Image

എവിടെ ആ വാമനന്‍? (ഒരു ഓണക്കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

Published on 28 August, 2020
എവിടെ ആ വാമനന്‍? (ഒരു ഓണക്കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)
സുഖമുള്ള ഓര്‍മ്മകള്‍ താലോലിക്കാന്‍  എല്ലാവര്‍ക്കും ഇഷ്ടമാണ്. കഴിഞ്ഞുപോയത്  എപ്പോഴും നല്ലതാണെന്ന ഒരു ബോധം മനുഷ്ര്യരിലുണ്ട്. അതിനെ ഗ്രുഹാതുരത്വം എന്നു പറയുന്നുണ്ട്. കേരളത്തിലെ മലയാളികള്‍ക്കുമുണ്ടേ അങ്ങനെ ഒരു കഥ. കള്ളകര്‍ക്കിടകം കരഞ്ഞു പിഴിഞ്ഞു ഇറങ്ങിപോകുമ്പോള്‍ വരുന്ന കാലം അതിമനോഹരമാണു്. അത് പ്രക്രുതി കനിഞ്ഞുനല്‍കുന്ന വരദാനം. പൊന്നിന്‍ചിങ്ങം എന്ന് അതിനെ വിളിക്കുന്നു. മാത്രമല്ല ആ മാസത്തിലെ പത്തുദിവസങ്ങള്‍ ആഘോഷഭരിതമാക്കുന്നു.

വീടും പരിസരവും വ്രുത്തിയാക്കി മുറ്റത്ത് പൂക്കളമെഴുതി, പാട്ടും കളിയുമായി മലയാളനാട് കാത്തിരിക്കുന്നു. പത്താം നാള്‍ വരുന്ന അതിഥിയെ എതിരേല്‍ക്കാന്‍.  ഒരു കാലത്ത് പ്രജകളെ ഒന്നിനും കുറവില്ലാതെ സംരക്ഷിച്ച ഒരു ധര്‍മ്മരാജാവിനെ. അദ്ദേഹത്തിന്റെ കാലത്തു പ്രജകള്‍ എല്ലാം ഒരു വ്യത്യാസവും കൂടാതെ ആമോദത്തോ ടെ വസിച്ചിരുന്നു. ഇത് പറഞ്ഞു കേട്ട കഥയാണു. എന്നിട്ടും അതിനോട് മലയാളികള്‍ക്കെല്ലാം  ഗ്രുഹാതുരത്വം. സനാതനധര്‍മ്മം എന്ന ഹിന്ദുമതം പഠിപ്പിക്കുന്നത് ഓരോ കാലത്തു ഓരൊ അവതാരങ്ങള്‍ ഭൂമിയില്‍ വന്ന് ഇവിടത്തെ കൊള്ളരുതായ്മകളൊക്കെ മാറ്റി ധര്‍മ്മം സ്ഥാപിച്ചു  തിരിച്ചു  പോയി എന്നാണു്. (ധര്‍മ്മ സ്ഥാപനാര്‍ത്ഥായ.. സംഭവാമി യുഗേ യുഗേ..) വാസ്തവത്തില്‍ കൊറോണയെ ഒരു അവതാരമായി കാണാം. കണ്ട കല്ലിലും, പുല്ലിലും, കടലാസ്സിലും, മനുഷ്യരിലും ദൈവത്തെ കണ്ടു ശരിയായ ദൈവത്തെ കാണാത്ത മനുഷ്യന്റെ കണ്ണു തുറപ്പിക്കാന്‍ വന്ന അവതാരം. ഞാന്‍ നിന്റെ ഹ്രുദയത്തിലുള്ളപ്പോള്‍ നീ എന്നെ തേടി അലയുന്നതെന്തിനു എന്നു കാലങ്ങളായി ദൈവം ചോദിച്ചു കൊണ്ടിരുന്നിട്ടും  മനുഷ്യര്‍ ഗൗനിക്കുന്നില്ല. ഇപ്പോള്‍ കൊറോണ  വന്നപ്പോള്‍ സ്വന്തം വീട്ടിലിരുന്നു പ്രാര്‍ഥിക്കുന്നു. അതുകൊണ്ട് ആകാശം ഇടിഞ്ഞു വീഴുന്നില്ല, കടല്‍ കര കവിഞ്ഞൊഴുകുന്നില്ല. ആരാധനാലയങ്ങള്‍ അടഞ്ഞു കിടക്കുന്നു.. പക്ഷെ കൊറോണ അപ്രത്യക്ഷമായാല്‍ വീണ്ടും മനുഷ്യര്‍ പ്രസ്തുത സ്തലങ്ങളിലേക്ക് അവന്റെ അധ്വാനത്തിന്റെ ഫലം ഇത്തിക്കണ്ണികള്‍ക്ക് നേദിക്കാന്‍ പോകും. അതറിയുന്ന ദൈവം കൊറോണയെ ഭൂമിയില്‍ ശാശ്വതമായി വാഴിക്കാനും സാധ്യതയുണ്ട്.

എന്നാല്‍ ഈ വാമനാവതാരം നമ്മെ പഠിപ്പിക്കുന്നത് ഒരു പ്രശ്‌നവുമിക്ലാതെ സുഖിച്ചു  കഴിഞ്ഞിരുന്ന കേരളത്തിലെ ജനങ്ങളെ അദ്ദേഹം വന്നു കഷ്ടത്തിലാക്കിയെന്നാണു്. മുന്നൂറ്റിയറുപത്തിയഞ്ച് ദിവസവും സമ്രുദ്ധിയില്‍ കഴിഞ്ഞിരുന്ന അവര്‍ക്ക് വര്‍ഷത്തില്‍ ഒരു ദിവസം മാത്രമായി സുഭിക്ഷമായ ഊണും, ഉടുപ്പും വിനോദവും. നോക്കണെ, ഓരൊ കഥകള്‍ക്ക് വന്നു പതിക്കുന്ന ദുരന്തങ്ങള്‍.  പാവം പ്രജകള്‍ക്ക് പിന്നെ അവന്റെ കാണം വിറ്റ് ഓണം ഉണ്ണേണ്ട ഗതികേട് വന്നു. അല്ലെങ്കില്‍ അവനെ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതനാക്കി. അതായ്ത് പണ്ടത്തെ കഥകള്‍ പറഞ്ഞു  പ്രലോഭിപ്പിച്ച് സമ്പത്ത് നശിപ്പിക്കാന്‍ ചെയ്യുന്ന ഒരടവ്. 

കാണം വിറ്റുമോണമുണ്ണണം എന്ന പഴഞ്ചൊല്ല് അക്ഷരം പ്രതി പാലിച്ച്  പാപ്പരായവരെ ആരും ഓര്‍ക്കുന്നില്ല. മുത്തച്ഛന്റെ കാലം സമ്പന്നതയുടെ ആയിരുന്നുവെന്ന് കൊച്ചു  മക്കള്‍ എങ്ങനെയാണു് ഗ്രുഹാതുരത്വത്തോടെ ഓര്‍ക്കുക. അവര്‍ക്ക് ശേഷമുള്ളവര്‍ പിന്നെ അവരുടെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ അയവിറക്കുന്നത് ശരി. ഇംഗ്ലീഷില്‍ നോസ്റ്റാള്‍ജിയ എന്ന പറയുന്ന ഗ്രുഹാതുരത്വത്തെ പണ്ട് പറഞ്ഞിരുന്നത് : സൈക്കാട്രിക്ക് ഡിസോര്‍ഡര്‍" എന്നാണു്. മലയാളിക്ക് അങ്ങനെ ചില "വട്ടുകള്‍'' ഉണ്ടെന്നുള്ളത് പ്രസിദ്ധമാണല്ലോ. പഴയ കാലത്ത് ജീവിക്കാന്‍ ശ്രമിക്കുകയാണു ഓര്‍മ്മകളിലൂടെ എല്ലാവരും. പക്ഷെ ആര്‍ക്കെങ്കിലും അറിയാമോ എല്ലാ തികഞ്ഞ ഒരു മാവേലി നാടൂണ്ടായിരുന്നുവെന്ന്. താഴെ പറയുന്ന പാട്ടിലൂടെ അല്ലാതെ..

മാവേലി  നാട്  വാണിടും  കാലം
മാനുഷ്യരെല്ലാരുമൊന്ന്  പോലെ
ആമോദത്തോടെ  വസിക്കും  കാലം
ആപത്തങ്ങാര്‍കുമൊട്ടില്ല  താനും
 
മാവേലി  നാട്  വാണിടും  കാലം
മാനുഷ്യരെല്ലാരുമൊന്ന്  പോലെ
ആമോദത്തോടെ  വസിക്കും  കാലം
ആപത്തങ്ങാര്‍കുമൊട്ടില്ല  താനും
 
ആധികള്‍ വ്യാധികള്‍ ഒന്നുമില്ല
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല
ദുഷ്ടരെ കണ്‍കൊണ്ട്  കാണ്മാനില്ല
നല്ലവരല്ലാതെ ഇല്ല പാരില്‍… ഇല്ല പാരില്‍
 
മാവേലി  നാട്  വാണിടും  കാലം
മാനുഷ്യരെല്ലാരുമൊന്ന്  പോലെ
ആമോദത്തോടെ വസിക്കും  കാലം
ആപത്തങ്ങാര്‍കുമൊട്ടില്ല  താനും

കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
വെള്ളികോലാദികള്‍ നാഴികളും
എല്ലാം കണക്കിന് തുല്യമായി… തുല്യമായി
 
മാവേലി  നാട്  വാണിടും  കാലം
മാനുഷ്യരെല്ലാരുമൊന്ന്  പോലെ
ആമോദത്തോടെ  വസിക്കും  കാലം
ആപത്തങ്ങാര്‍കുമൊട്ടില്ല  താനും

കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം… പൊളിവചനം
 
മാവേലി  നാട്  വാണിടും  കാലം
മാനുഷ്യരെല്ലാരുമൊന്ന്  പോലെ
ആമോദത്തോടെ  വസിക്കും  കാലം
ആപത്തങ്ങാര്‍കുമൊട്ടില്ല  താനും

കവികള്‍ മനോരാജ്യങ്ങളില്‍ മുഴുകിയിരിക്കുന്നവരാണെങ്കിലും ഇതു എഴുതിയ കവി അസാമാന്യകൊതിയനായിരിക്കണം. എന്തൊക്കയാണു ആ ഹ്രുദയത്തില്‍ തുള്ളിമറിയുന്നത്. രാമരാജ്യം വരണമെന്നു  നമ്മുടെ മഹാത്മാവായ ഗാന്ധി പറഞ്ഞത് ഇതു  കേള്‍ക്കാതെയായിരിക്കുമൊ? ഇതേപോലെ ഒരു കാലത്ത് ജീവിക്കാന്‍ കഴിഞ്ഞാല്‍ എന്ത് ഭാഗ്യമായിരിക്കും. അതാണു് പറയുന്നതു ദൈവങ്ങള്‍ക്ക് മനുഷ്യരെക്കാള്‍ ബുദ്ധിയുണ്ടെന്ന്. അങ്ങനെ മനുഷ്യരെകൊണ്ട് ഭൂമിയില്‍ സ്വര്‍ഗ്ഗമുണ്ടാക്കാന്‍ അവര്‍ സമ്മതിക്കുകയില്ല. അതിനുദാഹരണമാണു ആ കുള്ളന്റെ വരവിലൂടെ നമ്മള്‍ കാണുന്നത്.  ഒരു അര ദൈവത്തെ കൊണ്ട് ഇത്രയ്ക്ക് ഒക്കെ സാധില്ലെങ്കില്‍ ഒരു മുഴു ദൈവം വരാഞ്ഞതു  നന്നായി. ഓണക്കാലത്ത് വെറുതെ ഉപ്പേരി കടിച്ചു പൊട്ടിച്ചും, പപ്പടം തല്ലി തകര്‍ത്തും, ഉരുളകള്‍ ഉരുട്ടികയറ്റുമ്പോള്‍ അല്‍പ്പം വട്ടുള്ള മലയാളി അതൊക്കെ മറന്നു പോകുന്നു. അല്ലെങ്കില്‍ വാമനന്മാര്‍ അവരെ കൊണ്ട് ചിന്തിപ്പിക്കുന്നില്ല.

എന്തായാലും മാവേലി നാട് എന്നു പണ്ടു പറഞ്ഞിരുന്നത് ടൂറിസംകാര്‍ "ദൈവത്തിന്റെ നാട്'' എന്ന് മാറ്റിയത് ഉചിതമായി. വാമനന്റെ നാട് എന്നു പറയുന്നതാകും ശരി. ഇന്ന് നീളം കൂടിയ വാമനന്മാര്‍ ചവുട്ടി താഴ്ത്താന്‍ പാകത്തില്‍ കാലും പൊക്കി നടക്കയാണു നാട്ടില്‍ ഉടനീളം.  ഓണത്തിനു ചില്ലി ചിക്കനും, പിസയും, ചൈനീസ് വിഭവങ്ങളും ഇഷ്ടപ്പെടുന്ന മലയാലം വശമില്ലാത്ത ഇംഗ്ലീഷ് മീഡിയം പ്രൊഡക്റ്റുകളായ  പുതിയ തലമുറ അധികം കാലം ഈ ഓണം കൊണ്ടാടില്ല.  പൊന്നാടയ്ക്കും പലക കഷണങ്ങള്‍ക്കും വേണ്ടി ഓടി നടക്കുന്ന പാവം പ്രവാസമലയാളിയ്ക്കും ജരാ-നരകള്‍ വന്നു കഴിഞ്ഞു . അവരും കാലത്തിന്റെ യവനികയില്‍ മറഞ്ഞ് പോകും. ഒരു കാര്യം മറക്കരുത്. മഹാബലിയ്ക്ക് അല്‍പ്പം അഹങ്കാരമുണ്ടായിരുന്നു അത് കുറയ്ക്കാനാണു വാമനന്‍ അദ്ദേഹത്തെ പാതാളത്തിലേയ്ക്ക് ചവുട്ടി താഴ്ത്തിയത് എന്നു ഒരു ന്യായം വാമനന്റെ വാലില്‍ തൂങ്ങുന്നവര്‍ വിളമ്പുന്നുണ്ട്.

അതേ സമയം വാമനന്‍ ചതിയിലൂടെയാണു തന്റെ ഉദ്ദേശ്യം നിറവേറ്റിയത് എന്ന കാര്യം ഈ വാലുകള്‍ ഓര്‍മ്മിക്കുന്നില്ല. ഗുരുവായ ശുക്രാചാര്യര്‍ ബലിയോട് പറഞ്ഞു. ഈ കുള്ളന്‍ ആളു അത്ര ശരിയല്ല. പിന്നെ നല്ലപോലെ ആ സത്വത്തെ വീക്ഷിച്ചപ്പോള്‍ അതു സാക്ഷാല്‍ മഹാവിഷ്ണുവാണെന്ന് മനസ്സിലായി ആ വിവരവും ബലിയെ ബോധിപ്പിക്ലു. പക്ഷെ ബലി അതൊന്നും ശ്രദ്ധിക്കാന്‍ ശ്രമിച്ചില്ല. താന്‍ കൊടുത്ത വാക്ക് പാലിക്കുന്നതിലായിരുന്നു അദ്ദേഹത്തിനു ശ്രദ്ധ. എല്ലാം നഷ്ടപ്പെടുന്നുവെന്ന് മനസ്സിലാകുമ്പോള്‍ വാക്ക് മാറ്റിയാല്‍ കുഴപ്പമില്ലെന്നു ഗുരുനാഥന്‍ പറഞ്ഞിട്ടും ബലി കേട്ടില്ല. കലിയുഗത്തിനു മുമ്പുള്ള യുഗങ്ങളില്‍ വാക്ക് പാലിക്കുന്നത് വലിയ ധര്‍മ്മമായിരുന്നു. അതുകൊണ്ട് കുണ്ടാമണ്ടികളില്‍ പെട്ടുപോയിരുന്നവരുടെ കഥകള്‍ കേട്ടിട്ടായിരിക്കണം കലിയുഗവാസികള്‍ക്ക് വാക്കു പാലിക്കുന്നതില്‍ വലിയ വിശ്വാസമോ ശ്രദ്ധയോ ഇല്ലാത്തത്. ശിവപുരാണങ്ങളില്‍ പറയുന്നത് മഹബലി പൂര്‍വജന്മത്തില്‍ ഒരു എലിയായിരുന്നുവെന്നാണു. ഇവിടെയും മഹാദേവന്‍ പാര്‍വതിക്ക്
കൊടുത്ത വാക്കിന്റെ പാലനം ആണു പ്രസ്തുത പുരാണത്തിനു ആധാരം. പുരാണം ഇങ്ങനെ...ശിവന്‍ പാര്‍വതിയോട് പറഞ്ഞു "മങ്ങികൊണ്ടിരിക്കുന്ന ആ ദീപം തെളിയുക്കുന്നവന്‍ മൂന്നു ലോകങ്ങളും വാഴുന്ന രാജാവാകും. ഇതൊന്നുമറിയാത്ത ഒരു എലി വിളക്കിലെ ഉരുകുന്ന നെയ്യ് കുടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നെയ്യ് വായില്‍ നിന്നു കത്തി വിളക്കിലെ പ്രകാശം തെളിഞ്ഞു. പാര്‍വതി ശിവനോട് വാക്ക് പാലിക്കാന്‍ പറഞ്ഞു. വിശപ്പുമാറ്റാന്‍ ഇഷ്ടഭക്ഷമായ വെണ്ണ/നെയ്യ് തിന്നാന്‍ വന്ന ഒരു പാവം എലിയുടെ തലവര നിമിഷങ്ങള്‍ കൊണ്ടു മാറി മറഞ്ഞു. 

പൊതുജനം ഈ കഥകളൊന്നും വിസ്തരിച്ച് കേള്‍ക്കുന്നില്ല. അവര്‍ക്ക് പുത്തന്‍ കോടിയും, നല്ല ഭക്ഷണവും, അല്‍പ്പം വിനോദവുമൊക്കെ മതി. ഈ ചിന്താഗതിയാണു അവരുടെ പുരോഗതി തടയുന്നത്. പലപ്പോഴും പുരാണങ്ങളിലെ ശുദ്ധഅസംബന്ധ കഥകള്‍ ആഘോഷങ്ങള്‍ കൊണ്ടാടാന്‍ ആവശ്യമാണു താനും.

എന്നാല്‍ പ്രക്രുതി ഈ മാസത്തില്‍ അതിമനോഹരിയാകുന്നു. ഇന്ദ്രനീലാഭ ചൂടുന്ന മേഘങ്ങള്‍. ഇടയ്ക്കിടെ ഒരു ചാറ്റല്‍ മഴ. ഇതേക്കുറിച്ച് ആരൊ ഇങ്ങനെ എഴുതി " വായുവാകുന്ന വെളുത്തേടന്‍ മേഘങ്ങളാകുന്ന വസ്ര്തങ്ങള്‍ ആകാശമാകുന്ന കല്ലില്‍ അടിയ്ക്കുമ്പോള്‍ തെറിക്കുന്ന ജലകണങ്ങളെന്നോണമുള്ള മഴയെന്ന്''.  പൊന്നുരുക്കുന്ന അധികം ചൂടില്ലാത്ത പകല്‍. പ്രക്രുതി പൂവ്വും പ്രസാദവും വര്‍ഷിക്കുന്ന പൊന്നിന്‍ ചിങ്ങമാസം. എന്നാല്‍ ഇതും നാട്ടില്‍ നിന്നും ക്രമേണ നഷ്ടപ്പെടാന്‍ പോകുന്നു. ഇപ്പോള്‍ തന്നെ പൂക്കളമുണ്ടാക്കാനുള്ള പൂവ് വരുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്. ഉണ്ണാനുള്ള അരി വരുന്നതും വേറെ എവിടെ നിന്നോ. വീട്ടിലേയും പറമ്പിലേയും പണി ചെയ്യാന്‍ വേലക്കാര്‍ വരുന്നതും മറ്റ് സംസ്ഥാങ്ങളില്‍ നിന്ന്.  മലയാളി അവിടെ നോക്ക് കുത്തിയായി നിന്ന് അവസാനം നില്‍ക്കുന്നേടം വല്ലവനും സ്വന്തമാക്കുമ്പോള്‍ നേരെ അറബി കടലിന്റെ മുന്നില്‍ നിന്ന് കേഴാം.. കടലെ, നീല കടലേ.. ഇത്തിരി ഭൂമി തരൂ...

ഓണത്തിന്റെ മഹത്വവും മധുരവും പോയതുകൊണ്ട് എങ്ങനെ  ഓണാശംസകള്‍ നേരും. ഐതിഹ്യങ്ങളുടെ പുറകെ പോയി സ്വന്തമായുള്ള ഐശ്വര്യങ്ങള്‍ ആരും കളഞ്ഞു  കുളിക്കരുത്. അതായ്ത് കാണം വിറ്റു ഓണം ഉണ്ണാതിരിക്കുക. ആ പാട്ടില്‍ പറഞ്ഞത് (മാവേലി നാട് വാണീടും കാലം)  എന്തെങ്കിലും സാക്ഷാത്കരിക്കാന്‍ ഏതെങ്കിലും മലയാളികള്‍ ഒത്തൊരുമിച്ചു  ശ്രമിക്കുമെന്ന വിശാസത്തോടെ ഈ കുറിപ്പ് ഉപസംഹരിക്കുന്നു.

ശുഭം


Join WhatsApp News
കോരസൺ 2020-09-03 00:17:33
അൽപ്പം സുഖമുള്ള ഓർമ്മകളുമായി 2020 ഓണം കടന്നുപോയി. കുള്ളൻ കൊറോണ ഇത്തരം ഒരു അവതാരം ആണെന്ന് നിരുവിച്ചില്ല. ഒരു പക്ഷേ ചതിയും പ്രകൃതിയുടെ നിലനിൽപ്പിന്റെ ഒരു ഭാഗമല്ലേ?. ഇരപിടിക്കുന്നതിനും വംശം നിലനിറുത്തുന്നതിനും ഏതാണ്ട് ചതികൾ തന്നെയാണ് ഉപയോഗിക്കുക. ഏദെൻതോട്ടം മുതൽ എല്ലാ പുരാണത്തിലെയും ഇതിവൃത്തം ചതി എന്ന ചാലക ശക്തിതന്നെയാണ്. പ്രണയവും ചതിയുടെ ഒരു വകഭേദം തന്നെ. വീണ്ടും നല്ല സുഖമുള്ള ഒരു ലേഖനം വായിക്കാനായി. അഭിനന്ദനം ശ്രീ സുധീർ ജി. - കോരസൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക