Image

48 പൈലറ്റുമാരെ എയര്‍ ഇന്ത്യ പുറത്താക്കി, സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം

Published on 14 August, 2020
48 പൈലറ്റുമാരെ എയര്‍ ഇന്ത്യ പുറത്താക്കി, സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം
ന്യൂഡല്‍ഹി:  ഒറ്റരാത്രികൊണ്ട് 48 പൈലറ്റുമാരെ എയര്‍ ഇന്ത്യ പുറത്താക്കി. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയില്‍ നിന്ന് രാജിവെക്കാന്‍ കത്ത് നല്‍കുകയും പിന്നീട് നിയമപ്രകാരമുള്ള നടപടികളിലൂടെ രാജിക്കത്ത് പിന്‍വലിക്കുകയും ചെയ്ത പൈലറ്റുമാരെയാണ് കഴിഞ്ഞ 13ന് രാത്രി 10 മണിക്ക് കമ്പനി പുറത്താക്കിയത്. എയര്‍ ബസ് 320 വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാരായിരുന്നു ഇവര്‍.

രാജിക്കത്ത് പിന്‍വലിച്ച തീരുമാനം എയര്‍ ഇന്ത്യ അംഗീകരിച്ചിരുന്നതാണ്. എന്നാല്‍ വളരെ പെട്ടെന്നാണ് ഇവരെ പുറത്താക്കാനുള്ള തീരുമാനം വന്നത്. പുറത്താക്കല്‍ തീരുമാനം വന്ന സമയത്ത് ഇവരില്‍ പല പൈലറ്റുമാരും വിമാനം നിയന്ത്രിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന ഗുരുതരമായ കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടിയന്തിര പ്രാധാന്യത്തോടെ പുറത്താക്കല്‍ നടപടി പ്രാബല്യത്തിലായെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്.

സാമ്പത്തിക പ്രതിസന്ധിയും കോവിഡ് വ്യാപനം മൂലം വ്യോമയാന മേഖലയ്ക്കുണ്ടായ പ്രശ്‌നങ്ങളും മൂലമാണ് നടപടിയെന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. കോവിഡിന് മുമ്പുള്ളതിനേക്കാള്‍ വളരെ കുറഞ്ഞ സര്‍വീസുകള്‍ മാത്രമാണ് എയര്‍ ഇന്ത്യ നടത്തുന്നത്. സമീപകാലത്തെങ്ങും വിമാന സര്‍വീസുകള്‍ സാധാരണഗതിയിലാകുമെന്ന് കരുതുന്നുമില്ല. ഇതുമൂലം കമ്പനിക്ക് വലിയ നഷ്ടമാണ് നേരിടേണ്ടിവരുന്നതെന്നും ശമ്പളം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കമ്പനിയെന്നും പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നുണ്ട്.

അതേസമയം പുറത്താക്കല്‍ നടപടി നിയമവിരുദ്ധമാണെന്ന് ഇന്ത്യന്‍ കൊമേഷ്യല്‍ പൈലറ്റ് അസോസിയേഷന്‍ ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക