Image

ശ്രീമദ് വാല്മീകി രാമായണം സംഗ്രഹം (ദുർഗ മനോജ്)

ദുർഗ മനോജ് Published on 10 August, 2020
ശ്രീമദ് വാല്മീകി രാമായണം സംഗ്രഹം (ദുർഗ മനോജ്)

ഇരുപത്താറാം ദിവസം
യുദ്ധകാണ്ഡം എൺപത്തൊമ്പതാം സർഗം മുതൽ നൂറ്റിപ്പത്തു വരെ.


ഇന്ദ്രജിത് ലക്ഷ്മണയുദ്ധം ആരംഭിച്ചു. വിഭീഷണൻ വാനരൻമാരുടെ ആത്മവിശ്വാസം കൂട്ടുവാനായ് അവരുടെ നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞു. പ്രമുഖരായ രാക്ഷസന്മാർ ഏവരേയും വധിച്ചിരിക്കുന്നു. ഇനി ഇന്ദ്രജിത്തും രാവണനുമേ അവശേഷിക്കുന്നുള്ളു. അവരെക്കൂടി വധിച്ചാൽ സീതയെ മോചിപ്പിക്കാം. അതിനാൽ ഏറ്റവും ഉത്സാഹത്തോടെ യുദ്ധം ചെയ്യുവാൻ ഉപദേശിച്ചു. യുദ്ധം തുടങ്ങി.
ഇടയ്ക്കു ഇന്ദ്രജിത്ത് മൃത്യു രൂപമായി വാനരന്മാരെ കൊന്നൊടുക്കി. ഈ സമയം ശരവർഷവുമായി ലക്ഷ്മണൻ ഇന്ദ്രജിത്തിനു മേൽ പെയ്തിറങ്ങി.. ഒടുവിൽ. ഇന്ദ്രജിത്തിൻ്റെ തേരും തേരാളിയും നഷ്ടമായി.അവൻ മായ കൊണ്ട് അവിടുന്ന് അപ്രത്യക്ഷമായി പുതിയ സ്വർണ്ണത്തേരിൽ പ്രത്യക്ഷനായി.
വീണ്ടും യുദ്ധം കടുത്തു. പരസ്പരം ഉപയോഗിച്ച ദിവ്യാസ്ത്രങ്ങളവർ ഭേദിച്ചു മുന്നേറി. ഇനിയും ക്ഷമിക്കുവാനാകില്ലെന്നു കണ്ട്, ലക്ഷ്മണൻ, ദശരഥ പുത്രനായ രാമൻ ധർമ്മത്മാമാവും സത്യസന്ധനും പൗരുഷത്തിൽ എതിരില്ലാത്തവനുമാണെങ്കിൽ രാവണപുത്രനെ ഈ ബാണം  വധിക്കട്ടെ എന്നു പ്രാർത്ഥിച്ചു. ആ അമ്പ് ഇന്ദ്രജിത്തിൻ്റെ തലയറുത്തു.അതോടെ രാഷസന്മാർനാഥനഷ്ടമായി ഓട്ടം പിടിച്ചു. ദേവകൾ ലക്ഷ്മണനു മേൽ പുഷ്പവൃഷ്ടി നടത്തി. ഇന്ദ്രജിത്തിനെ വധിച്ച ലക്ഷ്മണനെ രാമൻ ആശ്ലേഷിച്ച് അഭിനന്ദിച്ചു.


ഇന്ദ്രജിത്തും കൊല്ലപ്പെട്ടിരിക്കുന്നു. രാവണൻ ദുഖത്താൽ ദിനനായി. കോപത്താൽ ജ്വലിക്കുന്നവനായി. ഇനി പോര് രാവണൻ നേരിട്ടു തന്നെയെന്നു നിശ്ചയിച്ചു. ഉറ്റവർ നഷ്ടപ്പെട്ട രാക്ഷസീ വിലാപത്താൽ ലങ്ക മുഖരിതമായി. ഇന്ദ്രജിത്തിൻ്റെ മരണവാർത്തയറിഞ്ഞു അന്തഃപുരവിലാപം അവസാനിച്ചിട്ടില്ല.
രാവണൻ, മഹോദരൻ വിരൂപാക്ഷൻ, മഹാ പാർശ്വൻ തുടക്കം സേനാനായകന്മാരെക്കൂടി യുദ്ധഭൂവിലേക്കയച്ചു. അവരും കൊല്ലപ്പെട്ടു. ഈ ഘട്ടത്തിൽ രാവണൻ തന്നെ യുദ്ധത്തിനിറങ്ങി.

രാമ രാവണയുദ്ധം ആരംഭിച്ചു.

രാവണൻ അതി ഘോരമായ താമസാസ്ത്രം പ്രയോഗിച്ചു വാനരന്മാരെ ചുട്ടു. അവർ ചുറ്റും ചത്തുവീണു. ബ്രഹ്മാവ് നിർമ്മിച്ച ആ അസ്ത്രം താങ്ങാൻ അവർക്കായില്ല. ഇതു കണ്ടു രാമലക്ഷ്മണന്മാർ ബാണങ്ങളെയ്തു തുടങ്ങി.
രാമബാണങ്ങളെ നേരിട്ട രാവണൻ താമസാസ്ത്രം പ്രയോഗിച്ചു. രാമൻ അതിനെ പാവകാസ്ത്രം കൊണ്ടു ഖണ്ഡിച്ചു. മഹാസ്ത്രങ്ങൾ പരസ്പരം ഖണ്ഡിച്ചു കൊണ്ടു രണ്ടു പേരും മുന്നേറി.


അസ്ത്രങ്ങൾ വിഫലമായതു കണ്ട് രാവണൻ കോപാന്ധനായി. അവൻ വിചിത്രങ്ങളായ ആയുധങ്ങൾ പലതു പ്രയോഗിച്ചു. അതിദ്യുതിമാനായ ലക്ഷ്മണൻ  വേഗമേറിയ അമ്പുകൾ കൊണ്ടു രാവണൻ്റെ കൊടി പലതായി മുറിച്ചു. ഈ സമയം രാവണൻ്റെ ശ്രദ്ധ വിഭീഷണനു മേൽ പതിയുകയും വിഭീഷണനു നേരെ ശക്തമായ വേൽപ്രയാഗിക്കുകയും ചെയ്തു. അതു ലക്ഷ്മണൻ മൂന്നു കഷണങ്ങളാക്കി ചിതറിച്ചു.അതോടെ, അവൻ വേൽ ലക്ഷ്മണനു നേരെ പ്രയോഗിച്ചു. അത് ലക്ഷ്മണൻ്റെ നെഞ്ചു തുളച്ചു മണ്ണിലാഴ്ന്നു. ആ വേൽ പ്രയോഗിക്കുന്നതു കണ്ട രാമൻ ആ വേൽ ലക്ഷ്മണനു സ്വസ്തിയായി ഭവിക്കട്ടെ, രാവണോദ്യമം വിഫലമാകട്ടെ എന്നു പ്രാർത്ഥിച്ചു. എന്നാൽ ലക്ഷ്മണൻ വീണതു കണ്ട് രാമൻ വിഷാദവാനായി. രാമനാവേൽ ഊരിയെടുത്തു. എന്നാൽ ഇതു വിഷാദത്തിനുള്ള സമയമല്ല എന്നു തിരിച്ചറിഞ്ഞു, ലക്ഷ്മണനെ സംരക്ഷിക്കുവാൻ ആവശ്യപ്പെട്ട് രാവണനെ കൊല്ലാനുള്ള പോരു തുടങ്ങി. എന്നാലും ലക്ഷ്മണനെ പ്രതി രാമൻ്റ ദുഃഖം മാറിയില്ല. അതു കണ്ടു സുഷേണൻ, അടുത്തു നിന്ന ഹനുമാനോട് വീണ്ടും മഹോദയ പർവ്വതത്തിൽ പോയി വിശല്യകരണി, സാവർണ്യകരണി, സംജീവകരണി എന്നിവ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഒരിക്കൽക്കൂടി ഹനുമാൻ ഔഷധമലയുമായി തിരികെ വന്നു. അതിലെ ഔഷധികൾ കൊണ്ടു നസ്യം ചെയ്തതോടെ ലക്ഷ്മണൻ പൂർവ്വസ്ഥിതി പ്രാപിച്ചു.
ലക്ഷ്മണൻ്റെ ജീവൻ രക്ഷിച്ചതോടെ രാമൻ ഉത്സാഹത്തോടെ യുദ്ധം തുടർന്നു. ഈ സമയം രാവണൻ രാമൻ്റെ രഥം തകർത്തു. അതു കണ്ട് ഇന്ദ്രൻ, വേഗം തന്നെ തൻ്റെ രഥവും സാരഥിയേയും രാമനു നൽകി.ആ തേർത്തട്ടിലേറിയായി അടുത്ത യുദ്ധം. ഈ സമയം ദേവകൾ വിജയത്തിനായി ആദിത്യഹൃദയ മന്ത്രം രാമന് ഉപദേശിച്ചു. മൂന്നു പ്രാവശ്യം അതു ജപിച്ച ശേഷം യുദ്ധം തുടരുവാൻ ആവശ്യപ്പെട്ടു.
പിന്നെ പടിപടിയായി രാമൻ രാവണൻ്റെ തേര് തേരാളി, എന്നിവ തകർത്തു. പിന്നെ,
രാവണൻ്റെ നെഞ്ചു തകർത്തു പൈതാമഹാസ്ത്രം രാമൻ്റെ ആവനാഴിയിൽ തിരികെ എത്തി
ദേവന്മാർ രാമനുമീതെ പുഷ്പവൃഷ്ടി നടത്തി.

രാവണനു മീതേ രാമൻ്റെ ജയം, അല്ലെങ്കിൽ തിന്മയുടെ മേൽ നന്മയുടെ ജയം ഇങ്ങനെ നമ്മൾ രാമായണത്തെ ചുരുക്കാറുണ്ട്. എന്നാൽ ഓരോ സർഗത്തിലും ആദികവി വെളിപ്പെടുത്തുന്ന രാമനും രാവണനും മനുഷ്യർ സ്വന്തം ജീവിതത്തിൽ മനസിലാക്കേണ്ട പാഠങ്ങൾ കൂടി നൽകുന്നുണ്ട്.

രാവണവധത്തോടെ ഇരുപത്തി ആറാം ദിനം അവസാനിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക