Image

കുട്ടികള്‍ക്ക് പഴങ്കഞ്ഞി കൊടുത്തപ്പോള്‍ എല്ലാവരും പറഞ്ഞു ;നീ എന്തൊരു അമ്മയാണെന്ന്: സാന്ദ്ര തോമസ് പറയുന്നു

Published on 09 August, 2020
കുട്ടികള്‍ക്ക് പഴങ്കഞ്ഞി കൊടുത്തപ്പോള്‍ എല്ലാവരും പറഞ്ഞു ;നീ എന്തൊരു അമ്മയാണെന്ന്: സാന്ദ്ര തോമസ് പറയുന്നു


നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് പങ്ക് വയ്ക്കുന്ന വിശേഷങ്ങള്‍ അതിവേഗമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അടുത്തിടെയായി സാന്ദ്ര പങ്ക് വയ്ക്കുന്ന വീഡിയോകളിലും ചിത്രങ്ങളിലും ഇരട്ട കുട്ടികളായ കെന്‍ഡലിനും കാറ്റ്ലിനും ആണ് താരങ്ങള്‍. കുഞ്ഞിമക്കളുടെ വിശേഷങ്ങള്‍ക്ക് പിറകെയാണ് ഇപ്പോള്‍ സാന്ദ്രയുടെ ആരാധകര്‍ എന്ന് പറയുന്നതില്‍ തെറ്റില്ല. ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ് കുട്ടികളെ സാന്ദ്രയും ഭര്‍ത്താവ് വില്‍സണും വിളിക്കുന്നത്. ഇരുവരും പാടത്തും പറമ്പിലും കളിക്കുന്ന വീഡിയോകളും ഏറെ ശ്രദ്ധിക്കപെടുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ സാന്ദ്രക്ക് വിമര്‍ശനങ്ങളും നേരിടേണ്ടതായി വന്നിരുന്നു. ഇപ്പോള്‍ വിമര്‍ശകരുടെ വായ അടപ്പിക്കുന്ന രീതിയിലാണ് സാന്ദ്ര പോസ്റ്റ് പങ്ക് വച്ചുകൊണ്ട് രംഗത്ത് വരുന്നത്.

മഴയത്ത് കളിച്ചാല്‍ പനി പിടിക്കുമോ?, വെയിലേറ്റാന്‍ വാടുമോ?, മണ്ണില്‍ കളിച്ചാല്‍ അണുബാധയുണ്ടാകുമോ? അങ്ങനെ നൂറ് കണക്കിന് ചോദ്യങ്ങള്‍ സ്വന്തം  കുഞ്ഞുങ്ങളുടെ കാര്യത്തില്‍ മാതാപിതാക്കളുടെ മനസ്സില്‍ ഉയര്‍ന്നു വരും. ഇതിനെല്ലാം തന്റെ അനുഭവത്തിലൂടെ മറുപടി നല്‍കുകയാണ് നിര്‍മാതാവ് സാന്ദ്രാ തോമസ്.  തന്റെ കുട്ടികളെ വളര്‍ത്താന്‍ പ്രചോദനം ആയത് മഴയത്തും വെയിലത്തും ഇറക്കാതെ അവര്‍ക്കു മൊബൈല്‍ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കള്‍ ആണെന്നും സാന്ദ്ര കുറിക്കുന്നു

കുറിപ്പിന്റെ പൂര്‍ണരൂപം
എന്റെ മക്കളുടെ ആരോഗ്യത്തില്‍ വ്യാകുലരായ എല്ലാവര്‍ക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോനുന്നു. ഈ വര്‍ഷത്തെ മുഴുവന്‍ മഴയും നനഞ്ഞു ആസ്വദിച്ച കുട്ടികള്‍ ആണവര്‍. ആ കുളിയില്‍ അവര്‍ക്കു ശ്വാസം മുട്ടിയില്ല എന്ന് മാത്രമല്ല പിന്നെയും പിന്നെയും ഒഴിക്കമ്മേ എന്നാണ് അവര്‍ പറഞ്ഞു കൊണ്ടിരുന്നത്. നല്ല തണുത്ത വെള്ളത്തില്‍ കുളിച്ചു ശീലിച്ച കുട്ടികള്‍ ആണവര്‍. 
ഞാന്‍ ആദ്യം അവരെ മഴയത്തു ഇറക്കിയപ്പോ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞു പിള്ളാരെ മഴ നനയിക്കാമോ എന്ന്.  
ഞാന്‍ ആദ്യം അവരെ ചെളിയില്‍ ഇറക്കിയപ്പോ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങള്‍ക്കു വളം കടിക്കുമെന്ന്.  
ഞാന്‍ അവര്‍ക്കു പഴങ്കഞ്ഞി കൊടുത്തപ്പോള്‍ എല്ലാവരും  പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങള്‍ക്കു ആരേലും പഴയ ചോറ് കൊടുക്കുമോ എന്ന്.

ഞാന്‍ അവരെ തന്നെ വാരി കഴിക്കാന്‍ പഠിപ്പിച്ചപ്പോള്‍ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങള്‍ക്കു എല്ലാവരും കാക്കയെ കാണിച്ചും പൂച്ചയെ കാണിച്ചും വാരി കൊടുക്കാറാണ് പതിവെന്ന്. 
ഞാന്‍  അവര്‍ക്കു മലയാളം അക്ഷരമാല പഠിപ്പിച്ചു കൊടുത്തപ്പോള്‍ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് അവര്‍ക്കു ഇംഗ്ലീഷ് alphabets പറഞ്ഞു കൊടുക്കു എന്ന്. 
ഞാന്‍ അവര്‍ക്കു അഹം ബ്രഹ്മാസ്മി  എന്ന് പറഞ്ഞു കൊടുത്തപ്പോള്‍ എല്ലാവരും പറഞ്ഞു ദൈവം മതങ്ങളില്‍ ആണെന്ന്. ഇപ്പോള്‍ എല്ലാവരും അഭിമാത്തോടെ പറയും ഇങ്ങനെ വേണം കുട്ടികള്‍ എന്ന്. എന്റെ കുട്ടികളെ ഇതുപോലെ വളര്‍ത്താന്‍ എനിക്ക് പ്രചോദനം ആയതു മഴയത്തും വെയിലത്തും ഇറക്കാതെ അവര്‍ക്കു മൊബൈല്‍ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കള്‍ ആണ്.  എന്തായാലും അങ്ങനെ ഒരമ്മയാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.  എനിക്ക് വേണ്ടത് പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്‌നേഹിച്ചു സ്വയംപര്യാപ്തരായി  വളര്‍ന്നു വരേണ്ട കുട്ടികളെയാണ്.  ശുഭം



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക