Image

മദ്ധ്യാഹ്നത്തിലെ പ്രണയം: കവിത, മിനി സുരേഷ്

Published on 07 August, 2020
മദ്ധ്യാഹ്നത്തിലെ പ്രണയം: കവിത, മിനി സുരേഷ്
പാതിരാപക്ഷിപറന്നു 
പോകുമാകാശവീഥികളിൽ
സൂര്യനിനിയുമുദിക്കാത്ത 
ചക്രവാളങ്ങളിൽ
നിഴൽ മൂടിയ കർമ്മബന്ധനങ്ങളിൽ
പാഥേയമില്ലാതലഞ്ഞ 
വിശപ്പുവിളികളിൽ

കണ്ടതില്ല, നിന്നെ മുൻപൊരിക്കലും
ഇതു വരെയെങ്ങു പോയി നീ?
ഊഷ്മളസ്പർശങ്ങളുയിരിന്നേകാത്ത
ഊഷരഭൂമിയിൽ ജീവിതമുലയുമ്പോൾ

പൊട്ടിയടർന്നൊരു മുത്തുമാല
 കൊരുത്ത്
നിർവൃതിയിലൊതുങ്ങും സാഫല്യമായ്
വർണ്ണപരാഗങ്ങൾ പുൽകിയ
 മധുരാമ്യത
നറുനിലാവായെന്നിലലിഞ്ഞു നീ.


കാറ്റിൻകരവലയത്തിലൊതുങ്ങി 
വിതുമ്പുന്നു
ആരുമില്ലെന്നോർത്തു തപിച്ച 
മേഘങ്ങളും
പ്രണയ മഴയായ് പെയ്തിറങ്ങുന്നു
  തളിർക്കുന്നു,പൂത്തുലയുന്നു ചില്ലകളും

മദ്ധ്യാഹ്ന വെയിലിൽ 
തണലായരികിലണയുമ്പോൾ
നേർത്തു പോകുന്ന നെടുവീർപ്പുകളെ
ചിപ്പിയിലൊളിപ്പിച്ച മുത്തു പോൽ
ജന്മാന്തരങ്ങൾ താലോലിച്ച 
പ്രണയഭാവങ്ങളെ

നെഞ്ചിൽ പടരുന്നൊരാത്മരാഗങ്ങളെ
ചു:ബിച്ചുണർത്തും മൗനാനുരാഗവീണ
മീട്ടി 
അകലെയോർത്തരികിലിരുന്നോളാം
ഇനിയെൻ ജീവൻ പിടഞ്ഞു 
തീരുവോളം.
Join WhatsApp News
SudhirPanikkaveetil 2020-08-08 19:23:54
അകലെ ഓർത്തരികിൽ ഇരുന്നോളാം ഇനിയെൻ ജീവൻ പിടഞ്ഞു തീരുവോളം നല്ല വരികൾ, നല്ല ഭാവന
സിജിമോൾ 2023-02-03 16:28:11
മനോഹരം ചേച്ചീ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക