Image

മന്ഥര:ഒരു നിമിത്തവും നിയോഗവും ( രാമായണ ചിന്തകൾ-27: അനിത പ്രേംകുമാർ)

Published on 10 August, 2020
മന്ഥര:ഒരു നിമിത്തവും നിയോഗവും ( രാമായണ ചിന്തകൾ-27: അനിത പ്രേംകുമാർ)
സൂര്യവംശ രാജാവായ ദശരഥ  മഹാരാജാവ്, കേകയ രാജ്യത്തിലെ കൈകേയി എന്ന അതി സുന്ദരിയായ രാജകുമാരിയെക്കണ്ട് ഭ്രമിച്ചു വശായപ്പോള്‍ കേകയ രാജൻ ഒരു വ്യവസ്ഥ വച്ചു .

"എന്റെ പുത്രിക്കുണ്ടാകുന്ന കുമാരനെ രാജ്യാവകാശിയാക്കാമെന്ന് സത്യം ചെയ്യണം’'

 ദശരഥന്‍ സത്യം ചെയ്യാതിരിക്കുന്നതെങ്ങനെ? ദശരഥന് അന്ന് പുത്രന്മാരാരുമില്ലായിരുന്നു.   എന്നാല്‍ പിന്നീട് നാല് പുത്രന്മാര്‍ ജനിക്കുകയും അതില്‍ മൂത്ത പുത്രനായ ശ്രീരാമന്‍ അയോദ്ധ്യയുടെ യുവരാജാവാകുന്നത് അദ്ദേഹമടക്കം  സകലമാന അയോദ്ധ്യാ നിവാസികളും ആഗ്രഹിക്കുകയും ചെയ്തതോടെ ദശരഥ മഹാരാജാവ് ധര്‍മ്മ സങ്കടത്തില്‍ ആയി.

ഭരതന്‍ ശത്രുഘ്നനെയും കൂട്ടി തന്‍റെ അമ്മാവനെ കാണാന്‍ പോയ സമയത്താണ് യുവരാജാവായി ശ്രീരാമനെ അഭിഷേകം ചെയ്യാനുളള ദശരഥ മഹാരാജാവിന്റെ തീരുമാനം വരുന്നത്. എല്ലാം  പെട്ടെന്നായിരുന്നു.

നാടെങ്ങും അലങ്കരിക്കപ്പെട്ടു കണ്ടപ്പോൾ മന്ഥര അത്ഭുതപ്പെട്ടു കാര്യം അന്വേഷിച്ചു.കൗസല്യയും സുമിത്രയുമൊക്കെ ആഹ്ളാദത്തിലാണ് ‌. ആ വിവരവുമായി മന്ഥര കൈകേയിയുടെ മുന്നിലെത്തി.
കൈകേയിയുടെ  വിശ്വസ്ഥയായ ദാസിയും  സന്തത സഹചാരിയും മാതൃ സ്ഥാനീയയും  ഉപദേശകയും  ഒക്കെയാണ് മന്ഥര. കേകയ രാജ്യത്തുനിന്നും കൈകേയിയുടെ വിവാഹസമയത്തു ഒപ്പം വന്നവളാണ്.
ഈ വിവരം കേട്ടപ്പോൾ കൈകേയിയും ആദ്യം ആഹ്ലാദിച്ചു. രാമൻ തനിക്കു പ്രിയങ്കരനാണ്‌. എല്ലാത്തരത്തിലും യോഗ്യന്‍, അയോധ്യയിലെ മൂത്ത പുത്രന്‍.  സന്തോഷവാർത്ത എത്തിച്ച മന്ഥരയ്‌ക്ക്‌ മഹാറാണി സമ്മാനങ്ങൾ നൽകി.

പക്ഷേ, മന്ഥര അതൊക്കെ വലിച്ചെറിഞ്ഞു കൊണ്ട് പറഞ്ഞു.

“ബുദ്ധികെട്ടവളേ! നീ എന്തറിഞ്ഞാണ്‌ സന്തോഷിക്കുന്നത്‌? ഇതിലൊരു ചതിയുണ്ട്‌. ഭരതനും ശത്രുഘ്‌നനും കേകയ രാജധാനിയിൽ പോയിരിക്കുമ്പോൾ തിടുക്കപ്പെട്ട്‌ എന്തിനാണ് ഈ അഭിഷേകം നടത്തുന്നത്? രാമൻ രാജാവായാൽ അടുത്ത സഹായിയായി ലക്ഷ്‌മണനല്ലേ എപ്പോഴും ഉണ്ടാവുക? അപ്പോൾ അവരുടെ അമ്മമാരായ കൗസല്യയ്‌ക്കും സുമിത്രയ്‌ക്കും അത് ഉപകാരമാവും.  എന്നാൽ ദശരഥന്റെ പ്രിയപ്പെട്ടവളെന്നു പറയപ്പെടുന്ന നീയോ? അവരുടെ ദാസിയെപ്പോലെ കഴിയേണ്ടിവരും. നിന്റെ മകനായ ഭരതൻ ദാസനെപ്പോലെയും !  കഷ്‌ടം!”

മന്ഥര കൈകേയിയെ പഴയൊരു കാര്യം കൂടി ഓർമ്മിപ്പിച്ചു.
പണ്ട്‌ ശംബരാസുരനെതിരെയുളള യുദ്ധത്തിൽ ദേവന്മാരെ സഹായിക്കാൻ ദശരഥൻ പോയപ്പോൾ കൂടെ കൈകേയിയും തേരിൽ ഉണ്ടായിരുന്നു. പത്തു ദിക്കിലേക്കും തേരു പായിച്ചുകൊണ്ടുളള ആ യുദ്ധത്തിൽ ഒരു ഭാഗത്തെ തേർച്ചക്രത്തിന്റെ ഇളകിത്തെറിക്കാറായ ആണി സാഹസികമായി കൈകടത്തി ഉറപ്പിച്ചുനിർത്തിയതു കൈകേയി ആയിരുന്നു.

യുദ്ധം ജയിച്ചു വന്നശേഷം  തന്റെ വിജയത്തിനു പിന്നിൽ കൈകേയിയുടെ കരങ്ങളാണ്  എന്നറിഞ്ഞപ്പോൾ സന്തുഷ്‌ടനായ അദ്ദേഹം രണ്ടു വരങ്ങൾ ചോദിച്ചുകൊളളാൻ അവളെ നിർബന്ധിച്ചതാണ്‌.
“ഇപ്പോൾ എനിക്ക്‌ ഒന്നും വേണ്ട, ആവശ്യം വരുമ്പോൾ ഞാൻ ചോദിച്ചുകൊളളാം” എന്നായിരുന്നു കൈകേയിയുടെ മറുപടി.
ആ വരങ്ങൾ രണ്ടും നീ ഇപ്പോഴാണ്‌ ചോദിക്കേണ്ടതെന്ന്‌ മന്ഥര ഓർമ്മിപ്പിച്ചു.
“രാമനു പകരം ഭരതനെ യുവരാജാവാക്കണം. രാമനെ പതിനാലു വത്സരം കാട്ടിൽ കഴിയാൻ നിർബന്ധിച്ചയയ്‌ക്കുകയും വേണം.”

ഇത്രയും കേട്ടപ്പോൾ കൈകേയി ആദ്യമൊക്കെ എതിർത്തുവെങ്കിലും പതിയെ മന്ഥര പറയുന്നതിലും കാര്യമുണ്ട് എന്ന് ചിന്തിക്കുന്ന അവസ്ഥയിൽ എത്തി.
പിന്നീട് മന്ഥരയുടെ ഉപദേശപ്രകാരം കൈകേയി പ്രവർത്തിക്കുകയും ശ്രീരാമ പട്ടാഭിഷേകം മുടങ്ങുകയും ശ്രീരാമൻ സീതാ ലക്ഷ്മണ സമേധനായി വനവാസത്തിനു ഒരുങ്ങുകയും ചെയ്യുന്നു..

രാമായണം കഥയ്ക്ക്  ഇവിടെ വഴിത്തിരിവ് ഉണ്ടാവുകയാണ്.
ജനിച്ചു വീണ ഉടന്‍ രാമന്‍ തന്‍റെ അമ്മയായ കൌസല്യയോട് തന്‍റെ ജന്മ രഹസ്യത്തെപറ്റിയും താന്‍ ആര് എന്ന സത്യവും വെളിപ്പെടുത്തുന്നുണ്ട്. തുടര്‍ന്നു അമ്മയുടെ അപേക്ഷ പ്രകാരം വീണ്ടും ചെറിയ കുഞ്ഞായി മാറി കൈകാലിട്ടടിച്ചു കരയുന്ന രംഗവും കാണാം.

അതിനു ശേഷം ശ്രീരാമ പട്ടാഭിഷേകം നടത്താനുള്ള തെയ്യാറെടുപ്പുകള്‍ തുടങ്ങിയ സമയത്തും നാരദമുനി എഴുന്നള്ളി രാമനെ തന്‍റെ ജന്മോദ്ദേശം ഓര്‍മ്മിപ്പിക്കുന്നും ഉണ്ട്. കാരണം സാക്ഷാല്‍ പരമാത്മാവ്‌ തന്നെയാണ് മനുഷ്യനായി പിറന്നു അയോദ്ധ്യാ രാജധാനിയില്‍ വളരുന്നത്‌ എങ്കിലും മനുഷ്യജന്മത്തിന്റെ പ്രത്യേകതകളാല്‍ ശ്രീരാമന്‍ തന്‍റെ കര്തവ്യങ്ങളെ മറന്നുപോയാലോ!

താന്‍ വനവാസത്തിനു അധികം വൈകാതെ പുറപ്പെടാമെന്നും സീതാ ദേവിയെ കരുവാക്കിക്കൊണ്ട് രാവണ നിഗ്രഹംപൂര്‍ത്തീകരിക്കാമെന്നും ശ്രീരാമന്‍ മഹാമുനിക്ക് വാക്ക് നല്‍കുകയും ചെയ്യുന്നു.
അതിനു ശേഷമാണ് മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ നടക്കുന്നത്.
അങ്ങിനെയെങ്കിൽ മന്ഥര ഒരു നിമിത്തം മാത്രമല്ലേ ? മുൻകൂട്ടി തയ്യാറാക്കപ്പെട്ട തിരക്കഥയ്ക്ക് അടുത്ത രംഗത്തിലേക്കു കടക്കണമെങ്കിൽ അങ്ങിനെയൊരു കഥാപാത്രം രംഗപ്രവേശം  ചെയ്തേ പറ്റു. അതിനുള്ള നിയോഗം മന്ഥരയ്ക്കു ആയിരുന്നു.

ഭരതന് വേണ്ടിയാണ് മന്ഥര ഇതൊക്കെ പറഞ്ഞത് എങ്കിലും ആ ഭരതൻ തന്നെ വൃദ്ധയും കൂനിയും ആയ അവരെ കൊട്ടാരത്തിൽ നിന്നും പുറത്താക്കുകയാണ്. തന്റെ യൗവനം മുഴുവൻ അവർ ഹോമിച്ചതു കൈകേയിയോടൊപ്പം ആ കൊട്ടാരത്തിൽ  ആയിരുന്നു  എന്നോർക്കണം. അതും യാതൊരു സ്വാർത്ഥ താല്പര്യങ്ങളും ഇല്ലാതെ.
ശ്രീരാമനും സീതയും യുവരാജാവും റാണിയുമായി മാറി തങ്ങളോടൊപ്പം ഉണ്ടാവേണ്ടതിനു പകരം അവരെ കാട്ടിലേക്ക് അയച്ചതിനു അയോദ്ധ്യാ നിവാസികൾ മുഴുവനും കുറ്റപ്പെടുത്തിയതും കല്ലെറിഞ്ഞതും മന്ഥരയെയാണ് .

യുഗങ്ങൾക്കു ശേഷവും, ഇന്നും,  മന്ഥര ഒരു നീച കഥാപാത്രമായി മുന്നിൽ നിൽക്കുന്നു എന്ന് കാണാം.
നമുക്കു ചുറ്റും ചിലപ്പോൾ അറിഞ്ഞോ അറിയാതെയോ മന്ഥര ആയി മാറേണ്ടി വന്നവരെ ഇന്നും കണ്ടേക്കാം.  ചിലരെ സ്വയം പര്യാപ്തരാക്കാനോ അല്ലെങ്കിൽ മറ്റു ചിലരെ അവരിൽ നിയുക്തമായ കർമ്മങ്ങളിലേക്കു തിരിച്ചു വിടാനോ ഒക്കെ അവർ നടത്തുന്നതാവം അത്. എങ്കിലും പഴി കേൾക്കും. കേൾക്കണമല്ലോ.

അതേ. ചില ജന്മങ്ങൾ അങ്ങനെയാണ്. അറിഞ്ഞോ അറിയാതെയോ ചില നിയോഗങ്ങൾ അവരിലൂടെ നടത്തപ്പെടുന്നു.. ഈ ലോകം ഉള്ളിടത്തോളം പഴി കേൾക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക