ലെസ്റ്റര്‍: ലോകം മഹാമാരിയുടെ ഭീതിയുടെ ദിനങ്ങളിലൂടെ കടന്നു പോകുമ്പോഴും തങ്ങള്‍ നെഞ്ചിലേറ്റിയ സ്‌നേഹത്തിന്റെയും ഐക്യത്തിന്റേയും സംസ്‌കാരത്തിന്റേയും നിറകുടമായ തിരുവോണത്തെ ലെസ്റ്റര്‍ സെന്റ് തോമസ് കാത്തലിക് ഫാമിലി സോഷ്യല്‍ ക്ലബ് ആഘോഷങ്ങളില്ലാത്ത ആഘോഷമാക്കി മാറ്റി.
വലിയ ഒരു കൂട്ടായ്മ എന്ന നിലയില്‍ ഹാളെടുത്തു സാമൂഹിക അകലം പാലിച്ചുള്ള ഒരു ആഘോഷം പ്രായോഗികമല്ലാത്തതിനാലും കുടുംബങ്ങളുടെയും സമൂഹത്തിന്റേയും രാജ്യത്തിന്റേയും ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ആഘോഷം പരിമിതപ്പെടുത്തുവാനുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം നടപ്പിലാക്കുകയായിരുന്നു ക്ലബ്. എല്ലാ മെമ്പേഴ്‌സിനും ഭവനങ്ങളില്‍ ഓണ സദ്യ എത്തിച്ചു കൊടുക്കുവാനും ഒപ്പം ആശംസകള്‍ നേരുവാനും അങ്ങനെ ആഘോഷത്തെ മനസുനിറയുന്ന ഓണസദ്യയിലൊതുക്കുക കൂടിയായിരുന്നു ഈ വിശ്വാസി സംഘടന.
22 ഇനം പാരമ്പര്യ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഏറെ സ്വാദിഷ്ഠമായി ഓണസദ്യ തയാറാക്കി ചൂടോടെ വാഴയിലയില്‍ പൊതികളാക്കി നല്‍കി ഒപ്പം ആശംസകളും നേര്‍ന്നു നടത്തിയ സെന്റ് തോമസ് ക്ലബിന്റെ സ്‌നേഹോഷ്മളമായ തിരുവോണം ഹൃദയസ്പര്‍ശിയായി.
ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളി വികാരിയും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാളും സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബിന്റെ അഭ്യുദയകാംക്ഷിയുമായ ഫാ. ജോര്‍ജ് ചേലക്കല്‍ ഓണസദ്യയുടെ ആദ്യ പൊതി നല്‍കികൊണ്ടാണ് തങ്ങളുടെ പൊതുവിതരണത്തിനു നാന്ദി കുറിച്ചത്. തുടര്‍ന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു അഞ്ഞൂറോളം അംഗങ്ങള്‍ക്ക് ഓണസദ്യ എത്തിച്ചു നല്‍കുകയായിരുന്നു.
തിരുവോണ സദ്യക്ക് വിഭവങ്ങളൊരുക്കുവാന്‍ നേതൃത്വം നല്‍കിയ പ്രമുഖ മലയാളി ഷെഫ് ജോസഫ് ജോസ് താമരക്കാട്ട് തന്റെ കൈപ്പുണ്യവും നാടന്‍ പാചകവിരുതും ഒരിക്കല്‍ക്കൂടി വീണ്ടും തെളിയിച്ച ഓണവിഭവങ്ങള്‍ നാവിലൂറ്റിയ സ്വാദിന്റേയും പാരമ്പര്യ രുചികളുടെയും തനിമ പകര്‍ന്ന പാചകക്കലയുടെയും കയ്യൊപ്പിന് ഏറെ കൈയടികളാണു ലെസ്റ്ററുകാര്‍ നല്‍കിയത്.
സ്‌പോര്‍ട്‌സും കലാപരിപാടികളും ഒക്കെ ചേര്‍ത്തു സമ്പന്നവും ഗംഭീരവുമായ ത്രിദിന ഓണാഘോഷത്തിന് കഴിഞ്ഞ വര്‍ഷം തന്നെ ഫാം ഹൗസ് ബുക്ക് ചെയ്തിരുന്ന ഈ ഫാമിലി ക്ലബ് സ്വപ്നങ്ങള്‍ പൂവണിഞ്ഞില്ലെങ്കിലും ഇത്രയെങ്കിലും ചെയ്യുവാന്‍ ലഭിച്ച അനുഗ്രഹത്തിനും ആയുസിനും ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ടാണ് സെന്റ് തോമസ് ഫാമിലി ക്ലബ് കോഓര്‍ഡിനേറ്റേഴ്സ് ഓരോ ഭവനങ്ങളും കയറിയിറങ്ങിയത്.
റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ