Image

വെള്ള ചെമ്പക പുഷ്പങ്ങൾ (സന്തോഷ് പിള്ള)

Published on 10 August, 2020
വെള്ള ചെമ്പക പുഷ്പങ്ങൾ (സന്തോഷ് പിള്ള)
വെണ്ണിലാ  ചന്ദനക്കിണ്ണം  പുന്നമട  കായലിൽ വീണതുപോലത്തെ  പൂനിലാവ്  രാവിനെ  പാലൊളി  പ്രഭയിൽ   മുക്കിപൊക്കിയെടുക്കുന്ന.  ജനവാതിലിലൂടെ  പൗർണ്ണമിയുടെ  വശ്യത മതിയാവോളം  ആസ്വദിക്കുമ്പോൾ,  മുറ്റത്ത്  വിരിഞ്ഞു നിൽക്കുന്ന  വെള്ള  പുഷ്പങ്ങൾ  തലയാട്ടി  വിളിക്കുന്നു.  പുഷ്പങ്ങളുടെ നടുവിൽ അതീവശ്രദ്ധയോടെ മഞ്ഞ നിറങ്ങൾ ആരോ വരഞ്ഞിരിക്കുന്നു.  ഈ പൂക്കളെ  ചെമ്പകപൂക്കൾ  എന്ന്  വിളിക്കട്ടെ.  അതെ  വെള്ള  ചെമ്പകപുഷ്പങ്ങൾ.

“ചെമ്പക പുഷ്പസുവാസിത യാമം ചന്ദ്രികവിരിയും യാമം”. കലാലയ ജീവിതസമയത്തെ  പ്രശസ്തഗാനം  മനസിലേക്കോടികയറുന്നു.

പട്ടണത്തിലെ പ്രശസ്ത ഗാനമേള ട്രൂപ്പ്  blue diamonds കോളേജിന്റെ ആഘോഷ വേളയിൽ പാടാനെത്തുന്നു.  ഈ  ട്രൂപ്പിൽ   തബല വായിക്കുന്നത്  സഹപാഠിയായ  അടുത്ത  സുഹൃത്തിന്റെ   അളിയൻ.   യവനിക എന്ന ചിത്രത്തിലെ  തബല വായിക്കുന്ന  കഥാപാത്രമായി  കൊടിയേറ്റം ഗോപി  അരങ്ങ്  തകർത്തഭിനയിച്ചത്   ഓർമയിൽ നിറഞ്ഞു നിൽക്കുന്ന കാലം.  ആലപ്പുഴക്കാരായ  നെടുമുടി വേണു, വേണു നാഗവള്ളി, ജലജ എന്നിവർ അഭിനയിച്ച യവനിക എന്ന സിനിമ കലാലയത്തിലെ ചർച്ചാ വിഷയമായിരിക്കുന്നു . യുവാക്കളും യുവതികളുമായ ഗാനമേള സംഘത്തിൽ,  മദ്ധ്യ വയസ്കനായ ഒരു പാട്ടുകാരൻ. സൂക്ഷിച്ചു നോക്കിയപ്പോൾ ആളെ മനസ്സിലായി. പട്ടണത്തിലെ മൃഗാശുപത്രിയിലെ ഡോക്ടറാണ് ഗായകൻ. ബെൽബോട്ടം പാന്റും, വീതികൂടിയ ബെൽറ്റും, പഴുതാര മീശയുമായി ഗാനാലാപനത്തിനു തയ്യാറായി എത്തിയിരിക്കുന്നു.   താഴേക്ക് ഊർന്നു പോരാൻ തക്കവണ്ണം നിൽക്കുന്ന പാന്റിനെ ബെൽറ്റിട്ട്  മുറുക്കി, കുമ്പപുറത്ത്  ഉറപ്പിച്ച്  വച്ചിരിക്കുന്നു ഡോക്ടർ.  ഗസറ്റഡ് ഓഫീസറുടെ ഒപ്പുകൾ വേണമെന്ന ആവശ്യവുമായി  മൃഗാശുപത്രയിൽ  ആരെത്തിയാലും,  സന്തോഷ പൂർവ്വം ഒപ്പിട്ടു നല്കുമായിരുന്നു.
 വിവിധ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന കലാകാരന്മാരുടെ മൈക്ക് ടെസ്റ്റുകൾക്കുശേഷം ഗാനമേള ആരംഭിക്കുകയായി. ആദ്യഗാനം ഡോക്ടറുടേത്. മൈക്ക് ഇരുകൈകളിലും പിടിച്ച്  "ചെമ്പക പുഷ്പ സുവാസിതം യാമം"

ആലപിക്കുന്നു. യാമം കഴിഞ്ഞിട്ടും അടുത്ത വരിയായ  "ചന്ദ്രിക ഉണരും യാമം" കഴിഞ്ഞിട്ടും ഗാനം സ്‌പീക്കറിലൂടെ കേൾക്കാൻ സാധിക്കുന്നില്ല.  ഗാനം ആലപിക്കുമ്പോൾ   മിന്നിമായുന്ന  മുഖഭാവവും, കരങ്ങളുടെ ആംഗ്യവുംമാത്രം കാണാൻ സാധിക്കുന്നു,  പുറകിൽ നിന്നും ഒരുവിരുതൻ വിളിച്ചു കൂവുന്നു, മൈക്ക് ഓൺ ചെയ്യൂ, മൈക്ക് ഓൺ ചെയ്യൂ, അതുകേട്ടപ്പോഴാണ്  ഡോക്ടർ മൈക്ക് ഓൺ ചെയ്തത്.  ഓർക്കസ്ട്ര അടുത്ത വരിയിൽ എത്തിയതുകൊണ്ട് വിട്ടുപോയ ആദ്യ വരികൾ പിന്നീട് പാടുവാൻ സാധിച്ചില്ല.

അച്ഛന്റെ ലാംബി സ്കൂട്ടറിനു  പിറകിൽ ഇരുന്ന്  പതിനഞ്ച്  മൈലിൽ കൂടുതൽ യാത്ര ചെയ്‍തു ഇടക്കൊക്കെ  കോളേജിൽ എത്തിയിരുന്ന ചന്ദ്രിക പറയുമായിരുന്നു, സരസ്വതി യാമത്തിൽ വീട്ടിൽ നിന്നിറങ്ങിയാലേ അച്ഛന്റെ സ്കൂട്ടർ കോളേജ് തുറക്കുന്ന സമയത്ത് ഇവിടെ എത്തുകയുള്ളൂ എന്ന് ! സൈക്കിൾ ഒഴിച്ച്  ബാക്കി  എല്ലാ വാഹനങ്ങളും  അച്ഛന്റെ  വണ്ടിയെ  ഓവർ ടേക്ക് ചെയ്തു പോകും.  പാട്ടിലെ വരികൾക്ക് ചെറിയ ഭേദഗതി വരുത്തി ചന്ദ്രിക സ്കൂട്ടറിൽ  കോളേജിൽ  വരുന്ന ദിവസം  സഹപാഠികൾ  പാടാൻ തുടങ്ങി, "ചെമ്പക പുഷ്പ സുവാസിത യാമം  ചന്ദ്രിക  ഇറങ്ങും യാമം".

അവസാന വർഷത്തിലെ പഠന യാത്രക്ക്  എല്ലാ വിദ്യാർത്ഥികളും ആകാംഷയോടെ കാത്തിരുന്നു . മൂന്നു ദിവസം നീണ്ടുനിൽക്കുന്ന യാത്രക്ക് ലഭിച്ചത് കമലം മിനി ബസ്സ് . ബസ്സിൻറെ ഡ്രൈവർക്ക് ഒരു വീര നായകൻ്റെ പരിവേഷം. നിരപ്പായ റോഡുകളിലെത്തുമ്പോൾ പരമാവധി സ്പീഡിൽ പായിപ്പിച്ച്  ബസ്സിനെ മുഴുവൻ വിറപ്പിക്കുമായിരുന്നു. ഈ പഠന യാത്രയിലെ ആദ്യദിവസമാണ്  "കയ്യും തലയും പുറത്തിടരുത്" എന്ന് എഴുതിയിരിക്കുന്നത് എന്തിനാണെന്ന്  ശരിക്കും മനസ്സിലായത്‌.  തിരുവനന്തപുരം കഴിഞ്ഞ്  പൊന്മുടിയിലേക്കുള്ള യാത്ര മദ്ധ്യേ വഴിയിലൂടെ നടന്നു പൊയ്ക്കൊണ്ടിരുന്ന വിദ്യാർത്ഥികളെ കണ്ടപ്പോൾ കൂട്ടുകാരനൊരു കൗതുകം. കൈപുറത്തേക്കിട്ട് ടാറ്റാ പറഞ്ഞു. എതിരെ വന്ന പാണ്ടി ലോറിയുടെ പിന്നിലെ വശത്തേക്ക് തള്ളി നിന്ന ഭാഗത്ത് ഒരു തട്ടൽ. ക്ഷണ നേരത്തിൽ കൈത്തണ്ട നീരുവച്ചു വീങ്ങി. കൂടെയുണ്ടായിരുന്ന അദ്ധ്യാപകർ ഒരു സ്ലിങ് ഉണ്ടാക്കി കൈ തൂക്കിയിട്ടു.അടുത്തു കണ്ട ആശുപത്രിയിൽ ചെന്ന് താൽകാലിക പ്ലാസ്റ്റർ ഇടുവിച്ചിട്ടാണ് പിന്നീടുള്ള യാത്ര തുടർന്നത്. മൂന്നു വർഷത്തെ അവസാന പരീക്ഷ എഴുതുമ്പോഴും ഇ സുഹൃത്തിന്റെ കയ്യിലെ പ്ലാസ്റ്റർ മാറ്റിയിരുന്നില്ല.

പ്രായാധിക്യം മൂലവും രണ്ടുദിവസത്തെ തുടർച്ചയായ യാത്രകൊണ്ടും, കിതച്ചും, ഏങ്ങിയും, വലിച്ചുമാണ്  കമലം ബസ്സ്‌  കൊടൈക്കനാലിലേക്കുള്ള കയറ്റം കയറിക്കൊണ്ടിരുന്നത് . ഒരു ഹെയർ പിന് വളവുകഴിഞ്ഞപ്പോൾ കമൽഹാസൻ എന്ന ഇരട്ട പേരുള്ള സഹപാഠി,  ഒരുമുന്നറിയിപ്പുമില്ലാതെ സീറ്റിൽ നിന്നും ചാടി എണീറ്റ്  "ഭരത മുനി ഒരു കളം വരച്ചു, ഭാസകാളിദാസർ കരുക്കൾ വച്ചു" എന്ന ഗാനം ഉറക്കെ പാടുന്നു, "കാലം കളിക്കുന്നു, ആരോ കൈകൊട്ടി ചിരിക്കുന്നു" എന്ന വരികൾ എല്ലാവരും ഒരുമിച്ച് പാടുന്നു. മലമുകളിൽ അനുഭവപെട്ടിരുന്ന തണുപ്പിനെയും, യാത്രാക്ഷീണവും  അകറ്റുവാനുമുള്ള ഒറ്റമൂലിയായി  മാറി ഈ ഗാനം. തണുപ്പ് പ്രദേശങ്ങളിൽ മാത്രം വളരുന്ന അനേകം സസ്യങ്ങളും, പുഷ്പങ്ങളും കൊടൈക്കനാലിൽ നിന്നും ശേഖരിക്കുവാൻ കഴിഞ്ഞു. ഏറ്റവും ഉയരം കൂടിയ മലമുകളിൽ എത്തിയപ്പോൾ  ഡ്രൈവർ പഠനസംഘത്തിലെ കുട്ടികളെ വീണ്ടും അമ്പരപ്പിച്ചു. താഴെക്കുരളുന്ന ബസിൻറെ ബ്രേക്കിൽ ആഞ്ഞമർത്തി കൊണ്ടു പറഞ്ഞു  ഈ ബസ്സിന്‌ ബ്രേക്ക് ഒട്ടുമില്ല, എന്റെ കഴിവുകൊണ്ട്  ഗിയർ നിയന്ത്രിച്ചാണ് ഞാൻ വാഹനം നിറുത്തുന്നത.

പുരുഷ അദ്ധ്യാപകർ മാത്രം പഠിപ്പിച്ചിരുന്ന കോളേജിൽ ആദ്യമായി എത്തിയ വനിത പ്രൊഫസർ  കുസുമം  ഞങ്ങളുടെ ഡിപ്പാർട്ട്മെന്റിലാണ്  പഠിപ്പിക്കാനായി  എത്തിയത് . ടീച്ചറുടെ വാർമുടിയിലും വെള്ള ചെമ്പക പൂക്കൾ പ്രത്യക്ഷപെടുമായിരുന്നു. ഈപുഷ്പത്തിന്റെ നാമം മിഷെലിയ ചാമ്പക്ക എന്നാകുന്നു . ഫ്ലോറിജൻ  എന്ന  ഹോർമോൺ ഉണ്ടാകുന്നതുകൊണ്ടാണ്  പൂമൊട്ടുകൾ പുഷ്പമായി വിടരുന്നത് .

പൂർണ്ണ ചന്ദ്രപ്രഭയിൽ  വീണ്ടും ശ്വേതവർണ്ണ പുഷ്പങൾ മാടിവിളിക്കുന്നു. "നേരെ വിടർന്നു വിലസീടിന നിന്നെ നോക്കി യാരാകിലെന്തു മിഴിയുള്ളവർ നിന്നിരിക്കാം" എന്ന വീണ പൂവിലെ വരികൾ  ഈ പുഷ്പങ്ങൾ അന്വർത്ഥമാക്കുന്നു. മനുഷ്യ ജീവിതത്തിലെ  സുവർണ്ണ കാലഘട്ടം  എന്ന് വിശേഷിപ്പിക്കുന്ന  വിദ്യാർത്ഥി  ജീവിത കാലഘട്ടത്തിലേക്ക്  ഓർമ്മകളെ കൂട്ടികൊണ്ടുപോയ ചെമ്പക പുഷ്പ്പങ്ങളെ നിങ്ങൾ വേഗത്തിൽ പൊഴിഞ്ഞു പോകരുതേ!
വെള്ള ചെമ്പക പുഷ്പങ്ങൾ (സന്തോഷ് പിള്ള)വെള്ള ചെമ്പക പുഷ്പങ്ങൾ (സന്തോഷ് പിള്ള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക