Image

ജനിതക പരിവര്‍ത്തനം വന്ന കോവിഡ് വൈറസ് മാരകമല്ലെന്ന് വിദഗ്ധര്‍

Published on 21 August, 2020
ജനിതക പരിവര്‍ത്തനം വന്ന കോവിഡ് വൈറസ് മാരകമല്ലെന്ന് വിദഗ്ധര്‍
കൊറോണ വൈറസിന് ജനിതക പരിവര്‍ത്തനം സംഭവിച്ച് അവയുടെ രോഗ്യവ്യാപന ശേഷി വര്‍ധിച്ചത് നല്ല കാര്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍. യൂറോപ്പ്, വടക്കന്‍ അമേരിക്ക, ഏഷ്യയുടെ ചില ഭാഗങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ കണ്ടെത്തിയ  വൈറസിന്റെ പുതിയ വകഭേദത്തിന് രോഗ്യവ്യാപനസാധ്യത കൂടുതലാണെങ്കിലും അവ മാരകമല്ലെന്ന് നാഷല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് പോള്‍ തംബ്യ പറയുന്നു.

D614G  എന്ന ഈ കൊറോണ വൈറസ് വകഭേദം പടര്‍ന്ന ഇടങ്ങളില്‍ മരണ സംഖ്യ താഴേക്ക് വന്നതായും പോള്‍ ചൂണ്ടിക്കാണിക്കുന്നു. പെട്ടെന്ന് പടരുന്ന, അതേ സമയം മരണതീവ്രത കുറഞ്ഞ രീതിയിലേക്ക് വൈറസ് മാറുന്നത്  ലോകത്തിന് ആശ്വാസമാവുകയാണ്.

കൂടുതല്‍ പേരിലേക്ക് പകരുകയെന്നതും അവരെ കൊല്ലാതിരിക്കുകയെന്നതും വൈറസിന്റെയും കൂടി താത്പര്യമാണെന്നും പകര്‍ച്ചവ്യാധി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കൊറോണവൈറസിന്റെ ജനിതക പരിവര്‍ത്തനം രോഗത്തിന്റെ തീവ്രത വര്‍ധിപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയും അഭിപ്രായപ്പെടുന്നു.

എന്നാല്‍  D614G  വകഭേദത്തിന് വുഹാനില്‍ ആദ്യം പ്രത്യക്ഷപ്പെട്ട കൊറോണ വൈറസിനെ അപേക്ഷിച്ച് 10 മടങ്ങ് രോഗവ്യാപന ശേഷിയുണ്ട്. എന്നാല്‍ ഇത്തരം ജനിതക വ്യതിയാനങ്ങള്‍ ഇപ്പോള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വാക്സീനുകളെ പ്രയോജനരഹിതമാക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നില്ല. നേരിയ ജനിതക വ്യതിയാനങ്ങള്‍ വരുന്നുണ്ടെങ്കിലും അതിന്റെ സ്ഥിരതയില്‍ കാതലായ മാറ്റമൊന്നും ഉണ്ടാകാത്തത് ശാസ്ത്രലോകത്തിന് പ്രതീക്ഷയേകുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക