Image

ശ്രീമദ് വാല്മീകി രാമായണം ഇരുപത്തേഴാം ദിനം സംഗ്രഹം: (ദുർഗ മനോജ്)

ദുർഗ മനോജ് Published on 11 August, 2020
ശ്രീമദ് വാല്മീകി രാമായണം ഇരുപത്തേഴാം ദിനം സംഗ്രഹം: (ദുർഗ മനോജ്)

യുദ്ധകാണ്ഡം നൂറ്റിപ്പതിനൊന്നു മുതൽ നൂറ്റി ഇരുപത്തിയെട്ട് സർഗം വരെ

രാവണൻ കൊല്ലപ്പെട്ടിരിക്കുന്നു. ഇനി അദ്ദേഹത്തിനു ഉചിതമായ സംസ്ക്കാരം നൽകേണ്ടതുണ്ട് എന്ന് രാമൻ വിഭീഷണ നോട് ആവശ്യപ്പെട്ടു. അതു ശിരസ്സാ വഹിച്ചു വേണ്ട എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി, ഉത്തമമായ ചിത ചമച്ചു. അന്തഃപുര സ്ത്രീകൾ കണ്ണീർ വാർത്തുകൊണ്ടു മലർ തൂകി. പിന്നെ, വിഭീഷണൻ യഥാവിധിചിതക്കു തീ കൊളുത്തി.

രാവണശേഷക്രിയകൾക്കു ശേഷം രാമൻ വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്തു. അതിനു ശേഷം ഹനുമാനെ അടുത്തു  വിളിച്ചു സീതയോട് രാവണവധത്തെക്കുറിച്ചും യുദ്ധവിജയത്തെക്കുറിച്ചും പറയുവാൻ ഏർപ്പാടു ചെയ്തു.
ഹനുമാൻ ഉടനെ അശോകവനികയിൽ എത്തുകയും ഒറ്റ വസ്ത്രവുമായി, മലിനയായി ദുഃഖിതയായിരിക്കുന്ന സീതയോടു രാമ വിജയത്തെക്കുറിച്ചു വിവരിക്കുകയും ചെയ്തു. അതു കേട്ടു ഒരു നിമിഷം ആനന്ദം കൊണ്ടു സീത നിശ്ശബ്ദയായി. പിന്നെ പ്രിയ വാർത്ത കേട്ടു കണ്ണു നിറഞ്ഞ് ഹനുമാന് എന്തു സമ്മാനം നൽകുമെന്നു ചിന്തിച്ചു നിന്നു. ഈ സമയം ഹനുമാൻ ഇത്ര കാലം സീതയെ ക്രൂരമായി ഉപദ്രവിച്ച രാക്ഷസികളെ മുടിച്ചു കളയട്ടെ എന്നു ചോദിച്ചു. എന്നാൽ, ശ്രേഷ്ഠ പുരുഷൻ പാപകർമ്മികളായ മറ്റാളുകളുടെ പാപകർമ്മത്തിനു പ്രതികാരം ചെയ്യാറില്ല എന്നു മറുപടി പറഞ്ഞു ഹനുമാനെ സീത തടഞ്ഞു. വൈകാതെ സീതയെ കാര്യങ്ങൾ ധരിപ്പിച്ചതായി ഹനുമാൻ മടങ്ങിച്ചെന്നു രാമനെ അറിയിച്ചു. ഈ സമയമായപ്പോഴേക്ക് കുളിച്ച് പട്ടുവസ്ത്രങ്ങളണിഞ്ഞ് രാമ സവിധത്തിലെത്തണമെന്നു രാമൻ ആവശ്യപ്പെട്ടതായി വിഭീഷണനും അന്തഃപുര സ്ത്രീകൾ മുഖേന സീതയെ ധരിപ്പിച്ചു. രാമാജ്ഞ അനുസരിച്ചു സീത പട്ടുവസ്ത്രങ്ങളും മാല്യങ്ങളും ആഭരണങ്ങളും ധരിച്ചു പല്ലക്കിൽ രാമനടുത്തേക്കു ചെന്നു. സീത വരുന്ന വഴിയിൽ വാനരന്മാരും അരക്കന്മാരും സീതയെ കാണുവാൻ തിക്കിതിരക്കി. എന്നാൽ വിഭീഷണൻ്റെ സൈനിർ  അവരെ നിയന്ത്രിച്ചു എന്നാൽ പെട്ടന്നു രാമൻ അതു തടഞ്ഞു.എന്നിട്ടു പറഞ്ഞു, " പല്ലെക്കിൽ നിന്നിറങ്ങി സീത നടന്നു വരട്ടെ. വ്യസന കാലത്തോ, ആപത്കാലത്തോ, സ്വയംവര വേളയിലോ, യാഗത്തിലോ, സ്ത്രീയെ മറ്റുള്ളവർ കാണുന്നതിൽ തെറ്റില്ല. മാത്രവുമല്ല ഇപ്പോൾ ഞാനിവിടെ ഉണ്ടുതാനും."
ആർക്കും രാമൻ്റെ മുഖത്തേക്കു നോക്കുവാൻ പോലുമായില്ല. തുടർന്നു
രാമൻ സീതയോടു പറഞ്ഞു, അന്യൻ്റെ അന്തഃപുരത്തിൽ പാർത്തവളെ സ്വീകരിക്കുവാൻ എനിക്കാകില്ല. ഇനി ആർക്കൊപ്പം വേണമെങ്കിലും, എങ്ങോട്ടു വേണമെങ്കലും സീതയ്ക്കു പോകാം. നീ സ്വതന്ത്രയാണ്.
രാമൻ്റെ ക്രൂരമായ വാക്കുകൾ കേട്ടു സീത, പിന്നെന്തിനാണു ഹനുമാനെ അയച്ചതെന്നും ഇത്ര അധികം ജീവഹാനി വാനരന്മാർക്കു സംഭവിക്കും വിധം യുദ്ധം വേണ്ടിയിരുന്നില്ലല്ലോ എന്നും ചോദിച്ചു.
അതിനു മറുപടിയായി, ഭാര്യ അപഹരിക്കപ്പെട്ടു എന്ന അപമാനം കുലത്തിനു സംഭവിക്കാതിരിക്കുവാനാണ് അതു ചെയ്തവനെ കൊന്നത് എന്നു രാമൻ പറഞ്ഞുവച്ചു.

അതോടെ ഇനി ഭൂമിയിൽ വാഴുന്നതിൽ അർത്ഥമില്ലെന്നു കണ്ട്, സീത ലക്ഷ്മണനോടു ചിത ചമയ്ക്കുവാൻ ആവശ്യപ്പെട്ടു. ലക്ഷ്മണൻ അതനുസരിച്ചു. ഒരു നിമിഷമെങ്കിലും താൻ രാമനെ മനസാ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ എന്നെ സ്വീകരിക്കുക എന്ന് അഗ്നിദേവനോടു പ്രാർത്ഥിച്ചു കൊണ്ടു സീത അഗ്നിയിൽ പ്രവേശിച്ചു.

ഈ സമയം എല്ലാ ദേവകളും ഭൂമിയിൽ രാമനു മുന്നിലെത്തി.അവർ രാമനോട് അങ്ങു വെറും മർത്യനല്ല എന്നും മറിച്ച്, സാക്ഷാൽ ദേവനാരായണൻ തന്നെയാണെന്നു അറിയിച്ചു. ഈ സമയം അഗ്നി, ഒരു പോറൽ പോലുമില്ലാതെ സീതയെ കൈകളിലേന്തി രാമനു മുന്നിലെത്തി. എന്നിട്ട്, കളങ്കമേതുമില്ലാത്ത സീതയെ സ്വീകരിക്കുക എന്നാജ്ഞാപിച്ചു.

ഇതു കേട്ടു സീതയിൽ തനിക്കേതു വിധ സംശയവുമില്ലെന്നും, പക്ഷേ ലോകർ നാളെ പഴിക്കുമെന്നു ഭയന്നാണ് അപ്രകാരം പെരുമാറേണ്ടി വന്നതെന്നും അറിയിച്ചു. ഈ സമയം ദശരഥനും മൂവർക്കു മുന്നിലും പ്രത്യക്ഷനായി മൂവരേയും അനുഗ്രഹിച്ചു.എല്ലാ ദേവകളും മടങ്ങി.

അതോടെ അയോധ്യയിലേക്കു മടക്കയാത്രക്കുള്ള ഒരുക്കമായി. പുഷ്പകവിമാനത്തിൽ വിഭീഷണനും, സുഗ്രീവനും അടക്കമുള്ള വാനര പ്രമുഖന്മാരുമായി അയോധ്യയിലേക്കു മടങ്ങി. രാമനിർദ്ദേശപ്രകാരം ഹനുമാൻ രാമൻ്റ വരവ് ഭരതനെ അറിയിച്ചു.അതിൻ പ്രകാരം രാമനെ സ്വീകരിക്കുവാൻ അയോധ്യ ഒരുങ്ങി.
ഏവരും എത്തിച്ചേർന്നതോടെ താമസംവിനാ അയോധ്യാപതിയായി ശ്രീരാമ പട്ടാഭിഷേകവും നടന്നു.


ഇരുപത്തേഴാം ദിനം സമാപ്തം
Join WhatsApp News
vayankaran 2020-08-11 09:06:50
സീതക്ക് ഉടുക്കാൻ പട്ടുവസ്ത്രങ്ങളും അണിയാൻ ആഭരണങ്ങളും എവിടുന്ന് കിട്ടി? അയോധ്യയിൽ നിന്നും കൊണ്ടുപോയതല്ലെങ്കിൽ അത് രാവണന്റെ അല്ലെ? കഥയിൽ ചോദ്യമില്ല. പക്ഷെ ഇതിനെ കഥയായി ആരും കാണുന്നില്ല. വായനക്കാരുടെ ചോദ്യങ്ങൾക്ക് എഴുത്തുകാർ മറുപടി നൽകുന്നതായി കാണുന്നില്ല. അങ്ങനെ ഒരു മര്യാദ എന്തിനു എന്ന ചിന്തയിരിക്കും. ശ്രീമാൻ രാജു തോമസും ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു.
2020-08-11 10:25:33
യഥാർത്ഥത്തിൽ ഉണ്ടായിരുന്ന വസ്തുക്കളുടെ പഴക്കം അറിയാൻ കാർബൺ ടെസ്റ്റ് നടത്താം. മനുഷർ ഉണ്ടാക്കിയ ദൈവങ്ങളെ; അവരെ ഏതു കാലത്തു ആണ് മനുഷർ സൃഷ്ട്ടിച്ചത് എന്ന് അറിവാൻ അ ദൈവങ്ങളുടെ ആയുധങ്ങളും വസ്ത്രങ്ങളും നോക്കിയാൽ മതി. അതായത് അമ്പും വില്ലും മനുഷർ ഉപയോഗിക്കാൻ തുടങ്ങിയ കാലത്തെ ദൈവങ്ങളുടെ ആയുധങ്ങൾ അമ്പും വില്ലും ആയിരിക്കും. ധാരാളം ആൾ ദൈവങ്ങളെ സൃഷിടിക്കുന്ന കേരളത്തിൽ, പ്രതേകിച്ചും തിരുവല്ല, കോഴഞ്ചേരി ഭാഗങ്ങളിലെ ദൈവങ്ങൾ ഗൾഫ് പ്രോഡക്ട് ആയിരിക്കും ഉപയോഗിക്കുന്നത്. അമേരിക്കക്കാരൻ ദൈവങ്ങളെ സൃഷ്ടിച്ചാൽ അവ എ കെ 47 കൊണ്ടുനടക്കുന്നവ ആയിരിക്കും. ശീമാട്ടിയിലെ സാരിയും, ആലൂക്കാസിലെ സ്വർണ്ണ മാലയും ഉള്ള ദൈവങ്ങൾ ഇ അടുത്ത കാലത്തു ഉണ്ടായത് എന്ന് അനുമാനിക്കാം. -andrew
MathewSamuelKottayam 2020-08-11 10:38:25
വായനക്കാരൻ പറഞ്ഞതിനോട് യോചിക്കുന്നു. ഇ മലയാളിയിൽ എഴുതുന്ന പലരും അവരുടെ ആർട്ടിക്കിളിനു ലഭിക്കുന്ന കമന്റ് പോലും വായിക്കുന്നവർ അല്ല. ചോദ്യങ്ങൾക്കു മറുപടി തരാത്ത എഴുത്തുകാരെ വായനക്കാരും അവഗണിക്കണം. പല എഴുത്തുകാരും നമ്മുടെ തലയിൽ കാഴ്ട്ടിച്ചു പറന്നു പോകും. അത്തരം എഴുത്തുകാരെ ഇ മലയാളിയും അവഗണിക്കണം. അത്തരക്കാരുടെ ആർട്ടിക്കിൾസ് പത്രാധിപർ പബ്ലിഷ് ചെയ്യരുത്. വായനക്കാരെ റെസ്പെറ്റ് ചെയ്യാത്ത എഴുത്തുകാരോട് പോടാ പുല്ലേ പോ ! എന്ന് പറയണം.
2020-08-11 15:38:19
ശരിയാണ്, ഞാൻ ചോദിച്ചുതുടങ്ങി; പക്ഷേ വേഗം നിർത്തി, ശ്രീമതി ദുര്ഗ മനോജ് ചെയ്യുന്നത് എത്രനല്ലൊരു പുണ്യകർമ്മമാണെന്നു ചിന്തിച്ചപ്പോൾ. വെറുതെ എന്തിനാ? എനിക്കാണെങ്കിൽ, അദ്ധ്യാത്മരാമായണം ഒരു നിത്യവിസ്മയമാണ്, മഹാകാവ്യമായി, ഭാഷാപരമായി.
SudhirPanikkaveetil 2020-08-11 20:24:18
ഇപ്പോൾ കമന്റ് എഴുതുന്നവർ പേര് പോലും വയ്ക്കുന്നില്ല. കള്ളപ്പേരിനെക്കാൾ പേര് വയ്ക്കാതിരിക്കുന്നത് നല്ലതെന്നു എഴുതുന്നവർക്ക് തോന്നി കാണും അല്ലെ?
2020-08-11 22:40:04
'ശരിയാണ്' എന്നു തുടങ്ങുന്ന അഭിപ്രായം ഞാൻ എഴുതിയതാണ് , എന്റെ പേരിൽ. അതു വയ്കാതിരുന്നത് പ്രസാധകന്റെ തെറ്റ് . ഞാൻ രാജു തോമസ്. ഞാൻ എഴുതിയത് എഴുത്തച്ഛന്റെ കവിതെയെഴുത്തിനെക്കുറിച്ചായിരുന്നു. 'സ്രഗ്ദ്ധര'യിൽ ഒരു ഏഴക്ഷരം 'ലഘു'വിൽ അടുപ്പിച്ചടുപ്പിച്ചു കൊണ്ടുവരാൻ മെനക്കെടണം.എന്നാൽ എഴുത്തച്ഛൻ എത്ര അനായാസമായാണ് പന്തണ്ടും പതിമൂന്നും പതിന്നാലുമൊക്കെ ലഘുക്കൾ അണിനിരത്തുന്നത്! "നയനജലമനവരതമൊഴുകിയൊഴുകി.." എത്രയുണ്ട്? പതിനഞ്ച് , അല്ല, പതിനാറ് , അതും മൃദുക്കൾ. സമ്മതിക്കണ്ടേ! അപ്പോഴാണ് ഈ പാവനസ്ഥലത്തു വന്ന്‌ ചില വായനക്കാർ വിലസുന്നത്. ഒരുപക്ഷെ അതായിരിക്കും പുണ്യകരം !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക