Image

എന്റെ മൈഥിലി (രാമായണ ചിന്തകൾ -31 -റാണി.ബി.മേനോൻ)

Published on 14 August, 2020
എന്റെ മൈഥിലി (രാമായണ ചിന്തകൾ -31 -റാണി.ബി.മേനോൻ)

കുട്ടിക്കാല വായനയിലേ കൂട്ടായി വന്ന ഈ മൈഥിലി മാനുഷിയാണ്! മാതാപിതാക്കളാലും, ഭർത്താവിനാലും തിരസ്കൃതയാണ്!
അപ്പാഴും, പരിഭവമില്ലാത്തവളാണ്!
ആത്മാഭിമാനമുള്ളവളാണ്!
അനാഥയായതിനാൽ തന്നെ കുടുംബത്തിൻ്റെ വിലയറിയാവുന്നവളാണ്!
ഭർത്താവിനെ പൊതുവിടത്തിൽ അനുസരിയ്ക്കുമ്പോഴും, തങ്ങളുടെ സ്വകാര്യ ഇടത്തിൽ തെറ്റു ചൂണ്ടിക്കാട്ടുന്നവളാണ്!

പെറ്റമ്മയാൽ ഉഴവുചാലിലെറിയപ്പെട്ട്, പോറ്റമ്മയാലോ, ദാസിമാരാലാേ കൊട്ടാരത്തിൽ വളർത്തപ്പെട്ട ദത്തുപുത്രിയ്ക്ക് അങ്ങനെയാവാനല്ലേ കഴിയൂ!
പ്രസിദ്ധമായ ചില രേഖാ ചിത്രങ്ങളുണ്ട് സീതായനത്തിൽ; അവ, എൻ്റെ കാഴ്ച്ചപ്പാടിലൂടെ പുന:സൃഷ്ടിയ്ക്കുകയാണ്.

രാവണനിഗ്രഹാനന്തരം:
-------------------------------------
അങ്ങ് രാവണനിഗ്രഹം നിർവ്വഹിച്ചുവെന്നും, രാമ രാവണ യുദ്ധം അവസാനിച്ചെന്നും, അശോകവനിയിലെ ശിംശിപാ വൃക്ഷച്ചുവട്ടിൽ നാളേറെയായി രാമ രാമേതി ജപിച്ചിരുന്ന എന്നെ അറിയിച്ചതും അങ്ങയ്ക്കരികിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നതും അഞ്ജനാപുത്രനായിരുന്നു. സന്തോഷത്താൽ കണ്ണീരിലാറാടി, അങ്ങയെ കാണുമ്പോഴുള്ള വൈവശ്യം എങ്ങിനെ പൊതു ജനമദ്ധ്യത്തിൽ അടക്കിപ്പിടിയ്ക്കേണ്ടൂ എന്നറിയാതെ വേപഥു പൂണ്ട എന്നിലേക്കാദ്യമെത്തിയത് അങ്ങയുടെ രൂപമായിരുന്നില്ല, എന്നെ എന്നും ത്രസിപ്പിച്ചിരുന്ന ശബ്ദമായിരുന്നു. കനിവിയന്നും, പ്രണയാർദ്രമായും മാത്രം ഞാൻ ശ്രവിച്ചിട്ടുള്ള ഒന്ന്.
തീരെ ദയാരഹിതമായിരുന്നു അപ്പോഴത്.

"ഭവതിയെ മോചിപ്പിയ്ക്കുക എന്ന കൃത്യം ഞാൻ നിർവ്വഹിച്ചിരിയ്ക്കുന്നു. ഇനി ദേവി സ്വതന്ത്രയാണ്. എട്ടു ദിക്കുകളിലെങ്ങോട്ടും പോകാനുള്ള സ്വാതന്ത്ര്യമുണ്ട് താങ്കൾക്ക്"
എന്ന് അവിടുന്ന് പറയവെ, ആദ്യം ഞാൻ അവിശ്വസിച്ചത് എന്റെ കർണ്ണപുടങ്ങളെയാണ്, പിന്നെ എന്റെ ബുദ്ധിയെ, ചിന്താശക്തിയെ....
അമ്പരന്നു ഞാൻ നോക്കവെ ശാന്തസ്വരൂപനായ, 'അന്യ'സ്ത്രീയെ കൺപാർക്കാൻ മടിച്ചു നിൽക്കുന്ന അങ്ങയെക്കണ്ട് വല്ലാതെ പരിഭ്രമിച്ചു.

ഓടി വന്ന്, ആകെയുലച്ചും, വാരിപ്പുണർന്നും, രാമകഥ മാത്രം കേട്ടും, രാമനെക്കാത്തും വിദേഹ രാജ്യത്ത് കഴിഞ്ഞ ഈ അനാഥയെക്കുറിച്ച്,
ത്രയംബകം അമ്പേറ്റിയ അങ്ങയെ കുതൂഹല ചിത്തയായി നോക്കി നിന്നതു മുതൽ രാമരാമേതി ജപം നിർത്തി വായുപുത്രനൊപ്പം അങ്ങയുടെ മുന്നിൽ വന്നു നിന്ന ഈ നിമിഷം വരെയുള്ള, മനോമുകരത്തിൽ പ്രകാശവേഗമാർന്ന് പാറിപ്പോയ സംഭവപരമ്പരകളെക്കുറിച്ചും എണ്ണിയെണ്ണിപ്പറയാനുഴന്ന ഞാൻ തടയണയാൽ തടുത്ത നദിയെന്നപോൽ നിശ്ചലയായി.
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രോക്താവായൊരു ഭരണാധികാരിയെ ഞാൻ കണ്ടു.
കാനത്തിലെ, പതിനാലു സംവത്സരം കഴിഞ്ഞിരിയ്ക്കുന്നു, അങ്ങ് നാളെ അയോദ്ധ്യയുടെ അധിപതിയായി സ്ഥാനമേൽക്കും....
വീണ്ടും അവിടുത്തെ മായിക നാദമുയർന്നു;
"ഈ ചെയ്തതത്രയും എൻ്റെ പ്രഖ്യാതമായ കുലത്തിനേറ്റ കളങ്കം മായ്ക്കാനും, എൻ്റെ വൃത്ത മഹിമ രക്ഷിയ്ക്കാനും, ദുഷ്പേരു നീക്കാനും ധർമ്മ പരിപാലനത്തിനുമത്രെ".
"രാവണൻ മടിത്തട്ടിലേറ്റിയവൾ, കാമക്കണ്ണാൽ കൺപാർത്തവൾ, ഇപ്രകാരം ചാരിത്രസന്ദേഹം വന്നവളായി മുന്നിൽ നിൽക്കുന്ന ഭവതി, നേത്രരോഗിയ്ക്ക് ദീപയഷ്ടിപോലെ എനിയ്ക്ക് അഹിതയായി തീർന്നിരിയ്ക്കുന്നു".
ആ നിമിഷം ഞാനറിഞ്ഞു, എന്റെ നാഥൻ പൂർണ്ണനായും ചക്രവർത്തിപദത്തിനനുയോജ്യനായെന്ന്. വികാരങ്ങൾ, ബന്ധങ്ങൾ... ഒന്നിന്റെയും ബന്ധനമാഗ്രഹിയ്ക്കാത്ത തികഞ്ഞ ചക്രവർത്തിപദകാംക്ഷി.
അഹോ എന്തൊരു വാഗ്ദ്ധാടി!!
ആകെ വ്രണിതമായൊരു മനസ്സിനെ ഉപേക്ഷിയ്ക്കുന്നുവെന്ന ക്രൂരതയ്ക്കുമേൽ "സ്വതന്ത്രയാക്കുന്നു"വെന്ന പട്ടുടയാടയണിയിക്കുമ്പോൾ തന്റെ യശോധാവള്യത്തിന് ഹാ ഹാകാരം മുഴക്കാൻ ജനങ്ങൾ മത്സരിയ്ക്കുമെന്നറിയാത്തവനല്ല രാമൻ.
ഇനി അഥവാ ഞാൻ അങ്ങയെ പിൻതുടർന്നെന്നാലും, വീണ്ടും തുടർന്നേക്കാനിടയുള്ള അപമാനങ്ങൾക്ക് പിന്നീട് യാതൊരു നീതിമത്ക്കരണവും വേണ്ടതുമില്ലല്ലൊ.

രാക്ഷസ സ്പർശത്താൽ കളങ്കിതയായ എന്നെ സ്വീകരിയ്ക്കാനാവില്ലെന്നു അങ്ങ് വെളിപ്പെടുത്തിയ നിമിഷം, തകർന്നു പോയൊരു ഹൃദയമുണ്ട്!
അബലയും, ആയുധമറ്റവളുമായ ഒരുവൾക്ക് മറ്റെന്തു ചെയ്യാനാകുമായിരുന്നു ഭഗവൻ!
ഉരിഞ്ഞടർന്നു പോകുന്ന തൊലിയിലല്ല രാമാ ഞാനങ്ങയെ കുടിയിരുത്തിയിരിയ്ക്കുന്നത്, അങ്ങൊഴിഞ്ഞാർക്കും പ്രവേശനമില്ലാത്ത എന്റെ ഹൃത്തടത്തിലാണ്.
ആ വിശ്വാസത്തിന്റെ പ്രകാശത്താലാണ് ഭൂമിപുത്രി പ്രാണൻ വെടിയാതിരുന്നതെന്ന് അങ്ങറിയാഞ്ഞതെന്തേ? എന്നെ തിരഞ്ഞെത്തുന്ന അങ്ങയിൽ എന്റെ മരണമേൽപ്പിക്കുന്ന ആഘാതം എത്ര വലുതായിരുന്നിരിയ്ക്കാം! അങ്ങയുടെ ശ്രേഷ്ഠ വംശത്തിനതേൽപ്പിയ്ക്കുന്ന മങ്ങലെത്ര മേൽ!
ജീവിച്ചിരിപ്പതേക്കാൾ എത്രയോ ആയാസരഹിതമായ ഒന്നാണ് മരണത്തെ വരിയ്ക്കുക എന്നത്. എനിയ്ക്ക് അങ്ങയിലുണ്ടായ വിശ്വാസം, അങ്ങേയ്ക്കെന്നിലില്ലാതെ പോവാനെന്തേ കാരണം?

കുടുംബത്തിന്/വംശത്തിന് ഏറ്റ കളങ്കം മായ്ക്കാനാണ് അങ്ങ് വാനരെസെെന്യവുമായി വന്ന് രാക്ഷസരോടേറ്റതെന്നു മാെഴിഞ്ഞ നിമിഷത്തിൽ ദേവാ എന്റെ തൊണ്ടയിൽ കുരുങ്ങിപ്പോയൊരു ചോദ്യമുണ്ട്, അങ്ങയുടെ വാമഭാഗമലങ്കരിച്ച ഈ വൈദേഹിയാരാണ്!

അഗ്നിപ്രവേശം:
------------------------
കത്തിക്കാളുന്ന തീയിലേയ്ക്ക് നടന്നടുക്കവേ സീതാമനം കല്ലു പോലായി.
ആർത്തിരമ്പുന്ന ജനം ചുറ്റിലും,
കണ്ണീരരുത്, സീതയെന്ന രാജപുത്രിയ്ക്ക്, സീതയെന്ന പട്ടമഹിഷീയ്ക്ക് ആ നിമിഷം കരയാനാവുമായിരുന്നില്ല വേണമെന്നു വച്ചാൽപ്പോലും.
മനസ്സിൽ നിറഞ്ഞത് നിർവ്വികാരതയായിരുന്നു.
തന്റെ നേര് കാണാൻ, കാത്തു നിൽക്കുന്നവർ, അവരുടെ സംശയദൃഷ്ടികൾക്കു മുന്നിൽ, പരിഹാസച്ചിരികൾക്കു മുന്നിൽ ചൂളി നിൽക്കേണ്ടി വന്നിരിയ്ക്കുന്നു.  ഭർത്താവും, ഭർത്തൃ സഹോദരനും  കാഴ്ച്ചക്കാരായി നോക്കി നിൽക്കുന്നു. അപഹരിച്ച രാവണൻ പോലും ഇത്ര കണ്ട് അമാന്യമായി തന്നോടു പെരുമാറിയിട്ടില്ല. ഈ അപഹാസ്യതയ്ക്കു വേണ്ടിയായിരുന്നുവോ അങ്ങെന്നെ വീണ്ടെടുത്തത് പ്രഭോ എന്ന ചോദ്യം സീതയുടെ ഉള്ളിൽ മുഴങ്ങി.
സീത, രാമനെ അചഞ്ചലയായി ഉറ്റുനോക്കി, അദ്ദേഹം മിഴികളിടയാതെ വിദഗ്ദ്ധമായി കണ്ണുകളെ മാറ്റി നട്ടു.
അഥവാ, താനെന്തെങ്കിലും ചോദിച്ചുവെന്നാലും,
അദ്ദേഹം എന്നും തന്നെ ഭ്രമിപ്പിയ്ക്കുന്ന മധുരമായ ശബ്ദത്തിൽ പറയും,
"ഹാ ദേവീ, രാജാവ് എല്ലാ സംശയങ്ങൾക്കും അതീതനായിരിയ്ക്കണം. പ്രജകൾക്ക് രാജാവിനെ ചോദ്യം ചെയ്യാൻ അർഹതയുള്ള രാജ്യമാണ് എന്റെ സ്വപ്നത്തിലെ രാമരാജ്യം"
അങ്ങ്, ചരിത്രത്തിലേയ്ക്ക് സ്വയം പേരെഴുതിച്ചേർക്കുന്ന തിരക്കിൽ എന്നെ മറന്നുവോ?

അഗ്നിപ്രവേശനന്തരം:
----------------------------------
ശയ്യാ ഗൃഹത്തിന്റെ മുൻ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തവേ പുറത്ത് പാദസരം കിലുങ്ങുന്നതു കേട്ട് ഒരു നിമിഷം (രാമൻ) നിന്നു.
വൈദേഹിയാൾ, തന്നെ അനുഗമിച്ചിരുന്ന തോഴിയെ കൈയുയർത്തി തടുത്ത് തിരിച്ചയച്ചു. പാദസരക്കിലുക്കം അകന്നകന്നു പോയി.
ഉറച്ചതും, ശാന്തവുമായ പാദ ചലനങ്ങൾ, അറയിലേയ്ക്കു പ്രവേശിച്ചു. ആദ്യം കണ്ണിൽ പതിഞ്ഞത് തീക്കനലുകൾ ലാളിച്ച 'പൂവിതൾ തോൽക്കും' പാദങ്ങളായിരുന്നു. അവ ചുവന്നു തുടുത്തിരുന്നു. ഉയർത്തിപ്പിടിച്ച ശിരസ്സോടെ, സീത ഭർത്താവിനു മുന്നിൽ നിന്നു. കൽവിളക്കുകൾ പൊഴിച്ച നേർത്ത തിരിനാളങ്ങൾക്കു മുന്നിൽ ചുട്ടെടുത്ത മൺകട്ടപോൽ ചുവന്നും ദൃഢതയാർന്നും സീത തിളങ്ങി. ഭൂമിയിൽ സ്വന്തമായൊരിടം തിരിച്ചറിഞ്ഞവളുടെ, ധൈര്യവും ശാന്തിയും ആ കണ്ണുകളിൽ നിഴലിച്ചിരുന്നു. താരള്യവും വൈവശ്യവുമില്ലാതെ, പരിഭവമോ പരാതിയോ ഇയലാതെ തന്റെ പ്രിയതമന്റെ വിവശമായ കണ്ണുകളിലേക്കുറ്റുനോക്കി തെല്ലു നിന്ന്, ശ്വാസം നിയന്ത്രിച്ച്, അഹന്ത ലവലേശം തീണ്ടാത്ത ആത്മവിശ്വാസത്തോടെ ചൊന്നു
"മഹാരാജൻ അവിടുത്തെ പ്രജയെന്ന നിലയിൽ ഞാനങ്ങേയ്ക്ക് വിധേയ. അങ്ങയുടെ നീതിമത്ബോധത്തെക്കുറിച്ചോ, പാലിയ്ക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചോ, അങ്ങയുടെ അനിഷേദ്ധ്യമായ നേതൃപാടവത്തെക്കുറിച്ചോ തെല്ലുമില്ല ശങ്ക'.
"ഇതിനപ്പുറവും, വെല്ലുവിളികളേതുമുയർത്താതെ, കാന്താരമദ്ധ്യത്തിലെന്നവണ്ണം, അങ്ങയുടെ കാൽപാദങ്ങളെ പിൻതുടർന്ന് വിദേഹ പുത്രിയുണ്ടാവും."
പിന്നേയും തുടർന്നെന്തോ പറയാനെന്ന പോൽ നോട്ടം പിൻവലിയ്ക്കാതെ സീത നിന്നു. അതു നേരിടാനാവാതെ രാമന്റെ മിഴികൾ തെന്നിമാറി. സീത ഉൾ മുറിയിലേയ്ക്കു നടന്നു, രണ്ടു മുറികളെയും വേർതിരിച്ച പടുത ഝടുതിയിൽ താഴ്ന്നു വീണു.
കാറ്റിൽ ഒന്നുലയാൻ പോലും കൂട്ടാക്കാതെ ആ കനത്ത പടുതകൾ, അവളുടെ ചുട്ടു നീറുന്ന ഉൾത്തടം താണ്ടി വന്ന നിശ്വാസങ്ങൾ രാമനെ പൊള്ളലേൽപ്പിയ്ക്കാതെ കാത്തിരിയ്ക്കണം.
തിരിനാളങ്ങൾ മെല്ലെവേ തളർന്നുറങ്ങി.
എത്തി നോക്കാൻ തുനിഞ്ഞ കുളിർ നിലാവ് പൊള്ളലേറ്റാലെന്നവണ്ണം പിൻ വാങ്ങി. ചന്ദ്രൻ മേഘക്കീറിനു പിന്നിൽ മറഞ്ഞു. അന്ധകാരം പതിയെ കൊട്ടാരത്തെപ്പൊതിഞ്ഞു.
ഒരു പക്ഷെ ആ നീൾമിഴികൾ തുടർന്നു പറയാതെ പറഞ്ഞതിങ്ങനെയായിരിയ്ക്കണം
"........പക്ഷെ, ഭർത്താവെന്ന നിലയിൽ എന്റെ ഉൾത്തടത്തിൽ അങ്ങേൽപ്പിച്ച ആഘാതത്തിന് അങ്ങിവളോട് ഉത്തരമോതേണ്ടിയിരിയ്ക്കുന്നു." എന്നോ

"എന്നിൽ പുകയുന്ന അപമാനം ഒടുങ്ങും വരെ നമുക്കൊന്നിയ്ക്കാനാവില്ല. ഇതു ജനവിധിയ്ക്കു വിട്ടുകൊടുക്കേണ്ട ഒന്നല്ലെന്ന് ദയവായറിഞ്ഞാലും, ദമ്പതികൾക്കിടയിലെ തികച്ചും സ്വകാര്യമായ ജീവിതസ്ഥലിയാണ്. ഇത് നമുക്കിരുവർക്കുമിടയിൽ നിന്നും എങ്ങോട്ടും പടർന്നേറേണ്ടതില്ല" എന്നോ.
ഒരുവൾ ഉൾത്തടത്തിൽ നിരൂപിയ്ക്കുന്നത്, അവൾ അവളോടു മാത്രം ചൊല്ലുന്ന രഹസ്യമാണ്. ആർക്കും പിടികൊടുക്കാതെ അവൾക്കൊപ്പം മാഞ്ഞു പോകുന്ന ഒന്ന്......

രാമതത്വവിചാരാനന്തരം:
------------------------------------------
അഭിഷേകാനന്തരം, പരിഭവിച്ച് അകന്നു നിന്ന ആഞ്ജനേയനെ "രാമതത്വ"മെന്ന ന്യായേന കാര്യങ്ങൾ ബോധിപ്പിയ്ക്കാൻ പൊതുസഭയിൽ വച്ചെന്നെ ഭരമേൽപ്പിക്ക വഴി പ്രദർശിപ്പിക്കപ്പെട്ടത്, രാജത്വത്തിലെ കുടുക്കു വഴികൾക്ക് ഏറ്റവും ഉത്തമമായ ഉദാഹരണമല്ലയോ ദേവ?
ആരണ്യകാണ്ഡത്തിൽ അന്നുവരെയുള്ള കഥകളോരോന്നായ് ചൊന്ന്, ഇവയൊന്നും അങ്ങല്ല ചെയ്തത് എന്നും, എല്ലാത്തിനും മൂലാധാരം സംശ്രുതിയെന്ന,അവിദ്യ മൂലപ്രകൃതിയായ ഞാനെന്നും; അവയെല്ലാം ഞാൻ "മൽസാന്നിദ്ധ്യത്താൽ" സൃഷ്ടിച്ചതെന്നും,
അങ്ങ് 'സത്താ മാത്രനത്രെ' എന്നും പറയിപ്പിയ്ക്കുക വഴി, പൊതുജന മദ്ധ്യേ ഞാനേറ്റെടുത്ത് എന്റേതാക്കിത്തീർത്ത കുറ്റങ്ങൾ ഒരിയ്ക്കലും ആർക്കും ഭാവിയിൽ രാജാവിനു മേൽ ചാരാനാവില്ലെന്ന കുടില തന്ത്രമല്ലയോ നാഥാ അങ്ങ് പ്രയോഗിച്ച് വിജയിപ്പിച്ചത്?
പൊതു സദസ്സിൽ അങ്ങയെ അപമാനിയ്ക്കാതിരിയ്ക്കാനും, സ്വയം അപമാനിതയാവാതിരിയ്ക്കാനും ഞാൻ കാണിച്ച ഔചിത്യം പോലും അങ്ങേയ്ക്കുള്ള ബഹുമാനമാക്കി മാറ്റിയെടുക്കാൻ കഴിവുറ്റതാണ് രാജധാനിയുടെ ചുവരുകളുടെ പോലും ഘടനയെന്നറിയാത്തവളുമല്ല ജാനകി.
അതിൽ ലവലേശമില്ല ഖേദമെന്നറിഞ്ഞാലും. ഈ അനാഥയ്ക്കഭയം തന്ന, അയോദ്ധ്യാപുരിയുടെ നാഥനെ നിലനിർത്തേണ്ടത് അവളുടെ കൂടി ധർമ്മമെന്നറിയാത്തവളുമല്ല ഭർതൃ സേവികയായ ജനകപുത്രി. വിദേഹരാജധാനിയിൽ ചൊല്ലിത്തന്നു പഠിപ്പിച്ചതത്രയും അതുതന്നെയായിരുന്നുവല്ലൊ.

ശൂർപ്പണഖയെ വികലാംഗയാക്കിയതു വഴി, അങ്ങയുടെ ഏതൊരു വീരത്വമാണ് തെളിയിക്കപ്പെട്ടത്?
സ്വയരക്ഷോപാധികളില്ലാതെ ചഞ്ചലയും തരളചിത്തയുമായി നിന്നൊരു സ്ത്രീയ്ക്കു മേൽ അക്ഷന്തവ്യമായ അപരാധം പ്രവർത്തിയ്ക്കുക വഴി അങ്ങെന്താണുദ്ദേശിച്ചത്?
അങ്ങയുടെ ഭരണത്തിൻ കീഴിൽ ഏതൊരുതരം സുരക്ഷിതത്വമാണ് അങ്ങ് സ്ത്രീ പ്രജകൾക്ക് വാഗ്ദാനം ചെയ്യുന്നത്?
ഒരു യുവരാജാവിനു വേണ്ട നയതന്ത്രജ്ഞത ഏറ്റവും പരിമിതമായ അളവിൽ പോലും അങ്ങയിലില്ലാതെ പോയതെന്തേ?
നയതന്ത്രവും രാജശിക്ഷണത്തിന്റെ ഭാഗമല്ലയൊ?
ഒരു സ്ത്രീ അവളുടെ ഏറ്റവും പേലവമായ ഭാവത്തെ പ്രകടിപ്പിച്ചതിൽ, അങ്ങവരിലേൽപ്പിച്ച അപമാനമല്ലയോ യഥാർത്ഥത്തിൽ അപഹരണത്തിലേയ്ക്കും യുദ്ധത്തിലേയ്ക്കും നയിച്ചത്?
ആരെങ്കിലും രക്ഷിയ്ക്കാൻ വരുന്നതും കാത്ത്, ഇലയനക്കങ്ങളെപ്പോലും ഭയന്ന് കൂരിരുളിലേയ്ക്കുറ്റു നോക്കി ചകിതയായി എനിയ്ക്കിരിയ്ക്കേണ്ടി വന്നതിന് ആത്യന്തികമായി അങ്ങല്ലയൊ ഭഗവൻ കാരണഭൂതനായത്?

ഒന്നാേർത്താൽ,
മാരീചനും മാരീച വിലാപവും മയാ സൃഷ്ടമെന്ന് കഥ മെനഞ്ഞത്, യഥാർത്ഥത്തിൽ അയോദ്ധ്യാ രാജകുമാരന്റെ പിഴവു മറയ്ക്കുവാനല്ലയോ?
അയോദ്ധ്യാ സൈന്യത്തെ നയിക്കേണ്ട അങ്ങേയ്ക്ക് കേവലമൊരു കാട്ടു മാനിനെ അമ്പെയ്ത് വീഴ്ത്താനായില്ലെന്നത്, പാടിപ്പുകഴ്ത്തപ്പെട്ട രാജകുമാരന്റെ അസ്ത്രശസ്ത്ര പാരംഗതത്വത്തിന്റെ ശോഭ കെടുത്തുമെന്നതിനാലും; അതിലുപരി, അയോദ്ധ്യാപുരി നേരിടുന്ന പരിശീലനപ്പിഴവുകളെ തുറന്നുകാട്ടുമെന്നതിനാലുമല്ലയോ ചപലയായൊരു പെൺകിടാവിന്റെ കാടൻ ഭ്രമത്തിൽ പഴിചാരേണ്ടി വന്നത്?
ഒരു രേഖ, തീർച്ചയായും അകത്തുള്ളവയേയും പുറത്തുള്ളവയേയും തമ്മിൽ തരം തിരിവു നടത്തുന്നുണ്ട്. എന്നെ മാത്രം അകത്താക്കിയ ആ രേഖ, മറ്റെല്ലാവരേയും പുറത്താക്കുകയായിരുന്നില്ലേ ചെയ്തത്?
നാഥാ, അങ്ങിതുകൂടി പറയുക, മറ്റു കാട്ടുമങ്കമാരിൽ നിന്നും എന്നെ തിരിച്ചറിയാനുള്ള മാർഗ്ഗരേഖയായിരുന്നില്ലയോ ലക്ഷ്മണ രേഖ എന്നു പുകഴ് പെറ്റ ആ വൃത്തം?

പട്ടമഹിഷീ പദക്ഷണം:
-----------------------------------
ഇതേ കാരണങ്ങളാൽ, അങ്ങയുടെ അപവാദപ്രിയനായ ആ പ്രജ, ഭാര്യയെ വനത്തിലുപേക്ഷിച്ചിരുന്നുവെങ്കിൽ, ഹേ രാജാധിരാജൻ, അങ്ങയുടെ വിധി പ്രസ്താവം ഇനിയൊന്നാകുമായിരുന്നില്ലയോ?
അങ്ങയുടെ രാജ്യത്തെ ഒരു സാധാരണ പ്രജയ്ക്ക് ലഭിക്കുമായിരുന്ന നീതി, എനിയ്ക്കു നിഷേധിയ്ക്കപ്പെട്ടത്, അങ്ങയുടെ ഭാര്യയായിരുന്നതിനാൽ മാത്രമല്ലയോ?
ഇത്രയും കഠിനമായ അപമാനങ്ങൾക്കു ശേഷവും ഞാൻ അങ്ങയുടെ പട്ടമഹിഷീ പദം അഭികാമ്യമായി കരുതുമെന്നും, തിരിച്ചു വരുമെന്നും കരുതിയത് മൗഢ്യമല്ലയോ?
അതും, മഹാരാജൻ അങ്ങേയ്ക്ക് ശോഭയേകുന്ന ഒന്നല്ല.
ഉപസംഹാരം:
അല്ലെങ്കിൽത്തന്നെ, സീത, സീതയ്ക്കു വേണ്ടി എന്നാണ് ജീവിച്ചിട്ടുള്ളത്?

പിറവിയെടുത്തത് - രാമനു വേണ്ടി
കാത്തിരുന്നത് - രാമനു വേണ്ടി
കാടു തീണ്ടിയത് - രാമനു വേണ്ടി
അപഹരിയ്ക്കപ്പെട്ടത് -
രാമജന്മോദ്ദേശ്യ സാഫല്യത്തിനു വേണ്ടി
അഗ്നിപ്രവേശം - രാമനു വേണ്ടി
രാജധാനി വിട്ടത് - രാമനു വേണ്ടി
മക്കളെ പ്രസവിച്ചത് -രാമനു വേണ്ടി....

ജീവിതത്തിൽ ഒരിയ്ക്കലെങ്കിലും തലയുയർത്തിപ്പിടിച്ച്, രഘുവംശത്തിന് തികവുറ്റാെരു പിൻഗാമിയെ നൽകി, അധികാരസ്ഥാനങ്ങളോടും, ജീവിതത്തോടും മുഖം തിരിച്ച് നടന്നകന്ന എന്റെ സീത!

അവളിങ്ങനെയൊക്കെയാവും തന്നോടു തന്നെ ആ നടപ്പിനിടയിൽ പറഞ്ഞിരിയ്ക്കുക എന്നെനിയ്ക്കുറപ്പാണ്.
മനസ്സിലോ ആത്മാവിലോ ശരീരത്തിലോ രാമനൊഴികെ ആരും ആവേശിച്ചിട്ടില്ലാത്ത സീത.
മിഥിലാ പുരിയുടെ അനാഥരാജകുമാരി.
പിറവിയിലും, ജീവിതത്തിലുടനീളവും അനാഥത്വം മാത്രം പേറിയോൾ.

ദാ ഇങ്ങിനെയൊക്കെയാണെന്റെ മൈഥിലി!
അടിവരയിടുന്നു - എന്റെ മൈഥിലി!

(എഴുതിക്കൊണ്ടിരിയ്ക്കുന്ന "എൻ്റെ മൈഥിലി"യിൽ നിന്ന് !)
Join WhatsApp News
MV 2020-08-15 13:12:16
The contrast with The Lord and God Yeshua , who taking on our human nature , takes upon Himself all the debts of human kind , caused by the rebellion against the Father's will and holiness , through impurities and sins against life , thus breaking the deals of hell - He sheds His blood to undo those enemy claims , to lift us up to the holiness and its dignity and right relationship with God and each other , through the graces of deep forgiveness as well. There is no other Name ...and these mythologies help to see it so clearly ..hard to believe Gandhi could not take that in !
MV 2020-08-15 20:09:51
Apologies for the typo in the previous comment - sins break the 'seals of hell ' letting out the demonic larvae - given in testimony of Dr.Gloria Polo ( well known with many on line articles ) she had a near death experience and was shown the effects of sins , how such leads to the evils we see around , even in places and nations that are to lead lives of holiness in families and marriages .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക