെ പിതാവേ, അങ്ങേയ്ക്ക് പിറന്നാൾ സ്വസ്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക