Image

ശീതീകരിച്ച ആഹാരത്തില്‍നിന്ന് കൊറോണ പടരില്ലെന്നു ഡബ്ല്യുഎച്ച്ഒ

Published on 14 August, 2020
ശീതീകരിച്ച ആഹാരത്തില്‍നിന്ന് കൊറോണ പടരില്ലെന്നു ഡബ്ല്യുഎച്ച്ഒ
ബെയ്ജിങ്: ശീതീകരിച്ച ആഹാര സാധനങ്ങളിലൂടെ കൊറോണ വൈറസ് പടരില്ലെന്ന് ലോകാരോഗ്യ സംഘടന. ചൈനയിലെ രണ്ടു നഗരങ്ങളില്‍ ഇറക്കുമതി ചെയ്ത ആഹാരസാധനങ്ങളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. ആഹാര സാധനങ്ങള്‍ കൈകാര്യം ചെയ്തിരുന്നവരില്‍ ആര്‍ക്കെങ്കിലും കോവിഡ് ഉണ്ടായിരുന്നിരിക്കാം. അവരില്‍നിന്നാകാം വൈറസ് ഇവയില്‍ എത്തിയതെന്നും കൊളംബിയ യൂണിവേഴ്‌സിറ്റി വൈറോളജിസ്റ്റ് അംഗേല റാസ്മുസെന്‍ പറഞ്ഞു.

ഭക്ഷണ സാധാനം കൈകാര്യം ചെയ്യുന്നതോ കഴിക്കുന്നതിനോ കോവിഡുമായി ബന്ധമില്ല. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് തുമ്മല്‍, ചുമ, സംസാരം, ശ്വസിക്കല്‍ എന്നിവയില്‍ കൂടി മാത്രമേ വൈറസ് പടരുകയുള്ളൂവെന്നും വിദഗ്ധര്‍ പറയുന്നു.

ചൈനയിലെ രണ്ടു നഗരങ്ങളില്‍ ശീതീകരിച്ച ആഹാരം ഇറക്കുമതി ചെയ്ത കാര്‍ഗോയില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചിരുന്നു. ബ്രസീലില്‍നിന്ന് ഷെന്‍സെന്നിലേക്ക് എത്തിച്ച ശീതീകരിച്ച ചിക്കന്‍ വിങ്‌സിന്റെ ഉപരിതലത്തിലും ഇക്വഡോറിയന്‍ ചെമ്മീനിന്റെ പാക്കറ്റിന്റെ പുറത്തുനിന്നും ശേഖരിച്ച സാംപിളുകളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ബ്രസീലിലെ മൂന്നാമത്തെ ഏറ്റവും വലിയ കോഴി, പന്നി കയറ്റുമതിക്കാരായ അറോറയുടെ പ്ലാന്റില്‍നിന്നാണ് കാര്‍ഗോ എത്തിയതെന്ന് ഷെന്‍സെന്‍ അധികൃതര്‍ അറിയിച്ചു.

ലോകമെമ്പാടുമുള്ള കോവിഡ് കേസുകള്‍ കൂടുന്നതിനിടെ കൊറോണ വൈറസ് വസ്തുക്കളുടെ ഉപരിതലത്തിലൂടെ പടരുന്നതും ആഹാരശൃംഖലയിലേക്ക് കടക്കുന്നതും ആശങ്ക പരത്തുന്നുണ്ട്. ന്യൂസീലന്‍ഡില്‍ മൂന്നുമാസത്തിനിടെയുള്ള ആദ്യ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇത് ചരക്കുനീക്കത്തില്‍നിന്ന് വന്നതാണോയെന്ന് കണ്ടെത്താനുള്ള അന്വേഷണവും നടന്നുവരുന്നുണ്ട്.

മൈനസ് 20 ഡിഗ്രിയില്‍ രണ്ടു വര്‍ഷം വരെ കൊറോണ വൈറസ് നിലനില്‍ക്കാമെന്ന് ശാസ്ത്രജ്ഞര്‍ നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ശീതീകരിച്ച ആഹാരത്തിലൂടെ വൈറസ് പകരുമെന്നതിന് വ്യക്തമായ തെളിവുകളില്ലെന്ന് ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും പറയുന്നു. ജനങ്ങള്‍ ആഹാരത്തെയോ ശീതീകരിച്ച ആഹാരസാധനങ്ങളെയോ പേടിക്കേണ്ട കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തരവിഭാഗം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്ത പ്രസ്താവനയിലൂടെയും ഇക്കാര്യം അറിയിച്ചു.

ചൈനയുടെ ആരോപണത്തിനെതിരെ അറോറ രംഗത്തെത്തി. ചൈനീസ് അധികൃതര്‍ ഔദ്യോഗികമായി തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയോ വിവരം അറിയിക്കുകയോ ചെയ്തിട്ടില്ല. കൊറോണ വൈറസ് പടരാതിരിക്കാന്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും തങ്ങളെടുത്തിട്ടുണ്ട്. ആഹാരത്തിലൂടെ വൈറസ് പടരുന്നതായി കണ്ടെത്തിയിട്ടുമില്ലെന്നും അവര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ബ്രസീലിന്റെ അഗ്രികള്‍ച്ചര്‍ മന്ത്രാലയം ചൈനീസ് അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.

വൈറസ് കണ്ടെത്തിയതിനു പിന്നാലെ കാര്‍ഗോയുമായി അടുത്തിടപഴകിയ എല്ലാവരെയും ഷെന്‍സെന്‍ അധികൃതര്‍ കോവിഡ് പരിശോധന നടത്തി. ഇവരുടെ ഫലം നെഗറ്റീവാണെന്ന് അധികൃതര്‍ അറിയിച്ചു. എവിടെ വച്ചാണ് ശീതീകരിച്ച ചിക്കനില്‍ വൈറസ് കയറിക്കൂടിയതെന്ന് വ്യക്തമായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇറക്കുമതി ചെയ്യുന്ന ഇറച്ചി, സീഫുഡ് എന്നിവയില്‍നിന്ന് വൈറസ് പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക