വേനൽകാട്ടിൽ ഒരു മഞ്ഞു പക്ഷിയെ വളർത്തി ഞാൻ...
എന്റെ പക്ഷിക്ക് ചിറകുകൾ ഇല്ലായിരുന്നു....
അതിനാൽ...
ആകാശത്തിലൂടെ തെന്നിനീങ്ങുന്ന മേഘങ്ങളിൽ നിന്നും രണ്ട്-തുണ്ട് ചീന്തിയെടുത്ത് അവൾക്ക് ഞാൻ ചിറകുകൾ തുന്നികൊടുത്തു.
ദാ! അവൾ ഇപ്പോൾ ആളാകെ മാറി,വല്യ ആളായിപോയി.....
'എയ്റോപ്ലെയിൻ' എന്ന പേരിൽ ആകാശത്തിലൂടെ സഞ്ചരിക്കുന്നു.
പിന്നെയും, ഞാൻ തനിച്ചായി.
അവള് പോയാൽ പോകട്ടെ,
അങ്ങനെ തനിച്ചാകാൻ പറ്റുമോ? എനിക്ക്.....
.........
പിന്നെ ഞാൻ ഒരു 'തത്തമ്മയെ' വളർത്തി....
അവൾക്ക് ഞാൻ കഴിക്കുവാൻ മരതകമാണ്
കൊടുത്തിരുന്നത്...
കൂടുതൽ പച്ചനിറം ലഭിക്കുവാൻ വേണ്ടിയാണ് മരതകം മാത്രം കൊടുത്ത് വളർത്തിയത്.
എന്നാൽ അവളുണ്ടല്ലോ/ തടിച്ച് വീർത്ത് ഒരു ദിവസം
പൊട്ടി അങ്ങ് ചിതറി....
അവളുടെ പച്ച ശരീരവും, പച്ചതൂവലുകളും ഒക്കെ ചിന്നി-ചിതറി പോയി....
അങ്ങനെ ചിതറി തെറിച്ച തൂവലുകൾ പറ്റിച്ചേർന്നാണ്...
ഭൂമിയിൽ 'പച്ചപ്പ്' ഉണ്ടായത്....
.....
ഞാൻ പിന്നെയും തനിച്ചായി...
അങ്ങനെ തനിച്ചായാൽ- എന്ത്ചെയ്യും? എന്ന് ആലോചിച്ച് -ആലോചിച്ച് ഒടുവിൽ ഞാൻ ഒരു 'കാക്കയെ' കൂട്ടിന് വളർത്തി.
അവൾക്ക് നിറം തീരെയില്ലായിരുന്നു.... വെളുത്തു വിളറി ഇരുന്നു
അവൾക്ക് എണ്ണ കറുപ്പ് ഉണ്ടാകുവാനായി ചിറകിലും, ദേഹത്തും ഒക്കെ ദിവസവും...
കണ്മഷി പുരട്ടി കൊടുക്കാറുണ്ടായിരുന്നു...
അങ്ങനെയിരിക്കേ...നേരം വെളുത്ത് ഒരു ഉച്ചസമയം... അവളുടെ ചിറകിൽ കണ്മഷി പുരട്ടി-പുരട്ടി അറിഞ്ഞോണ്ട് ഞാനുറങ്ങിപ്പോയി.....
ഉണർന്നപ്പോൾ ലോകം മുഴുവൻ കറുപ്പായി പോയിരുന്നു....
അവൾക്ക്...കണ്മഷി പുരട്ടിയത് കൂടി പോയപ്പോൾ
അവൾ അതിനോടൊപ്പം അലിഞ്ഞ് ഇല്ലാണ്ടായിപ്പോയിരുന്നു....
അങ്ങനെയാണ്------ 'രാത്രി'യുണ്ടായത്.....
പിന്നെയും,ഞാൻ തനിച്ചായി...
പാവം ഞാൻ............
അങ്ങനെ തനിച്ചാവാൻ പറ്റുമോ?എനിക്ക്...
...........
പിന്നെ ഞാൻ ഒരു..... 'വെള്ളരിപ്രാവിനെ' വളർത്തി. മഞ്ഞ് കൊടുത്താണ് ഞാൻ- അവളെ വളർത്തിയിരുന്നത്.
മഞ്ഞ് കഴിച്ച്-കഴിച്ച് അവൾ-
വളർന്ന് വലുതായപ്പോൾ.,
അവളെ ഞാൻ ശക്തിയായി- ഊതി പറത്തി..... അപ്പോൾ അവൾ മേലേക്ക് പോയി...
പിന്നെയവൾ താഴേക്ക് വന്നിട്ടേയില്ല.......
അതുകൊണ്ടാവണം...കറുപ്പ് മാറി -ലോകം മുഴുവൻ വെളുത്ത്-വെളുത്ത് വന്നത്...
എന്തായാലും അങ്ങനെ 'പകലും' ഉണ്ടായി....
അവൾ കഴിച്ച മഞ്ഞുകൾ ഒക്കെയും,....ഉരുകി താഴേക്ക്
പതിക്കുകയും,ചെയ്തു...
അങ്ങനെ ഭൂമിയിൽ നദികളും,പുഴകളും ഒക്കെയുണ്ടായി.......
...........
പിന്നെയും, തനിച്ചാകുവാൻ ആവാത്തതു കൊണ്ട് .... ഞാൻ...പുഴയിലേക്ക് എടുത്ത് ചാടി........
നീന്തി തുടിച്ചു..... ഒഴുകി-ഒഴുകി
ഞാൻ മലമുകളിലെത്തി......
അവിടുന്ന് താഴേക്ക്...പതിച്ചു.
പിന്നെ...എനിക്ക് ഒന്നും-
ഓർമ്മയില്ല...
ഉണർന്നപ്പോൾ ഞാൻ........ നല്ല...ഉറക്കത്തിലായിരുന്നു.
..................
സമർപ്പണം
(എല്ലാ വിചിത്ര ജീവജാലങ്ങൾക്കും)