Image

തോമസ് ടി ഉമ്മന്‍: ഫോമാ ട്രഷറർ സ്ഥാനത്തേക്ക് കര്‍മ്മധീരനായ പോരാളി

Published on 10 August, 2020
തോമസ് ടി ഉമ്മന്‍: ഫോമാ ട്രഷറർ സ്ഥാനത്തേക്ക്  കര്‍മ്മധീരനായ പോരാളി
ചില വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവാസി ഇന്ത്യക്കാരെ അത്യധികം വലച്ച  പാസ്‌പോര്‍ട്ട് സറണ്ടര്‍ ആക്ട് എന്ന ഊരാക്കുടുക്കില്‍ നിന്നും രക്ഷിച്ച തോമസ് ടി ഉമ്മനെ   മറക്കാന്‍ കഴിയില്ല..

നാല്‍പ്പതു വര്‍ഷം മുമ്പു പോലും അമേരിക്കന്‍ പൗരത്വം എടുത്തവര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് കോണ്‍സുലേറ്റില്‍ കൊണ്ടുപോയി സറണ്ടര്‍ ചെയ്യുകയും അതിന് 175 ഡോളര്‍ ഫീസും പിഴകളും നല്‍കണമെന്നും ഇന്ത്യാ ഗവണ്‍മെന്റ് ചട്ടം കൊണ്ടുവന്നപ്പോള്‍ ഇതിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ഫോമയും തോമസ് ടി. ഉമ്മനുമാണ്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ അതിനു മുമ്പ് ഒരു പ്രതിക്ഷേധ റാലി ഉണ്ടായിട്ടില്ല.

സ്വന്തം സഹോദരന്‍ മരിച്ചിട്ടും തോമസ് ടി. ഉമ്മൻ പ്രക്ഷോഭത്തിനു വന്നത് പലരും ഓര്‍ക്കുന്നുണ്ടാവണം. ആ സമരം മൂലം 175 ഡോളര്‍ ഫീസ് എന്നത് 20 ഡോളറാക്കി. (2010 വരെ പൗരത്വമെടുത്തവര്‍ക്ക്). അധികൃതര്‍ക്ക് ഇന്ത്യക്കാര്‍ പതിക്ഷേധിക്കുമെന്ന പേടി വന്നു. ഉത്തരേന്ത്യന്‍ സംഘടനകള്‍ മലയാളി സമൂഹത്തെ ആദരവോടെ അപ്പോഴെങ്കിലും നോക്കി.

ദുരവസ്ഥ നേരിടുന്ന മലയാളികള്‍ മിക്കപ്പോഴും തോമസ് ടി. ഉമ്മന്റെ സഹായമാണ് അവ പരിഹരിക്കാന്‍ തേടുന്നത്.

ഫോമായുടെ ട്രഷററായി മത്സരിക്കുന്ന തോമസ് ടി. ഉമ്മനുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്

കൊറോണ നിങ്ങളുടെ നഗരത്തിൽ ശക്തമാണോ? നിങ്ങളും കുടുംബവും  സുരക്ഷിതർ എന്ന് പ്രതീക്ഷിക്കുന്നു. എന്ത് മുൻ കരുതലുകളാണ് എടുക്കുന്നത്?

ന്യൂ യോർക്കിൽ  കൊറോണായുടെ തീവ്രത കുറഞ്ഞിട്ടുണ്ട്.  ഗവർമെന്റിന്റെ മാർഗ നിർദ്ദേശങ്ങൾ  ഭൂരിപക്ഷം ആളുകളും പാലിക്കുന്നുണ്ട്. മാസ്കുകളുടെയും സാനിറ്റയിസറിന്റെയും  ഉരപയോഗം സർവ്വസാധാരണമായിരിക്കുന്നു.  എങ്കിലും പലരുടെയും  അലംഭാവത്തോടെയുള്ള  സമീപനം ഗുരുതരമായ പ്രശ്ങ്ങൾക്കു കാരണമായേക്കാം. 

ഇലക്ഷൻ പ്രചാരണം എങ്ങനെ നടക്കുന്നു?

സ്ഥാനാർഥി ആരെന്നു ഡെലിഗേറ്റസിനു അറിയണം, സ്ഥാനാർത്ഥിക്കു മറിച്ചും.  മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, ഫോൺ, ഇന്റർനെറ്റ്, ഇമെയിൽ എന്നിവ വഴി ഡെലിഗേറ്റുകളുമായി  ബന്ധപ്പെടുന്നു.

ട്രഷററായി  മത്സരിക്കുവാൻ കാരണമെന്ത്?

ഏതാണ്ട് നാല് പതിറ്റാണ്ടുകളിലേറെ അമേരിക്കയിൽ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നതിന്റെ വെളിച്ചത്തിൽ ഒട്ടേറെ കാര്യങ്ങൾ നമ്മുടെ സമൂഹത്തിനു വേണ്ടി ചെയ്യുവാൻ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്.  പലരും ഒഴിഞ്ഞു മാറി പോകുന്ന ഗൗരവമേറിയ വിഷയങ്ങളിൽ ഇടപെടുവാനും പ്രശ്ങ്ങൾ  പരിഹരിക്കാനും  സാധിച്ചിട്ടുണ്ട്. ദേശീയ വിഷയങ്ങളിൽ ഗൗരവമായി പങ്കെടുക്കുവാൻ ഫോമാ എന്ന മഹാ സംഘടനയുടെ ദേശീയ നേതൃത്വം വളരെ ഉപകാരപ്രദമാണെന്നു ഞാൻ കരുതുന്നു.  അധികാര സ്ഥാനങ്ങളിലുള്ളവരുമായി ഇടപെടുമ്പോൾ അത്  സഹായകമാണ്.  ഒരു ഡസനോളം ആളുകൾ വിവിധ പ്രശ്നങ്ങളുമായി ദിവസേന  രാപ്പകലെന്യേ സമീപിക്കാറുണ്ട്. ചെയ്യാവുന്നതിന്റെ പരമാവധി സഹായിക്കാറുമുണ്ട്.

പലരും വിളിക്കാനൊരു ഫോൺ നമ്പറും കേൾക്കാനൊരാളും  ഉണ്ടെന്നുള്ള സമാധാനത്തിലും ആശ്വാസത്തിലുമാണ്.  എന്റെ ഫോൺ നമ്പർ സേവ് ചെയ്തു വച്ചിട്ടുള്ള  അമേരിക്കയിലും കാനഡായിലുമുള്ള പല അപരിചിതരോടും കഴിഞ്ഞ കാലങ്ങളിൽ സംസാരിക്കാനിടയായതു ഈ അവസരത്തിൽ ഓർക്കുന്നു.  അവരുടെ നല്ല വാക്കുകളാണ് എന്റെ പ്രചോദനം.

ഇന്ത്യൻ ക്രിസ്ത്യൻ ഫോറമെന്ന പീഡനം അനുഭവിക്കുന്നവർക്ക് വേണ്ടി പൊരുതുന്ന പ്രസ്ഥാനത്തിന്റെ പ്രസിഡണ്ട് എന്ന നിലയിൽ വിവിധ ജാതിമതസ്ഥർക്കുവേണ്ടി ശബ്ദമുയർത്തുവാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് സർവശക്തനായ  ദൈവത്തിലുള്ള എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനമാണ്.

ഏതെങ്കിലും പാനലിൽ അംഗമാണോ? പാനൽ നല്ലതാണോ?

എനിക്ക് ഒരു പാനലുമില്ല. എന്നോട് സഹകരിക്കുന്നവരുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമേയുള്ളൂ. പാനലിനു അതിന്റേതായ ഗുണവും ദോഷവുമുണ്ടെന്നു അറിയാമല്ലോ. പാനലുകൊണ്ടു ഏറെ ദോഷങ്ങളുണ്ടെങ്കിൽ അത് ഒഴുവാക്കുന്നതല്ലേ നല്ലതു? വ്യക്തമായ കാഴ്ചപ്പാടുകളാണ് തനിക്കുള്ളത്. പ്രസിഡന്റായി ആരുവന്നാലും സഹകരിക്കുന്നതിന്  പ്രശ്നങ്ങളൊന്നുമില്ല.

മുൻകാല  സംഘടനാ പ്രവർത്തനങ്ങൾ  വിവരിക്കാമോ?

ചെറുപ്പകാലത്ത് മലയാള മനോരമ ബാലജനസഖ്യത്തിന്റെ തിരുവല്ലാ യൂണിയൻ പ്രസിഡന്റ്, സംസ്ഥാന സമിതിയംഗം, സോഷ്യൽ സർവീസ് ലീഗ് സെക്രട്ടറി, കോളേജ് യൂണിയൻ ഭാരവാഹി, യൂണിവേഴ്സിറ്റി യൂണിയൻ  കൗണ്സിലർ, ട്രേഡ് യൂണിയൻ ഭാരവാഹി എന്നിങ്ങനെ വിവിധ നിലകളിൽ നാട്ടിൽ വച്ച് പ്രവര്ത്തിച്ചു

ഇവിടെ വന്ന ശേഷം   ലിംകയുടെ സ്ഥാപക പ്രസിഡന്റ്,  ഫൊക്കാന റിലീജിയസ്  ഹാർമണി  കമ്മിറ്റി ചെയര്മാൻ,  ഫോമാ നാഷണൽ കമ്മറ്റിയംഗം, പൊളിറ്റിക്കൽ ഫോറം ചെയര്മാന്,  ഫോമാ നാഷണൽ അഡ്വൈസറി കൗൺസിൽ ചെയര്മാന്,  ഇടവക ഭാരവാഹി, സൺഡേ സ്കൂൾ അദ്ധ്യാപകൻ, സി എസ ഐ നോർത്ത് അമേരിക്കൻ കൗൺസിൽ സെക്രട്ടറി, ആദ്യകാല പ്രവാസികളുടെ കൂട്ടായ്മയായ പയനിയർ ക്ലബ് സെക്രട്ടറി, തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ. 
നോർത്ത് അമേരിക്കയിലെ  ഫ്രണ്ട്സ്  ഓഫ്  തിരുവല്ലാ എന്ന സംഘടനയുടെ  സ്ഥാപകാംഗവും,   മുൻ പ്രസിഡണ്ടും . 

 എന്റെ പ്രവർത്തനങ്ങൾക്കു രാവും പകലുമെന്ന വ്യത്യാസമില്ല. സമയക്ലിപ്തതയുമില്ല. പലപ്പോഴും ഉറക്കം വളരെ കുറച്ചു മാത്രം.

ഫോമായിൽ എന്തെല്ലാം മാറ്റം വരണമെന്നാണ് ആഗ്രഹിക്കുന്നത്? 

ദേശീയ നേതൃത്വത്തിൽ  50/50 എന്ന അനുപാതമാണ് അഭികാമ്യം. അതായത്  പ്രവർത്തന പരിചയം നേടിയ ദീര്ഘവര്ഷങ്ങളായി സംഘടനക്കുവേണ്ടി അദ്ധ്വാനിച്ചു വന്നവർ  ദേശീയകമ്മിറ്റിയിൽ ഉണ്ടാവണം. അതോടൊപ്പം സമീപ കാലത്ത് പ്രവർത്തനങ്ങളിൽ വ്യാപൃതരായ സമർപ്പണബോധമുള്ള  യുവതലമുറയും. വനിതകൾക്ക് കമ്മിറ്റികളിൽ അർഹമായ പ്രാതിനിധ്യം ഉണ്ടാവണം. സംഘനക്കുവേണ്ടി വര്ഷങ്ങളോളം പ്രവർത്തിച്ചു വന്നവരാണ് ഈ പ്രസ്ഥാനത്തിന്റെ നേടും തൂണുകൾ.

ഫോമയെപ്പറ്റിയുള്ള കാഴ്ചപ്പാട് എന്താണ്? സംഘടന എങ്ങനെ ആയിരിക്കണം?

മലയാളി സമൂഹത്തിന്റെ മൊത്തം ഉന്നമനം ലക്ഷ്യമാക്കുന്ന സംഘടനയാവണം ഫോമ എന്നതാണ് എന്റെ കാഴ്ചപ്പാട്. ആഘോഷം സംഘടിപ്പിക്കുന്ന ഒരു സംഘടന മാത്രമല്ല ഇത്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കണം. ഉത്തരേന്ത്യന്‍ സംഘടനകള്‍ ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളില്‍ നേടിയെടുത്ത സ്വാധീനം ഫോമയും കൈവരിക്കണം.

വിസ-പാസ്പോര്‍ട്ട് പ്രശ്നങ്ങളില്‍ എന്നും എംബസിയും കോണ്‍സുലേറ്റുകളും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അതിനവരെ നിര്‍ബന്ധിതരാക്കുന്ന ജനവിരുദ്ധ നയങ്ങളാണ് ഡല്‍ഹിയിലെ അധികൃതരില്‍ നിന്നും ഉണ്ടാകുന്നതും. ഇതിനെതിരേ ശക്തമായി ശബ്ദമുയര്‍ത്താന്‍ കഴിയുന്നത് മലയാളി സമൂഹത്തിനും ഫോമയ്ക്കുമാണ്

മലയാള ഭാഷയും ഇന്ത്യന്‍ സംസ്‌കാരവും ഇവിടെ സജീവമായി നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് മറ്റൊന്ന്. ഇക്കാര്യത്തില്‍ ഫോമ ഏറെ കാര്യങ്ങള്‍ ചെയ്യുന്നു. അവ കൂടുതല്‍ ഊര്‍ജസ്വലമാക്കണം.

ആദ്യകാല കുടിയേറ്റക്കാര്‍ വ്രുദ്ധരാകുന്നു. അവരെ എങ്ങനെ  സഹായിക്കാം?


പലരും വാര്‍ധക്യത്തില്‍ നാട്ടിലേക്കു പോകാമെന്നു കരുതുന്നു. പക്ഷെ അവിടെ ചെല്ലുമ്പോള്‍ പൊരുത്തപ്പെടാനാവാത്ത അവസ്ഥ വരുന്നു. അതുപോലെ തന്നെ മക്കളോടൊത്ത് കഴിയാമെന്ന താത്പര്യവും ചിലപ്പോള്‍ നടന്നുവെന്നു വരില്ല. ഈ സാഹചര്യത്തിലാണ് ഫോമ പുതിയ സംരംഭങ്ങളും കാഴ്ചപ്പാടുകളുമായി രംഗത്തുവരേണ്ടതെന്നു കരുതുന്നു. ഇതിനായി പ്രത്യേക സമിതി തന്നെ രൂപപ്പെടുത്തണം.

യുവതലമുറയുടെ പ്രശ്‌നങ്ങളില്‍ ഫോമക്ക് എന്തു ചെയ്യാനാകും?

യുവതലമുറ ചെന്നുപെടുന്ന ആപത്തുകളാണ് അടുത്തകാലത്ത് നമ്മെ ഏറെ വേദനിപ്പിച്ചത്. ചെറുപ്പം മുതലേ അവര്‍ക്ക് ഉപദേശ-പരിശീലനങ്ങള്‍ നല്‍കാന്‍ സംവിധാനം വേണം. ഇപ്പോള്‍ പള്ളിയുടേയും ക്ഷേത്രത്തിന്റേയും നിയന്ത്രണത്തില്‍, പുറംലോകത്ത് നടക്കുന്നതിനെപ്പറ്റി ശരിയായ ധാരണയില്ലാതെ കുട്ടികള്‍ വളര്‍ന്നുവരുന്നു. കൗമാരത്തിലെത്തുമ്പോള്‍ അപകടങ്ങളില്‍പ്പെടുകയും ചെയ്യുന്നു. അതിനാല്‍ ചെറുപ്പത്തിലേയുള്ള സാമൂഹിക- ബോധവത്കരണ പരിപാടിയാണ് ഉണ്ടാവേണ്ടത്. ഇതിന് ഫോമ മുന്നിട്ടിറങ്ങണമെന്ന് ആഗ്രഹിക്കുന്നു.

അതോടൊപ്പം അവരെ ഇവിടുത്തെ സിവിക് -പൊളിറ്റിക്കല്‍ രംഗങ്ങളിലേക്ക് ആകൃഷ്ടരാക്കാനും കഴിയണം.

ജയിച്ചു കഴിഞ്ഞാലുള്ള പ്രവർത്തനങ്ങൾ?

പെട്ടെന്ന് ആരംഭിക്കേണ്ടവയും, വരുന്ന രണ്ടു വർഷങ്ങളിൽ പൂർത്തീകരിക്കേണ്ടവയുമെന്ന ദീര്ഘവീക്ഷണത്തോടെ നടപ്പാക്കേണ്ടവയാണ് പദ്ധതികൾ.  സംഘടനയുടെ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്തു കിട്ടിയ ശേഷം, ഉടനെ ആവശ്യമായ സാമ്പത്തികം കണ്ടെത്തുവാൻ  നാഷണൽ കമ്മിറ്റിയുമായി ആലോചിച്ചു തീരുമാനിക്കും. മെമ്പർ അസോസിയേഷനുകളുമായും  ബന്ധപ്പെടും.

ഫോമാ എന്ന സംഘടനകളുടെ സംഘടനക്ക് പ്രവർത്തിക്കുവാൻ നിരവധി മേഖലകളുണ്ട്. കുടുംബ ബന്ധങ്ങളിലുള്ള  തകരാറുകൾ  ഗുരുതരമാകുന്നതിനു മുൻപ് തന്നെ  അവ  പരിഹരിക്കുവാൻ ഉത്തരവാദപ്പെട്ട ഒരു പ്രസ്ഥാനമെന്ന നിലയിൽ  സംഘടനകൾക്ക് ബാധ്യതയുണ്ടെന്നു ഞാൻ കരുതുന്നു. കമ്മ്യൂണിറ്റി കൗൺസിലിംഗ് വരെയുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടും. ഈ വിഷയം ഗൗരവമായി കാണുവാനും വിദഗ്ധരിൽ നിന്നും ഉപദേശങ്ങൾ തേടുവാനും, പരിഹാരമാര്ഗങ്ങൾ  കണ്ടെത്തുവാനും  ശ്രമിക്കും.

കണക്കുകളിൽ വ്യക്തത ഉണ്ടാവുമെന്ന് ഉറപ്പുവരുത്തും. അത് സുതാര്യമാകും. തീരുമാനങ്ങൾ അനുസരിച്ചുള്ള വരവ് ചെലവുകൾ ഉറപ്പാക്കും.  ട്രഷറർ എന്ന നിലയിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി ചേർന്ന് കൂട്ടുത്തരവാദിത്തത്തിലൂടെ പ്രവർത്തിക്കും. 

തലമുറകൾക്കു വേണ്ടി പുത്തൻ പാതകൾ തെളിച്ചു കൊടുക്കുകയാണ് വേണ്ടത്.  സംഘടനയുടെ താഴെത്തട്ടിൽ നിന്നും പ്രവർത്തിച്ചു വന്ന ഒരു വ്യക്തി എന്ന നിലയിൽ  ആ പ്രവർത്തന ശൈലിയാണ് പ്രവർത്തകർക്കും സംഘടനക്കും ആവശ്യം. പക്ഷെ ഓരോ പ്രതിസന്ധിയും ഓരോ വെല്ലുവിളിയും  കർമ്മോൽസുകാരായവർക്കു ലഭിക്കുന്ന  അസുലഭ അവസരങ്ങളാണെന്നുള്ളതാണ് സത്യം.

കൂട്ടായ പ്രവർത്തനത്തിലൂടെയേ നമുക്ക്‌ നേട്ടങ്ങൾ കൈവരിക്കുവാൻ സാധിക്കൂ.  പക്ഷെ അതിനുള്ള സമയവും റീസോഴ്സസും  വേണം.

ഇപ്പോഴത്തെ മഹാമാരിയുടെ മധ്യത്തിൽ എല്ലാപ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങക്കുവരെ വളരെ പരിമിതികളുണ്ട്  എന്നതാണ് ദു:ഖകരമായ സത്യം. പക്ഷെ എന്തൊക്കെ കാര്യങ്ങൾ നമുക്ക് സാധിച്ചു. ഫോമായെപോലുള്ള ദേശീയ തലത്തിലുള്ള സംഘടനക്ക് പ്രവർത്തനത്തിന് കൂടുതൽ സാധ്യതകളുണ്ട്.  സംഘടനയുടെ പ്രവർത്തന സംവിധാനം ഉപയോഗിച്ച് സ്വാർത്ഥ താല്പര്യത്തിനു വേണ്ടി പ്രവർത്തിക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ട്.

നാല് പതിറ്റാണ്ടു കാലത്തിലേറെ അമേരിക്കയുടെ മണ്ണിൽ  പലവിധമായ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലേർപ്പെടുവാൻ സാധിച്ചു.  പ്രതിഷേധങ്ങൾക്കും സമരമാർഗ്ഗങ്ങൾക്കും മുന്നിട്ടിറങ്ങുവാൻ കഴിഞ്ഞത്  എന്നോടൊപ്പം ചേർന്ന് നിന്നവർ  നൽകിയ നിർലോഭമായ പിന്തുണയും , മാധ്യമങ്ങളുടെ സഹകരണവും കൊണ്ടാണെന്നു വിനയത്തോടെ പറയട്ടെ.

പലരുംനടക്കില്ല എന്ന് പറഞ്ഞു  ഒഴിഞ്ഞു മാറിയ  പ്രശ്നങ്ങളിൽ ഏർപ്പെട്ടു  പരിഹാരം കണ്ടെത്തുവാൻ സാധിച്ചു. അത് പിൽക്കാലത്തു മറ്റുള്ളവർക്ക് മോട്ടിവേഷൻ ആയിത്തീർന്നതിൽ സന്തോഷവും ചാരിതാർഥ്യവും ഉണ്ട്.  പിന്മാറാതെ തന്റേടത്തോടെ മുന്നിട്ടിറങ്ങിയാൽ  മറ്റുള്ളവർ ഒപ്പം ഉണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നു.  അത്തരത്തിലുള്ള മുന്നേറ്റങ്ങൾ മറ്റുള്ളവർക്ക് മാതൃകയാവും, തീർച്ച.  മുൻകാലങ്ങളിലെ അനുഭവമാണ്  പലപ്പോഴും പിന്തുടരുന്നത്.  അല്ലായിരുന്നുവെങ്കിൽ,  ഇപ്പോൾ പ്രവാസികളെ സഹായിക്കുന്നവർ ഒരു പ്രതിഷേധത്തിനോ, പ്രതികരണത്തിന് മുതിരുകയില്ലായിരുന്നു എന്ന് പലരും പറയുന്നത് കേൾക്കാൻ ഇടയായി.

സംഘടനാ തലത്തിലുള്ള ലക്ഷ്യങ്ങൾ?

ഫോമായുടെ മുൻ കാല പദ്ധതികൾ തുടരുന്നതോടൊപ്പം, പുതിയ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു  തുടക്കം കുറിക്കും. റീജിയൻ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു.  സംഘടനാ പ്രവർത്തനം നിര്ജീവമായിരിക്കുന്ന ഇടങ്ങളിൽ  കൂടുതൽ പരിപാടികൾ ആരംഭിക്കുക,  പ്രാതിനിധ്യം ഇല്ലാത്ത ഇടങ്ങളിൽ  പുതിയ  അസോസിയേഷനുകൾ ആരംഭിക്കുക, മലയാളി അസോസിയേഷനുകളും ഇതര ഇന്ത്യൻ അസോസിയേഷനുകളുമായി ചേർന്ന്  പ്രവർത്തിക്കുവാൻ മുൻകൈ എടുക്കുക,  പ്രാദേശിക സംഘടനകൾ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാവുക, തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യുവാൻ ആഗ്രഹിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക