Image

ചായകോപ്പയിലെ കൊടുങ്കാറ്റോ പടയൊരുക്കമോ? (ഡല്‍ഹി കത്ത്- പി വി തോമസ്)

പി വി തോമസ് Published on 07 September, 2020
ചായകോപ്പയിലെ കൊടുങ്കാറ്റോ പടയൊരുക്കമോ? (ഡല്‍ഹി കത്ത്- പി വി തോമസ്)
ഇന്ത്യന്‍ നാഷണല്‍ കോണഗ്രസ്സില്‍ ഇപ്പോള്‍ ഈ നടക്കുന്ന നേതൃപ്രതിസന്ധി ദിനങ്ങളില്‍ ഒരു ഇംഗ്ലീഷ് ദിനപത്രം പുനഃപ്രസിദ്ധീകരണം നടത്തിയ ആര്‍ കെ ലക്ഷ്മണന്റെ വളരെ പഴയ ഒരു കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയം ആയി. കാലം വളരെ കഴിഞ്ഞിട്ടും കോണ്‍ഗ്രസ്സിന്റെ പരാധീനത ഇന്നും അതുതന്നെ എന്ന് ആര്‍ക്ക് മനസ്സിലാകും. കാര്‍ട്ടൂണ്‍ ഇതാണ്, കുറെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ വിഷണ്ണരായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ഓഫീസിന് മുമ്പില്‍ നില്‍ക്കുന്നു. മാറി നില്‍ക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ അവരില്‍ ഒരാളെ ചൂണ്ടി പറയുന്നു, ഇദ്ദേഹത്തിന് നല്ല ഒരു നിര്‍ദ്ദേശം ഉണ്ട്. തെരഞ്ഞെടുക്കപ്പെടുന്നത് ആരായാലും (കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക്) അദ്ദേഹത്തെ നെഹ്‌റു എന്നോ ഗാന്ധി എന്നോ പേര് മാറ്റിയടാം! ഇത് തന്നെയാണ് കോണ്‍ഗ്രസ്സിലെ ഇപ്പോഴത്തെ അവസ്ഥയും ഈ പേരിനപ്പുറം അത് പാര്‍ട്ടിക്ക് ഒന്നും ചിന്തിക്കുവാന്‍ ആവുകയില്ല. അതുതന്നെ അതിന്റെ രക്ഷയും പതനവും! കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നിഷേധത്തിന്റെ കൊടി ഉയര്‍ത്തിയ ആ 23 പേര്‍ കാതലുള്ള ധിക്കാരികള്‍ ആണോ? അവരുടെ വിപ്ലവം ചായ കോപ്പയിലെ കൊടുങ്കാറ്റായി പരിണമിക്കുമോ? അവര്‍ക്ക് പിറകില്‍ പാര്‍ട്ടിയിലെ സമാനചിന്തകര്‍ അണിനിരക്കുമോ? ഇത് ഒരു ശുദ്ധീകരണത്തിലേക്കും അല്ലെങ്കില്‍ പിളര്‍പ്പിലേക്കും നയിക്കുമോ? അതോ നട്ടെല്ലില്ലാത്ത പാദ സേവകരുടെ ഒരു കൂട്ടായ്മയായി പാര്‍ട്ടി ജീര്‍ണ്ണാവസ്ഥയില്‍ തന്നെ തുടരുമോ നിലം പതിക്കുവോളം?

ലക്ഷമണന്റെ കാര്‍ട്ടൂണിന് ഇന്ന് പ്രസക്തി ഏറുകയാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് 23 റിബലുകളുടെ കത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന കോണ്‍ഗ്രസ് പാര്‍ക്കിങ്ങ് കമ്മറ്റിയുടെ തീരുമാനങ്ങള്‍. കമ്മറ്റി അംഗങ്ങല്‍ മാറ്റം ആവശ്യപ്പെട്ട റിബലുകളെ പാര്‍ട്ടി ദ്രോഹികളായി മുദ്ര കുത്തി. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത് ഒരു വൈകാരിക വിഷയം അതായിരുന്നു. അദ്ദേഹത്തിന്റെ മാതാവ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രോഗ ബാധിത ആയിരിക്കുമ്പോഴാണ് റിബലുകള്‍ ആക്രമണം അഴിച്ചു വിട്ടതത്രെ! എന്ത് യുക്തി ആണ് ഇതില്‍ ഉള്ളത്? പാര്‍ട്ടി ഒരു ജീവന്മരണ പോരാട്ടത്തില്‍ ആണ്. അപ്പോള്‍ ഇതുപോലുള്ള വ്യക്തിപരമായ വിഷയങ്ങള്‍ ഉയര്‍ത്തുന്നതില്‍ എന്ത് ന്യായം ആണ് ഉള്ളത്? ഇതുപോലുള്ള കുടുംബപരമായ വികാര പ്രകടനങ്ങള്‍ മതപ്രായമായ ഒരു പാര്‍ട്ടിയെ പുനര്‍ജീവിപ്പിക്കുമോ? ഇല്ല. അതുപോലെ തന്നെ വിരുതരുടെ കത്തിനെതിരായി ഉയര്‍ത്തിയ മറ്റൊരു കാരണവും ബാലിശം ആണ്. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പ്രതിസന്ധി നേടുമ്പോള്‍ എന്തിന് ഇങ്ങനെ ഒരു കത്ത്? അതിന്റെ ഉത്തരം മദ്ധ്യ പ്രദേശിലെ സര്‍ക്കാരിന്റെ പതനത്തില്‍ വ്യക്തം ആണ്. ശക്തിമത്തായി ഒരു കേന്ദ്ര നേതൃത്വത്തിന്റെ അഭാവത്തിലാണ് അത് സംഭവിച്ചത്. രാജസ്ഥാനില്‍ കാഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് മാത്രം. ദുര്‍ബ്ബലം അല്ലാത്ത ഒരു കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഉണ്ടായിരുന്നെങ്കില്‍ മദ്ധ്യപ്രദേശും രാജസ്ഥാനും സംഭവിക്കുകയില്ലായിരുന്നു. അതാണ് റിബലുകള്‍ എന്ന് വിളിച്ച് ആക്ഷേപിച്ച 23 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. അവര്‍ക്കെതിരായിട്ടുള്ള മറ്റൊരു ആക്ഷേപം അവര്‍ കത്ത് ഒരു മാധ്യമത്തിന് ചോര്‍ത്തികൊടുത്തുവെന്നാണ്. ശരിയാണ് കത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് എഴുതിയിട്ടുള്ളതാണ്. അത് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് കൊടുത്തൂടേ. പക്ഷേ ഇതിന് വിമതരുടെ മറുപടി യുക്തവും ആണ്. ഓഗസ്റ്റ് ആരംഭത്തില്‍ എഴുതിയ കത്തിന് മൂന്നാഴ്ചയായി യാതൊരു മറുപടിയും അതിന്മേല്‍ ചര്‍ച്ചകളും ഉണ്ടായില്ലെങ്കില്‍ എന്താണ് പ്രതിവിധി? അതിനര്‍ത്ഥം ഇവര്‍ക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷയില്‍ വിശ്വാസം ഇല്ലെന്നാണ്. എങ്കില്‍ ഇവര്‍ ഇനി എന്ത് ചെയ്യും? അത് വളരെ നിര്‍ണ്ണായകം ആണ്. പാര്‍ട്ടി വിടുമോ? പാര്‍ട്ടി പിളര്‍ത്തുമോ? കാത്തിരുന്ന് കാണണം. ഏതായാലും കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മറ്റി പിരിഞ്ഞത് സോണിയ ഗാന്ധിയില്‍ പരിപൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചുകൊണ്ടാണ്. ഒപ്പം രാഹുല്‍ ഗാന്ധിയിലും, അപ്പോള്‍ പിന്നെ പ്രിയങ്ക ഗാന്ധിയുടെ കാര്യം പറയേണ്ടതില്ലല്ലോ?.

മാത്രവുമല്ല അടുത്ത അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മറ്റി കൂടുന്നതുവരെ സോണിയ ഗാന്ധി തന്നെ ഇടക്കാല അദ്ധ്യക്ഷ ആയി തുടരും. ആറ് മാസത്തിനുള്ളില്‍ ഈ കമ്മറ്റികൂടും എന്നാണ് കണക്ക് കൂട്ടല്‍. പക്ഷേ ഉറപ്പില്ല അതായത് സോണിയ കോണ്‍ഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷ ആയിട്ട് ഒരു വര്‍,ം കഴിഞ്ഞു. ഇനിയും അര വര്‍ഷം കൂടി ഒരു ഉപാദ്ധ്യക്ഷയുടെ കീഴില്‍ കോണ്‍ഗ്രസ് പോകണമോ? ഇതിനിടെ ഒട്ടേറെ അസംബ്ലി തെരഞ്ഞെടുപ്പുകള്‍ വരുന്നുണ്ട്. ബീഹാര്‍ ഇതില്‍ പ്രധാനം ആണ്. ഗാന്ധിമാര്‍ ഇല്ലാതെ കോണ്‍ഗ്രസ് ഇല്ല എന്ന കുടുംബ ഭക്തരുടെ മുദ്രാവാക്യം ഈ പാര്‍ട്ടിയെ വളര്‍ത്തുമോ തളര്‍ത്തുമോ? മോദിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതത്തെ ഇത് സഹായിക്കുമോ പ്രതിരോധിക്കുമോ?

കോണ്‍ഗ്രസിന് നെഹ്രു- ഗാന്ധി കുടുംബത്തിലൂടെ ഒരു പുനര്‍ജനി സാമ്യം ആണോ? സോണിയ പാര്‍ട്ടിയെ രണ്ട് ലോകസഭ തെരഞ്ഞെടുപ്പുകളില്‍വിജയത്തിലേക്ക് നയിച്ചു(2004-2009). ശരിയാണത്. പക്ഷേ, 2014ല്‍ പരാജയപ്പെട്ടു. രാഷ്ട്രീയത്തിന്റെ ഗതി മാറി. 2019 ല്‍ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വീണ്ടും പരാജയപ്പെട്ടു. ഹിന്ദുത്വ രാഷ്ട്രീയം അടിയുറച്ചു. നെഹ്രു- ഗാന്ധി കുടുംബത്തിന്റെ പ്രഭവം അസ്തമയ ഘട്ടത്തില്‍ ആണ് കോണ്‍ഗ്രസിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഇന്ന് എന്നുവേണം അനുമാനിക്കാന്‍. അത് അവരുടെ കുറ്റം അല്ല. മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളുടെ പ്രതിഫലനമാണ്. അതുകൊണ്ട് കുടുംബ സമവാക്യങ്ങളില്‍ കോണ്‍ഗ്രസ് കടിച്ചു തുടങ്ങുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. കുടുംബ ലോയലിസ്റ്റുകള്‍ നെഹ്രു- ഗാന്ധി കുടുംബത്തിന്റെ പേരില്‍ വോട്ട് കിട്ടുമോ എന്ന കാര്യവും ആലോചിക്കേണ്ടിയിരിക്കുന്ന ഇവര്‍ രാഷ്ട്രീയം വ്യക്തിപരമായ കൂറ് അല്ല, അത് ആഗര്‍ശപരമായ മുന്നേറ്റം ആണ്.

ഈ 23 വിമതര്‍ ചെയ്ത തെറ്റ് എന്താണ്? അവര്‍ പാര്‍ട്ടിക്ക് ഒരു ഫുള്‍ടൈം നേതാവ് വേണം എന്ന് ആവശ്യപ്പെട്ടു. ഈ നേതാവ് മറ്റുള്ളവര്‍ക്ക് പ്രാപ്യം ആയിരിക്കണം. എന്താ തെറ്റുണ്ടോ?  സോണിയ ഗാന്ധിയുടെ അനാരോഗ്യം ഇതില്‍ ഒരു കാരണം ആയിരിക്കാം. അതുപോലെ തന്നെ 2015ല്‍ കോണ്‍ഗ്രസിന്റെ ഉപാദ്ധ്യക്ഷന്‍ ആയിരിക്കുമ്പോള്‍ ഫെബ്രുവരി- ഏപ്രില്‍ മാസങ്ങളില്‍ രാഹുല്‍ ഗാന്ധി നടത്തിയ അജ്ഞാത വിദേശ വാസവും ഒരു കാരണം ആയിരിക്കാം. അദ്ദേഹം എവിടെ പോയെന്നോ എന്തിന് പോയെന്നോ ആര്‍ക്കും ഇന്നും അറിഞ്ഞുകൂട. അദ്ദേഹം പാര്‍ട്ടിയെ ഇത് ബോധിപ്പിക്കേണ്ടതല്ലേ?

കോമ്#ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യവും തികച്ചും ന്യായം ആണ്. ഇപ്പോള്‍ ഇത് കോണ്‍ഗ്രസിം അദ്ധ്യക്ഷന്റെ ഇഷ്ടാനുസരണം ആണ്. അങ്ങനെ നിയമിതരായ ലോയലിസ്റ്റുകള്‍ ആണ് വിമതരെ പൊരിച്ചതും. അതുപോലെ തന്നെ എല്ലാ പാര്‍ട്ടി സമതികളിലേക്കും തെരഞ്ഞെടുപ്പ് നടത്തുവാന്‍ സ്വതന്ത്രമായ ഒരു മെക്കാനിസവും അവര്‍ വിഭാവന ചെയ്തിട്ടുണ്ട്. ഒപ്പം തന്നെ ദേശീയ തലത്തില്‍ ബി ജെ പി യെ നേരിടുവാന്‍ ഒരേ ചിന്താഗതിയുള്ള മതനിരപേക്ഷ- ജനാധിപത്യ പാര്‍ട്ടികളുടെ ഒരു മുന്നണി രൂപീകരിക്കുവാനും ഇവര്‍ ആവശ്യപ്പെടുന്നു. ഇതില്‍ എന്ത് വഞ്ചന? എന്ത് പാര്‍ട്ടി ദ്രോഹം? എന്ത് റിബലിയന്‍? ഇവര്‍ ഇതിനായി ബി ജെ പിയുടെ കൂട്ട് കൂടി എന്ന് ആരോപിക്കുന്നത് തന്നെ യുക്തി വിരുദ്ധം അല്ലേ? കോണ്‍ഗ്രസിന്റെ ഒരു ശക്തിപ്പെടല്‍ ബി ജെ പി ആഗ്രഹിക്കുമോ? വിമതര്‍ എന്ന് പറപ്പെടുന്ന ഈ മുതിര്‍ന്ന കോണ്‍ഗ്രസ് കാരുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ കോണ്‍ഗ്രസ് ഒരു പക്ഷേ ശക്തിപ്പെട്ടെന്നിരിക്കും. ഏതാണ് വലുത്?

പക്ഷേ, റിബലിയന്‍ ഫലത്താകുവാന്‍ സാധ്യതയില്ല. ഇത് നയിക്കുന്ന ഗുലാം നബി ആസാദും, ആനന്ദ് ശര്‍മയും, കപില്‍ സിബലും, ദൂപീന്ദര്‍ സിംങ്ങ് ഹൂഡയും ശശി തരൂരും, വീരപ്പ മൊയ്‌ലിയും, പിജെ കുര്യനും ഇതിനെ എത്രമാത്രം മുമ്പോട്ട് കൊണ്ടുപോകും. ഇവരില്‍ ഭൂരിഭാഗം പേരും മാസ് ലീഡേഴ്‌സ് അല്ല. ഇവര്‍ പ്രഗത്ഭരായ പാര്‍ലമെന്റേിയന്‍മാരാണ്. അഭിഭാഷകര്‍ ആണ്. പക്ഷേ ഇവര്‍ക്ക് പാര്‍ട്ടിയെ ഒരു അട്ടിമറിയിലൂടെ കൈക്കലാക്കുവാനും ശുദ്ധീകരിക്കുവാനും ശക്തമാക്കുവാനും സാധിക്കുമോ? ഇത് കണ്ടറിയേണ്ടിയിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക