Image

രാമായണം രാവണനിലൂടെ (രാമായണ ചിന്തകൾ -30- ആർച്ച ആശ)

Published on 13 August, 2020
രാമായണം രാവണനിലൂടെ (രാമായണ ചിന്തകൾ -30- ആർച്ച ആശ)
'രാമന്റെ അയനം' രാമായണം. 24000 ശ്ലോകങ്ങളിൽ.
ഏഴ് കാണ്ഡങ്ങളിലടുക്കിയൊതുക്കിയിരിക്കുന്ന ജീവിതഗ്രന്ഥിയായ ഇതിഹാസം.
മനുഷ്യജീവിതമെങ്ങനെയായിരിക്കണമെന്നതിനുള്ള ഉത്തമോദാഹരണ കാവ്യം. എന്തുചെയ്യണം എന്തുചെയ്യരുതെന്ന് രാമായണത്തിൽ വ്യക്തമായി പ്രതിപാദിക്കുന്നു.

രാമനോളം തന്നെ, ചിലപ്പോഴൊക്കെ രാമനിലും ഉപരിയാണ് രാവണന്റെ സ്ഥാനം. രാവണനില്ലെങ്കിൽ  രാമായണമില്ല. രാമൻ, രാവണന്റെ അഹങ്കാരമില്ലാതാക്കാൻ വേണ്ടിയുള്ള മഹാവിഷ്ണുവിന്റെ അവതാരം.മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മിലോരോരുത്തരിലും രാവണന്റെ അംശമുണ്ട്. നമ്മിൽ തന്നെ രാമനുമുണ്ട്.

അച്ഛന്റെ വാക്ക് പാലിക്കുവാൻ ധർമ്മത്തെ ചേർത്തുപിടിച്ചു കിരീടവും ചെങ്കോലും ഉപേക്ഷിച്ചു വനവാസം സ്വീകരിച്ച ശ്രീരാമൻ.
രാമായണത്തിലെ ഈ ഭാഗങ്ങൾ ഇന്ന് നമ്മുടെ സമൂഹത്തിൽ നഷ്ടമായ, മുൻപുണ്ടായിരുന്ന പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെ വരച്ചു കാട്ടുന്നു.

കൂടപ്പിറപ്പിന്റെ ദയനീയാവസ്ഥയിൽ മനഃസ്ഥാപത്താലും ക്ഷുഭിതനായും സീതാപഹാരണത്തിനു തയ്യാറാകുന്ന രാവണൻ.
രാമൻ ശ്രീമൻ നാരായണനാണെന്നും രാമനോടുള്ള മത്സരം രാവണനിഗ്രഹത്തിന് ഹേതുവാകുമെന്നുമുള്ള മാരീചന്റെ  മുന്നറിയിപ്പിൽ, വിധിയതാണെങ്കിൽ  തടുക്കാൻ കഴിയുമോന്നുള്ള മറുചോദ്യത്തിൽ നിശ്ശബ്ദനായി പോകുന്ന മാരീചൻ രാവണന്റെ ആവശ്യമനുസരിക്കുന്നു. ഇവിടെ സ്വന്തം ജീവനുപേക്ഷിച്ചും കൂടപ്പിറപ്പിന്റെ അഭിമാനത്തെ, തന്നിലുള്ള വിശ്വാസത്തെ കാത്തുസൂക്ഷിക്കുവാൻ ശ്രമിക്കുന്ന രാവണനെ കാണാം. ഇന്നത്തെ ലോകത്തിൽ കുടുംബമെന്നത് തന്നിലേക്ക് ചുരുങ്ങുമ്പോൾ മാതാപിതാക്കളും കൂടപ്പിറപ്പുകളും വര്ഷങ്ങളുടെ ഇടവേളകളിൽ കണ്ടുമുട്ടുന്നവർ മാത്രം.

ശ്രീരാമനുപേക്ഷിച്ച അയോധ്യയിൽ ജ്യേഷ്ഠന്റെ മെതിയടികൾ വെച്ചു രാജ്യം ഭരിക്കുന്ന ഭരതൻ. ഇന്നെവിടെയാണ് അങ്ങനൊരു അനുജനെ കാണാനാവുക. അധികാരത്തിനും പണത്തിനും വേണ്ടി സ്വാർത്ഥതയുടെ മൂർത്തീഭാവമായി മാറി കൊലപാതകങ്ങൾ വരെ. പിന്നെയുണ്ടാവാം വിരലിലെണ്ണാവുന്നവർ.

രാവണനുമുണ്ടൊരു അനുജൻ.ശ്രീരാമനോട് സന്ധി ചെയ്ത് രാവണനെ കൊല്ലിച്ചു രാജ്യം ഭരിക്കാൻ കാത്തിരിക്കുന്ന വിഭീഷണന്മാർ നമ്മുക്കിടയിലുമുണ്ട്.

സീതാന്വേഷണാർത്ഥം സുഗ്രീവസഖ്യം ചെയ്ത് ബാലിയെ നിഗ്രഹിച്ച ശ്രീരാമനോട് ബാലി ചോദിക്കുന്നു, "ചോരനായ് അമ്പെയ്തു വീഴ്ത്താൻ ഞാൻ എന്തു തെറ്റാണ് രാഘവാ നിന്നോട് ചെയ്തത്, നിന്നെ പൂജിച്ചതാണോ ഞാൻ ചെയ്ത കുറ്റം. സീതാന്വേഷണത്തിനെങ്കിൽ എന്റെ കൂട്ടല്ലേ കുറച്ചു കൂടി അങ്ങേക്ക് ഉപയോഗപ്രദമാകൂ..."

അനുജന്റെ ഭാര്യയെ പരിഗ്രഹിച്ച മഹാപാപത്തിനാണ് ഞാൻ നിന്നോടിത് ചെയ്തതെന്ന് രാമൻ ബാലിക്കുള്ള  മറുപടിയായി പറയുന്നു.
അമ്മയെയും സാഹോദരിയെയും മകളെയും അനുജന്റെ ഭാര്യയെയും ഒരിക്കലും മറ്റൊരു കണ്ണിൽ കൂടി നോക്കിയാല് തന്നെ വലിയ പാപമാണെന്നും രാമൻ കൂട്ടിച്ചേർക്കുന്നു.
എന്നിട്ടും അന്നും ഇന്നും എത്ര ജ്യേഷ്ഠത്തിമാർ അനിയന്റെ കൂടെ ജീവിക്കുന്നു.മറിച്ചും നടക്കുന്നു. മാറിയ ലോകത്തിൽ അമ്മയിൽ സഹോദരിയിൽ മക്കളിൽ പോലും വിഷപ്പല്ലുകളേറ്റു നീലിച്ചപാടുകൾ തെളിയുന്നു.

ശുക്രാചര്യന്റെ നിർദ്ദേശപ്രകാരം യുദ്ധവിജയത്തിനായി ഹോമം ആരംഭിക്കുന്ന രാവണന്റെ ഗുഹക്കുള്ളിൽ വാനരർ പ്രവേശിക്കുകയും ഹോമത്തിനുള്ള വസ്തുക്കൾ നശിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ടും രാവണൻ പൂജയിൽ മുഴുകിയിരുന്നപ്പോൾ വാനരന്മാർ മണ്ഡോദരിയെ  ഉപദ്രവിക്കുന്നു. സഹിക്കവയ്യാതെ രാവണനെ പഴിക്കുന്ന മണ്ഡോദരിയുടെ അവസ്‌ഥ കണ്ടു ഹോമം മുടക്കി രാവണൻ എഴുന്നേൽക്കുന്നു.
സീതയെ അപഹരിച്ച നാൾ മുതൽ പതിയോട് സീതയെ രാമന് തിരിച്ചേൽപ്പിക്കുവാൻ മണ്ഡോദരി പറയുന്നു.എന്നിട്ടും ആ മണ്ഡോദരിയും അനുഭവിക്കേണ്ടി വന്നു. അതിൽ അഗ്നിശാപവും ബ്രാഹ്മിണിശാപവും ഹേതുവായെന്നു പറയുന്നു.

ശ്രീരാമൻ വിഷ്ണുവാണെന്നും രാവണനെ നിഗ്രഹിക്കുകയെന്നതാണ് യുദ്ധത്തിന്റെ ഉദ്ദേശ്യമെന്നുമുള്ള മണ്ഡോദരിയുടെ ആശങ്കയ്ക്ക്, രാമന്റെ ലക്ഷ്യം അതാണെങ്കിൽ അതുതന്നെയല്ലേ നടക്കൂ. അങ്ങനെയെങ്കിൽ മോക്ഷപ്രാപ്തിയും തനിക്ക് കൈവരുമെന്നു രാവണൻ പറയുന്നു. ഇതിൽ നിന്നും വ്യക്തമാണ് രാവണനു രാമനോട് ശത്രുതയില്ല, ശാന്തിയുടെ കവാടത്തിലേക്കുള്ള മാർഗം മാത്രമായിരുന്നു സീതാപഹാരണമെന്ന്.

യുദ്ധം വെടിഞ്ഞു, രാജ്യം വിഭീഷണനു നൽകി ജീവനും കൊണ്ട് കാട്ടിലേക്ക് പോകാമെന്നുള്ള മണ്ഡോദരിയുടെ വാക്കിന് ഉറ്റവരുടെ ജീവൻ നഷ്ടപ്പെടുത്തിയിട്ടു ഒളിച്ചോടുന്നത് ആണിന് ചേർന്നതാണോ എന്നു മറുചോദ്യത്തിൽ ഉത്തരമേകുന്നു രാവണൻ.
സ്വാർത്ഥതകൊണ്ടു കണ്ണുമൂടിയ ഈ ലോകത്തിൽ എന്തു വിലകൊടുത്തും സ്വന്തം കാര്യം നോക്കുന്നവരാണ് അധികവും. അവിടെ രാവണൻ വേറിട്ടു നിൽക്കുന്നു.

രാവണനിഗ്രഹം കഴിഞ്ഞു അഗ്നിശുദ്ധി വരുത്തിയ സീതയോടൊപ്പം അയോധ്യയിൽ തിരിച്ചെത്തി രാജഭരണമേറ്റ രാമൻ ഏതോ ഒരു പ്രജയുടെ  ദുഷിപ്പു കേട്ട് നിഴലായി നടന്ന ഗർഭിണിയായ ഭാര്യയെ കാട്ടിലുപേക്ഷിക്കുന്നു.
രാവണൻ കട്ടോണ്ട് പോകാൻ വരുമെന്നും മായാസീതയെ മുന്നിൽ നിർത്തി ഭവതി മറഞ്ഞിരിക്കണമെന്നും ഇതേ രാമൻ തന്നെയാണ് ജാനകിയോട് മൊഴിഞ്ഞത്.

ആ വൈദേഹി തന്നെയാണ് മാരീചന്റെ പുറകെപോയ ശ്രീരാമനു ആപത്തു പറ്റിയെന്ന് കരുതി തിരഞ്ഞു പോകാഞ്ഞ ലക്ഷ്മണനോട് മുഷിഞ്ഞു സംസാരിക്കുന്നത്.

സീതാപഹാരണത്തിനു ശേഷം രാവണൻ അന്തപുരത്തിലെ എല്ലാ സുഖസൗകര്യങ്ങളും വാഗ്ദാനം ചെയ്തിട്ടും രാമനെ മാത്രം മനസിൽ പൂജിച്ചു കണ്ണീർവാർത്ത സീത. ആ സീതയുടെ അനുവാദമില്ലാതെ രാവണൻ സീതയെ സ്പർശിച്ചിട്ടില്ലെന്നും രാമനറിയാം. എന്നിട്ടും സീത തിരസ്ക്കരിക്കപ്പെടുന്നു.

മറ്റുള്ളവരുടെ പ്രേരണയാലും തെറ്റിദ്ധാരണയുടെ പേരിലും ഇന്നൊരുപാട് സീതമാർ ജീവിതത്തിന്റെ നാനാതുറകളിൽ  ഉപേക്ഷിക്കപെടുന്നുണ്ട്.
ഭർത്താവിനെ കാത്ത്‌ 14 സംവത്സരം അന്തപുരത്തിന്റെ മങ്ങിയ വെളിച്ചത്തിൽ ആഗ്രഹങ്ങളും മോഹങ്ങളും അടക്കിയൊതുക്കി കണ്ണീർവറ്റിയ മിഴികളുടെ അകങ്ങളിൽ സ്വന്തം പതിയെ മാത്രം കരുതി കാലം കഴിച്ച ഊർമ്മിളയോളം വരില്ല രാമായണത്തിലെ മറ്റൊരു സ്ത്രീയും. ഊർമ്മിളമാർ ഇന്നും നമ്മുക്കിടയിലുണ്ട്‌.

വനവാസം എന്നത് മന്ഥരയുടെ സൃഷ്ടിയായിരുന്നെങ്കില് മന്ഥരയ്ക്കു പിന്നിൽ നാരദന്റെ വരവൊന്നുണ്ടായിരുന്നു. എന്നിട്ടും പഴി മന്ഥരക്കുള്ളത്.
കാനനം അയോധ്യയായും രാമനെ ദശരഥനായും സീതയെ മാതാവായും കാണണമെന്ന് പറയുന്ന സുമിത്രയുടെ മനസ് ഇന്നെത്ര അമ്മമാർക്കുണ്ടാവും. ആ വാക്കിനു കാതോർക്കുന്ന മക്കളുടെ എണ്ണം തുലോം വിരളം.

വിഭീഷണൻ ശത്രു പക്ഷത്താണെന്നറിഞ്ഞിട്ടും
രാവണൻ എന്തുകൊണ്ടാണ് അനുജനെ ഉപദ്രവിക്കാഞ്ഞത്. ഇവിടെ ലങ്കാധിപന്റെ സ്നേഹം നിറഞ്ഞ മനസിനെ തുറന്നുകാട്ടുന്നു.

ദേവന്മാരും മുനിമാരും മനുഷ്യരും വാനരന്മാരും പ്രകൃതിയുമടക്കമുള്ളവരുടെ കൂട്ടായുള്ള  പദ്ധതിയിൽ ഒടുങ്ങിയത് രാവണൻ എന്ന രാക്ഷസനല്ല. ഏറ്റവും വലിയ ശിവഭക്തനും വിഷ്ണുവിന്റെ കയ്യാൽ മോക്ഷംപൂകാൻ ആഗ്രഹിച്ച ഒരാത്മാവായിരുന്നു.

രാമനൊറ്റക്ക് ദശാനനെ എന്തുചെയ്യാനാവുമായിരുന്നു. മനചിത്തതയോടെ  കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ രാവണന്റെ കഥ മറ്റൊന്നായേനെ. കുറേ ശാപങ്ങളുടെ ഭാരവും പേറിയ ദശമുഖനെ കാലപുരിക്കു അയക്കാൻ വേണ്ടിയുള്ളതാണെല്ലോ ശ്രീരാമാവതാരം. രാവണൻ നിഷേധിയും അക്രമിയുമായത് കൊണ്ട് മാത്രമാണ് രാമായണം എന്ന ഇതിഹാസത്തിലേക്കുള്ള വഴിയൊരുക്കിയത്. ഇതിഹാസപുരാണങ്ങളുടെ  ഉദ്ദേശ്യം മനുഷ്യനന്മകളിലേക്കുള്ള മാർഗ്ഗമെന്നതാണ്.

ഈ കഥയിൽ രാവണനു തുല്യം രാവണൻ മാത്രമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക