Image

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെ ഇ ഡി കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു

Published on 15 August, 2020
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെ ഇ ഡി കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു

കൊച്ചി:നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ചോദ്യംചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഓഫിസിലെത്തി. കൊച്ചിയിലെ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ചാണ് പ്രധാന അന്വേഷണം.


സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കസ്റ്റഡി അപേക്ഷ നീട്ടുന്നതിനായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദംകേള്‍ക്കവെ എന്‍ഫോഴ്‌സ്‌മെന്റ് അഭിഭാഷകനാണ് എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് വ്യക്തമാക്കിയത്. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ കാര്യമായ സ്വാധീനം ഉണ്ടായിരുന്നുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് വാദിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് അസി.ഡയരക്ടര്‍ പി.രാധാകൃഷ്ണന്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.


സ്വപ്നയുടെ ഇടപാടുകള്‍ സംശയാസ്പദമായിരുന്നുവെന്നത് സംബന്ധിച്ച്‌ ശിവശങ്കറിന് ധാരണയുണ്ടായിരുന്നു. പ്രളയഫണ്ട് സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്‍പായി ശിവശങ്കറും സ്വപ്നയും യു.എ.ഇയില്‍ കൂടിക്കാഴ്ച നടത്തിയിട്ടുമുണ്ട്. ഇതുസംബന്ധിച്ച്‌ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കണമെങ്കില്‍ ശിവശങ്കറിനെ ചോദ്യംചെയ്യേണ്ടതുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് വിശദീകരിച്ചിരുന്നു.


എന്‍ഫോഴ്‌സ്‌മെന്റ് അഭിഭാഷകന്റെ വാദം അംഗീകരിച്ച കോടതി സ്വപ്നയെ രണ്ടുദിവസത്തേക്കുകൂടി ചോദ്യംചെയ്യലിനായി വിട്ടുകൊടുത്തു. അതിനിടെ, എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ സ്വപ്ന പീഡനം അനുഭവിക്കുകയാണെന്ന പരാതി പ്രതിഭാഗം അഭിഭാഷകന്‍ ഉന്നയിച്ചു.
ഇക്കാര്യങ്ങള്‍ പരിഗണിച്ച കോടതി സ്വപ്നയെ രാവിലെ പത്തിനും വൈകിട്ട് അഞ്ചിനും ഇടയ്ക്ക് മാത്രമേ ചോദ്യം ചെയ്യാവൂവെന്നും ചോദ്യംചെയ്യുമ്ബോള്‍ വനിതാപൊലിസിന്റെ സാന്നിധ്യമുണ്ടാകണമെന്നും നിര്‍ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക