Image

സുശാന്തിന്റെ മരണം: മുന്‍ മാനേജര്‍ ഇ.ഡിക്ക് മുമ്പാകെ വീണ്ടും ഹാജരായി

Published on 11 August, 2020
സുശാന്തിന്റെ മരണം: മുന്‍  മാനേജര്‍ ഇ.ഡിക്ക് മുമ്പാകെ വീണ്ടും ഹാജരായി
മുംബൈ: വിവാദം കൊഴുക്കുന്നതിനിടെ ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്‍റെ മുന്‍ ബിസിനസ് മാനേജര്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയക്ടറേറ്റിന് ഇ.ഡി) മുമ്പാകെ വീണ്ടും ഹാജരായി. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹത്തിന്‍റെ പശ്ചാത്തലത്തിലാണ് മുന്‍ ബിസിനസ് മാനേജറായ ശ്രുതി മോദി ചോദ്യം ചെയ്യലിന് മുംബൈയിലെ ഏജന്‍സി ഓഫിസില്‍ വീണ്ടും ഹാജരായത്. ശ്രുതി മോദിയെ കൂടാതെ സുശാന്തിന്‍റെ സുഹൃത്ത് സിദ്ധാര്‍ഥ് പിത്താനിയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഇ.ഡിക്ക് മുമ്പാകെ ഇന്ന് ഹാജരായിരുന്നു.

രജ്പുത്തിന്‍റെ മരണത്തില്‍ സുഹൃത്തും നടിയുമായ റിയ ചക്രവര്‍ത്തിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഒമ്പത് മണിക്കൂറിലധികം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കൂടാതെ, പിതാവ് ഇന്ദ്രജിത്ത് ചക്രവര്‍ത്തി, സഹോദരന്‍ ഷോയിക് ചക്രവര്‍ത്തി എന്നിവരെയും ചോദ്യം ചെയ്തു. നേരത്തെ ചോദ്യം ചെയ്യല്‍ മാറ്റിവെക്കാന്‍ റിയ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അധികൃതര്‍ നിരസിക്കുയായിരുന്നു.

സുശാന്തിന്‍റെ പിതാവ് കെ.കെ. സിങ് നല്‍കിയ പരാതിയിലാണ് പട്‌ന പൊലീസ് റിയക്കെതിരെ കേസെടുത്തത്. സുശാന്തിന്‍റെ അക്കൗണ്ടുകളില്‍ നിന്ന് 15 കോടി രൂപ മാറ്റിയെന്നും മാനസികമായി ഉപദ്രവിച്ചെന്നും പിതാവ് ആരോപിച്ചിരുന്നു. ആത്മഹത്യ പ്രേരണ കുറ്റമടക്കമാണ് റിയക്കെതിരെ പട്‌ന പൊലീസ് ചുമത്തിയിട്ടുള്ളത്.

സുശാന്തിന്‍റെ രണ്ട് അക്കൗണ്ടുകളില്‍ നിന്നായി റിയക്ക് പണം കൈമാറിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇത് 15 കോടി രൂപ വരില്ല. കേസ് അന്വേഷിക്കുന്ന മുംബൈ പൊലീസും നേരത്തെ റിയയെ ചോദ്യം ചെയ്തിരുന്നു.

ജൂണ്‍ 14നാണ് സുശാന്ത് സിങ് രാജ്പുതിനെ മുംബൈയിലെ ഫ്‌ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതിന് ശേഷം ബോളിവുഡിലെ പല പ്രമുഖരെയും മുംബൈ പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസ് ബിഹാര്‍ സര്‍ക്കാറിന്‍റെ ആവശ്യപ്രകാരം സി.ബി.ഐക്ക് കൈമാറിയിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക